Search
  • Follow NativePlanet
Share
» »അറിയാം ഈ അപൂർവ്വ ശിവക്ഷേത്രങ്ങളെ

അറിയാം ഈ അപൂർവ്വ ശിവക്ഷേത്രങ്ങളെ

അപൂർവ്വമായ ആരാധന സമ്പ്രദായങ്ങൾ കൊണ്ടും വിശ്വാസങ്ങൾ കൊണ്ടും പ്രാദേശികമായി അറിയപ്പെടുന്ന കേരളത്തിലെ ശിവക്ഷേത്രങ്ങൾ പരിചയപ്പെടാം....

കേരളത്തിലെ ശിവക്ഷേത്രങ്ങൾ എന്നു പറഞ്ഞാൽ ആദ്യം മനസ്സിലോടിയെത്തുക വടക്കും നാഥനും എറണാകുളം ശിവക്ഷേത്രവും ഒക്കെയാണ്. എന്നാൽ ഇതൊന്നുമല്ലാതെ നൂറു കണക്കിന് ശിവക്ഷേത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്. അങ്ങ് കാസർകോഡ് മുതൽ ഇവിടെ തിരുവനന്തപുരം വരെയുള്ള ശിവക്ഷേത്രങ്ങളുടെ പട്ടിക അങ്ങനെ പെട്ടന്നു തീർക്കാവുന്ന ഒന്നല്ല. അപൂർവ്വമായ ആരാധന സമ്പ്രദായങ്ങൾ കൊണ്ടും വിശ്വാസങ്ങൾ കൊണ്ടും പ്രാദേശികമായി അറിയപ്പെടുന്ന കേരളത്തിലെ ശിവക്ഷേത്രങ്ങൾ പരിചയപ്പെടാം....

അക്ലിയത്ത് ശിവക്ഷേത്രം

അക്ലിയത്ത് ശിവക്ഷേത്രം

ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കണ്ണൂർ ജില്ലയിലെ ശിവക്ഷേത്രമാണ് അക്ലിയത്ത് ശിവ ക്ഷേത്രം. അഴീക്കോട് വൻകുളത്തു വയൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ കിരാത മൂർത്തിയെയാണ് പ്രധാന മൂർത്തിയായി ആരാധിക്കുന്നത്. പുരാണ രംഗങ്ങൾ മനോഹരമായി കൊത്തിവെച്ചിരിക്കുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്.

PC:Jishal prasannan

അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

പരശുരാമൻ ശിവലിംഗം പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. അവണൂർ ദേശത്തിന്‍റെ നാഥനായാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.

PC:RajeshUnuppally

കളർകോട് മഹാദേവക്ഷേത്രം

കളർകോട് മഹാദേവക്ഷേത്രം


ശിവൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട് ദർശനമരുളിയ ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ കളർകോട് മഹാദേവക്ഷേത്രം എന്നാണ് വിശ്വാസം. കല്ല്യക്രോഢ മഹർഷിയ്ക്കു സ്വയംഭൂവായി മഹാദേവൻ ദർശനം നൽകുകയും തുടർന്ന് ശിവപ്രീതിക്കായി അദ്ദേഹം ഇവിടെ താമസിച്ച് പൂജ നടത്തുകയും ചെയ്തുവെന്നാണ് ക്ഷേത്ര ഐതിഹ്യം പറയുന്നത്. കിഴക്കു ദര്‍ശനമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കെട്ടിലും മട്ടിലും ഒരു മഹാക്ഷേത്രം തന്നെയാണ്.

PC:RajeshUnuppally

കാട്ടകാമ്പൽ ക്ഷേത്രം

കാട്ടകാമ്പൽ ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ള കാട്ടകാമ്പൽ ക്ഷേത്രം തൃശൂർ ജില്ലയിലെ കുന്നംകുളത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലൊന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും പാർവ്വതി ദേവിക്കും ഇവിടെ വളരെ പ്രാധാന്യമുണ്ട്. ശിവനേക്കാൾ പ്രാധാന്യം ഇവിടെ പാർവ്വതി ദേവിക്കാണെന്നു പറ‍ഞ്ഞാലും അതിൽ തെറ്റില്ല.
മേടമാസത്തിലെ പൂരം നാളിൽ നടക്കുന്ന ഇവിടുത്തെ പൂരം ഏറെ പ്രസിദ്ധമാണ്.

PC: RajeshUnuppally

കാർപ്പിള്ളിക്കാവ് മഹാദേവ ക്ഷേത്രം

കാർപ്പിള്ളിക്കാവ് മഹാദേവ ക്ഷേത്രം

പടിഞ്ഞാറ് ദിശയിലേക്ക് ദര്‍ശനമുള്ള അപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം മഞ്ഞപ്രയിലെ കാർപ്പിള്ളിക്കാവ് മഹാദേവ ക്ഷേത്രം. .കാർത്തവീരാർജ്ജുനനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മകരമാസത്തിൽ നടക്കുന്ന കാർപ്പിള്ളിക്കാവ് പൂരം ഇവിടുത്തെ പ്രധാന ആഘോഷമാണ്. ആ സമയത്ത് ഇവിടെ സന്ദര്‍ശിച്ചു പ്രാർഥിച്ചാൽ ആ ആഗ്രഹം ശിവൻ നിവൃത്തിവരുത്തും എന്നാണ് വിശ്വാസം.

PC:Ranjithsiji

തിരുനെട്ടൂർ മഹാദേവക്ഷേത്രം

തിരുനെട്ടൂർ മഹാദേവക്ഷേത്രം

ശിവനൊപ്പം തന്നെ വിഷ്ണുവിനും പ്രാധാന്യം നല്കുന്ന അപൂർവ്വ ക്ഷേത്രമാണ് തിരുനെട്ടൂർ മഹാദേവക്ഷേത്രം. എറണാകുളം ജില്ലയിൽ മരടിനടുത്ത് നെട്ടൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് കൊടിമരങ്ങളും രണ്ട് ബലിക്കൽപ്പുരകളും രണ്ട് തന്ത്രിമാരും ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. ശിവക്ഷേത്രം സ്ഥാപിച്ചത് പരശുരാമനും വിഷ്മുക്ഷേത്രം സ്ഥാപിച്ചത് വില്വമംഗലം സ്വാമിയുമാണെന്നുമാണ് വിശ്വാസം. ശിവൻ വടക്കുംനാഥനായി സ്വയംഭൂ അവതരിച്ചിരിക്കുന്ന ഒരു ശിലയും ഇവിടെയുണ്ട്. ഈ ശില ഓരോ ദിവസം കൂടുമ്പോഴും വളരുന്നു എന്നാണ് വിശ്വാസം.

PC:RajeshUnuppally

പടനായർകുളങ്ങര മഹാദേവക്ഷേത്രം

പടനായർകുളങ്ങര മഹാദേവക്ഷേത്രം

ശിവനോടൊപ്പം തന്നെ ശ്രീകൃഷ്ണനും ഒരേ നാലമ്പലത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കൊല്ലം കരുനാഗപ്പള്ളിയിലെ പടനായർകുളങ്ങര മഹാദേവക്ഷേത്രം. ഒരു കാലത്ത് ബുദ്ധ ക്ഷേത്രമായിരുന്ന ഇത് പിന്നീട് ശിവക്ഷേത്രമായി മാറി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരിക്കൽ ഒരുമിച്ച നടന്നു പോയ കൃഷ്ണനും ശിവനും ഒരു യാത്രയിൽ ഇവിടെ വരുകയുണ്ടായി. തനിക്ക് പ്രതിഷ്ഠിക്കുവാൻ പറ്റിയ ഒരു സ്ഥലം നോക്കുവാൻ കൃഷ്ണനെ ശിവൻ പറഞ്ഞയച്ചു. നേരം കുറേയായിട്ടും തിരികെ വരാത്ത കൃഷ്ണനെ തിരക്കി പോയ ശിവൻ കണ്ടത് മനോഹരമായ ഒരിടത്ത് സ്വയം പ്രതിഷ്ഠിച്ചിരിക്കുന്ന ശകൃഷ്ണനെയാണ്. അങ്ങനെ പെട്ടന്ന് ശിവനും തൊട്ടടുത്ത് പ്രതിഷ്ഠ നടത്തിയത്രെ. അങ്ങനെയാണ് ഇവിടെ രണ്ടു പ്രതിഷ്ഠ ഒരുമിച്ച് വന്നത് എന്നാണ് വിശ്വാസം.

PC:RajeshUnuppally

നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം

നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം

കേരളത്തിലെ പുരാതനമായ ശിവക്ഷേത്രങ്ങളിൽ മറ്റൊന്നാണ് നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം. രണ്ടാം ചേരരാജവംശക്കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ഗ്രാമത്തിൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. കുലശേഖരത്തപ്പനെന്നാണ് ശിവനെ ഇവിടെ വിളിക്കുന്നത്. കേരളത്തിലെ വലുപ്പമേറിയ ശ്രീ കോവിലുകളിലൊന്നാണ് ഇവിടെയുള്ളത്.

PC:RajeshUnuppally

ഇണ്ടിളയപ്പൻ ക്ഷേത്രം

ഇണ്ടിളയപ്പൻ ക്ഷേത്രം

കൊല്ലം ജില്ലയിലെ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇണ്ടിളയപ്പൻ ക്ഷേത്രം. ശിവനെയും വിഷ്ണുവിനെയും രണ്ടു ക്ഷേത്രങ്ങളിലായി ഇവിടെ ആരാധിക്കുന്നു. ക്ഷേത്രത്തിന്റെ ചരിത്രം വ്യക്തമായി ആർക്കും അറിയില്ലെങ്കിലും ക്ഷേത്രം നശിപ്പിച്ചത് വേലുത്തമ്പി ദളവയെ തിരഞ്ഞു നടന്ന ബ്രിട്ടീഷുകാരാണെന്നാണ് വിശ്വാസം.

PC:Pkachary

വേലോർവട്ടം മഹാദേവ ക്ഷേത്രം

വേലോർവട്ടം മഹാദേവ ക്ഷേത്രം

രണ്ടു നാലമ്പലങ്ങളും രണ്ടു കൊടിമര പ്രതിഷ്ഠകളും ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് വേലോർവട്ടം ശ്രീ മഹാദേവക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വില്വമംഗലം സ്വാമിയാണ് ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് വിശ്വാസം.

PC:RajeshUnuppally

രവീശ്വരപുരം ശിവക്ഷേത്രം

രവീശ്വരപുരം ശിവക്ഷേത്രം

ശ്രീകോവിൽ മാത്രമുള്ള ഒരു ക്ഷേത്രമാണ് തൃശൂർ കൊടുങ്ങല്ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന രവീശ്വരപുരം ശിവക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ഒന്നും ലഭ്യമല്ല. ഉത്സവങ്ങളും ആഘോഷങ്ങളും ഒന്നും ഇവിടെയില്ല.

PC:Lakshmanan

വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം മുവാറ്റുപുഴ

വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം മുവാറ്റുപുഴ

എറണാകുളം മൂവാറ്റുപുഴയാറിന് സമീപം സ്ഥിതി ചെയ്യുന്ന ചെറിയ ക്ഷേത്രമാണ് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം. ശിവരാത്രി നാളിൽ ബലി തർപ്പണത്തിനായി വിശ്വാസികൾ എത്തിച്ചേരുന്ന ഈ ക്ഷേത്രം ഒരു കുന്നിനു മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.

PC:maheshmm007

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X