പ്രതീക്ഷകളും വിശ്വാസങ്ങളുമായി ശരണം വിളികളോടെ മറ്റൊരു മണ്ഡല കാലത്തിനും തുടക്കമായി. മാലയിട്ട് വ്രതമെടുത്ത്, ശരണം വിളിച്ച് അയ്യപ്പനെ കാണാനെത്തുന്ന വിശ്വാസികളുടെ തിരക്കാണ് ഇനി ശബരിമലയിൽ. കല്ലും മുള്ളും നിറഞ്ഞ കാനനപാത താണ്ടി വിശ്വാസത്തിന്റെ സാക്ഷ്യവുമായി മലയാളികൾ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. ശബരിമല എന്ന ഒറ്റ ലക്ഷ്യത്തിലെത്തിച്ചേരുവാനുള്ള ഈ യാത്രയിൽ വിശ്വാസികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ പരിചയപ്പെടാം...

എരുമേലി
ശബരിമലയോടൊപ്പം തന്നെ പ്രാധാന്യമുള്ള ഇടമാണ് എരുമേലി. അയ്യപ്പൻ മഹിഷിയെ വധിച്ച ഇടം എന്ന നിലയിലാണ് ഇവിടം ശബരിമല വിശ്വാസത്തിന്റെ ഭാഗമായി മാറുന്നത്. ശബരിമലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഇവിടെയാണ് വാവരു പള്ളിയുള്ളത്. അയ്യപ്പൻറെ ഉറ്റചങ്ങാതിയായിരുന്ന വാവരുടെ നാടുകൂടിയാണിത്. ഒരിക്കൽ അയ്യപ്പനുമായി വാവർ ഏറ്റുമുട്ടി പരാജയപ്പെട്ടുവെന്നും പിന്നീട് അയ്യപ്പന്റെ വീരത്വം മനസ്സിലാക്കിയ വാവർ അയ്യപ്പനൊപ്പം കൂടുകയും ഇവർ ഉറ്റ ചങ്ങാതിമാരായി മാറുകയും ചെയ്തു എന്നാണ് വിശ്വാസം.
എരുമേലിയിലെത്തി ശാസ്താ ക്ഷേത്രത്തിലും വാവരു പള്ളിയിലും പോയി പ്രാർഥിച്ച ശേഷം മാത്രമാണ് വിശ്വാസികള്‍ ശബരിമലയിലേക്കുള്ള യാത്ര തുടങ്ങുന്നത്.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി-പത്തനംതിട്ട റൂട്ടിലാണ് എരുമേലി സ്ഥിതി ചെയ്യുന്നത്. മുണ്ടക്കയത്തു നിന്നും 14 കിലോമീറ്ററും കോട്ടയത്തു നിന്നും 51 കിലോമീറ്ററും പത്തനംതിട്ടയിൽ നിന്നും 33 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
PC:Dinesh Valke

കാളകെട്ടി
എരുമേലിയിൽ നിന്നും 12 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇടമാണ് കാളകെട്ടി. എരുമേലിയിൽ നിന്നും ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിലെ പ്രധാന കേന്ദ്രമാണ് കാടിനുള്ളിലെ കാളകെട്ടി. ഇടത്താവളമായ ഇവിടെയാണ് വിശ്വാസികൾ വിരിവയ്ക്കുന്നതും ശുദ്ധജലം ശേഖരിക്കുന്നതുമെല്ലാം. ഇവിടെയൊരു ശിവ ക്ഷേത്രവും കാണാം.

മുക്കൂട്ടുതറ
എരുമേലിയിൽ നിന്നും ശബരിമലയിലേക്കു പോകുന്ന വഴിയിലെ മറ്റൊരിടമാണ് മുക്കൂട്ടുതറ. എരുമേലിയിൽ നിന്നും ശബരിമലയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് മുക്കൂട്ടുതറ വഴി കടന്നു പോകുന്നത്. എരുമേലിയിൽ നിന്നും മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല വഴി 46 കിലോമീറ്റർ ദൂരമാണ് ശബരിമലയിലേക്കുള്ളത്.
PC:Praveenp

വണ്ടിപ്പെരിയാർ
ശബരിമലയിലേക്കുള്ള പാതകളിൽ മറ്റൊന്നാണ് വണ്ടിപ്പെരിയാർ വഴിയുള്ളത്. പീരുമേടിനും കുമളിക്കും മധ്യേ സ്ഥിതി ചെയ്യുന്ന ഇവിടം തമിഴ്നാട്ടുകാർ ശബരിമലയിലേക്ക് പോകുവാൻ ഉപയോഗിക്കുന്ന പാതയാണ്. വണ്ടിപ്പെരിയാറിൽ നിന്നും മൗണ്ട് എസ്റ്റേറ്റ് വരെ വാഹനത്തിൽ പോയി അവിടുന്ന് നടന്നും അല്ലെങ്കിൽ വണ്ടിപ്പെരിയാർ-കോഴിക്കാനം-ഉപ്പുപാറ വഴിയും ശബരിമലയ്ക്ക് പോകാം.
PC:Sibyperiyar

ചെങ്ങന്നൂർ
ട്രെയിനിനു വരുമ്പോൾ ശബരിമലയാത്രികർ ഏറ്റവും അധികം ഉപയോഗിക്കുന്ന ഇടമാണ് ചെങ്ങന്നൂർ. കോട്ടയം റെയിൽവേ സ്റ്റേഷനും ഇതിനൊപ്പം തന്നെയുണ്ട്. ചെങ്ങന്നൂരിൽ നിന്നും കോഴഞ്ചേരിയിലെത്തി അവിടെ നിന്നും റാന്നി-എരുമേലി വഴിയാണ് ശബരിമലയിലേക്ക് പോകുന്നത്. പമ്പാ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ചെങ്ങന്നൂര്‍ ആലപ്പുഴ ജില്ലയിലാണുള്ളത്. ശബരിമലയിലേക്കുള്ള കവാടം എന്നും ചെങ്ങന്നൂർ അറിയപ്പെടുന്നു. ചെങ്ങന്നൂരിൽ നിന്നും ശബരിമലയിലേത്ത് 87 കിലോമീറ്റർ ദൂരമുണ്ട്.
കൽപ്പർവ്വതത്തെ നിശ്ചയ ദാർഢ്യം കൊണ്ടു തുരന്ന് തോല്പിച്ച മനുഷ്യന്റെ കഥ..ഒരു നാടിന്റെയും
ക്ഷേത്രങ്ങള്‍ വിവാദമാക്കിയ നടിമാരും നടിമാര്‍ പ്രശസ്തമാക്കിയ ക്ഷേത്രങ്ങളും
PC:Jean G Tom