» »ശിലയില്‍ കൊത്തിയ ഗുഹാക്ഷേത്രം

ശിലയില്‍ കൊത്തിയ ഗുഹാക്ഷേത്രം

Written By: Elizabath

കല്ലില്‍ കൊത്തിയ ഗുഹാക്ഷേത്രങ്ങള്‍ പൗരാണിക സംസ്‌കാരത്തിന്റെയും അക്കാലത്തെ ജീവിത രീതികളുടെയും നേര്‍ സാക്ഷ്യങ്ങളാണ്. അത്തരത്തിലുള്ള ഒന്നാണ് തമിഴ്‌നാട്ടിലെ കര്‍പ്പക വിനായകാര്‍ ക്ഷേത്രം അഥവാ പിള്ളയാര്‍പ്പട്ടി പിള്ളയാര്‍ ക്ഷേത്രം. കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഗണേശ ക്ഷേത്രം സിവഗംഗ ജില്ലയിലെ തിരുപ്പത്തൂരിലാണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിനുള്ളില്‍ കല്ലില്‍ തീര്‍ത്ത ശിവഭഗവാന്റെ രൂപങ്ങളും മറ്റനേകം ദൈവങ്ങളുടെ രൂപങ്ങളും കാണുവാന്‍ സാധിക്കും.ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ ശിലാലിഖിതങ്ങളനുസരിച്ച് 1091നും 1238നും ഇടയിലായാണ് ഇത് പണിതീര്‍ത്തതെന്നു വിശ്വസിക്കപ്പെടുന്നു.

ശിലയില്‍ കൊത്തിയ ഗുഹാക്ഷേത്രം

PC: Sai DHananjayan Babu

ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍
അതിപുരാതനമായ ഈ ക്ഷേത്രത്തിന് ധാരാളം പ്രത്യേകതകളുണ്ട്. ആറടിയോളം ഉയരമുള്ള ഗണപതിയുടെ പ്രതിമയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. വലംപിരി പിള്ളയാര്‍ എന്നും ഇവിടുത്തെ ഗണപതി അറിയപ്പെടുന്നു. വലത്തോട്ട് ചുരുട്ടിവെച്ചിരിക്കുന്ന ഗണപതിയുടെ തുമ്പിക്കെയ്യാണ് ഈ പേരിനു കാരണം. മറ്റുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ ഗണപതിയുടെ വിഗ്രഹത്തിന്റെ ദര്‍ശനം വടക്കു ദിശയിലേക്കാണ്.
സാധാരണ നാലുകൈകളുള്ള ഗണപതിയാണ് എല്ലാവര്‍ക്കും പരിചയം. എന്നാല്‍ ഇവിടെ കര്‍പ്പക വിനായകാര്‍ ക്ഷേത്രത്തിലെ ഗണപതി രൂപവും വ്യത്യസ്തമാണ്. ഇവിടെ രണ്ടുകൈകള്‍ മാത്രമേ കാണാന്‍ സാധിക്കു. രണ്ടു കൈകള്‍ മടക്കി ഇരിക്കുന്ന നിലയിലാണ് ഇവിടുത്തെ വിഗ്രഹം.

ശിലയില്‍ കൊത്തിയ ഗുഹാക്ഷേത്രം


പാണ്ഡ്യരാജാക്കന്‍മാരുടെ കാലത്താണ് പിള്ളയാര്‍പ്പട്ടി കുന്നില്‍ ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. വിനായകാറിന്റെയും ശിവന്റെയും രൂപങ്ങള്‍ കൊത്തിയിരിക്കുന്നത് എക്കട്ടൂര്‍ കൂന്‍പെരുപരനാന്‍ എന്ന ശില്‍പിയാണ്. അദ്ദേഹത്തിന്റെ കയ്യൊപ്പ് ശിലാലിഖിതങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇവിടുത്തെ ഗണേശപ്രതിമ നാലാം നൂറ്റണ്ടില്‍ കൊത്തിയതാണെന്നാണ് കരുതുന്നത്. ചെട്ടിയാര്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രം അവരുടെ ഒന്‍പത് പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ്.

മറ്റുദൈവങ്ങളും പ്രധാന ആഘോഷങ്ങളും
ഗണപതിയേക്കൂടാതെ മറ്റുദൈവങ്ങളെയും ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നു. ശിവന്‍, കാര്‍ത്യനി ദേവി, നാഗലിംഗം, പശുപതീശ്വരര്‍ തുടങ്ങിയ ദൈവങ്ങളാണിവിടയുള്ളത്. വിവാഹ തടസ്സങ്ങളനുഭവിക്കുന്ന പെണ്‍കുട്ടികള്‍ ഇവിടെ വന്ന് കാര്‍ത്യനി ദൈവത്തോട് പ്രാര്‍ഥിച്ചാല്‍ വിവാഹം ഉടനെ നടക്കുമെന്നും കുട്ടികളില്ലാത്ത ദമ്പതിമാര്‍ നാഗലിംഗത്തോടും സമ്പത്തിനായി പശുപതീശ്വരനോടും പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം.

ശിലയില്‍ കൊത്തിയ ഗുഹാക്ഷേത്രം

PC: VedSutra

വടക്കു ദിശയിലേക്ക് ദര്‍ശനം നല്കുന്ന ഗണപതിയുടെ തുമ്പിക്കൈ ചുരുട്ടിയിരിക്കുന്നത് വലതുഭാഗത്തോട്ടായതിനാല്‍ ഐശ്വര്യത്തിനും സമ്പത്തിനും അറിവിനുമായി ആളുകള്‍ ഇവിടെയെത്തി പ്രാര്‍ഥിക്കുന്നു.
ഗണേശചതുര്‍ഥിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ മാസത്തില്‍ നടക്കുന്ന ഈ ആഘോഷം പത്തുദിവസം നീണ്ടു നില്‍ക്കും. ഈ വര്‍ഷത്തെ ഗണേശചതുര്‍ഥി ആഘോഷങ്ങള്‍ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെയാണ് കൊണ്ടാടുന്നത്.