ദ്വീപുകള്‍ അത്ഭുതപ്പെടുത്താത്തവരായി നമ്മളില്‍ ആരും കാണില്ല. വെള്ളത്താല്‍ ചുറ്റപ്പെട്ട് മനോഹരമായി കിടക്കുന്ന ദ്വീപുകള്‍ ആരെയാണ് ആകര്ഷിക്കാത്തത്...
വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ആചാരങ്ങളും പിന്തുടരുന്ന നൂറിലധികം ദ്വീപുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഒന്നില്‍ നിന്നും വ്യത്യസ്തമായ ഈ ദ്വീപുകള്‍ പകരുന്ന അനുഭവങ്ങളും അത്രതന്നെ വ്യത്യസ്തമാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഏഴു ദ്വീപുകളെ പരിചയപ്പെടാം...

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
ഇന്ത്യയില്‍ ഏറ്റവും മനോഹരമായിട്ടുള്ള ദ്വീപസമൂഹമാണ് ആന്‍ഡമാനിലേത്. തെളിഞ്ഞ നീലാകാശവും സ്വര്ണ്ണമണല്ത്തരികളും ഒക്കെയായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ആന്‍ഡമാന്‍ ബാച്ച് സങ്കല്പങ്ങളെ തന്നെ മാറ്റി മറിക്കുന്ന ഒരിടമാണ്. സാഹസികര്‍ക്കും ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും പുത്തന്‍ കാഴ്ചകള്‍ തേടുന്നവര്‍ക്കും ഒക്കെ ഒരുപോലെ ഇഷ്ടമാകുന്ന ഇവിടെ ദിവസങ്ങളോളം കണ്ടു തീര്‍ക്കുവാനുള്ള കാഴ്ചകളാണുള്ളത്. എലഫെന്റ് ബീച്ച്, രാദാനദര് ബീച്ച്, ഹാവ്ലോക്ക് ഐലന്‍ഡ്, റോസ് ഐലന്‍ഡ്, ലോങ് ദ്വീപ്, മായാബന്ദര്‍ തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലങ്ങള്‍.
PC: Venkatesh K

ലക്ഷദ്വീപ്
ലക്ഷം ദ്വീപുകളുടെ സമൂഹം എന്നറിയപ്പെടുന്ന ലക്ഷദ്വീപ് പ്രകൃതിഭംഗി കൊണ്ട് ഏറെ അനുഗ്രഹിക്കപ്പെട്ട ഒരിടമാണ്. കടലിന്റെ മറ്റൊരിടത്തും കാണാത്ത സൗന്ദര്യമാണ് ലക്ഷദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു കിടിലന്‍ യാത്രയാണ് ഉദ്ദേശമെങ്കില്‍ ഒട്ടും സംശയിക്കാതെ ലക്ഷദ്വീപ് തിരഞ്ഞെടുക്കാം. മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമേ ഇവിടം സന്ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക്
അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നീ ദ്വീപുകളില്‍ സന്ദര്‍ശനം നടത്താം. എന്നാല്‍ വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത് എന്നിവിടങ്ങളില്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുള്ളു.
PC: Lenish Namath

വൈപ്പിന്‍ ദ്വീപ്, കേരള
ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് എറണാകുളത്ത് സ്ഥിതി ചെയ്യുന്ന വൈപ്പിന്‍ ദ്വീപ്. 26 കിലോമീറ്റര്‍ നീളവും 5 കിലോമീറ്റര്‍ വീതിയുമുള്ള വൈപ്പിന്‍ ദ്വീപില്‍ നിന്നുള്ള കാഴ്ചകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പുതുവൈപ്പിലെ വിളക്കുമാടം, ചെറായി ബീച്ച്, പള്ളിപ്പുറം കോട്ട, വീരാന്‍പുഴ എന്നിവയാണ് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
PC: Arnab J Deka

ബട്ടര്‍ഫ്ളൈ ഐലന്‍ഡ്, ഗോവ
ഗോവയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നായാണ് ബട്ടര്‍ഫ്ളൈ ഐലന്‍ഡ് അറിയപ്പെടുന്നത്. സാഹസികതയും ആവേശവും ഒരുപോലെ ഒളിഞ്ഞിരിക്കുന്ന ഇവിടം അധികം ആര്‍ക്കും അറിയില്ലാത്ത ഒരിടമാണ്. ഡോള്‍ഫിനുകള്‍ എത്തുന്ന ഇവിടം അര്‍ധവൃത്താകൃതിയിലുള്ള ഒരു ദ്വീപാണ്. വൈകുന്നേരങ്ങളില്‍ ഇവിടുത്തെ കുന്നിന്റെ മുകളില്‍ എത്തുന്ന ആയിരക്കണക്കിന് ചിത്രശലഭങ്ങളാണ് ദ്വീപിന് ഈ പേരു സമ്മാനിച്ചത്. കാട്ടിലൂടെയുള്ള ഹൈക്കിങ്ങും ഇവിടുത്തെ പ്രത്യേകതയാണ്.
PC: Gili Chupak

നേത്രാണി ഐലന്‍ഡ്
കര്‍ണ്ണാടകയുടെ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപാണ് നേത്രാണി ഐലന്‍ഡ്. പീജിയണ്‍ ദ്വീപ് എന്നു വിളിക്കപ്പെടുന്ന ഇവിടം സഞ്ചാരികള്‍ക്ക് ഏറെക്കുറെ അന്യമായ ഇടമാണ്. മുരുഡേശ്വറില്‍ നിന്നും ഏകദേശം 19 കിലോമീറ്റര്‍ അകലെയാണ് ഇതുള്ളത്. പ്രാവുകള്‍ ഏറെ കാണപ്പെടുന്ന സ്ഥലമായതിനാലാണ് ഇവിടം പീജിയണ്‍ ഐലന്‍ഡ് എന്നറിയപ്പെടുന്നത്. ഹൃദയാകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ധാരാളം പവിഴപ്പുറ്റുകളും കാണുവാന്‍ സാധിക്കും.
PC: Chetansv

രാമേശ്വരം
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലായുള്ള ഗള്‍ഫ് ഓഫ് മാന്നാറില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം പ്രസിദ്ധമായ ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. പാമ്പന്‍ പാലമാണ് ദ്വീപിനെ കരയുമായി ബന്ധപ്പെടുത്തുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.
PC: tn.nic

സേക്രഡ് ഐലന്‍ഡ്
കാവേരി നദിയുടെ തീര്തതായി സ്ഥിതി ചെയ്യുന്ന മൂന്ന് ദ്വീപുകള്‍ സേക്രഡ് ഐലന്‍ഡ് എഥവാ വിശുദ്ധ ദ്വീപുകള്‍ എന്നാണ് അറിയപ്പെടുന്നത്. ശ്രീരംഗപട്ന, ശിവനസമുദ്ര, ശ്രീരംഗം എന്നിവയാണവ. ഇവ യഥാക്രമം ആദിരംഗ, മധ്യരംഗ, അന്ത്യരംഗ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. വൈഷ്ണവ ഭക്തരുടെ പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഈ മൂന്നു ദ്വീപുകളും. ഇതില്‍ ശ്രീരംഗം തമിഴ്നാട്ടിലും മറ്റു രണ്ടെണ്ണം കര്‍ണ്ണാടകയിലുമാണ് സ്ഥിതി ചെയ്യുന്നത്.
PC: Rockuzz