നാഗാരാധനയുടെ ചരിത്രം തിരഞ്ഞാൽ ഭാരതീയ സംസ്കാരത്തോളം തന്നെ പഴക്കം കണ്ടെത്താനാവും. പ്രകൃതിയെ ആരാധിക്കുന്നതിനു തുല്യമായാണ് മിക്കയിടങ്ങളിലും നാഗാരാധനയെ കണക്കാക്കുന്നത്. കേരളത്തിലെ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചത് പരശുരാമനാണെന്നാണ് വിശ്വാസം. പാമ്പാടി ശ്രീ നാഗരാജ ക്ഷേത്രം, വെട്ടിക്കോട് നാഗ ക്ഷേത്രം, ഹരിപ്പാട് മണ്ണാറശ്ശാല, പാമ്പുമേക്കാട്ട് മന, എണണാകുളം അമയേട തുടങ്ങിയവയാണ് കേരളത്തിലെ പ്രധാനപ്പെട്ട നാഗാരാധനാ കേന്ദ്രങ്ങള്‍. എന്നാൽ ഈ കൂട്ടത്തിൽ പെടാത്ത പ്രശസ്തമായ മറ്റൊരു നാഗരാജ ക്ഷേത്രവും കേരളത്തിലുണ്ട്. പാലക്കാട് ചെർപ്പുളശ്ശേരിയ്ക്ക് സമീപത്തുള്ള പാതിരിക്കുന്നത്ത് മനയാണത്. ചരിത്രവും കഥകളും ഒരുപോലെയുറങ്ങുന്ന പാതിരിക്കുന്നത്ത് മനയുടെ വിശേഷങ്ങളിലേക്ക്

പാതിരിക്കുന്നത്ത് മന
കേരളത്തിലെ എണ്ണംപറഞ്ഞ നാഗാരാധനാ കേന്ദ്രങ്ങളിലൊന്നാണ് പാലക്കാട് ചെർപ്പുളശ്ശേരിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പാതിരിക്കുന്നത്ത് മന. ഐതിഹ്യ കഥകൾ ഒരുപാടുള്ള ഈ മന സർപ്പത്തെ ആരാധിക്കുന്നവരുടെയും സർപ്പ ദോഷത്തിൽ നിന്നും മോചനം തേടുന്നവരുടെയും പ്രിയപ്പെട്ട കേന്ദ്രമാണ്. ആയിരത്തി മുന്നൂറിലധികം വർഷങ്ങളുടെ പഴക്കം ഈ മനയ്ക്കുണ്ട് എന്നറിയുമ്പോളെ ഇതിന്റെ പ്രാധാന്യം വ്യക്തമാകൂ.
മലയാള നാട്ടിലെ നാഗക്ഷേത്രങ്ങളുടെ കഥ തുടങ്ങുന്നയിടം...

ചരിത്രത്തിൽ
ആയിരത്തിലധികം വർഷങ്ങൾ പിന്നിലേക്ക് പോകുമ്പോൾ അതിശയിപ്പിക്കുന്ന കുറേയധികം കഥകൾക്ക് ഈ മന സാക്ഷ്യം വഹിച്ചതായി കാണാം. പാതിരിക്കുന്നത്ത് മനയിലെ കാരണവര്‍ സന്താനഭാഗ്യം ഇല്ലാത്ത വിഷമത്തിൽ വടക്കുംനാഥ ക്ഷേത്രത്തിൽ ഭജയനയിക്കുവാൻ പോയി. ഏറെ നാൾ നീണ്ട ഭജനയ്ക്കു ശേഷം കാരണവർക്ക് ഇനി വീട്ടിലേക്ക് തിരികെ പൊയ്ക്കൊള്ളുവാൻ വടക്കുംനാഥന്റെ അരുൾപ്പാട് ലഭിച്ചുവത്രെ. അങ്ങനെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് അധികകാലം കഴിയുംമുൻപേ തന്റെ അന്തർഡനത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടായി. അതിൽ ആദ്യത്തേത് ഒരു സർപ്പ സന്തതിയം രണ്ടാമത്തേത് മനുഷ്യനുമായിരുന്നു. മനുഷ്യക്കുഞ്ഞിനോടൊപ്പം തന്നെയാണ് സർപ്പവും വളർന്നത്. ഭക്ഷണം കഴിക്കുന്നതും കളിക്കുന്നതും ഉറങ്ങുന്നതും എന്തിനധികം കുഞ്ഞിന്റെ പഠന സമയത്ത് ആവണിപ്പലകയുടെ വാലിൽ വരെ സർപ്പത്തെ കാണാമെന്നായി. എന്നാൽ ഇതേ സമയം വീട്ടുകാരോടൊപ്പം നാഗത്തെ കാണുന്നതിനാൽ ബന്ധുക്കളാരും മനയിലേക്ക് വരുന്നില്ലായിരുന്നുയ ഇതിൽ ദുഖിതയായ അന്തര്‍ജനം നാഗത്തോട് ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ ദുഖിതനായ നാഗം വടക്കിനിയിൽ അന്തർധാനം ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനു മുൻപ് തറവാടിന് കുറേയേറെ അനുഗ്രഹങ്ങളും നാഗം നല്കി. ആയിരം വർഷത്തോളം ഈ പരമ്പര കാത്തുകൊള്ളാമെന്നായിരുന്നു അത്. കൂടാതെ നിത്യവും ഒരു നേരം തനിക്ക് ആഹാരം തരണമെന്നും നാഗം അമ്മയെ ഓർമ്മിപ്പിച്ചു. ഇതാണ് മനയുടെ വടക്കിനിയിലെ നാഗപ്രതിഷ്ഠയുടെ ഐതിഹ്യം. ആയിരം വര്‍ഷങ്ങൾക്കു ശേഷം ഇവിടുത്തെ കാരണവർ കൊളപ്പുറം മനയിൽ നിന്നും ഒരു സന്തതിയെ ദത്തെടുക്കുകയും വളർത്തുകയും ചെയ്തുവത്രെ.

സർപ്പക്കാവ്
പാതിരിക്കുന്നത്ത് മനയുടെ പ്രദാന ഭാഗം ഇവിടെ ഏക്കറുകളോളം പരന്നു കിടക്കുന്ന സർപ്പക്കാവാണ്. കാവിനുള്ളിലായി കുറേയേറെ ചെറിയ ക്ഷേത്രങ്ങളും കാണാം. നാഗരാജനെ ആരാധിക്കുന്ന ഇവിടുത്തെ പ്രധാന ക്ഷേത്രം മനയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അരിയും മഞ്ഞൾ മിശ്രിതവും വിഭൂതിയും ചേർന്ന ഒരു പ്രത്യേക തരം പ്രസാദം ഇവിടെ നിന്നുമ ലഭിക്കും. അത് വീടിനുള്ളിലും പറമ്പിലും വിതറിയാൽ നാഗശല്യത്തിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം.

സന്ദര്‍ശിക്കുവാൻ
നാഗാരാധനയുടെ ഭാഗമായും വിശ്വാസത്തിന്റെ ഭാഗമായും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്താറുണ്ട്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാമെങ്കിലും കുറച്ചുകൂടി യോജിച്ച സമയം വൃശ്ചിക മാസമാണ്. നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെയുള്ള സമയമാണ് വൃശ്ചികം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള വിശ്വാസികൾ വർഷത്തിലൊരിക്കലെങ്കിലും ഇവിടം സന്ദർശിക്കുവാൻ ശ്രമിക്കാറുണ്ട്. വൃശ്ചിക മാസത്തിലാണ് സന്ദര്ശനമെങ്കിൽ പുലർച്ചെ ഏഴു മണിക്കു മുൻപേ തന്നെ എത്തുവാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ തിരക്കില്ലാതെ ദർശനം നടത്തുവാൻ സാധിക്കൂ.
PC: Sadananda Pulavar

എത്തിച്ചേരുവാൻ
പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരിയിൽ നിന്ന് നാലു കിലോമീറ്റർ മാറിയാണ് പാതിരിക്കുന്നത്ത് മന സ്ഥിതി ചെയ്യുന്നത്. ഷൊർണൂരിലെ മുണ്ടക്കോട്ടുകുറിശ്ശി ഗ്രാമത്തിലാണ് മനയുള്ളത്. ഷൊർണ്ണൂരിൽ നിന്നും മനയിലേക്ക് എത്തുവാൻ 30 മിനിട്ട് സമയം വേണം.
നൂറു വയസ്സുള്ള നാഗം... ആഗ്രഹങ്ങൾ നടത്തി തരുന്ന ചിതൽപ്പുറ്റ്...ഇനിയുമുണ്ട് വിശേഷങ്ങൾ
300 ൽ അധികം നാഗപ്രതിമകളുള്ള നാഗവനം..സർപ്പദോഷം മാറാനെത്തുന്ന വിശ്വാസികൾ.. ഈ ക്ഷേത്രം അറിയുമോ!!