Search
  • Follow NativePlanet
Share
» »അനന്തപത്മനാഭനെ കാണാൻ നൂറുണ്ട് കാരണങ്ങൾ

അനന്തപത്മനാഭനെ കാണാൻ നൂറുണ്ട് കാരണങ്ങൾ

അനന്തപത്മനാഭന്റെ മണ്ണു സന്ദർശിക്കുവാനുള്ള കാരണങ്ങൾ നോക്കാം...

By Elizabath Joseph

തിരുവനന്തപുരം.... കേരളത്തിന്റെ ഭരണ തലസ്ഥാനം എന്നതിലധികമായി സാധാരരണക്കാർക്ക് ഇത് അനന്തപത്മനാഭന്റെ മണ്ണാണ്. അതുകൊണ്ടു തന്നെ മറ്റൊരു വിശേഷണങ്ങളും അവരുടെ മനസ്സിലെ തിരുവനന്തപുരത്തിന് യോജിക്കുകയുമില്ല.
നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം മാത്രമല്ല ഇവിടുത്തെ കാഴ്ച. ദിവസങ്ങളോളം കണ്ടു നടക്കാനുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്.
അനന്തപത്മനാഭന്റെ മണ്ണു സന്ദർശിക്കുവാനുള്ള കാരണങ്ങൾ നോക്കാം...

 പത്മനാഭ സ്വാമി ക്ഷേത്രം

പത്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രധാന കാഴ്ചയാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു ഇവിടെ. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. ദ്രവീഡിയന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം. അനന്തശായിയായ മഹാവിഷ്ണുവില്‍ നിന്നാണ് ഈ നഗരത്തിന് തിരുവനന്തപുരം എന്ന പേര് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. പ്രധാനവിഗ്രഹത്തിന് അരികിലായി ശ്രീദേവി, ഭൂദേവി വിഗ്രഹങ്ങളും കാണാം. പന്ത്രണ്ടായിരത്തിലധികം സാളഗ്രാമങ്ങളും കടുശര്‍ക്കരയും ഉപയോഗിച്ചാണ് ഈ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണാഭരണങ്ങളും, രത്‌നങ്ങളും, മറ്റ് ആടയാഭരണങ്ങളും അടങ്ങിയ ഈ വിഗ്രഹത്തിന് കോടിക്കണക്കിന് രൂപയുടെ മതിപ്പ് വരും. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്ന്. തിരുവനന്തപുരത്തിലേക്കുള്ള യാത്ര പൂര്‍ത്തിയാകണമെങ്കില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കണ്ടിരിക്കണം എന്നതില്‍ സംശയമേതുമില്ല.

PC: P.K.Niyogi

ആറ്റുകാൽ ക്ഷേത്രം

ആറ്റുകാൽ ക്ഷേത്രം

ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ക്ഷേത്രം. കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുചെ ശബരിമല എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭദ്രകാളിയെ ആറ്റുകാലമ്മയായി ആരാധിക്കുന്ന ഇവിടെ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.

ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി കരുതുന്ന പൊങ്കാല തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിലെ സ്ത്രീകളുടെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. അമ്പൂര്‍ണേശ്വരി ദേവിയുടെ ഇ്ഷ്ട വഴിപാടായ പൊങ്കാല കേരളത്തില്‍ ആദ്യം നടന്നത് ഇവിടെയാണെന്നാണ് വിശ്വാസം. ലോകത്തില്‍ തന്നെ ഏറ്റവും അധികെ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയില്‍ ഇത് ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. മനശുദ്ധിയും ശരീര ശുദ്ധിയും ഉള്ളവര്‍ മാത്രം അര്‍പ്പിക്കുന്ന ഈ ചടങ്ങ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നുകൂടിയാണ്.

 കലക്കയം വെള്ളച്ചാട്ടം

കലക്കയം വെള്ളച്ചാട്ടം

സാഹസികമായി തന്നെ വേനല്‍ക്കാലം ചിലവഴിക്കണം എന്ന ആഗ്രഹമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് കലക്കയം വെള്ളച്ചാട്ടം. തിരുവനന്തുപുരംകാര്‍ക്കിടയില്‍ പോലും അത്രയൊന്നും പ്രശസ്തമല്ല ഈ കിടിലന്‍ രഹസ്യ വെള്ളച്ചാട്ടം. മാത്രമല്ല, ഇവിടെ എത്തിച്ചേരുക എന്നത് അത്ര എളുപ്പവും അല്ല. അതുകൊണ്ടുതന്നെ കലക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ഒരു ചെറിയ ട്രക്കിങ് കൂടിയായിരിക്കും. നിത്യഹരിത വനത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തുവാന്‍ പ്രാദേശികമായിട്ടുള്ള ഗൈഡുകളെ ആശ്രയിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ചും ഈ കാട്ടില്‍ വഴി തെറ്റുവാന്‍ ധാരാളം സാധ്യതകള്‍ ഉള്ളപ്പോല്‍.. മുകളില്‍ കുറഞ്ഞ ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടം താഴേക്ക് ഒരു കുളത്തിലേക്ക് എന്നതുപോലെയാണ് പതിക്കുന്നത്. മാത്രമല്ല, കാടുകളില്‍ നിന്നും ഒഴുകി വരുന്നതിനാല്‍ ഈ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നും ഒരു വിശ്വാസമുണ്ട്. തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയും എയര്‍പോര്‍ട്ടില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:keralatourism

വാഴ്‌വന്തോള്‍ വെള്ളച്ചാട്ടം

വാഴ്‌വന്തോള്‍ വെള്ളച്ചാട്ടം

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സാഹസികമായി മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ് വന്തോല്‍ വെള്ളച്ചാട്ടം. ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഇവിടേക്കുള്ള ട്രക്കിങ്ങിനു ഒരു മണിക്കൂര്‍ വേണം. വളരെ ശ്രമകരമായിട്ടുള്ളതാണ് വഴുക്കലുള്ള പാറക്കെട്ടുകളും മറ്റും താണ്ടി ഇവിടേക്കുള്ള യാത്ര. മലമുകളില്‍ നിന്നും ഒലിച്ചിറങ്ങി വരുന്ന ധാരാളം കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും. വാഴ്‌വന്തോള്‍ വരെ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്ക് ഇത് പരീക്ഷിക്കാം... തിരുവനന്തപുരത്തു നിന്നും 53 കിലോമീറ്ററും വിതുരയില്‍ നിന്നും 16 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Anesshvaleri

മീന്‍മുട്ടി വെള്ളച്ചാട്ടം

മീന്‍മുട്ടി വെള്ളച്ചാട്ടം

വിതുരയ്ക്കും പൊന്‍മുടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സാഹസികര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒന്നാണ്. കാടിനുള്ളിലൂടെ കിലോമീറ്ററുകള്‍ നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ ഗൈഡുകളെ ആശ്രയിക്കേണ്ടി വരും. കല്ലാര്‍ നദിയില്‍ നിന്നും ഉത്ഭവിക്കുന്ന കുറേ വെള്ളച്ചാട്ടങ്ങളില്‍ ഒന്നുമാത്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം അഥവാ മീനുമുട്ടി വെള്ളച്ചാട്ടം. പല തട്ടുകളിലായി താഴേക്ക് പതിക്കുന്ന ഇത് കാഴ്ചയില്‍ ഏറെ മനോഹരമാണ്. എന്നാല്‍ മഴക്കാലങ്ങളില്‍ ഏറെ അപകടങ്ങള്‍ ഇവിടെ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ മണ്‍സൂണില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. തിരുവനന്തപുരത്തു നിന്നും 46 കിലോമീറ്ററും വിതുരയില്‍ നിന്നും 9 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Anil R.V

പാളയം പള്ളി

പാളയം പള്ളി

പാളയം പള്ളി എന്ന പേരില്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മുസ്ലീം പള്ളിയാണ് പാളയം ജുമാ മസ്ജിദ്. എന്നാല്‍ ഇതിന്റെ യഥാര്‍ഥ നാമം മസ്ജിദ് ജിഹാന്‍ നുമ എന്നാണ്. മസ്ജിദ് ജിഹാന്‍ നുമ എന്നാല്‍ ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി എന്നാണത്രെ അര്‍ഥം.
കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ മികച്ച അടയാളങ്ങളിലൊന്നായാണ് പാളയം പള്ളിയെ വിശേഷിപ്പിക്കുന്നത്. പാളയം പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയും ക്ഷേത്രവുമാണ് ഇതിനു കാരണം
എഡി 1813 ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സെക്കന്‍ഡ് റെജിമെന്റ് ഇവിടെ താവളമുറപ്പിച്ചതു മുതലാണ് പാളയം പള്ളിയുടെ ചരിത്രത്തിനു തുടക്കമാവുന്നത്. അന്ന് അവരാണ് പട്ടാളപ്പള്ളി എന്ന പേരില്‍ വളരെ ചെറിയ ഒരു പള്ളി ഇവിടെ സ്ഥാപിക്കുന്നത്. പിന്നാട് ഇവിടെ മാരിമാറിയെത്തിയ പട്ടാള റെജിമെന്റുകളാണ് പള്ളിയെ കാലാകാലം പുനരുദ്ധരിച്ചത്.

PC: Shishirdasika

അഞ്ച് തെങ്ങ് കോട്ട

അഞ്ച് തെങ്ങ് കോട്ട

ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ സാമ്രാജ്യത്വവാഴ്ചയുടെ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ് തിരുവനന്തപുരത്ത് കടക്കാവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് തെങ്ങ് കോട്ട. 1695-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി ആറ്റിങ്ങല്‍ മഹാറാണി അനുവദിച്ചു നല്കിയ സ്ഥലത്തു പണിത കോട്ടയെന്നാണ് അഞ്ചുതെങ്ങ് കോട്ടയെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന കപ്പലുകള്‍ക്ക് സിഗ്നല്‍ നല്കുകയായിരുന്നു ആദ്യകാലങ്ങളില്‍ കോട്ടയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്. കൂടാതെ ഇവരുടെ ആയുധ പാണ്ടികശാലയും കോട്ടയില്‍ തന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

ചതുരാകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കോട്ടയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി അര്‍ധവൃത്താകൃതിയില്‍ ഒരു തുരങ്കമുണ്ട്. ഇത് കടലിലേക്ക് തുറക്കുന്ന ഒരു രഹസ്യപാതയാണെന്ന് പറയപ്പെടുന്നു. കോട്ടയ്ക്കുള്ളില്‍ നിന്ന് കടലിലേക്കു പോകുവാനും കപ്പലില്‍ നിന്ന് സാധനങ്ങള്‍ കോട്ടയ്ക്കുള്ളിലേക്ക് എത്തിക്കുവാനും ബ്രിട്ടീഷുകാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നു. നശിച്ചുകൊണ്ടിരിക്കുന്ന ഈ ചരിത്രസ്മാരകം ഇപ്പോള്‍ സര്‍ക്കാരിന്റെ സംരക്ഷണയിലാണുള്ളത്

PC: Navaneeth Krishnan S

പൂവാര്‍

പൂവാര്‍

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പൂവാര്‍ അവിടുത്തെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ഇവിടെയാണ് അതിമനോഹരമായ പൂവാര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. വേലിയേറ്റ സമയത്ത് കടലിനോട് ചേരുന്ന അഴിമുഖവും ഇവിടുത്തെ പ്രത്യേകതയാണ്.

PC:Bhanusi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X