Search
  • Follow NativePlanet
Share
» »പനയന്നാർകാവിലെ കള്ളിയങ്കാട്ട് നീലിയെ തേടിയൊരു യാത്ര

പനയന്നാർകാവിലെ കള്ളിയങ്കാട്ട് നീലിയെ തേടിയൊരു യാത്ര

കള്ളിയങ്കാട്ടെ പാലമരങ്ങളുടെ ചുവട്ടിൽ ആരെയും മയക്കുന്ന,വശീകരിക്കുന്ന ചിരിയുമായി കാത്തു നിൽക്കുന്ന കള്ളിയങ്കാട്ട് നീലിയുടെ കഥ ഒരിക്കലെങ്കിലും കേൾക്കാത്തവർ കാണില്ല.

കേട്ടുപതിഞ്ഞ യക്ഷിക്കഥകളിലെ നായികയാണ് കള്ളിയങ്കാട്ട് നീലി. കള്ളിയങ്കാട്ടെ പാലമരങ്ങളുടെ ചുവട്ടിൽ ആരെയും മയക്കുന്ന,വശീകരിക്കുന്ന ചിരിയുമായി കാത്തു നിൽക്കുന്ന കള്ളിയങ്കാട്ട് നീലിയുടെ കഥ ഒരിക്കലെങ്കിലും കേൾക്കാത്തവർ കാണില്ല. വിശ്വാസങ്ങളും മുത്തശ്ശിക്കഥകളുമൊക്കെ ഇന്ന് കുറേയൊക്കെ അന്യംനിന്നു പോയെങ്കിലും അവയിൽ പല കഥകളും പലരാലും വളച്ചൊടിക്കപ്പെട്ട് കെട്ടുകഥകളായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.. കേട്ടറിഞ്ഞ യക്ഷി കഥകളിലെ നായികയെ തേടി നിജുകുമാർ വെഞ്ഞാറമൂട് നടത്തിയ പനയന്നാർകാവ് യാത്രയുടെ വിശേഷങ്ങളിലേക്ക്....

കവർ ഫോട്ടോ- രാജേഷ് ഉനുപ്പള്ളി

 നീലിയെ തളച്ച പനയന്നാർക്കാവ്

നീലിയെ തളച്ച പനയന്നാർക്കാവ്

ഓരോ നാട്ടിലും ഓരോ കാലത്തും യക്ഷികളുണ്ടായിരുന്നുവെന്നാണ് കഥകൾ.. അതാതു നാട്ടിലെ മുത്തശ്ശിക്കഥകളിലെ നായികമാർ..! എന്നാൽ പാടിപ്പതിഞ്ഞ പഴങ്കഥകളിലൂടെ മറുനാട്ടിലും പ്രശസ്തരായ യക്ഷികളുമുണ്ട്.. അതിലൊന്നായിരുന്നു കള്ളിയങ്കാട്ടു നീലി..!
മറക്കുടയുടെ മറവിൽ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളിൽ വശീകരണത്തിന്റെ ചിരിയുമായി പാലപ്പൂമണമൊഴുകുന്ന കള്ളിയങ്കാട്ടിലെ കരിമ്പനകളുടെ ചുവട്ടിൽ പുരുഷന്മാരെ വശീകരിച്ച് കൊണ്ടുപോയി ചോര കുടിക്കാൻ കാത്തുനിൽക്കുന്ന കള്ളിയങ്കാട്ട് നീലിയുടെ കഥകൾ നമ്മളൊക്കെ മുത്തശ്ശിക്കഥകളിലൂടെ പലവട്ടം കേട്ടിട്ടുണ്ട്.. അതോടൊപ്പം മന്ത്രവാദവും ആവാഹനവും കൊണ്ട് അവളെ തളയ്ക്കുവാനായി പഠിച്ച പണികൾ പതിനെട്ടും പയറ്റിയ ഭട്ടതിരിമാരുടേയും കടമറ്റത്തു കത്തനാരുടേയും കഥകളും കേട്ടിട്ടുണ്ട്..! കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്നതനുസരിച്ച് കള്ളിയങ്കാട്ട് നീലിയെ കടമറ്റത്തു കത്തനാർ തളച്ച് കുടിയിരുത്തിയത് പരുമലയിലെ പനയന്നാർകാവിലാണെന്നാണ് വിശ്വാസം..

പാലപ്പൂവിന്റെ ഗന്ധവുമായി അലഞ്ഞു നടക്കുന്ന യക്ഷി

പാലപ്പൂവിന്റെ ഗന്ധവുമായി അലഞ്ഞു നടക്കുന്ന യക്ഷി

വിശ്വാസങ്ങളും മുത്തശ്ശിക്കഥകളുമൊക്കെ ഇന്ന് കുറേയൊക്കെ അന്യംനിന്നു പോയെങ്കിലും അവയിൽ പല കഥകളും പലരാലും വളച്ചൊടിക്കപ്പെട്ട് കെട്ടുകഥകളായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.. പൂനിലാവ് വഴിഞ്ഞൊഴുകുന്ന ചൊവ്വ, വെള്ളി രാത്രികളിൽ കണങ്കാൽ മുട്ടുന്ന തലമുടി അഴിച്ചിട്ട് കാൽച്ചിലമ്പും കൈവളനാദവും പാലപ്പൂവിന്റെ ഗന്ധവുമായി മനുഷ്യരക്തം മോഹിച്ച് അലഞ്ഞു നടക്കുന്ന യക്ഷി എന്ന സങ്കൽപ്പം അത്രയേറെ മനോഹരമാണ്..! മനുഷ്യരാശി ഉള്ളിടത്തോളം കാലം യക്ഷിയും ഗന്ധർവ്വനും ഭൂതവും പ്രേതങ്ങളുമൊക്കെ കഥകളായും വായ്മൊഴിയായുമൊക്കെ നമ്മോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും.. പലപ്പോഴും യാഥാർത്ഥ്യങ്ങളേക്കാൾ മാധുര്യം കെട്ടുകഥകൾക്കുള്ളതിനാൽ ഒരു കരിമ്പനയോ, കാഞ്ഞിരമോ, ഏഴിലംപാലയോ കണ്ടാൽ നമ്മുടെയൊക്കെ മനസ്സിലുണ്ടാക്കുന്ന പ്രഥമവികാരം അവയൊക്കെ യക്ഷികളുടെ വാസസ്ഥലമാണെന്ന ചിന്തകളായിരിക്കും.. അത്തരത്തിലുള്ള കാൽപ്പനികമായ യക്ഷിക്കഥകൾ നമ്മൾ സ്വയം മെനഞ്ഞെടുക്കും..! കുട്ടിക്കാലത്ത് എപ്പോഴൊക്കെയോ കേട്ടറിഞ്ഞ ഇത്തരത്തിലുള്ള അപസർപ്പക കഥകളും അവയോടു തോന്നിയിട്ടുള്ള കൗതുകവുമൊക്കെ കൊണ്ട് യക്ഷികളേയും ഗന്ധർവ്വന്മാരേയും കുറിച്ചുള്ള വിസ്മയകരങ്ങളായ കഥകൾ കേൾക്കാൻ അത്തരം സ്ഥലങ്ങളിലൊക്കെ ഞാൻ ഇടയ്ക്കൊക്കെ യാത്രകൾ പോകാറുണ്ട്.. അതുപോലെയൊരു യാത്ര പോകാൻ കുറേ ദിവസമായി മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.. അതിനായി ഞാനിന്നു തെരഞ്ഞെടുത്ത സ്ഥലം പരുമലയിലെ പനയന്നാർകാവ് ആയിരുന്നു.. കഴിഞ്ഞ വർഷം പോയ കള്ളിയങ്കാട് യാത്ര പൂർണ്ണതയിലെത്തണമെങ്കിൽ നീലിയെ ബന്ധിച്ചിരിക്കുന്ന പനയന്നാർകാവിലും പോകേണ്ടതുണ്ട്..!

വെഞ്ഞാറമൂട് നിന്നും പനയന്നാർ കാവിലേക്ക്

വെഞ്ഞാറമൂട് നിന്നും പനയന്നാർ കാവിലേക്ക്

വെഞ്ഞാറമൂട് നിന്നും രാവിലെ 6 മണിയോടു കൂടി ഒരു KSRTC സൂപ്പർഫാസ്റ്റിൽ ഞാൻ യാത്ര തിരിച്ചു.. ചെങ്ങന്നൂർ എത്തിയപ്പോഴേക്കും പരുമലയിലേക്കു പോകാനുള്ള പ്രൈവറ്റ് ബസ് കിട്ടി.. ഏകദേശം ഒമ്പതരയോടെ പനയന്നാർ കാവിനു സമീപത്തെത്തി.. യാത്ര പോകാൻ സ്ഥിരമായി കൂടെ വരാറുള്ള സുഹൃത്ത് മണികണ്ഠന് ഇന്ന് അസൗകര്യമായതിനാൽ ഇന്നത്തെ യാത്ര ഞാൻ തനിച്ചായിരുന്നു.. എങ്കിലും തനിച്ചു പോകേണ്ടിയിരുന്നില്ല..

നീലിക്കുമുണ്ടായിരുന്നു ഒരു ജീവിതം....

നീലിക്കുമുണ്ടായിരുന്നു ഒരു ജീവിതം....

കള്ളിയങ്കാട്ടു നീലിക്ക് അല്ലെങ്കിലും ആണുങ്ങളോടാണ് അടങ്ങാത്ത പകയുള്ളത്.. അതിനിപ്പോ നീലിയെ കുറ്റം പറയാൻ കഴിയില്ലല്ലോ.. കാരണം അഭയം കൊടുത്ത വീട്ടിലെ പെൺകുട്ടിയെ ചതിയിൽ സ്വന്തമാക്കിയതും പോരാഞ്ഞിട്ട് ആഭരണങ്ങൾക്കു വേണ്ടി നിറഗർഭിണിയായ അവളെ കരിങ്കല്ലിനിടിച്ച് കൊന്നുകളഞ്ഞില്ലേ മനസാക്ഷിയില്ലാത്തൊരു ദുഷ്ടൻ..! അന്നത്തെ യാത്രാമദ്ധ്യേ കള്ളിപ്പാലയുടെ ചുവട്ടിൽ ഇത്തിരിനേരം വിശ്രമിച്ചിട്ടു പോയാൽ മതിയെന്നു അയാൾ പറഞ്ഞപ്പോൾ ഗർഭിണിയായ അവൾ ശരിക്കും സന്തോഷിച്ചിട്ടുണ്ടാവും.. ഭർത്താവിന്റെ മടിത്തട്ടിൽ തല ചായ്ച്ചു കിടന്നപ്പോൾ മനസ്സുകൊണ്ടവൾ കരുതിക്കാണും ഒരുപക്ഷേ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ ഞാൻ മാത്രമായിരിക്കുമെന്ന്..! ക്ഷീണം കാരണം അവളൊന്നു മയങ്ങിയ സമയത്തല്ലേ ക്രൂരനായ അയാൾ അവളുടെ തലയിൽ കരിങ്കല്ല് കൊണ്ട് ആഞ്ഞടിച്ചത്..! അരപ്രാണനോടെ അവൾ തന്റെ പാതിയടഞ്ഞ മിഴികൾ തുറന്നു നോക്കിയപ്പോൾ മുന്നിൽ കണ്ടത് താൻ പ്രാണനേക്കാളേറെ സ്നേഹിച്ച തന്റെ ഭർത്താവ് കൈയ്യിൽ ചോരപുരണ്ടൊരു കരിങ്കല്ലുമായി നിൽക്കുന്ന കാഴ്ച തന്നെയായിരിക്കാം.. തന്നെ കൊല്ലാൻ വേണ്ടി ചെയ്തതാണെന്നു എന്നിട്ടും അവൾ ചിലപ്പോൾ വിശ്വസിച്ചിട്ടുണ്ടാവില്ല.. അമ്മയുടെ വാക്ക് ധിക്കരിച്ച് അയാളോടൊപ്പം ജീവിക്കാനായി ഇറങ്ങിത്തിരിച്ചപ്പോൾ അവളൊരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല കല്യാണം കഴിച്ച് കൂടെകൂടിയത് തന്നെ ചതിക്കാൻ വേണ്ടിയായിരിക്കുമെന്ന്..! ഒരുപക്ഷേ ജീവന്റെ അവസാനശ്വാസവും നിലയ്ക്കുന്നതിനു മുമ്പായിരിക്കാം ഭർത്താവിന്റെ ചതികൾ ഓരോന്നായി അവൾ മനസ്സിലാക്കിയത്.. പക്ഷേ അപ്പോഴേക്കും ജീവിതം അവൾക്കു എന്നേന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.. അതിനുശേഷം പ്രതികാരദാഹിയായി പുനർജ്ജനിച്ച നീലിക്ക് പുരുഷവർഗ്ഗത്തോടു തന്നെ പക തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ...!!

കത്തനാർ തോല്പിച്ച കഥ

കത്തനാർ തോല്പിച്ച കഥ

കാലങ്ങളോളം കള്ളിയങ്കാടിനെ വിറപ്പിച്ച നീലിയെ പല മാന്ത്രികമാരും തളയ്ക്കാൻ ശ്രമിച്ചുവെങ്കിലും അവരെല്ലാം പരാജയപ്പെടുകയാണുണ്ടായത്.. ഒടുവിൽ മഹാമാന്ത്രികനായ കടമറ്റത്തു കത്തനാർ അതിൽ വിജയിച്ചു.. ഉഗ്രരൂപിണിയായ നീലിയെ ബന്ധിച്ച് സുന്ദരിയായ ഒരു പെൺകുട്ടിയാക്കി മാറ്റിയ ശേഷം കായംകുളം കൃഷ്ണപുരത്തിനു സമീപത്തുള്ള ഒരു വല്ല്യമ്മയുടെ വീട്ടിൽ വാല്യക്കാരിയാക്കി നിർത്തി..! മുട്ടറ്റം വരെ മുടിയുള്ള വെള്ളാരം കണ്ണുകളുള്ള സുന്ദരിയുടെ തലമുടി കോതിയൊതുക്കിക്കൊണ്ടിരുന്ന വല്ല്യമ്മയുടെ കൈയ്യിൽ എന്തോ തടഞ്ഞു.. ആകാംക്ഷയോടെ അതു വലിച്ചൂരിയ വല്ല്യമ്മയെ ഭയപ്പെടുത്തിക്കൊണ്ട് ബന്ധിക്കപ്പെട്ട യക്ഷി മോചിതയായി.. അവിടെ നിന്നും രക്ഷപ്പെട്ട യക്ഷി മാന്നാർ വഴി പരുമലയെത്തുകയും ഇന്നത്തെ പനയന്നാർകാവ്‌ ക്ഷേത്രമിരിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു കരിമ്പനയുടെ മുകളിൽ കയറി ഒളിച്ചിരിക്കുകയും ചെയ്തു.. യക്ഷിയെ പിന്തുടർന്നെത്തിയ കത്തനാർ ആ പനയിൽത്തന്നെ അവളെ തളച്ചുവെന്നുമാണ് കഥകൾ..!!

 യക്ഷിക്കഥകളിലെ കാവിലേക്ക്

യക്ഷിക്കഥകളിലെ കാവിലേക്ക്

നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിരിക്കുന്നു.. നീലി ഇന്നും കുടിയിരിക്കുന്ന പനയന്നാർ കാവിലേക്കാണ് ഞാൻ യാത്ര പോകുന്നത്.. പരുമല എത്തിയപ്പോൾ FB യിലൂടെ പരിചയപ്പെട്ട അന്നാട്ടുകാരനായ ആൻഡ്രൂസ് എന്ന സുഹൃത്തിനെ വിളിച്ചു.. അങ്ങനെ കൂട്ടിന് ഒരാൾ കൂടിയായി.. വർഷങ്ങൾക്കു മുമ്പ് നട്ടുച്ചനേരത്തുപോലും ആളുകൾ സഞ്ചരിക്കാൻ ഭയപ്പെട്ടിരുന്ന സ്ഥലത്തു കൂടിയാണ് ഞങ്ങളിപ്പോ നടക്കുന്നത്.. വഴിയിലുടനീളം പോയകാലത്തിന്റെ ബാക്കിപത്രമെന്നോണം ധാരാളം കരിമ്പനകൾ തലയുയർത്തി നിൽക്കുന്നു.. ക്ഷേത്രത്തിനു സമീപത്തുള്ള കാവിനുള്ളിൽ നിന്നും സർപ്പങ്ങളെ പ്രീതിപ്പെടുത്താനുള്ള പുള്ളുവൻപാട്ട് ഒരു പ്രത്യേക ഈണത്തിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്.. ഞങ്ങൾ പതിയെ കാവിനുള്ളിലേക്ക് കയറി.. ആൽമരങ്ങൾക്കു ചുവട്ടിലുള്ള നാഗത്തറയും നാഗപ്പുറ്റുകളും കാവൽക്കാരെപ്പോലെ നിൽക്കുന്ന പാലമരങ്ങളുമെല്ലാം യക്ഷിക്കഥകളിൽ കേട്ടപോലെ തന്നെയുണ്ട്.. പകൽസമയമായിട്ടു പോലും കാവിനുള്ളിൽ കൂരിരുട്ട്.. നീലിയെ ഭയന്നിട്ടാണോയെന്തോ സൂര്യകിരണങ്ങൾ കാവിനുള്ളിലേക്കു കടന്നുവരാൻ മടിച്ചു നിൽക്കുന്നു.. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായി യക്ഷിയെ കുടിയിരുത്തിയ മണ്ഡപമുണ്ട്.. കാവിനു താഴെയായി പമ്പാനദി ഒഴുകുന്നുണ്ട്.. പമ്പാനദി കണ്ടുവന്നിട്ട് നീലിയെ കുടിയിരുത്തിയ മണ്ഡപം കയറി കാണാമെന്നു വെച്ചു.. പണ്ടുകാലത്ത് മനുഷ്യർ നടക്കാൻ ഭയപ്പെട്ടിരുന്ന വഴികളിലൂടെ ഞങ്ങൾ പതിയെ നടന്നു.. നല്ല പ്രകൃതിഭംഗിയാണിവിടം. എവിടെ നോക്കിയാലും പച്ചപ്പും കരിമ്പനകളും ധാരാളമായി കാണാം.. പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചു നടന്നു ഞങ്ങൾ കടവിനടുത്തെത്തി.. പഴങ്കഥയിൽ നീലിയും കത്തനാരും നിന്ന അതേ കടവിൽ ഞാനും ഇത്തിരിനേരം നിന്നു.. കത്തനാരെ ഭയന്ന യക്ഷി അന്ന് വള്ളത്തിൽ കയറി മറുകര വന്നപ്പോൾ കത്തനാർ ഒരു വാഴയില മുറിച്ചെടുത്ത് അതിൽ കയറി യക്ഷിയെ പിന്തുടർന്ന് ഇക്കരെയെത്തിയെന്നാണ് കഥ.. ആ പഴയ കടവാണിപ്പോൾ എന്റെ തൊട്ടുമുന്നിലായി കാണുന്നത്..!!

"കടമറ്റത്തു കത്തനാർ കൊണ്ടുവന്ന യക്ഷി"

ഇനി കാണേണ്ടത് കത്തനാർ നീലിയെ ആവാഹിച്ചു കുടിയിരുത്തിയ സ്ഥലമാണ്.. ഞാൻ തിരികെ ക്ഷേത്രത്തിലേക്കു നടന്നു.. കുറേ കാലങ്ങൾക്കു ശേഷമാണ് ഞാനൊരു ക്ഷേത്രത്തിലേക്കു കയറുന്നത്.. അവിടെയൊരു മണ്ഡപത്തിൽ പട്ടും കരിവളകളും നിറയെ തൂക്കിയിട്ടിരിക്കുന്നു.. മണ്ഡപത്തിനകത്തായി കരിമ്പനയിൽ തളച്ച നീലിയെ ആവാഹിച്ചു കൊണ്ടുവന്ന പ്രതിഷ്ഠയുണ്ട്.. മണ്ഡപത്തിൽ ഒരു ബോർഡുമുണ്ട്.. "കടമറ്റത്തു കത്തനാർ കൊണ്ടുവന്ന യക്ഷി"
മണ്ഡപത്തിനു തൊട്ടടുത്തായി ഒരു കൂറ്റൻ ആൽമരം നിൽപ്പുണ്ട്.. ഞാനാ ആൽത്തറയിൽ ഇത്തിരി നേരമിരുന്നു.. വൃക്ഷശിഖരങ്ങളിൽ നിന്നും കിളികളുടെ കളകളാരവം കേൾക്കാം.. എവിടെ നിന്നാണെന്നറിയില്ല ഒരു ചെമ്പകപ്പൂവ് എന്റെ മുന്നിൽ വന്നു വീണു.. എവിടെ നിന്നാ വീണത് പിടികിട്ടുന്നില്ല.. ഇനി ശരിക്കും നീലിയെങ്ങാനും എന്നെ പൂവ് തന്നു സ്വീകരിച്ചതായിരിക്കുമോ....! കാവിനകത്തുള്ള ഏതോ പാലമരം പൂത്തുവെന്നു തോന്നുന്നു. അവിടമാകെ വീശിയടിക്കുന്ന ഇളംകാറ്റിന് പൂത്തു നിൽക്കുന്ന പാലപ്പൂവിന്റെ സുഗന്ധമാണ്.. ഉള്ളിൽ വല്ലാത്തൊരു കുളിര്.. എത്രയൊക്കെ തളയ്ക്കപ്പെട്ടാലും ബന്ധിക്കപ്പെട്ടാലും യക്ഷികൾക്ക് അമാവാസിക്കോ പൗർണ്ണമിക്കോ ഒക്കെ ഒരു സ്വാതന്ത്ര്യം ചില മന്ത്രവാദികൾ അനുവദിച്ചു കൊടുത്തിരുന്നുവെന്ന് കേട്ടിട്ടുണ്ട്.. അതെ നീലി ഇവിടെയെവിടെയോ ഉണ്ട്.. അവൾക്കെന്നോട് എന്തോ പറയുവാനുമുണ്ട്.. ഞാനിരിക്കുന്ന ആൽമരം ഒരു പാലമരമായി മാറിയതു പോലെ.... സങ്കൽപ്പത്തിനും യാഥാർത്ഥ്യത്തിനുമിടയിലുള്ള മനസ്സിന്റെ ചില തോന്നലുകളാവാം ഇതൊക്കെ.. എങ്കിലും നീലിയോടൊപ്പം ഈ മരച്ചുവട്ടിൽ കുറച്ചു നേരം കൂടി എനിക്കു ചിലവഴിക്കണം..!! ഒരു നിമിഷം ഞാനൊന്നു കണ്ണടച്ചു.. തീഷ്ണമായ കണ്ണുകളോ, രക്തക്കൊതിപൂണ്ട നാവോ, നീണ്ടുവളഞ്ഞ ദംഷ്ട്രകളോ ഇല്ലാതെ സർവ്വാംഗസുന്ദരിയായ നീലിയെ ഒരു നിമിഷം ഞാൻ കണ്ടു..!

സ്വപ്നങ്ങൾ മാത്രം ബാക്കി വെച്ചു പോയവൾ

സ്വപ്നങ്ങൾ മാത്രം ബാക്കി വെച്ചു പോയവൾ

ജീവിച്ചു കൊതി തീരാതെ സ്വപ്നങ്ങൾ മാത്രം ബാക്കി വെച്ചു പോയവൾ...... താൻ യക്ഷിയായ കഥ അവളെന്നോടു പറയുകയാണ്.. "ഇന്ന് ദൈവസങ്കൽപ്പമാക്കിയിട്ട് നിങ്ങളിൽ പലരും കാര്യസാദ്ധ്യത്തിന് പലതരം വഴിപാടുകളുമായി എന്നെ വണങ്ങാൻ വരുന്നു.. പക്ഷേ അന്ന് നിങ്ങളുടെ ആൺവർഗ്ഗം എന്നും ക്രൂരത മാത്രമേ ഞങ്ങളോട് കാട്ടിയിട്ടുള്ളൂ.. എന്നേയും എന്റെ വയറ്റിൽ വളർന്ന കുഞ്ഞിനേയും കൊന്നുകളഞ്ഞു.. കളങ്കമറിയാത്ത എന്നെ പുരുഷന്മാരെ വശീകരിക്കുന്നവളാക്കി മാറ്റി.. അതിന്റെ കൂടെ രക്തദാഹി എന്നൊരു പദവും നിങ്ങളെനിക്കു ചാർത്തിത്തന്നു..!
ഞാൻ മൗനമായിത്തന്നെ ഇരുന്നു.. എനിക്കു പറയാൻ അതിനുള്ള മറുപടി ഇല്ലായിരുന്നു.. അതെ അവളെന്നോട്ടു പറഞ്ഞതെല്ലാം ശരിയാണ്.. കള്ളിയങ്കാട്ടു നീലി അവൾ ചതിക്കപ്പെട്ടവളാണ്.. അവൾ പ്രതികാരദാഹിയായിട്ടുണ്ടെങ്കിൽ അതിനു കാരണം ചതിക്കപ്പെട്ട പ്രണയമാണ്.. നമ്മുടെ പൂർവ്വികർ പലരും അവരോടു ചെയ്ത വഞ്ചനയും ചതിയും ക്രൂരതയുമൊക്കെ മറയ്ക്കുവാനായി അവരന്നു ബുദ്ധിപൂർവ്വം യക്ഷികൾക്കുമേൽ കെട്ടിച്ചമച്ചു കൊടുത്തതല്ലേ രക്തദാഹി എന്ന ഓമനപ്പേര്..!! ഞാൻ പതിയെ കണ്ണു തുറന്നു.. നീലി എന്നോട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരം നൽകാനാവില്ല.. ശരീരമാകെ വല്ലാത്തൊരു മരവിപ്പ് പോലെ..

 മടക്കം

മടക്കം

കാവിനുള്ളിൽ തെളിയിച്ചു വെച്ചിരുന്ന തിരി പതിയെപ്പതിയെ കാറ്റിനോടു തോറ്റു തുടങ്ങിയിരിക്കുന്നു.. ഇനിയും അധികനേരം എനിക്കിവിടെ ഇരിക്കാനാവില്ല.. കുട്ടിക്കാലത്തെന്നോ എന്റെ പുസ്തകത്താളിൽ ഒളിപ്പിച്ചു വെച്ച ഒരു കുഞ്ഞു മയിൽപ്പീലിയോടു തോന്നിയിട്ടുള്ള കൗതുകം പോലെ ഉത്തരം കിട്ടാത്ത കുറേയേറെ കഥകളുടെ ഭാരവുമായി പനയന്നാർ കാവിനോടും, നീലിയോടും യാത്ര പറഞ്ഞ് അവിടുന്ന് പടിയിറങ്ങുമ്പോൾ കുറേയേറെ ചോദ്യങ്ങൾ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു....
കള്ളിയങ്കാട് എന്നൊരു ദേശനാമത്തിലറിയപ്പെട്ടവളാണ് നീലി.. ഒരുപക്ഷേ നീലി ഇല്ലായിരുന്നുവെങ്കിൽ കള്ളിയങ്കാട് എന്നൊരു സ്ഥലം ആരും അറിയുകകൂടിയില്ലായിരുന്നു.. ചിലരുടെ വിധികൾ അങ്ങനെയാണ് അന്നും ഇന്നും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ മനുഷ്യന്റെ കൊടുംക്രൂരതകൾക്ക് ഇരയാകേണ്ടി വന്ന പെൺകുട്ടികൾക്കൊക്കെ സ്വന്തം പേരുകൾക്കു പകരം അവരുടെ ദേശനാമങ്ങളിൽ അറിയപ്പെടാനായിരുന്നു വിധി.. കള്ളിയങ്കാട്ടിൽ തുടങ്ങിവെച്ചത് പിന്നെ സൂര്യനെല്ലി, വിതുര, കവിയൂർ, കിളിരൂർ എന്നിങ്ങനെ ഏറ്റവുമൊടുവിൽ നമ്മുടെ നാടിന്റെ അതിർത്തിയായ വാളയാറിൽ വരെ എത്തി നിൽക്കുന്നു..!!

കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസിയിൽ..കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസിയിൽ..

കിളികൊഞ്ചലുകൾ തേടി ചിറകടിയൊച്ചകൾ തേടി പോകാം തട്ടേക്കാട്ടിൽകിളികൊഞ്ചലുകൾ തേടി ചിറകടിയൊച്ചകൾ തേടി പോകാം തട്ടേക്കാട്ടിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X