കൊട്ടാരങ്ങളുടെ നാടാണ് മൈസൂർ... ദിവസങ്ങളോളം കറങ്ങി നടക്കുവാനും കണ്ട് ആസ്വദിക്കുവാനും പറ്റിയ ഇടം. കൊട്ടാരവും പൂന്തോട്ടങ്ങളും മറ്റു കെട്ടിടങ്ങളും ദേവാലയങ്ങളും ഒക്കെ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.എന്നാൽ മൈസൂർ യാത്രകൾ മൈസൂർ മാത്രം കറങ്ങി നിർത്തേണ്ടവയല്ല. മൈസൂരിൽ നിന്നും ഒരു 100 കിലോമീറ്റർ ഉള്ളിലായി ഇഷ്ടംപോലെ ഇടങ്ങളാണ് കറങ്ങി തീർക്കുവാനുള്ളത്. കാടും ട്രക്കിങ്ങും വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി കിടിലന്‍ ഇടങ്ങൾ ഇവിടെയുണ്ട്.ഇതാ മൈസൂരിൽ നിന്നും പോകുവാൻ പറ്റിയ, 100 കിലോമീറ്ററിനുള്ളിലുള്ള പ്രധാന ഇടങ്ങൾ പരിചയപ്പെടാം...

ബന്ദിപ്പൂര്‍ ദേശീയോദ്യാനം
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്ന ബന്ദിപ്പൂർ ദേശീയോദ്യാനം മൈസൂരിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കർണ്ണാടക-തമിഴ്നാട് അതിർത്തിയിലായി ചാമരാജ നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബന്ദിപ്പൂർ ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും ഇവിടുത്തെ കാഴ്ചകളുടെ കാര്യത്തിലും ഒക്കെ ഏറെ സമ്പന്നമാണ്. കടുവാ സംരക്ഷണ കേന്ദ്രമെന്ന നിലയിലാണ് ഇത് കൂടുതൽ പ്രശസ്തമായിരിക്കുന്നത്. 874 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഇതിനുണ്ട്.

നാഗർഹോളെ ദേശീയോദ്യാനം
മൈസൂരിൽ നിന്നും 84 കിലോമീറ്റർ അകലെയാണ് നാഗർഹോളെ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. കൂർഗ്, വയനാട് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രയിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇഅവിടം തെക്കേ ഇന്ത്യയിലെ പ്രശസ്തമായ വന്യജീവി സങ്കേതങ്ങളിലൊന്നുകൂടിയാണ്. രാജീവ് ഗാന്ധി ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു. ഒരു കാലത്ത് മൈസൂർ മഹാരാജാക്കന്മാരുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു ഇവിടം.

ശ്രീരംഗപട്ടണം
മൈസൂരിൽ നിന്നും വെറും 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര ഇടമാണ് ശ്രീരംഗപട്ടണം. മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീരംഗപട്ടണം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വൈഷ്ണവ തീർഥാടന കേന്ദ്രം കൂടിയാണ്. പ്രധാന ക്ഷേത്രമായ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. കാവേരി നദിയാൽ ചുറ്റപ്പെട്ട ഇവിടം ടിപ്പു സുൽത്താന്റെ കാലത്ത് പ്രധാനപ്പെട്ട ഇടമായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെ കാണാം.
PC:Deepak TL

ശിവനസമുദ്ര വെള്ളച്ചാട്ടം
കർണ്ണാടകയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ശിവനസമുദ്ര വെള്ളച്ചാട്ടം മാണ്ഡ്യ ജില്ലയിൽ, മൈസൂരിൽ നിന്നും 81 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നുമൊക്കെ ഒറ്റ ദിവസ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ശിവനസമുദ്ര തിരഞ്ഞെടുക്കാം. ഗഗനചുക്കി എന്നും ബാരാചുക്കി എന്നുമാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങളുടെ പേര്.
PC:d. Bgajanan

ശ്രാവണബലഗോള
ജൈനമത വിശ്വാസികളുടെ ഏറ്റവും പേരുകേട്ട തീർഥാടന കേന്ദ്രമാണ് ശ്രാവണ ബലഗോള. ഹാസന് ജില്ലയിൽ ചന്നരായപ്പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയായ ഗോമതേശ്വരൻ ഉള്ളത്. ബെലഗോള എന്നാൽ വെളുത്ത കുളവും ശ്രാവണ ബെലഗോള എന്നാൽ സന്യാസിമാരുടെ വെളുത്ത കുളവും എന്നാണ് അർഥം. ഗോമതന്റെ നഗരം എന്നും ഇവിടം അറിയപ്പെടുന്നു.ഗംഗാ സാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ് ഗോമതേശ്വരനോടുള്ള ആദര സൂചകമായി ഈ പ്രതിമ നിർമ്മിച്ചത്. മൈസൂരിൽ നിന്നും 83 കിലോമീറ്റർ ദൂരെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC:BHARATH S M

സോംനാഥപൂർ
മൈസൂരിൽ നിന്നും വെറും 35 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരുവാൻ സാധിക്കുന്ന സോംനാഥപൂർ ഇവിടുത്തെ ഒരു ക്ഷേത്ര നഗരമാണ്. പ്രസന്ന ചെന്നകേശവ ക്ഷേത്രത്തിന്റെ പേരിൽ പ്രസിദ്ധമായിരിക്കുന്ന ഇവിടം ഹൊയ്സാല വാസ്തു വിദ്യയുടെ പേരിലാണ് അറിയപ്പെടുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടുത്തെ ക്ഷേത്രം കൊത്തുപണികൾക്കും ഏറെ പ്രസിദ്ധമാണ്. കാവേരി നദിയുടെ തീരത്തായാണ് ക്ഷേത്രമുള്ളത്.

വൃന്ദാവൻ പൂന്തോട്ടം
മൈസൂർ യാത്രയിൽ ഒഴിവാക്കുവാൻ പറ്റാത്ത ഇടമാണ് വൃന്ദാവന്‍ പൂന്തോട്ടം. മൈസൂരിൽ നിന്നും 19 കിലോമീറ്റർ അകലെ കൃഷ്ണരാജ സാഗർ അണക്കെട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ പൂന്തോട്ടം മൈസൂർ ദിവാനായിരുന്ന സർ മിർസാ ഇസ്മായിലാണ് രൂപകല്പന നടത്തിയത്. കാശ്മീരിലെ ഷാലിമാർ ഗാർഡന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിനു തൊട്ടടുത്തായാണ് ശ്രീരംഗപട്ടണം സ്ഥിതി ചെയ്യുന്നത്.
അയ്യായിരം വർഷം പഴക്കത്തിൽ കല്ലിൽ പൊതിഞ്ഞ ദേവി ക്ഷേത്രം!!
സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!
ട്രെൻഡിനനുസരിച്ച് ഇനി യാത്ര പോകാം
PC:Joe Ravi