Search
  • Follow NativePlanet
Share
» »മണ്ഡലകാലം വിശുദ്ധമാക്കാം.. ശാസ്താ ക്ഷേത്രങ്ങളിലേക്കൊരു തീർത്ഥയാത്ര

മണ്ഡലകാലം വിശുദ്ധമാക്കാം.. ശാസ്താ ക്ഷേത്രങ്ങളിലേക്കൊരു തീർത്ഥയാത്ര

ശബരിമല ഉൾപ്പെടെ അഞ്ച് ശാസ്താ ക്ഷേത്രങ്ങളിലാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശബരിമല മണ്ഡലമാസം തീർത്ഥാടങ്ങളുടെയും ക്ഷേത്രദർശനങ്ങളുടെയും സമയമാണ്. കലിയുഗവരദനെന്ന് വിശ്വസിക്കപ്പെടുന്ന ധർമ്മശാസ്താവിന്‍റെ ക്ഷേത്രങ്ങളില്‍ തീർത്ഥാടനത്തിനു പറ്റിയ സമയമാണിത്. ശബരിമലയിൽ പോകുവാൻ സാധിക്കാത്തവർക്ക് ആഗ്രഹപൂർത്തീകരണത്തിനായി ശാസ്താ ക്ഷേത്രങ്ങളിലേക്കു പോകാം. ശബരിമല ഉൾപ്പെടെ അഞ്ച് ശാസ്താ ക്ഷേത്രങ്ങളിലാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇതു മാത്രമല്ല, കേരളത്തിലും മറ്റിടങ്ങളിയുമായി വേറെ ആയിരത്തിനടുത്ത് ശാസ്താ ക്ഷേത്രങ്ങളും കാണാം. ഇതാ മണ്ഡല കാലത്ത് സന്ദർശിക്കുവാൻ സാധിക്കുന്ന പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങൾ പരിചയപ്പെടാം...

കുളത്തൂപ്പുഴ ക്ഷേത്രം

കുളത്തൂപ്പുഴ ക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ചു ധർമ്മശാസ്തക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനമാണ് കുളത്തുപ്പുഴയ്ക്കുള്ളത്. ശാസ്താ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം ആരംഭിക്കേണ്ടത് ഇവിടെനിന്നുമാണെന്നാണ് വിശ്വാസം. ബാലകന്‍റെ രൂപത്തിലാണ് ശാസ്താവിനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള അപൂർവ്വ ക്ഷേത്രം കൂടിയാണിത്. കല്ലടയാറിന്‍റെ തീരത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിർമ്മിച്ചത് കൊട്ടാക്കര രാജാക്കന്മാരാണത്രെ.
ഇവിടുത്തെ ക്ഷേത്രക്കുളത്തിലെ മീനുകളെ തിരുമക്കൾ എന്നാണ് വിളിക്കുന്നത്. ഇവയ്ക്ക് ആഹാരം കൊടുക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ്. ത്വക്ക് രോഗങ്ങൾ മാറുവാൻ മീനൂട്ട് നടത്തിയാൽ മതിയെന്നും വിവാഹ തടസ്സങ്ങൾ മാറുവാനായി എള്ളും കിഴിയും പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും നടയിൽ സമര്‍പ്പിക്കുന്ന വഴിപാടും ഇവിടെയുണ്ട്.

PC:Binupotti

ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം

ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം

ശാസ്താ ക്ഷേത്രതീര്‍ത്ഥാടത്തില്‍ രണ്ടാമത് പോകേണ്ട ക്ഷേത്രമാണ് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം. കൗമാരപ്രായത്തിലുള്ള ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. കേരളം - തമിഴ്‌നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ രണ്ടിടങ്ങളിലെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെ കാണാം. ക്ഷേത്രത്തിൽ മലയാള ആചാരങ്ങളും ഉത്സവത്തിന് തമിഴ് ആചാരങ്ങളുമാണ് പിന്തുടരുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ശ്രീകോവിലിന്റെ വലതുമൂലയിലാണ് ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ദിവസവും ഏഴുപൂജകൾ നടത്തുന്ന ക്ഷേത്രം കൂടിയാണിത്. തിരുമംഗലം ദേശീയ പാതയുടെ സമീപം 35 അടി താഴെയായാണ് ക്ഷേത്രമുള്ളത്. ശാസ്താവിന്റെ വിവാഹമായി ആഘോഷിക്കുന്ന തൃക്കല്യാണമാണ് ഇവിടുത്തെ പ്രധാന ചടങ്ങ്.

PC:Zacharias D'Cruz

അച്ചൻകോവിൽ ശാസ്താക്ഷേത്രം

അച്ചൻകോവിൽ ശാസ്താക്ഷേത്രം

കേരളത്തിൽ നിന്നുള്ളവരുടെ മാത്രമല്ല, തമിഴ്നാട്ടിൽ നിന്നുള്ള വിശ്വാസികളും ധാരാളമായി വന്നെത്തുന്ന ക്ഷേത്രമാണ് കൊല്ലം പത്തനാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന അച്ചൻകോവിൽ ശാസ്താക്ഷേത്രം. കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗൃഹസ്ഥാശ്രമിയായ ശാസ്താവിനെയാണ് ഇവിടെ ആരാധിക്കുന്നത്. വിഷഹാരിയാണ് ഇവിടുത്തെ ശാസ്താവ് എന്നാണ് പറയുന്നത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി കൈക്കുമ്പിൾ കോട്ടിയിരിക്കുന്ന രൂപത്തിലാണ് ശാസ്താ വിഗ്രഹമുള്ളത്. ഈ കൈക്കുമ്പിളിൽ എല്ലായ്പ്പോഴും വിഷത്തിനുള്ള മരുന്ന അരച്ചുവെച്ചിട്ടുണ്ടാവും . വിഗ്രഹത്തിലിരിക്കുന്ന ചന്ദനവും തീർഥ കിണറിൽ നിന്നുള്ള ജലവും കഴിച്ച് മൂന്നു ദിവസമിരുന്നാൽ വിഷമിറങ്ങുമെന്നാണ് വിശ്വാസം.
മണ്ഡലപൂജയും രേവതി പൂജയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. കേരളത്തിൽ രഥോത്സവം നടക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നുമാണിത്.

PC:Fotokannan

അയ്യപ്പൻ കോവിൽ ധർമ്മശാസ്താ ക്ഷേത്രം

അയ്യപ്പൻ കോവിൽ ധർമ്മശാസ്താ ക്ഷേത്രം

പരശുരാമൻ സ്ഥാപിച്ച പഞ്ചശാസ്താ ക്ഷേത്രങ്ങളിലൊന്നായി ചില ഐതിഹ്യങ്ങൾ പറയുന്ന ക്ഷേത്രമാണ് അയ്യപ്പൻ കോവിൽ ധർമ്മശാസ്താ ക്ഷേത്രം. ഇടുക്കി ജലാശയത്തിനു സമീപത്തായണ് ഈ ക്ഷേത്രമുള്ളത്. ദ്രാവിഡ സംസ്കാരങ്ങളുടെ തുടക്കകാലങ്ങളോട് ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന ചരിത്രം ഈ ക്ഷേത്രത്തിനുണ്ടെന്നാണ കരുതപ്പെടുന്നത്. അയ്യപ്പൻകോവിലിൽ ശാസ്താവിന്‍റെ വാനപ്രസ്ഥം സങ്കല്പത്തിലാണ് പ്രതിഷ്ഠ. ഇവിടുത്തെ ആദിവാസി ഗോത്രങ്ങളാണ് ഈ ക്ഷേത്രത്തിന്റെ അവകാശികൾ എന്നാണ് കരുതപ്പെടുന്നത്.

PC:Swarnavilasam

എരുമേലി ധർമ്മശാസ്താക്ഷേത്രം

എരുമേലി ധർമ്മശാസ്താക്ഷേത്രം

മഹിഷീവധത്തിനായി അവതാരമെടുത്ത ധർമ്മശാസ്താവിനെയാണ് എരുമേലി ധർമ്മശാസ്താക്ഷേത്രത്തിൽ ആരാധിക്കുന്നത്. നായാട്ടുകാരന്റെ സങ്കല്പത്തിലാണ് ഇവിടുത്തെ ആരാധനകൾ. കിഴക്കോട്ട് ദർശനമായി കയ്യിൽ അമ്പേന്തി നിൽക്കുന്ന ശാസ്താവിനെയാണ് ഇവിടെ കാണുവാന്‌ സാധിക്കുന്നത്. കൊച്ചമ്പലം, വലിയമ്പലം എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. മാളികപ്പുറത്തമ്മ മാത്രമാണ് ക്ഷേത്രത്തിലെ ഉപദേവത.

PC:Akhilan

ആറാട്ടുപുഴ ധർമ്മശാസ്താ ക്ഷേത്രം

ആറാട്ടുപുഴ ധർമ്മശാസ്താ ക്ഷേത്രം

മൂവായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് തൃശൂർ ജില്ലയിലെ ആറാട്ടുപുഴ ധർമ്മശാസ്താ ക്ഷേത്രം. ദ്രാവിഡ ക്ഷേത്രമായി നിർമ്മിക്കപ്പെട്ട ഇവിടെയാണ് കേരളത്തിലെ ഏറ്റവും വലിയ പൂരങ്ങളിലൊന്നായ ആറാട്ടുപുഴ പൂരം നടക്കുന്നത്. മുപ്പത്തിമുക്കോടി ദേവതകളും എത്തിച്ചേരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ പൂരം പൂരങ്ങളുടെ മാതാവ് എന്നാണ് അറിയപ്പെടുന്നത്. ചമ്രം പടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം പിടിച്ചിരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ അയ്യപ്പന്റെ പ്രതിഷ്ഠയുള്ളത്. എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉപദേവതാ പ്രതിഷ്ഠകൾ ഒന്നുമില്ലാത്ത അപൂർവ്വ ക്ഷേത്രവും കൂടിയാണിത്

PC:Aruna

ചക്കുളത്ത്കാവ് പൊങ്കാല 2022: ദേവി തന്‍റെ ഭക്തർക്കായി നല്കിയ ഭക്ഷണം, പൊങ്കാലയർപ്പിച്ചാൽ ഐശ്വര്യം!ചക്കുളത്ത്കാവ് പൊങ്കാല 2022: ദേവി തന്‍റെ ഭക്തർക്കായി നല്കിയ ഭക്ഷണം, പൊങ്കാലയർപ്പിച്ചാൽ ഐശ്വര്യം!

ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം

ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം

മാവേലിക്കരയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശാസ്താ ക്ഷേത്രമാണ് ഉമ്പർനാട ധർമ്മശാസ്താക്ഷേത്രം. ചിൻമുന്ദ്രാ ഭാവത്തിൽ യോഗ ഭാവത്തിലാണ് ഇവിടുത്തെ ശാസ്താ പ്രതിഷ്ഠയുള്ളത്. ശബരിമല ക്ഷേത്രത്തിനു സമാനമായ രീതിയിൽ ഏകശിലാ പ്രതിഷ്ഠയാണ് ഇവിടെയുമുള്ളത്. പ്രദേശത്തെ പ്രസിദ്ധമായ തീര്‍ത്ഥാടന സ്ഥാനം കൂടിയാണിത്.

PC:Dvellakat

കുതിരാൻമല ധർമ്മശാസ്താക്ഷേത്രം

കുതിരാൻമല ധർമ്മശാസ്താക്ഷേത്രം

തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തീർത്ഥാടന സ്ഥാനങ്ങളിലൊന്നാണ് പാണഞ്ചേരി പഞ്ചായത്തിലെ കുതിരാൻമല ധർമ്മശാസ്താക്ഷേത്രം. കുതിരപ്പുറത്ത് ഇരിക്കുന്ന രൂപത്തിലുള്ള ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. അത്യപൂർവ്വമായ പ്രതിഷ്ഠയാണിത്. വലതുകയ്യിൽ അമ്പും ഇടതുകയ്യിൽ വില്ലും പിടിച്ചിരിക്കുന്ന ശാസ്താവും മുന്നോട്ടാഞ്ഞു നിൽക്കുന്ന രൂപത്തിലുള്ള കുതിരയുമാണ് പ്രതിഷ്ഠയിലുള്ളത്. ശബരിമല തീർത്ഥാടന കാലയളവിൽ കേരളത്തിലെത്തുന്ന അന്യസംസ്ഥാനത്തു നിന്നുള്ള വിശ്വാസികൾ ധാാരാളമായി ഇവിടേക്ക് വരുന്നു. പതിനെട്ടു പടികൾക്കു മേലെയാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

PC:Ranjithsiji

തിരുവാഭരണ ദർശനം

തിരുവാഭരണ ദർശനം

ശബരമല തീർത്ഥാടന കാലമായ മണ്ഡലമാസത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് തിരുവാഭരണ ദർശനവും തിരുവാഭരണ ഘോഷയാത്രയും. പന്തളം മഹാരാജാവ് അയ്യപ്പന് നല്കിയ ആടയാഭരണങ്ങളാണ് തിരുവാഭരണം. അയ്യപ്പൻ പിതൃസ്ഥാനത്തു കാണുന്നയാളാണ് പന്തളം മഹാരാജാവ് എന്നാണല്ലോ വിശ്വാസം. തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വെളക്കു മാല, കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, ജീവത,കൊടികൾ തുടങ്ങിയവ മൂന്നു വലിയ പേടകങ്ങളിലായി സൂക്ഷിച്ചിരിക്കുന്നതാണ് തിരുവാഭരണം. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലാണ് ഈ ആഭരണങ്ങളെല്ലാം സൂക്ഷിക്കുന്നത്. കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയുടെ അകമ്പടിയോടെ കാൽനടയായി ശബരിമലയിലേക്കെത്തിക്കുന്ന ആഘോഷമായ യാത്രയാണിത്.

2023ലെ തിരുവാഭരണ ഘോഷയാത്ര

2023ലെ തിരുവാഭരണ ഘോഷയാത്ര

2023 ലെ മകര വിളക്ക് ജനുവരി 14നാണ്. മകരവിളക്കിന് മൂന്നു ദിവസം മുൻപേ ജനുവരി 12ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണങ്ങൾ വലിയ ക്ഷേത്രത്തിൽ എത്തിക്കുന്നതോടുകൂടി ഈ യാത്രയ്ക്ക് തുടക്കമാവും. പരമ്പരാഗത പാതയിലൂടെയാണ് തിരുവാഭരണം കൊണ്ടുള്ള യാത്ര പോകുന്നത്. 83 കിലോമീറ്ററാണ് തിരുവാഭരണ പാതയുടെ ദൂരം. യാത്രയില്‍ പോകുന്ന വഴിയിൽ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തിരുവാഭരണം ദര്‍ശിക്കുവാൻ സാധിക്കും.

 തിരുവാഭരണം ദർശന സമയം

തിരുവാഭരണം ദർശന സമയം

2022 നവംബർ 17 മുതൽ 2023 ജനുവരി 12 വരെയാണ് വിശ്വാസികള്‍ക്ക് തിരുവാഭരണം ദർശിക്കുവാനുള്ള അവസരം. രാവിലെ 5.30 മുതൽ രാത്രി 8.00 വരെയാണ് ദർശന സമയം. മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നടയടയ്ക്കുന്ന ഡിസംബർ 28, 29, 30 തീയതികളിൽ തിരുവാഭരണ ദർശനം ഉണ്ടായിരിക്കില്ല. ഘോഷയാത്ര പുറപ്പെടുന്ന ജനുവരി 12ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പന്തളം കൊട്ടാരത്തിൽ ദർശന സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

ഈ ക്ഷേത്രങ്ങളിൽ വെച്ച് ഫോൺ ഉപയോഗിച്ചാൽ എട്ടിന്റെ പണി; അറിയാം മൊബൈൽ നിരോധിച്ച ക്ഷേത്രങ്ങൾഈ ക്ഷേത്രങ്ങളിൽ വെച്ച് ഫോൺ ഉപയോഗിച്ചാൽ എട്ടിന്റെ പണി; അറിയാം മൊബൈൽ നിരോധിച്ച ക്ഷേത്രങ്ങൾ

തുറക്കാത്ത വാതിലും ആദ്യകിരണം വിഷ്ണുവിന് സമർപ്പിക്കുന്ന സൂര്യനും.. ഗുരുവായൂർ ക്ഷേത്രത്തിലെ വിചിത്ര വിശേഷങ്ങൾതുറക്കാത്ത വാതിലും ആദ്യകിരണം വിഷ്ണുവിന് സമർപ്പിക്കുന്ന സൂര്യനും.. ഗുരുവായൂർ ക്ഷേത്രത്തിലെ വിചിത്ര വിശേഷങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X