പച്ചപ്പും മനോഹാരിതയും തേടിയുള്ള യാത്രകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ലെങ്കിലും പലപ്പോഴും ചിലവും വിസാ നടപടികളും യാത്രയ്ക്ക് തടസ്സമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കി തങ്ങളുടെ രാജ്യത്തിന്റെ ഭംഗി കൂടുതലാളുകളിലേക്കെത്തിക്കുവാനായി വന്നിരിക്കുകയാണ് സുരിനാം. മഴക്കാടും പച്ചപ്പും ജൈവവൈവിധ്യമെല്ലാം ഒന്നിനൊന്നു മികച്ചു നില്ക്കുന്ന സുരിനാം പരിചയള്ളവര് കുറവായിരിക്കും. തെക്കേ അമേരിക്കയില്‍ വടക്കു കിഴക്കന്‍ അറ്റ്ലാന്റിക് തീരത്താണ് സുരിനാം സ്ഥിതി ചെയ്യുന്നത്.

സുരിനാം
ഭൂപ്രകൃതിയില്‍ കുഞ്ഞനാണെങ്കിലും കാഴ്ചകളില്‍ അതിസമ്പന്നമായ രാജ്യമാണ് സുരിനാം. ആമസോണ്‍ മഴക്കാടുകളുടെ സാമീപ്യവും സാന്നിധ്യവും തന്നെയാണ് ഇവിടം സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കുന്നത്. വാസ്തുവിദ്യയുടെ കാര്യത്തില്‍ ഡച്ച് ആധിപത്യവും സംസ്കാരത്തിന്റെ കാര്യത്തില്‍ കരീബിയന്‍ സങ്കലനവും ഇവിടെ കാണാം. എന്നാല്‍ അതെല്ലാം ഈ രാജ്യത്തിന്റെ ഭംഗി കൂട്ടുകയാണ് ചെയ്യുന്നത്. പ്രകൃതി സൗന്ദര്യവും സംരക്ഷിത പ്രദേശങ്ങളും തന്നെയാണ് ഇവിടുത്തെ ആകര്‍ഷണം.

സംരക്ഷിതവനം മുതല്‍ ബസലിക്ക വരെ
കാഴ്ചകളുടെ കാര്യത്തില്‍ സുരിനാമിന് അതിര്‍ത്തികളും തടസ്സങ്ങളുമില്ല. സെൻട്രൽ സുരിനാം നേച്ചർ റിസർവ്, ബ്രൌൺസ്ബർഗ് നേച്ചർ പാർക്ക്, ബെർഗ് എന്‍ ദാൽ ഇക്കോ ആന്‍ഡ് കൾച്ചറൽ റിസോർട്ട്, ടോങ്ക ദ്വീപ് എന്നിവ ഇവിടെ കാണേണ്ടതു തന്നെയാണ്. രാജ്യതലസ്ഥാനമായ പരമരിബോ ചരിത്രത്തെയും ഇന്നലകളെയും സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും കാണണം. ട്രേഡിംഗ് പോസ്റ്റ്, ഫോർട്ട് സീലാണ്ടിയ, 1885 ൽ നിർമിച്ച സെന്റ് പീറ്റർ, പോൾ ബസിലിക്ക തുടങ്ങിയ സ്ഥലങ്ങളും ഇവിടെ കാണണം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം
വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് വരാമെങ്കിലും സുരിനാം അതിന്റെ ഭംഗിയില്‍ കാണണമെങ്കില്‍ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയാണ് അതിനു യോജിച്ചത്.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുവാന്‍
ഇന്ത്യയും സുരിനാമും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ വിസ രഹിത യാത്രാ പദ്ധതി കൊണ്ടുവരുന്നത്. . ജനുവരി 9 ന് ഇന്ത്യ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിലായില് വെച്ച് സുരിനാം പ്രസിഡന്റ് ചന്ദ്രികപേർസാദ് സന്തോഖി ആണ് ഇത് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വംശജനാണ് സന്തോഖി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യപടി സ്വീകരിക്കാൻ സുരിനാം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്ന് സുരിനാമിലേക്കുള്ള സന്ദർശകർക്കുള്ള വിസ പെർമിറ്റുകൾ അവസാനിപ്പിച്ച് അതിനുള്ള ആദ്യപടി ആരംഭിക്കുവാന്‍ സുരിനാം തയ്യാറാണ്. ഭോജ്പൂരി ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സുരിനാമിന്റെ രാജ്യാന്തര ബന്ധങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര മുന്നേറ്റം അനുവദിക്കുന്നത് അഭിവൃദ്ധി കൈവരുത്തുമെന്നും വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളെ വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസ്
മഹാത്മാഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയതിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ഇന്ത്യ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. 1915 ജനുവരി 9നാണ് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരികെ എത്തിയത്. കൊവിഡിനെതുടര്‍ന്ന് വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് ഈ വര്‍ഷം പരിപാടി നടത്തിയത്.
ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥാനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്
സന്തോഷമാണ് ഇവരുടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!