Search
  • Follow NativePlanet
Share
» »അജ്ഞാതശിൽപിയുടെ കരവിരുതുമായി പത്മതീർത്ഥക്കരയിലെ കല്ലാനശിൽപം

അജ്ഞാതശിൽപിയുടെ കരവിരുതുമായി പത്മതീർത്ഥക്കരയിലെ കല്ലാനശിൽപം

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീർഥ കുളക്കരയിലെ കല്ലാന ശിലപ്ം തിരുവനന്തപുരത്തിന്റെ പുതിയ അതിശയങ്ങളിലൊന്നാണ്. ചരിത്രത്തിലൊരിടത്തും എഴുതപ്പെട്ടിട്ടില്ലാത്ത കല്ലാന ശില്പം കാർത്തിക തിരുനാൾ രാമവർമയുടെ കാലത്താണ് പത്മതീർഥത്തിന് മുന്നിലായി സ്ഥാപിക്കുന്നത്. കല്ലാനയുടെ കഥകളും മിത്തും തേടിയിറങ്ങിയ നിജു വെഞ്ഞാറമൂടിന്റെ എഴുത്തിലേക്ക്!!

നമ്മുടെ തിരുവനന്തപുരം

നമ്മുടെ തിരുവനന്തപുരം

വാസ്തുവിദ്യയിലേയും ചിത്ര-ശിൽപകലകളുടേയും നൈപുണ്യം കൊണ്ട് ഏതൊരാളേയും അത്ഭുതപ്പെടുത്താൻ കഴിയുന്ന ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമൊക്കെ ധാരാളമുള്ള സ്ഥലമാണ് നമ്മുടെ സ്വന്തം തിരുവനന്തപുരം..! ഇന്നത്തെപ്പോലെ എഞ്ചിനീയറിംഗ് ബിരുദങ്ങളുടേയും സാങ്കേതികവിദ്യകളുടേയുമൊന്നും സഹായമില്ലാതെ നൂറ്റാണ്ടുകൾക്കു മുമ്പേ അനന്തപുരിയിൽ സ്ഥാനം പിടിച്ച് ഇന്നും അത്ഭുതങ്ങൾ പേറി ലോകത്തിന്റെ മുമ്പിൽ തലയെടുപ്പോടെ നിൽക്കുന്ന ശ്രീപത്മനാഭസ്വാമിക്ഷേത്രം അതിലൊന്നു മാത്രമാണ്..!

കല്ലാന

കല്ലാന

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലത്താണ് ഇന്ന് നമ്മൾ കാണുന്ന തരത്തിൽ പത്മനാഭസ്വാമിക്ഷേത്രം പണികഴിപ്പിച്ചത്.. തിരുമലയിൽ നിന്നും വെട്ടിയെടുത്ത പാറയിൽ തീർത്ത ഒറ്റക്കൽമണ്ഡപം പോലുള്ള പല അത്ഭുത സൃഷ്ടികളും ആ കാലഘട്ടത്തിൽ നിർമ്മിച്ചവയാണ്.. അന്നത്തെ കാലത്ത് ജീവിച്ചിരുന്ന പല ശിൽപികളുടേയും കലാകാരന്മാരുടേയും കരവിരുതിന്റെ മഹിമ വിളിച്ചോതുന്നതാണ് പത്മനാഭസ്വാമിക്ഷേത്രത്തിലെ ഓരോ മുക്കും മൂലകളും പോലും..!

ഒരു കല്ലിൽ വെറുതെയൊന്നു തട്ടിയാൽപ്പോലും അതൊരു ശിൽപമാക്കി മാറ്റാൻ കഴിവുള്ള കലാകാരന്മാർ അക്കാലത്ത് ജീവിച്ചിരുന്നുവെന്നതിനുള്ള ചെറിയൊരു തെളിവ് മാത്രമാണ് ക്ഷേത്രപരിസരത്ത് പത്മതീർത്ഥക്കുളത്തിനു സമീപത്തായി അധികമാരും കാണാതെയും കേൾക്കാതെയും ഇത്രയും കാലം മൺമറഞ്ഞിരുന്ന കരിങ്കല്ലിൽ തീർത്ത പൂർത്തിയാകാത്ത ഒരു കല്ലാനയുടെ ശിൽപം..!

ചരിത്രം കൗതുകമാകുമ്പോൾ

ചരിത്രം കൗതുകമാകുമ്പോൾ

ഈ ശിൽപം പത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലായി എങ്ങനെ വന്നുവെന്നത് ഇപ്പോഴും കൗതുകകരമായൊരു ചരിത്രമാണ്..

മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നിർദ്ദേശപ്രകാരം പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പുനർനിർമ്മാണ വേളയിൽ ക്ഷേത്രം പണിയുന്നതിനായി തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു തച്ചൻ എല്ലാ ദിവസവും പണി കഴിഞ്ഞ് മടങ്ങിപ്പോകുന്നേരം വഴിവക്കിലുണ്ടായിരുന്ന ഒരു കരിങ്കല്ലിൽ തന്റെ കൈയ്യിലുള്ള ചുറ്റിക കൊണ്ട് വെറുതെയൊന്നു അടിച്ചിരുന്നു.. പിന്നീട് നിത്യവും മടങ്ങിപ്പോകുന്നേരം അതൊരു പതിവായി മാറി... അങ്ങനെ ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്തോറും ആ കരിങ്കല്ലിന്റെ രൂപവും ക്രമേണ മാറിക്കൊണ്ടിരുന്നു.. ഒടുവിൽ അമ്പലത്തിന്റെ പണി പൂർത്തിയായപ്പോഴേക്കും കരിങ്കല്ലിന്റെ ഒരുവശം ഒരു ആനയുടെ രൂപമായി മാറിയിരുന്നു..!

യാതൊരു വിധ അളവുകളോ കണക്കോ ഇല്ലാതെ വെറുതെ അലസമായി ചെയ്തൊരു പ്രവൃത്തി ഒരു ശിൽപമായി രൂപപ്പെട്ടുവെങ്കിൽ ആ ശിൽപിയുടെ കഴിവ് എത്രത്തോളമായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.. പക്ഷേ ആ ശിൽപി ആരായിരുന്നുവെന്നോ അദ്ദേഹത്തിന്റെ വീട് എവിടെയായിരുന്നുവെന്നോ ഉള്ള വിവരങ്ങളൊന്നും ഇന്ന് ആർക്കുമറിയില്ല.. കാരണം ക്ഷേത്രം ഉയർന്നു കഴിഞ്ഞാൽപ്പിന്നെ പണിത ശിൽപിക്കുപോലും അവിടേയ്ക്ക് അയിത്തമുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്..! ക്ഷേത്രനിർമ്മിതിക്ക് ഉത്തരവിട്ട മഹാരാജാവിന്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയപ്പോൾ അതിനുവേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവെച്ച് വിയർപ്പൊഴുക്കിയ ശിൽപിയെ കാലം ഒരിടത്തും അടയാളപ്പെടുത്തിയില്ല..!

വെറുമൊരു നേരമ്പോക്കായി മാത്രം ചെയ്തൊരു ശിൽപം കോട്ടയ്ക്കകത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ വർഷങ്ങളോളം കിടന്നു... പിന്നീട് കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് ഈ കല്ലാനയെ ക്ഷേത്രപരിസരത്തിന്റെ കാവൽക്കാരൻ എന്ന് സങ്കൽപ്പിച്ച് പത്മതീർത്ഥക്കരയിൽ ഒരു ഇരിപ്പിടം നൽകി..!

രാമരാജബഹദൂറിലെ കല്ലാന

രാമരാജബഹദൂറിലെ കല്ലാന

ചരിത്രനോവലുകളുടെ ഉപജ്ഞാതാവായ സി.വി രാമൻപിള്ളയുടെ രാമരാജബഹദൂർ എന്ന നോവലിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻവശത്തുള്ള ഒരു കല്ലാനയുടെ ശിൽപത്തെക്കുറിച്ച് പരമാർശിക്കുന്നുണ്ട്.. ആ നോവലിലെ കഥാപാത്രമായ അഴകൻപിള്ള കല്ലാനയുടെ ശിൽപത്തിനു പിന്നിൽ ഒളിച്ചിരിക്കുന്നതായി ഒരു സന്ദർഭമുണ്ട്.. അത് ഈ കാണുന്ന കല്ലാനയെക്കുറിച്ചായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു..! സി.വിയുടെ ഈ നോവലിൽ പരമാർശിച്ചിട്ടുണ്ടെന്നതല്ലാതെ മറ്റ് യാതൊരു ആധികാരികരേഖയും കല്ലാനയെക്കുറിച്ച് വേറെ എവിടേയും ആരും രേഖപ്പെടുത്തിയിട്ടുമില്ല..!

മണ്ണിനടിയിലാവുന്നു

മണ്ണിനടിയിലാവുന്നു

കാലം മാറി, രാജഭരണവും മാറി, ജനാധിപത്യം വന്നപ്പോൾ രാജവീഥികളെല്ലാം റോഡുകളായി മാറി.. ഒടുവിൽ കല്ലാന കുറേശ്ശെയായി മണ്ണിനടിയിലായിത്തുടങ്ങി.. കാലം കഴിയുന്തോറും മണ്ണിലേക്ക് താഴ്ന്നുതാഴ്ന്നു മുക്കാൽ ഭാഗവും മണ്ണിനടിയിലായി മാറി.. ഒടുവിൽ വഴിയോരകച്ചവടക്കാരുടെ കളിപ്പാട്ടങ്ങൾക്കു സമീപത്തായി വെറുമൊരു കരിങ്കല്ലിന്റെ വില പോലുമില്ലാതെ വർഷങ്ങളോളം കിടന്നു.. ഒടുവിൽ മണ്ണിൽ താഴ്ന്നു പോയ കല്ലാനയ്ക്ക് 2019 സെപ്തംബർ 25 ന് ഒരിക്കൽക്കൂടി ശാപമോക്ഷം ലഭിച്ചു.. പുരാവസ്തു വിദഗ്ധർ ഈ സ്ഥലം സന്ദർശിക്കുകയും നവീകരണ പ്രവർത്തനത്തിനുള്ള പ്രാരംഭനടപടികൾ ആരംഭിക്കുകയും ചെയ്തു.. മണ്ണിൽ താഴ്ന്നു പോയ കല്ലാനയുടെ പാദം വരെ കാണാൻ കഴിയുന്ന വിധത്തിൽ നാലുവശത്തു നിന്നും മണ്ണ് നീക്കം ചെയ്യുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു..!

PC:Krbivinlal

https://commons.wikimedia.org/wiki/Category:Padmanabhaswamy_Temple#/media/File:Sree_Padmanabha_Swamy_Temple.jpg

പേരുകൾ എഴുതിവെക്കപ്പെട്ടിട്ടില്ലാവർ

പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സമീപത്തുകൂടെ പലപ്പോഴും കടന്നു പോകാറുണ്ടെങ്കിലും നൂറ്റാണ്ടുകൾക്കപ്പുറത്തെ ഏതോ ഒരു അജ്ഞാതനായ ശിൽപിയുടെ കല്ലാനയെന്ന കലാവൈദഗ്ധ്യം ശ്രദ്ധയിൽപ്പെട്ടത് ഇന്നാണ്.. വെറുമൊരു നേരമ്പോക്കിന്റെ ഫലമായി രൂപപ്പെട്ട ശിൽപമാണെങ്കിൽപ്പോലും ഇത് നിർമ്മിച്ചയാളുടെ ജീവന്റെ തുടിപ്പ് ഈ ശിൽപത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.. ഇങ്ങനേയും ചിലർ ഇവിടെ ജീവിച്ചിരുന്നുവെന്നതിനു തെളിവായി പത്മതീർത്ഥക്കുളത്തിലേക്ക് നോക്കിക്കിടക്കുകയാണ് ഇന്നുമീ കല്ലാനശിൽപം..!

ഒരു തരത്തിൽ ചിന്തിച്ചാൽ അന്നത്തെ രാജാക്കന്മാരേയും നാടുവാഴികളേയും ഇത്രയും പ്രതാപശാലികളാക്കിയത് അക്കാലത്ത് ജീവിച്ചിരുന്ന ഇതുപോലുള്ള കലാകാരന്മാർ തന്നെയല്ലേ..??

ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, കോട്ടയും, മട്ടുപ്പാവുമൊന്നുമില്ലെങ്കിൽ രാജാവ് എങ്ങനെയാണ് രാജാവാകുന്നത്..! അവയെല്ലാം കല്ലിലും മരത്തിലും നിർമ്മിച്ച തച്ചന്മാരും ശിൽപികളുമൊക്കെയാണ് യഥാർത്ഥ കിംഗ് മേക്കർമാർ.. പക്ഷേ ചരിത്രത്തിലൊരിടത്തും അവരുടെ പേരുകൾ എഴുതിവെക്കപ്പെട്ടിട്ടില്ലായെന്നു മാത്രം..!!!

21 വർഷമെടുത്തു നിർമ്മിച്ച ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലം

കാട് വിഴുങ്ങിയ കഴക്കൂട്ടം കൊട്ടാരം തേടിയൊരു യാത്ര

തിരുവനന്തപുരത്തെ ഈ ബ്രിട്ടീഷ് എസ്റ്റേറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X