ഓണത്തിന്റെ നന്മയും സമൃദ്ധിയുമായി മറ്റൊരു കാലം കൂടി വരുകയാണ്. ആഘോഷങ്ങൾക്കു മാറ്റു കൂട്ടുന്ന അവധിക്കാലവും ഒപ്പമുണ്ട്. വിദേശത്തുള്ളവർ നാട്ടിലെത്തുന്ന കാലം കൂടിയായതിനാൽ ആകെ ഒരു തിരക്കിലായിരിക്കും എല്ലാവരും. മഴ മാറി വെയിലും എത്തിയതോടെ മാറ്റി വച്ച യാത്രകളും തുടങ്ങാം. ഓണക്കാലത്ത് കേരളത്തിലെ വിവിധ ഇടങ്ങളുടെ സംസ്കാരവും ആചാരങ്ങളും ഒക്കെ കണ്ടറിയുകയും ചെയ്യാം ഈ സമയത്തെ യാത്രകളിൽ. ഇതാ സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ സന്ദർശിക്കുവാൻ പറ്റിയ കുറച്ചിടങ്ങൾ നോക്കാം...

പൂവാർ
തിരുവനന്തപുരത്തിന്റെ ഏറ്റവും കിഴക്കേയറ്റത്തുള്ള നാടാണ് പൂവാൿ. കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന പൂവാർ തിരുവനന്തപുരത്തെ മറ്റു കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഗ്രാമം. കരയും തീരവും ഒന്നിക്കുന്ന അതിമനോഹരമായ ദൃശ്യങ്ങളുള്ള ഇവിടം തിരക്കിൽ നിന്നും ഓടിയെത്തി സമയം ചിലവഴിക്കുവാൻ പറ്റിയ ഇടമാണ്. കടലിനോട് ചേർന്നുള്ള കണ്ടൽക്കൂട്ടവും അതിനിടയിലൂടെയുള്ള ബോട്ടിങ്ങും ഈ തീരദേശഗ്രാമത്തെ വ്യത്യസ്തമാക്കുന്നു. എത്ര കൊടുംചൂടാണെങ്കിലും അതൊന്നും തെല്ലും ഈ നാടിനെ ബാധിക്കാറില്ല. കോവളത്തു നിന്നും 16 കിലോമീറ്ററും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 29 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ജഡായു
കുട്ടികളെ ഒപ്പം കൂട്ടിയുള്ള യാത്രയാണെങ്കിൽ തീർച്ചായയും പോകുവാൻ പറ്റിയ ഇടമാണ് ജഡായുപ്പാറ. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ജഡായുപ്പാറയിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥിതി ചെയ്യുന്നത്. സാഹസികത തേടിയെത്തുന്നവർക്ക് പുത്തൻ അനുഭവങ്ങളാണ് ഇവിടെ ലഭിക്കുക. കൊല്ലം ചടയലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭീമാകാരനായ പക്ഷി ശില്പമാണ് ഇവിടുത്തേത്. പക്ഷി ശ്രേഷ്ഠനായ ജടായു ചിറകറ്റുവീണു കിടക്കുന്ന രീതിയിലുള്ള ഒരു ശില്പമാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്.

ഓണാട്ടുകര
ഓണം ആഘോഷിക്കുവാൻ പോകുവാൻ പറ്റിയ മറ്റൊരിടമാണ് ഓണാട്ടുകര. മാവേലിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ നാട് ഓണത്തിന്റെ കഥകളോട് ചേർന്നു കിടക്കുന്ന നാടാണ്. ഓണമഹോത്സവവും കാളകെട്ടും ഒക്കെയാണ് ഓണത്തിന്റെ ഭാഗമായുള്ള ഇവിടുത്തെ ആഘോഷങ്ങൾ.

തേക്കടി
സെപ്റ്റംബർ മാസത്തിലെ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് തേക്കടി. വന്യജീവി സങ്കേതം കൂടാതെ ഇവിടെ ബോട്ടിങ്ങിനും സൗകര്യമുണ്ട്. ഓണക്കാലമായതിനാൽ ബോട്ടിങ്ങിന് തിരക്കേറുമെങ്കിലും യാത്ര അടിപൊളിയായിരിക്കും. ഓൺലൈനിൽ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തുപോയാൽ തിരക്കില്ലാതെ ആസ്വദിച്ച് തിരികെ വരാം.
തേക്കടിയിലെ ബോട്ട് യാത്രയ്ക്കൊരുങ്ങും മുൻപ് അറിയേണ്ടതെല്ലാം...

പാലക്കയം തട്ട്
കണ്ണൂരിലെ യാത്രകൾക്ക് യോജിച്ച ഇടമാണ് പാലക്കയം തട്ട്. മലബാറിന്റെ നന്മകളും കണ്ണൂരിൻറെ കാഴ്ചകളും ചേരുന്ന പാലക്കയം തട്ട് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണ് സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലക്കയം തട്ട് കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഊട്ടി എന്നൊരു വിളിപ്പേരും പാലക്കയം തട്ടിനുണ്ട്.

കുറുമ്പാലക്കോട്ട
വയനാട്ടിൽ ഈ അടുത്ത കാലത്തായി പ്രശസ്തമായ ഇടമാണ് കുറുമ്പാലക്കോട്ട. വയനാടിന്റെ ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന കുറുമ്പാലക്കോട്ടയ്ക്ക് പഴശ്ശി രാജയുമായി ബന്ധപ്പെട്ട ചരിത്രമാണ്. പഴശ്ശിയും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ സൈന്യം ഇവിടെയാണ് തമ്പടിച്ചത് എന്നാണ് വിശ്വാസം. സൂര്യോദയവും സൂര്യാസ്തമയവും ഒക്കെ കാണാനാണ് ഇവിടെ കൂടുതലും സഞ്ചാരികളെത്തുന്നത്. ട്രക്കിങ്ങിനു താല്പര്യമുണ്ടെങ്കിലും ഇവിടെ വരാം.
PC: Thameemkottayil

എലിമ്പിലേരി
കുറച്ച് സാഹസികതയും ഓഫ് റോഡിങ്ങും ഒക്കെ യാത്രയിൽ വേണമെന്നുണ്ടെങ്കിൽ എലിമ്പിലേരി തിരഞ്ഞെടുക്കാം. കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ പോയി എത്തിച്ചേരുവാൻ സാധിക്കുന്ന എലിമ്പിലേരി വയനാട് കല്‍പ്പറ്റയിൽ മേപ്പാടിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഫോർ വീല്‍ വാഹനങ്ങളുമായി പോകുവാൻ പറ്റിയ അഡ്വഞ്ചറ് റൂട്ടാണ് ഇവിടെയുള്ളത്.
PC:Dhruvaraj S