Search
  • Follow NativePlanet
Share
» »ഗുരെസ് മുതൽ ഹെമിസ് വരെ..വ്യത്യസ്തമായ ഒരു ഒക്ടോബർ യാത്ര

ഗുരെസ് മുതൽ ഹെമിസ് വരെ..വ്യത്യസ്തമായ ഒരു ഒക്ടോബർ യാത്ര

മഴയുടെ തണുപ്പും വേനലിന്റെ ചൂടും ഇനി ഒകടോബറിന് വഴി മാറുകയാണ്. തെളിഞ്ഞ ആകാശവും മനോഹരമായ കാലാവസ്ഥയും ഒക്കെയായി സഞ്ചാരികളുടെ ഗോൾഡൻ ടൈമാണ് ഒക്ടോബറിൽ തെളിയുക. അതിനു പിന്നെയും മാറ്റു കൂട്ടുവാൻ ഗാന്ധി ജയന്തിയും നവരാത്രിയും ഉൾപ്പെടെയുള്ള അവധി ദിനങ്ങളും. കാലാവസ്ഥാ പ്രശ്നങ്ങൾ കാര്യമായി ബാധിക്കാത്ത സമയമായതിനാൽ എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാം എന്നതാണ് ഒക്ടോബറിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഹെമിസ്

ഹെമിസ്

ഒരു വലിയ യാത്രയ്ക്കു തന്നെയാണ് ഈ മാസം തയ്യാറെടുക്കുന്നതെങ്കിൽ കൂടുതലൊന്നും ആലോചിക്കേണ്ട...ജമ്മു കാശ്മീരിലെ ഹെമിസിലേക്ക് തന്നെ പോകാം. ലേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹെമിസ് ബുദ്ധാശ്രമത്തിന്റെ പേരിലാണ് പ്രശസ്തമായിരിക്കുന്നതെങ്കിലും കാശ്മീരിന്റെ വ്യത്യസ്തമായ ഭൂപ്രകൃതി കണ്ടെത്തുവാൻ ഇവിടെ വരുന്നവരും കുറവല്ല.

ഹെമിസ് ആശ്രമം, ഗോട്സാങ് ഗോംപ, സ്ടാക്നാ ആശ്രമം, ഹെമിസ് ദേശീയോദ്യാനം, എന്നിവയാണ് ഇവിടുത്തെ കാഴ്ചകൾ. മലകൾക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം യാത്രകളെ സ്നേഹിക്കുന്നവർ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

PC:Nmangal

ചിത്കുൽ

ചിത്കുൽ

ഇന്ത്യയിലെ അവസാന ഗ്രാമത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?സമുദ്ര നിരപ്പിൽ നിന്നും 3450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചിത്കുൽ ഇന്ത്യ-ചൈന അതിർത്തിയിലായാണ് സ്ഥിതി ചെയ്യുന്നത്. കൊതിപ്പിച്ച് ഒഴുകുന്ന ബസ്പ നദിയും പൈൻ കാടുകളും ചുറ്റിയടിക്കുന്ന തണുത്ത കാറ്റും ഒക്കെയായി ഒരിക്കലും മടങ്ങിപ്പോകുവാൻ തോന്നിപ്പിക്കാത്ത നാടാണ് ചിത്കുൽ. ഭൂമിയിലെ ഏറ്റവും നന്മ നിറഞ്ഞ മനുഷ്യർ വസിക്കുന്ന ഇടം എന്നു ഇവിടുത്തെ വിശേഷിപ്പിക്കാം. സത്യസന്ധതയ്ക്ക് ഏറെ പേരുകേട്ട ഇവിടെ കാഴ്ചകൾ ഒരുപാടില്ലെങ്കിലും മനസ്സ് നിറയ്ക്കുന്ന അനുഭവമായിരിക്കും ഇവിടെ നിന്നും ലഭിക്കുക.

PC:Footloosedev

 കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ കണ്ട് വടക്കു കിഴക്കൻ ഇന്ത്യയുടെ സൗന്ദര്യം ആസ്വദിച്ച് പോകുവാൻ അസമിലെ കാസിരംഗ ദേശീയോദ്യാനം തിരഞ്ഞെടുക്കാം. നിത്യഹരിത വനമേഖലയായ ഇവിടെയാണ് ലോകത്തിലെ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും വസിക്കുന്നത്. യുനസ്കോയുടെ പൈതൃക സ്മാരകങ്ങളിൽ ഇടം നേടിയിട്ടുള്ള ഈ ദേശീയോദ്യാനത്തിൽ നൂറുകണക്കിന് വ്യത്യസ്തങ്ങളായ ജീവജാലങ്ങൾ വസിക്കുന്നു.

മൈസൂർ

മൈസൂർ

ഒക്ടോബർ യാത്രയ്ക്ക് ഒരു സംശയവും കൂടാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് മൈസൂർ. ഇവിടുത്തെ സ്ഥിരം കാഴ്ചകളായ മൈസൂർ കൊട്ടാരത്തിനും ചാമുണ്ഡി ഹിൽസിനും ഒക്കെ ഒക്ടോബറിൽ ദസറയുടെ നിറങ്ങളിലാണ് കാണാൻ കഴിയുക. ഈ വർഷത്തെ ദസറ ആഘോഷങ്ങൾ സെപ്റ്റംബർ 29 ന് തുടങ്ങി ഒക്ടോബർ എട്ടിനാണ് സമാപിക്കുക. ഒരു നഗരം ഒന്നാകെ നിറത്തിൽ കുളിച്ചു നിൽക്കുന്ന കാഴ്ചയാണ് ഈ കാലത്ത് ഇവിടെ കാണുവാൻ സാധിക്കുക. 409 വർഷത്തെ പാരമ്പര്യമുള്ള ഇവിടുത്തെ ദസറ ആഘോഷങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്.

മൈസൂരൊരുങ്ങി...ദസറ ആഘോഷങ്ങൾ 29 മുതൽ

ഹലേബിഡ്

ഹലേബിഡ്

ചരിത്രത്തിന്റെ മറ‍ഞ്ഞു കിടക്കുന്ന അവശേഷിപ്പുകളിലൂടെയുള്ള യാത്രയാണ് ഹലേബിഡിന്റെ പ്രത്യേകത. കർണ്ണാടകകയിലെ ഹാസൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന നഗരമെന്ന നിലയിലാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. കരിങ്കല്ലിലാണ് ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങൾ മാത്രമല്ല, ജൈന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നിർമ്മാണത്തിലെ വ്യത്യസ്തതയും കൊത്തുപണികളും ഒക്കെയാണ് ഹലേബിഡിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മൈസൂരിൽ നിന്നും ഇവിടേക്ക് 118 കിലോമീറ്റർ ദൂരമുണ്ട്.

PC:Bincymb

ഉജ്ജയിൻ

ഉജ്ജയിൻ

പുരാണങ്ങളിലേക്കൊരു യാത്രയും ആത്മീയതയുടെ വെളിച്ചവുമാണ് തേടുന്നതെങ്കിൽ ഉജ്ജയിൻ തിരഞ്ഞെടുക്കാം. മധ്യ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇവിടം അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിലാണ് പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയും ബുദ്ധസ്മാരകങ്ങളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ക്ഷിപ്രാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഉജ്ജയിൻ ഭാരതീയ വിശ്വാസമനുസരിച്ചുള്ള ഏഴ് പുണ്യനഗരങ്ങളിലൊന്നും കൂടിയാണ്.

PC:Bernard Gagnon

ഗുരെസ് വാലി

ഗുരെസ് വാലി

രഹസ്യങ്ങളുടെ താക്കോൽ സൂക്ഷിച്ചിരിക്കുന്ന ഗുരെസ് വാലി കാശ്മീരിന്റെ മാത്രം സമ്പത്താണ്. പാക്കിസ്ഥാനുമായുള്ള അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഗുരസ് വാലി കാഴ്ചകൾ കൊണ്ടു സമ്പന്നമായ നാടാണ്. മഞ്ഞു പുതച്ച പര്‍വ്വതങ്ങളും അതിന്റെ താഴ്വരകളും പിന്നെ ഇടയ്ക്കിടെ കാണുന്ന വീടുകളും ദാബ്ബകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ശ്രീനഗറിൽ നിന്നും 123 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Sarmad8bit

കലിംപോങ്

കലിംപോങ്

ഹിമാലയത്തിന്റെ പശ്ചിമ ബംഗാൾ ടച്ചുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ് കലിംപോങ്. ആശ്രമങ്ങളും ആധുനികതയും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപിടി കാഴ്ചകൾ ഇവിടെയുണ്ട്. ഡര്‍പിന്‍ ഗോംപ ബുദ്ധാശ്രമം, കാഞ്ചൻജംഗ വ്യൂ പോയിന്‍റ്, മാർക്കറ്റുകൾ തുടങ്ങിയവ ഇവിടെ കാണാം. ഡാർജലിങ്ങിൽ നിന്നും ഒരുമണിക്കൂർ മതി ഇവിടെ എത്തുവാൻ.

ദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്ര

PC:wikimedia

Read more about: travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X