തണുത്തുറഞ്ഞു കിടക്കുന്ന നദിയിലൂടെ നടന്നു പോകുന്ന, ലോകത്തിലെ ഏറ്റവും മനോഹരമായ ട്രക്കിങ്ങുകളിലൊന്നായ ചാദാർ ട്രക്കിങ്ങിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ശൈത്യകാലത്തെ ഏറ്റവും 'ത്രില്ലിങ്' ട്രക്കിങ്ങുകളിലൊന്നായ ഇത് തണുത്തുറഞ്ഞ് കട്ടിയായി കിടക്കുന്ന സന്‍സ്കാർ നദിയ്ക്ക് മുകളിലൂടെയാണ് കടന്നു പോകുന്നത്. സാഹസിക സഞ്ചാരികൾ ഇപ്പോൾ തന്നെ ചാദാർ ട്രക്കിങ്ങിനൊരുങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. എന്നാൽ ഇന്നത്തെ വിശേഷം ചാദാർ ട്രക്കിങ്ങില്ല. മറിച്ച് ഒരു മാരത്തോൺ ആണ്. അതും വെറും ഓട്ടമല്ല, ഇതുപോലെ തണുത്തു കട്ടിയായി കിടക്കുന്ന ഒരു തടാകത്തിലു മുകളിലൂടെയുള്ള ഓട്ടം! പാൻഗോങ് ഫ്രോസൺ ലേക്ക് മാരത്തോണ്‍. ലഡാക്കിൽ ഇനി കാത്തിരിക്കുവാനുള്ള ഇവന്‍റുകളിലൊന്നായി ഇപ്പോൾ തന്നെ മാറിക്കഴിഞ്ഞു! പാൻഗോങ് ഫ്രോസൺ ലേക്ക് മാരത്തോണ്‍ എന്താണെന്നും ഇതിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും എന്തൊക്കെയാണെന്നും നോക്കാം...

പാൻഗോങ് ഫ്രോസൺ ലേക്ക് മാരത്തോണ്‍
ലഡാക്കിൽ അഡ്വഞ്ചർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലഡാക്ക് പാംഗോങ് ഫ്രോസൺ ലേക്ക് മാരത്തൺ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇവന്‍റിന്റെ പേരു മുതൽ എവിടെ മാരത്തോൺ നടത്തുന്നു എന്നതുവരെയള്ള കാര്യങ്ങൾ ചർച്ചയായി കഴിഞ്ഞു. ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന പാൻഗോങ് തടാകത്തിലാണ് പാംഗോങ് ഫ്രോസൺ ലേക്ക് മാരത്തൺ നടത്തുക. ശൈത്യകാലത്ത് വെള്ളമുറഞ്ഞ കട്ടിയാകുന്ന അവസരത്തിൽ നടത്തുന്ന മാരത്തോണിന്റെ പേരും ചിന്തിപ്പിക്കുന്നതാണ്- ലാസ്റ്റ് റൺ (Pangong Frozen Lake Marathon- Last Run)

ലാസ്റ്റ് റൺ
പേരു സൂചിപ്പിക്കുന്നതു പോലെ ഭൂമിൽ ഇന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും അതിന്റെ അപകടാവസ്ഥയെക്കുറിച്ചും കൊണ്ടുവരേണ്ടുന്ന മാറ്റങ്ങളെക്കുറിച്ചുമെല്ലാം ആളുകളിൽ ബോധവത്കരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് നടത്തുന്നത് ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണിത്.

ഇന്ത്യയിലാദ്യം
സമുദ്രനിരപ്പിൽ നിന്നും 13,862 അടി ഉയരത്തിൽ നടക്കുന്ന ഈ ഇവന്‍റ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ മാരത്തോണ്‍ ആണ്. 21 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ ഈ ഉയരത്തിൽ നടക്കുന്ന ലോകത്തിലെ ആദ്യത്തെ മാരത്തണും കൂടിയാണ്. ഇതൊരു ഗിന്നസ് വേൾഡ് റെക്കോർഡ് ആയേക്കുമെന്നും കരുതുന്നുണ്ട്. ഈ ഇവന്റിനുള്ള രജിസ്ട്രേഷനുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

നിങ്ങൾക്കു പങ്കെടുക്കാമോ?
കേൾക്കുമ്പോൾ പങ്കെടുത്താൽ കൊള്ളാം എന്നു തോന്നുമെങ്കിലും ആർക്കും പങ്കെടുക്കുവാൻ കഴിയുന്ന ഒന്നല്ല ഇത്. കനത്ത തണുപ്പും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന ഇവിടെ സാധാരണ ആളുകൾക്ക് അതിജീവനം ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക തിരഞ്ഞെടുപ്പുകൾ ഉണ്ടായിരിക്കും. മാരത്തണുകളുടെയും മറ്റ് ഉയർന്ന ഉയരത്തിലുള്ള സാഹസിക കായിക വിനോദങ്ങളുടെയും (10,000 അടിയും അതിനുമുകളിലും) മുൻ അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇത്.
PC: Saengduan Sidaeng/ Unsplash

മുഴുവൻ ദൂരവും തടാകത്തിനു കുറുകെ
മാരത്തണിലെ 21 കിലോമീറ്റർ ദൂരം മുഴുവനും പാൻഗോങ് തടാകത്തിനു കുറുകെ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ കഠിനമായ സെലക്ഷൻ പ്രക്രിയയിലൂടെ കടന്നുപോകേണ്ടി വരും. മാത്രമല്ല പരിസ്ഥിതി ലോല മേഖലയായതിനാൽ പരിമിതമായ ഓട്ടക്കാരെ മാത്രമേ ഇതിനായി തിരഞ്ഞെടുക്കൂ. മാരത്തണിൽ പങ്കെടുക്കുന്നവർ കമ്പനിയുടെ ഒരു പാക്കേജ് (9D/8N) തിരഞ്ഞെടുക്കേണ്ടതുണ്ട്, അതിൽ അക്ലിമൈസേഷൻ പരിശീലനം, താമസം, ഭക്ഷണം, ലേയിലേക്കും തിരിച്ചും എയർപോർട്ട് ട്രാൻസ്ഫർ എന്നിവ ഉൾപ്പെടുന്നു.
PC: Dhara Prajapati/Unsplash
കൊടികുത്തിമല- മലപ്പുറംകാരുടെ ഊട്ടി! കോടമഞ്ഞിലൂടെ കയറിച്ചെല്ലാം! കണ്ടില്ലെങ്കിൽ നഷ്ടംതന്നെ

പാംഗോങ്
4350 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ ആകെ നീളം 134 കിലോമീറ്റര്‍ ആണ്. അതിൽ 35 കിലോമീറ്റര്‍ ഇന്ത്യയിലും ബാക്കി വരുന്ന 90 കിലോമീറ്റര്‍ ദൂരം ചൈനയിലുമാണ് കിടക്കുന്നത്. പല കാരണങ്ങളാൽ തടാകത്തിന്‍റെ നിറം മാറുന്നതായും പറയപ്പെടുന്നു. പച്ചയും നീലയും ചുവപ്പും നിറങ്ങളിൽ തടാകത്തെ കാണാം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകങ്ങളിലൊന്നായ ഇത് ഉപ്പുവെള്ള തടാകം കൂടിയാണ്.
ശൈത്യകാലത്ത് വെള്ളം കട്ടിപിടിച്ചു കഴിയുമ്പോള്‍ ആളുകൾ ഇവിടെ ഐസ് സ്കേറ്റിങ് നടത്തുന്നത് സ്ഥിരം കാഴ്ചയാണ്.
PC: Gurdeep singh/Unsplash
ചെറിയ തുകയിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യാം, സമയം പ്രധാനം! വിദ്യാർത്ഥിയാണോ, ആനുകൂല്യങ്ങളിങ്ങനെ

മീനുമില്ല, ഒഴുക്കുമില്ല
ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകത്തിന് മറ്റുപല പ്രത്യേകതകളും ഉണ്ട്. ഉപ്പുജല തടാകമായതിനാൽ ഇതിൽ മത്സ്യങ്ങളോ മറ്റു ജീവികളോ വളരില്ല.വെള്ളത്തിൽ സസ്യങ്ങളുടെ സാന്നിധ്യവുമില്ല. മറ്റൊരു കാര്യം, ഇവിടെ വെള്ളത്തിന് ഒഴുക്കില്ല എന്നതാണ്. സ്ഥിരമായി നിലകൊള്ളുന്ന വെള്ളമാണ് പാംഗോങ് തടാകത്തിലുള്ളത്.
PC: Pranit Sonigra/Unsplash
തണുത്തുറഞ്ഞ നദിയിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര
134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന തടാകം!