Search
  • Follow NativePlanet
Share
» »കസോള്‍ മുതല്‍ വര്‍ക്കല വരെ... സമ്മറിലെ സോളോ യാത്രകള്‍...

കസോള്‍ മുതല്‍ വര്‍ക്കല വരെ... സമ്മറിലെ സോളോ യാത്രകള്‍...

ഈ വേനല്‍ക്കാലത്ത് പോയിരിക്കേണ്ട കുറച്ച് സോളോ യാത്രകളെ പരിചയപ്പെടാം...

എന്തൊക്കെ പറഞ്ഞാലും ഒരു കൂട്ടം ആളുകള്‍ക്കൊപ്പമോ അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പമോ ഒക്കെ നടത്തുമ്പോഴാണ് യാത്രകള്‍ക്ക് അതിന്‍റെ പൂര്‍ണ്ണ ഭംഗി ലഭിക്കുക. എന്നാല്‍ ചില യാത്രകള്‍ അങ്ങനെയല്ല... തനിച്ച് യാത്ര ചെയ്യുമ്പോള്‍ അതിന്‍റെ സുഖം വേറൊന്നു തന്നെയാണ്. എവിടേക്ക് പോകണമെന്നു തോന്നുന്നുവോ അവിടേക്ക് അന്നേരം പോകുവാനും എങ്ങനെ എവിടെയൊക്കെ കറങ്ങണമെന്ന് ആഗ്രഹിക്കുന്നുവോ അവിടേക്ക് ആരോടും ചോദിക്കുകയും പറയുകയും ചെയ്യാതെ മനസ്സു പറയുന്നതുപോലെ പോകുവാനാണ് ആഗ്രഹമെങ്കില്‍ സോളോ യാത്രകളാണ് അതിനേറ്റവും ബെസ്റ്റ്. സോളോ യാത്രകള്‍ക്ക് പ്രത്യേകിച്ച് സമയമില്ലെങ്കിലും ഈ വേനല്‍ക്കാലത്ത് പോയിരിക്കേണ്ട കുറച്ച് സോളോ യാത്രകളെ പരിചയപ്പെടാം...

വര്‍ക്കല

വര്‍ക്കല

കേരളത്തില്‍ നിന്നുള്ളവരെ സംബന്ധിച്ചെടുത്തോളം ഏറ്റവും എളുപ്പത്തില്‍ സോളോ യാത്ര നടത്തുവാന്‍ പറ്റിയ ഇടമാണ് തിരുവനന്തപുരത്തെ വര്‍ക്കല. ബീച്ചും നൈറ്റ് ലൈഫും ആഘോഷങ്ങളും പാര്‍ട്ടിയും ഒക്കെയായി രണ്ടു ദിവസം കാണുവാനുള്ള കാഴ്ചകളും സ്ഥലങ്ങളും ഇവിടെയുണ്ട്. വളരെ കുറഞ്ഞ ചിലവില്‍ താമസം ലഭിക്കുന്ന ഇടങ്ങള്‍ വര്‍ക്കല ക്ലിഫിനോട് ചേര്‍ന്നും അല്ലാതെയും ലഭ്യമാണ്. വര്‍ക്കല ക്ലിഫിലെ രാത്രി ജീവിതവും ബീച്ച് കാഴ്ചകളും കഴിഞ്ഞാല്‍ ബ്ലാക്ക് ബീച്ച്, കാപ്പില്‍ ബീച്ച്, ശിവഗിരി, അകത്തുമുറി തുരുത്ത് തുടങ്ങിയ ഇടങ്ങളും സീ സര്‍ഫിങ്, പാരാഗ്ലൈഡിങ് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളും ഇവിടെ ആസ്വദിക്കാം.
PC:Indurema

കസോള്‍

കസോള്‍

ഹിമാചല്‍ പ്രദേശില്‍ പാര്‍വ്വതി വാലിയുടെ സമീപത്തുള്ള കസോള്‍ സോളോ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായിട്ടുള്ള സ്ഥലമാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സോളോ യാത്രികരെ ഇവിടെ കാണാം. ഇസ്രായേലില്‍ നിന്നുള്ള സഞ്ചാരികള്‍ക്കിടയില്‍ ഇവിടം വളരെ പ്രസിദ്ധമാണ്. ഇന്ത്യയിലെ മിനി ഇസ്രായേല്‍ എന്നിവിടം അറിയപ്പെടുന്നു. വളരെ രസകരമായ, പ്രദേശത്തിന്റെ മുഴുവന്‍ ഭംഗിയും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ട്രക്കിങ്ങുകളാണ് കസോളിന്റെ ഒരു പ്രത്യേകത. രുചികരമായ ഭക്ഷണങ്ങള്‍, നദിയിലൂടെയുള്ള യാത്രകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
PC:Alok Kumar

ടോഷ്

ടോഷ്

ഒറ്റയ്ക്കുള്ള യാത്രയാണെങ്കിലും കൂട്ടമായിട്ടുള്ള യാത്രയാണെങ്കിലും നിങ്ങളെ ഒരുതരി പോലും മടുപ്പിക്കാത്ത അപൂര്‍വ്വം ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് ടോഷ്. ഹിപ്പി സംസ്കാരത്തിന് പേരുകേട്ട ടോഷ് മിക്ക സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശമായിരിക്കും. അതുകൊണ്ടു തന്നെ വര്‍ഷം മുഴുവനും ഇവിടെ ആളുകള്‍ കാണുകയും ചെയ്യും. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ടോഷിലൂടെ പാര്‍വ്വതി നദി ഒഴുകുന്നു. ഖീര്‍ഗംഗയുടെ കാഴ്ചകളും ട്രക്കിങും ആണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Sanchitgarg888

മലാന

മലാന

ചുറ്റുമുള്ള ലോകത്തില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുന്ന ഇടമാണ് ഹിമാചല്‍ പ്രദേശിലെ മലാന. ആര്യന്മാരുടെ പിന്‍തലമുറക്കാരെന്ന് കരുതപ്പെടുന്ന ആളുകളാണ് ഇവിടുള്ളവര്‍. മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായ ജീവിത രീതികളും ആചാരങ്ങളും നിയമങ്ങളുമാണ് ഇവര്‍ക്കുള്ളത്. ഹിമാലയത്തിന്‍റെ ഏതന്‍സ് എന്നാണ് ഇവിടം വിളിക്കപ്പെടുന്നത്. വിലക്കപ്പെട്ട ഗ്രാമമെന്ന് വിളിക്കപ്പെടുമ്പോഴും യഥേഷ്ടം സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ലോകത്തിലെ ചന്നെ ആദ്യ ജനാധിപത്യ ഗ്രാമങ്ങളിലൊന്ന് എന്ന വിശേഷണവും മലാനയ്ക്കുണ്ട്.
PC:Anees Mohammed KP

ഗോവ

ഗോവ

സമ്മറിലാണെങ്കിലും വിന്‍ററിലാണെങ്കിലും ഗോവയോട് സഞ്ചാരികള്‍ക്ക് ഒരിഷ്ടകൂടുതല്‍ ഉണ്ട്. പ്രത്യേകിച്ച് നാട്ടില്‍ ചൂട് കനക്കുമ്പോള്‍ 'ചില്‍' ആകുവാന്‍ ആളുകള്‍ ഗോവയിലേക്ക് വരുന്നു. തനിയേ ആണ് വരുന്നതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും ഗോവയില്‍ ഒരുപാട് ഉണ്ട് കണ്ടറിയുവാന്‍. ബീച്ചുകളും രാത്രി ജീവിതവും പബ്ബും പള്ളികളും ഒക്കെയാണ് ഗോവയെക്കുറിച്ച് പറയുമ്പോള്‍ പൊതുവെ ഉയര്‍ന്നുനില്‍ക്കുന്നത്. എന്നാല്‍ ഗോവയിലെ ഗ്രാമങ്ങളും അവിടുത്തെ ജീവിതങ്ങളും രീതികളും കൂടി യാത്രയില്‍ അറിഞ്ഞിരിക്കാം.

കല്‍ഗ

കല്‍ഗ

വേനല്‍ക്കാല സോളോ യാത്രകള്‍ക്കായി സംശയമേതുമില്ലാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഹിമാചല്‍ പ്രദേശിലെ കല്‍ഗ. കുളു വാലിയില്‍ നിന്നും അറുപത് കിലോമീറ്റര്‍ ഉള്ളിലായി, വണ്ടിയെത്തുന്ന വഴിയില്‍ നിന്നും രണ്ടു കിലോമീറ്ററോളം ദൂരം നടന്നുകയറിയെത്തേണ്ട ഇടമാണ് ഇത്. പ്രകൃതിഭംഗി ആസ്വദിച്ചും ഇവിടുത്തെ ആളുകളുടെ ജീവിതം പരിചയപ്പെട്ടുമെല്ലാം സമയം ചിലവഴിക്കാം എന്നതാണ് ഇവിടുത്തെ ആകര്‍ഷണം. പൂത്തുവില്‍ക്കുന്ന ആപ്പിള്‍ മരങ്ങളും കാബേജും ഗോതമ്പും വിളഞ്ഞു നില്‍ക്കുന്ന കൃഷിയിടങ്ങളും ഇവിടുത്തെ കാഴ്ചകളില്‍ ഉണ്ട്. ഖീര്‍ഗംഗാ ട്രക്കിങ്ങില്‍ സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രദേശം കൂടിയാണിത്

PC:RawatKiran

ഋഷികേശ്

ഋഷികേശ്

യാത്രകളിലെ കേട്ടുപഴകിയ ഇടങ്ങളിലൊന്നാണെങ്കിലും ഓരോ തവണയും പുതുമയുമായി നില്‍ക്കുന്ന ഇടങ്ങളിലൊന്നാണ് ഋഷികേശ്. ഇന്ത്യയുടെ സാഹസിക തലസ്ഥാനമെന്നും ലോക യോഗാ തലസ്ഥാനമെന്നും അറിയപ്പെടുന് ഇവിടം സഞ്ചാരികള്‍ക്ക് ധാരാളം സാധ്യതകള്‍ തുറന്നിടുന്നു. റിവര്‍ റാഫ്ടിങ്ങും ട്രക്കിങ്ങും യോഗാ പരിശീലനവും ഒക്കെയായി, ആസ്വദിക്കുവാന്‍ നൂറുകൂട്ടം കാര്യങ്ങള്‍ ഇവിടെയുണ്ട്.
PC:wikimedia

സ്പിതി വാലി

സ്പിതി വാലി

ഒറ്റയ്ക്കു പോകുവാന്‍ അധികമാളുകള്‍ എത്താറില്ലെങ്കില്‍ കൂടിയും യാത്രയിലെ വ്യത്യസ്തമായ അനുഭവങ്ങള്‍ തേടി പോകുവാന്‍ പറ്റിയ സ്ഥലമാണ് സ്പിതി വാലി. മഞ്ഞിന്‍റെ മരുഭൂമിയെന്ന് അറിയപ്പെടുന്ന ഇവിടം വഴികളെന്നു പറയുവാനുള്ള വഴികളില്ലാത്ത പ്രദേശമാണ്. കാസാ, ദാങ്കാർ,ടാബോ, ചന്ദ്രതാൽ എന്നീ സ്ഥലങ്ങൾ ചേരുന്നതാണ് സ്പിതി.

കിബ്ബര്‍

കിബ്ബര്‍

ഹിമാചലിന്‍റെ കാണാക്കാഴ്ചകള്‍ തേടി വരുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് സ്പിതിക്ക് സമീപമുള്ള കിബ്ബര്‍. സമുദ്ര നിരപ്പിൽ നിന്നും 4270 മീറ്റർ അഥവാ 14,110 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ലാഹുല്‍-സ്പിതി ജില്ലയുടെ ഭാഗമാണ്. വേനല്‍ക്കാലത്ത് മാത്രമാണ് അടുത്തുള്ല പട്ടണമായ കാസയില്‍ നിന്നും ഇവിടേക്ക് ബസ് സര്‍വ്വീസുകളുള്ളത്. അല്ലാത്ത സമയത്ത് മറ്റു വാഹനങ്ങളെ ആശ്രയിച്ചേ ഇവിടെയെത്തുവാന്‍ കഴിയൂ. 2011 ലെ സെൻസസ് അനുസരിച്ച് വെറും 77 വീടുകളിലായി 187 പുരുഷന്മാരും 179 സ്ത്രീകളുമാണ് ഇവിടെ വസിക്കുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള വേനൽക്കാലത്ത് മാത്രമാണ് ഇവിടേക്കുള്ല സഞ്ചാരം സാധ്യമാകുന്നത്. ഈ സമയത്ത് കാസായിൽ നിന്നും ബസുകൾ ദിവസത്തിൽ രണ്ടു പ്രാവശ്യം സർവ്വീസ് നടത്തും. രാവിലെയും വൈകിട്ടും. അല്ലെങ്കിൽ ഇവിടെ എത്തിപ്പെടുവാനുള്ള മാർഗ്ഗം ഷെയർ ടാക്സികളാണ്,
PC:Ksuryawanshi

 മക്ലിയോഡ്ഗഞ്ച്

മക്ലിയോഡ്ഗഞ്ച്

ഇന്ത്യയിലെ കുഞ്ഞന്‍ ടിബറ്റ് എന്നു വിളിക്കപ്പെടുന്ന സ്ഥലമാണ് ഹിമാചല്‍ പ്രദേശിലെ മക്ലിയോഡ്ഗഞ്ച്. ധര്‍മ്മശാലയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മക്ലിയോഡ്ഗഞ്ച് ദലൈലാമയുടെ നാട് എന്നറിയപ്പെടുന്നു. ടിബറ്റന്‍ ബുദ്ധമത വിശ്വാസികളായ ആളുകളാണ് ഇവിടുത്തെ താമസക്കാര്‍. ബ്രിട്ടീഷ് ഭരണകാലത്ത് പഞ്ചാബ് പ്രവിശ്യയുടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്ന ഡേവിഡ് മക്ലിയോഡ് പ്രഭുവിന്‍റെ പേരില്‍ നിന്നുമാണ് മക്ലിയോഡ് ഗഞ്ചിനു പേരു ലഭിക്കുന്നത്. ധര്‍മ്മശാല, പാലംപൂര്‍, സിദ്ധ്ബാരി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍. ചിന്മയ തപോവന്‍, ഓഷോ നിസര്‍ഗ, ചാമുണ്ഡ എന്നിവ ഇവിടെ നിന്നും സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഇടങ്ങളാണ്.

PC:sanyam sharma

സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

വടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്കു യാത്ര പുറപ്പെടുമ്പോള്‍.. അറിഞ്ഞിരിക്കാം..ഭാഷ മുതല്‍ യാത്രാനുമതി വരെവടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്കു യാത്ര പുറപ്പെടുമ്പോള്‍.. അറിഞ്ഞിരിക്കാം..ഭാഷ മുതല്‍ യാത്രാനുമതി വരെ

Read more about: solo travel travel ideas summer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X