Search
  • Follow NativePlanet
Share
» »കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..

കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..

ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്താണെന്ന് ചോദിച്ചാല്‍ കാരക്കോറം ഹൈവേ മുതല്‍ ഏകതാ പ്രതിമയും ചെനാബ് പാലവും ഒക്കെ ഉത്തരത്തില്‍ വരുമെങ്കിലും ശ്രീലങ്കയില്‍ ഈ ചോദ്യത്തിനുത്തരം സിഗിരിയ ആണ്. ചരിത്രവും കഥകളും ഏറെയുണ്ട് കല്ലിനു മുകളിലെ ഈ കോട്ടയ്ക്ക്. കഥയിലെ സ്ഥലമാണോ അതോ കഥകളുള്ള സ്ഥലമാണോ ഇതെന്ന് അറിയണെമങ്കില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിരിക്കണം. ശ്രീലങ്കയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കാനെത്തുന്ന ഇവിടം കാലത്തിനും മുന്നേ സഞ്ചരിച്ച നിര്‍മ്മാണ ആശയങ്ങള്‍ക്കും പ്രസിദ്ധമാണ്.

ചരിത്രത്തേക്കാളുപരി വിശ്വാസങ്ങൾക്കും ഐതിഹ്യങ്ങൾക്കുമാണ് സിഗിരിയ പേരുകേട്ടിരിക്കുന്നത്. അവിശ്വസനീയമായ കഥകളുമായി നിൽക്കുന്ന ഈ കോട്ട കാണുവാൻ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെത്തുന്നു. രാമായണവും രാവണനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇവിടം ശ്രീലങ്കയുടെ ഇന്നലെകളിലേക്കും വെളിച്ചംവീശുന്ന ഇടമാണ്. കേട്ടുപഴകിയ കഥകളിൽ നിന്നു എന്താണിവിടെ കാണാനുള്ളതെന്നറിയണമെങ്കിൽ ഒരിക്കലെങ്കിലും ഇവിടെ വരണം.

Sigiriya Rock Fortress In Sri Lanka

എട്ടാം ലോകാത്ഭുതം

കാഴ്ചയില്‍ ഇന്ത്യയിലെ അജന്ത ഗുഹകളോട് ഏറെ സാദൃശ്യമുണ്ട് സിഗിരിയയ്ക്ക്. നൂറ്റാണ്ടിലെ ക്രിസ്ത്യൻ കാലത്തിനു മുമ്പുള്ള ഫ്രെസ്കോകൾക്കും സിഗിരിയ പ്രശസ്തമാണ്. ശ്രീലങ്കയുടെ എട്ട് ലോക പൈതൃക സ്ഥലങ്ങളിൽ ഒന്നായ ഇത് യുനെസ്കോ ലോകത്തെ എട്ടാമത്തെ അത്ഭുതമായും പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യശ്രീലങ്കയിൽ മാതലെ ജില്ലയിലാണ് സിഗിരിയ സ്ഥിതിചെയ്യുന്നത്.

നിര്‍മ്മിതിയുടെ കാര്യത്തില്‍ കാലത്തിനും മുന്‍പേ സ‍ഞ്ചരിച്ച ഇടമെന്ന് ധൈര്യമായി ഈ പ്രദേശത്തെ വിശേഷിപ്പിക്കാം. എഡി 477 മുതൽ, നഗര ആസൂത്രണത്തിന്റെ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സംരക്ഷിത ഉദാഹരണങ്ങളിലൊന്നായാണ് ചരിത്രം ഇതിനെ കരുതുന്നത്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു സൈറ്റുകളിലൊന്നും കൂടിയാണിത്.

പാറയുടെ മുകളിൽ ഉയർന്നുനിൽക്കുന്ന ഈ നിർമ്മാണവും അതിന്റെ അപകടസാധ്യതയുള്ള കലാസൃഷ്‌ടികളും 1982-ൽ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിമനോഹരമായ പൂന്തോട്ടവും പാറയുടെ ചുവട്ടിലെ ജലസംവിധാനങ്ങളും ഇവിടെ എടുത്തു പറയേണ്ട കാര്യങ്ങളാണ്. ഇവിടുത്തെ ജലസേചന എഞ്ചിനീയറിംഗ് രൂപകൽപ്പന വളരെ സങ്കീര്‍ണ്ണമായ ഒരു നിര്‍മ്മിതിയാണ്

story of sigiriya

ചരിത്രത്തിലേക്ക്

സിഗിരിയയുടെ ചരിത്രം തിരഞ്ഞാല്‍ അതിനു പലയേടുകള്‍ കണ്ടെത്തുവാന്‍ സാധിക്കും. ശ്രീലങ്കയിലെ രാജാക്കന്മാരെക്കുറിച്ച് പാലി ഭാഷയിൽ എഴുതിയ ചരിത്രകാവ്യമായ മഹാവംശത്തിലാണ് ഇതിനെക്കുറിച്ച് വിശദമായി എഴുതിയിരിക്കുന്നത്. എഡി 477-495 കാലഘട്ടത്തില്‍ അന്ന് സിലോണ്‍ ഭരിച്ചിരുന്ന കശ്യപ ഒന്നാമന്‍ രാജാവാണ് ഇത് നിര്‍മ്മിച്ചതത്രെ. മൂന്നാം നൂറ്റാണ്ടുമുതല്‍ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെങ്കിലും പക്ഷേ, ഇവിടം പ്രസിദ്ധമാകുന്നത് കശ്യപന്റെ കാലത്താണ്.

സഹോദരനില്‍ നിന്നും രക്ഷപെ‌ടുവാന്‍

മഹാവംശത്തില്‍ പറയുന്നതനുസരിച്ച് ധാതുസേന രാജാവിന്‍റെ മകനായിരുന്നു കശ്യപരാജാവ്. ധാതുസേനന്‍ രാജ്ഞിയില്‍ കൻ മോഗല്ലണ്ണന്‍ എന്നൊരു മകനുമുണ്ടായിരുന്നു. പിതാവില്‍ നിന്നും രാജ്യം സ്വന്തമാക്കുവാനായി കശ്യപന്‍ പിതാവിനെ കൊലപ്പെടുത്തി. രാജാവിന്റെ അനന്തരവനും സേനാധിപനുമായിരുന്ന മിഗാരന്‍ ആയിരുന്നു കശ്യപന് ഇതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തത്. അപ്പോഴേയ്ക്കും സഹോദരനെ ഭയന്ന് മോഗല്ലണ്ണന്‍ നാടുവിട്ട് ഇന്ത്യയിലേക്ക് പോവുകയും താന്‍ തിരിച്ചെത്തി രാജ്യം പിടിച്ചടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സഹോദരന്‍റെ വെല്ലുവിളിയില്‍ ഭയന്ന കശ്യപന്‍ അന്നത്തെ അനുരാധപുരം എന്ന തലസ്ഥാനം ഉപേക്ഷിച്ച് ഇന്നത്തെ സിഗിരിയയിലേക്ക് വന്നു. സുരക്ഷാസ്ഥാനമായി കണക്കാക്കിയിരുന്നു ഇവിടേക്ക് മാറിയത്.

sigiriya history in malayalam

കശ്യപന്റെ കാലത്താണ് ഇന്നും കോട്ടയില്‍ കാണുവാന്‍ സാധിക്കുന്ന പ്രതിരോധ സം‌വിധാനങ്ങളും ജലസേചന മാര്‍ഗ്ഗങ്ങളും കൊട്ടാരങ്ങളും പൂന്തോട്ടങ്ങളുമെല്ലാം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് മോഗല്ലണ്ണന്‍ സൈന്യവുമായി വരികയും ആനപ്പുറത്തിരുന്ന് യുദ്ധം ചെയ്ത കശ്യപനെ യുദ്ധതന്ത്രം തെറ്റിദ്ധരിച്ച അദ്ദേഹത്തിന്റെ തന്നെ പടയാളികള്‍ ഒറ്റപ്പെടുത്തുകയും കശ്യപന്‍ സ്വയം മരിക്കുകയും ചെയ്തു എന്നാണ് കഥ. പിന്നീട് മൊഗല്ലണ്ണൻ തലസ്ഥാനമായി അനുരാധപുരം തിരഞ്ഞെടുക്കുകയും ഇവിടം ഒരു ബുദ്ധവിഹാരമായി നിലനിര്‍ത്തുകയും ചെയ്തുവത്രെ.

രാമായണവും സിഗിരിയയും

ചരിത്രം മാത്രമല്ല, പല കഥകളും ഐതിഹ്യങ്ങളും ഈ പ്രദേശവുമായി ബന്ധപ്പെട്ടുണ്ട്. രാവണന്‍റെ കൊട്ടാരത്തിന്‍റെ ഭാഗമായിരുന്നു ഇവിടമെന്നാണ് കഥകള്‍. സഹോദരനായ കുബേരന്‍ തങ്കം കൊണ്ടാണത്രെ കൊട്ടാരം നിര്‍മ്മിച്ചത്. ഈ പാറ പീഠഭൂമിയുടെ അടിയില്‍ ധാരാളം ഗുഹകള്‍ ഇന്നും കാണാം. ഈ ഗുഹകളിലൊന്നാണ് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ ശേഷം തടവിലാക്കിയത്. ഗുഹാഭിത്തികളിൽ രാമായണ കാലഘട്ടത്തിലെ രംഗങ്ങളുടെ ചിത്രങ്ങളും ഇവിടെയുണ്ട്. രാവണന്റെ നിരവധി ഭാര്യമാരുടെ ഛായാചിത്രങ്ങളെന്ന് വിശ്വസിക്കപ്പെടുന്ന സ്ത്രീ ഛായാചിത്രങ്ങളും ഇവിടെ കാണാം.

sigiriya and ramayana

ബുദ്ധാശ്രമമായ സിഗിരിയ സിഗിരിയ ഒരു കാലത്ത് ബുദ്ധാശ്രമം ആയിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. 14-ആം നൂറ്റാണ്ട് വരെ ഇത് ഉപയോഗത്തിലുണ്ടായിരുന്നുവെങ്കിലും, ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

രൂപകല്പന

ഇങ്ങനെ അന്നത്തെ കാലത്ത് ഇത്രയൊക്കെ ചിന്തിക്കുവാന്‍ കഴിയുമോ എന്നു സംശയിപ്പിക്കുന്ന വിധത്തില്‍ ഭാവനാസമ്പന്നമായ നിര്‍മ്മിതിയാണ് ഇതിന്‍റേത്. ചുറ്റുപാടുകളുടെ മനുഷ്യനിർമ്മിത ജ്യാമിതീയവും പ്രകൃതിദത്തവുമായ രൂപങ്ങളെ മനഃപൂർവ്വം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന തരത്തിലുള്ള നിര്‍മ്മാണമാണ് ഇവി‌ടെ കാണുവാന്‍ സാധിക്കുക. പാറയുടെ പടിഞ്ഞാറ് ഭാഗത്ത് രാജകുടുംബങ്ങൾക്കായി ഒരു പാർക്ക് സ്ഥിതിചെയ്യുന്നു, പാർക്കിൽ ജലസംഭരണ​​ഘടനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തെക്ക് ദിശയിൽ മനുഷ്യനിർമ്മിത ജലസംഭരണി കാണാം. പ്രവേശന കവാടങ്ങളിൽ അഞ്ച് ഗേറ്റുകൾ സ്ഥാപിച്ചു. കൂടുതൽ വിപുലമായ പടിഞ്ഞാറൻ കവാടം രാജകുടുംബങ്ങൾക്കായി നീക്കിവച്ചിരുന്നതായി കരുതപ്പെടുന്നു.

sigiriya design

പാറയ്ക്കു മുകളില്‍ മൂന്നു നിലകളിലായി ആയിരുന്നു അന്നത്തെ കൊട്ടാരം ഉണ്ടായിരുന്നതെന്നാണ് ചരിത്രം പറയുന്നത്. സിംഹ കവാടം, കണ്ണാടി മതില്‍,മട്ടുപ്പാവ്, താഴത്തെ കൊട്ടാരം, കിടങ്ങുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പാറക്കു ചുറ്റുമുള്ള 40 ഏക്കർ സ്ഥലത്താണ്‌ മന്ത്രിമാരും മറ്റും താമസിച്ചിരുന്നത്.
സിഗിരിയയിലെ പൂന്തോട്ടങ്ങൾ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സംരക്ഷിത ജല ഉദ്യാനങ്ങൾ ആയാണ് കണക്കാക്കുന്നത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും പഴയ ലാൻഡ്സ്കേപ്പ് ഗാർഡനുകളിൽ ഒന്നുകൂടിയാണിത്. ജലാരാമം, ശിലാരാമം, ഹർമ്മ്യാരാമം എന്നീ വിഭാഗങ്ങളായാണ് ഇവിടുത്തെ ആരാമങ്ങളുള്ളത്.

ഇവിടുത്തെ പ്രത്യേകതകയുള്ള മറ്റൊരു കാര്യം കണ്ണാടി മതിലാണ്. മതിലിനു മുന്നിലെത്തിയാല്‍ പ്രതിബിംബം കാണുവാന്‍ സാധിക്കുന്നത്രയും മിനുസം ഇതിന്‍റെ ചുവരുകള്‍ക്കുണ്ടത്രെ. പ്രത്യേകതരം മണ്ണുകൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടയുടെ താഴെ നിന്നും മുകളിലേക്ക് കയറുവാന്‍ 1270 പടികളുണ്ട്. പരമാവധി 45 മിനിറ്റുകൊണ്ട് മുകളിലെത്തുവാന്‍ സാധിക്കും.

Read more about: world fort interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X