Search
  • Follow NativePlanet
Share
» » ഓഫ് റോഡ് യാത്രകളുടെ അന്യായ സൗന്ദര്യലഹരി... കയറിച്ചെല്ലാം റോസ്മലയിലേക്ക്!

ഓഫ് റോഡ് യാത്രകളുടെ അന്യായ സൗന്ദര്യലഹരി... കയറിച്ചെല്ലാം റോസ്മലയിലേക്ക്!

തെക്കൻ കേരളത്തിലുള്ളവർക്ക് കേവലം ഒറ്റ ദിവസം കൊണ്ട് പോയി അടിച്ചുപൊളിച്ച് കണ്ടുവരാവുന്ന ഒരു സ്ഥലം കൂടിയാണ് റോസ്മല.

By Vijith Uzhamalakal

യാത്ര അത് ഒരു ലഹരിയാണ്. സ്വപ്നങ്ങളാൽ നെയ്തെടുത്ത ജീവിതത്തിനു ഒരറ്റം കണ്ടുപിടിക്കാനുള്ള ഒരുതരം ലഹരി..!!
ദൂരമറ്റ ദിക്കുകൾ താണ്ടി, നിറമറ്റ ഓർമകളെ നിർവീര്യമാക്കി,
നാഗരികതയുടെ ലോകത്ത് നിന്നും; ആദിമ ജനതയുടെ പാരമ്പര്യവും അവരുടെ ആതിഥ്യയവും അനുഭവിച്ച് സഹ്യന്റെ മടിത്തട്ടായ മണ്ണിൽ അലിയാൻ ആഗ്രഹിക്കിത്തവരുണ്ടോ...? അതിലേക്ക് ഡ്രൈവ് ചെയ്തു കയറുക എന്നതാണ് ഞങ്ങൾക്ക് ഈ റോസ്മല യാത്ര. മാത്രമല്ല തെക്കൻ കേരളത്തിലുള്ളവർക്ക് കേവലം ഒറ്റ ദിവസം കൊണ്ട് പോയി അടിച്ചുപൊളിച്ച് കണ്ടുവരാവുന്ന ഒരു സ്ഥലം കൂടിയാണ് റോസ്മല. പശ്ചിമഘട്ടത്തിന്റെ കവാടത്തിലേക്ക് കയറും മുൻപുള്ള അതിമനോഹരമായ ഒരു ഹിൽസ്റ്റേഷൻ.... റോസ്മല യാത്രയെക്കുറിച്ച് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം സെയില്‍സ്ടാക്സ് ഡിപ്പാര്‍ട്മെന്‍റെ ഓഫീസ് ഉദ്യോഗസ്ഥനായ വിജിത്ത് ഉഴമലക്കല്‍

ഓഫ് റോഡ് യാത്രകളുടെ സൗന്ദര്യലഹരി

ഓഫ് റോഡ് യാത്രകളുടെ സൗന്ദര്യലഹരി

വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടങ്ങൾ.. മങ്ങിത്തുടങ്ങിയ നാട്ടുവെളിച്ചത്തിൽ പശ്ചിമഘട്ടമലനിരകളുടെ ആകാശരേഖ... മുന്നിൽ എന്നും ത്രസിപ്പിക്കുന്ന റോഡ്‌.... ഓഫ് റോഡ് യാത്രകളുടെ സൗന്ദര്യലഹരി.... അതാണ് റോസ്മല. ഒറ്റ വാക്കിൽ പറഞ്ഞാൽ അന്യായം..!
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തില്‍, ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായി ആണ് റോസ്മല എന്ന ഹരിത സ്വർഗം. ആര്യങ്കാവിൽനിന്ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിലോമീറ്റർ ഓഫ് റോഡ് യാത്ര ചെയ്തു വേണം റോസ്മലയില്‍ എത്താൻ. ദുർഘടമായ കാട്ടുപാത, ചെങ്കുത്തായ കയറ്റിറക്കങ്ങൾ, പൊട്ടിപ്പൊളിഞ്ഞതും ഉരുളൻ കല്ലുകൾ നിറഞ്ഞതുമായ കാട്ടുവഴി, ഇതെല്ലാം കടന്ന് എത്തിച്ചേരുന്നത് കാലാവസ്ഥയും പ്രകൃതിയും ചേർന്ന് റോസാപ്പൂവിന്റെ ചന്തം നിറച്ച് മനോഹരമാക്കിയ ഇടത്തേക്ക്..!

സ്ഥിരം കാഴ്ചകളില്‍ നിന്നുമാറി

സ്ഥിരം കാഴ്ചകളില്‍ നിന്നുമാറി

ഓഫ്റോഡ്‌ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു യാത്രയായിരിക്കും ഇത് എന്നതില്‍ സംശയമില്ല. അമ്മാതിരി മാരക വൈബ് ആണ് ഇവിടം. കടുവ, ആന, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ ധാരാളമുള്ള അതിദുർഘട പാതയിലൂടെയാണ് റോസ്മലയിലേക്കുള്ള യാത്ര. വനപാതയുടെ വശത്തുള്ള നീര്‍ച്ചാലില്‍ ആനകള്‍ എത്തുന്നത് പതിവാണ്. അതിനാല്‍തന്നെ അതീവ ശ്രദ്ധയോടെ വേണം ഡ്രൈവ്ചെയ്യാൻ. പ്രത്യേകിച്ചും രാത്രികളിൽ. ഇവിടത്തെ ഓരോ വളവുകളിലും നമ്മെ ഭയപ്പെടുത്താനെന്നമട്ടിൽ കരിമ്പാറ കൂട്ടങ്ങൾ ഉയർന്നു നിൽപ്പുണ്ട് - കൊമ്പന്റെ തലയെടുപ്പോടെ. വഴികളില്‍ ഇടക്കിടെ ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും കാണാം. അവയോട് ചേർന്ന് ആനത്താരകളും. യാത്രക്കിടെ പലപ്പോഴും ഇത്തരം കാട്ടരുവികള്ളെ മുറിച്ചു കടക്കണം.

മനുഷ്യസ്പര്‍ശം ഏല്‍ക്കാത്തയിടത്തേയ്ക്ക്

മനുഷ്യസ്പര്‍ശം ഏല്‍ക്കാത്തയിടത്തേയ്ക്ക്

റോസ്മല വ്യൂപോയിന്‍റിന് ഒരു കിലോമീറ്റര്‍ മുന്നേ വരെ വാഹനങ്ങള്‍ പോകും. ഇവിടെ നിന്നും നടന്നു വേണം മുകളിലേക്ക് എത്താന്‍. ഇടക്ക് വനം വകുപ്പിന്‍റെ ടിക്കറ്റ് കൗണ്ടറും ഇക്കോ ഷോപ്പും ഉണ്ട്. ഇവിടേക്കുള്ള പ്രവേശനത്തിന് ഒരാൾക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇരുനൂറു മീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ നടന്നാൽ വ്യൂ പോയന്റിൽ എത്താം. പരപ്പാർ ഡാമിന്റെ വൃഷ്ടിപ്രദേശമാണ് ഇവിടെ ഒന്നുള്ള കാഴ്ചകൾ. ഡാമിലേക്ക് ഒഴുകിയെത്തുന്ന ശെന്തുരുണിയാറും ഉമയാറും ഇവിടെ പതിനഞ്ചോളം ചെറുദ്വീപുകൾ രൂപപ്പെടുത്തിയിരിക്കുന്നു. ഇവിടെ അധികം മനുഷ്യ സ്പർശം ഏറ്റിട്ടില്ല.

മുങ്ങിപ്പോയ റോഡ്

മുങ്ങിപ്പോയ റോഡ്

ഒരു സമയത്ത് ഇവിടുത്തുകാർ നടന്നും ചെറുവാഹനങ്ങളിലും എത്തിയിരുന്ന റോഡ് ഈ റോസ്മലയാറ്റിൽ മുങ്ങിക്കിടപ്പുണ്ട്. ഡാം ഉയർന്ന് വെള്ളം പൊങ്ങിയതോടെയാണ് റോഡ് വെള്ളത്തിനടിയിലായത്. തുടർന്നാണ് ഇവിടുത്തുകാർ ഒറ്റപ്പെട്ടതും ആര്യങ്കാവ് വഴി അധിക യാത്ര ചെയ്യേണ്ടിവന്നതും. 22 കിലോമീറ്റർ നീളത്തിൽ നേർരേഖയിലുള്ള കേസ്മെന്റ് ഏര്യയുള്ള ഒരുപക്ഷെ, ഇന്ത്യയിലെ തന്നെ ഏക ഡാം ആയിരിക്കണം തെന്മല-പരപ്പാർ അണക്കെട്ട്. (തെമ്മല മുതൽ തമിഴ്നാട് അതിർത്തിയിലുള്ള ഉമയാർവരെ)

പച്ചത്തുരുത്തുകള്‍

പച്ചത്തുരുത്തുകള്‍

വ്യൂപോയിന്‍റില്‍ നിന്നും നോക്കുമ്പോള്‍ പരപ്പാര്‍ ഡാമിനുള്ളില്‍ റോസാപ്പൂക്കള്‍ ഇതള്‍ കൊഴിഞ്ഞു വീണപോലെ കാണുന്ന ചെറിയ പച്ചതുരുത്തുകള്‍ കാണാം. ഈ ആകൃതി കാരണമാണ് റോസ്മലയ്ക്ക് ആ പേര് വന്നതെന്ന് ഒരു കഥയുണ്ട്. ഇവിടെ എസ്റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടീഷ് പ്ലാന്‍ററുടെ ഭാര്യ റോസ്ലിന്‍റെ പേരില്‍നിന്നാണ് ഇത് റോസ്മലയായതെന്നും മറ്റൊരു കൂട്ടര്‍.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം തേയിലത്തോട്ടമായിരുന്നു. തുടർന്ന് പുനലൂർ എം.എം.കെ മുതലാളിയുടെ ഉടമസ്ഥതയിലായി. 1976-77 കാലത്ത് അദ്ദേഹം വിട്ടുകൊടുത്ത ഈ ഭൂമി മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത് ജനങ്ങൾക്കു വിതരണം ചെയ്തു. 1976ൽ കൃഷിക്കാർക്കു വിതരണം ചെയ്യാനായി 619 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഒരേക്കർവീതം 472പേർക്കു അന്നു ഭൂമി വിതരണം ചെയ്തു. 1984ൽ തുടങ്ങിയ ഒരു ലോവർ പ്രൈമറി സ്കൂൾ റോസ്മലയിലുണ്ട്.

ശ്രദ്ധിക്കുവാന്‍

ശ്രദ്ധിക്കുവാന്‍

സന്ദർശിക്കാൻ താല്പര്യമുള്ളവർ ദയവായി പ്ളാസ്റ്റിക് കൊണ്ടു പോകാതിരിക്കുക. മൊബൈല്‍ റേഞ്ച് ലഭിക്കാത്ത പ്രദേശമായതിനാല്‍ യാത്രയുടെ തുടക്കത്തില്‍ത്തന്നെ വേണ്ട മുന്‍കരുതല്‍ എടുക്കണം. ഓഫ് റോഡ് വാഹനത്തിനു മാത്രമേ ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കുകയുള്ളു. രാത്രി യാത്ര അതീവ അപകടകരമാണ്. അതുപോലെതന്നെ സാഹസികവും. യാത്രയ്ക്കിടെ വനമേഖലയില്‍ ഇറങ്ങരുത്. വന്യമൃഗങ്ങളെ കണ്ടാല്‍ അടുത്തേക്ക് ചെല്ലുകയോ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയോ പാടില്ല. കാട് മനോഹരമാണ്; എന്നാലത് അപകടങ്ങൾ പതിയിരിക്കുന്നതുമാണ്. ശാന്തമായ പ്രകൃതിയുടെ ഭാവം എപ്പോൾ വേണമെങ്കിലും മാറാം. സ്വയം അപകടത്തിലേക്ക് നടന്നു കയറരുത്.

ഇടുക്കിയൊന്ന് കറങ്ങിവരാം..തൊമ്മൻകുത്തും ചെറുതോണിയും കാണാം..കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബജറ്റ് യാത്ര!!ഇടുക്കിയൊന്ന് കറങ്ങിവരാം..തൊമ്മൻകുത്തും ചെറുതോണിയും കാണാം..കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബജറ്റ് യാത്ര!!

പശ്ചിമഘട്ടത്തിന്‍റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ലപശ്ചിമഘട്ടത്തിന്‍റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X