വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യ കാര്യങ്ങളിലൊന്നാണ് ക്ഷേത്ര ദര്‍ശനം. ഓരോ ക്ഷേത്രങ്ങളും ഓരോ തരത്തിലുള്ള അനുഗ്രഹങ്ങളാണ് വിശ്വാസികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ജന്മ നക്ഷത്രങ്ങള്‍ക്ക് അനുസരിച്ച് ക്ഷേത്രങ്ങളില്‍ പോയാല്‍ ഫലം ഇരട്ടിയാകുമെന്നൊരു വിശ്വാസമുണ്ട്. ജന്മ നക്ഷത്രങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുന്നത് വളരെ വ്യത്യസ്തമായ വഴികളിലായിരിക്കും. ഇതാ കേരളത്തില്‍ ജന്മനക്ഷത്രങ്ങള്ക്കനുസരിച്ച് സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

അശ്വതി- കണ്ണൂര്‍ വൈദ്യനാഥ ക്ഷേത്രം
അശ്വതി നക്ഷത്രക്കാര്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് കണ്ണൂരിലെ വൈദ്യനാഥ ക്ഷേത്രം. തളിപ്പറമ്പിനു സമീപത്തുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം രോഗശാന്തിക്കായാണ് വിശ്വാസികള്‍ കൂടുതലും സന്ദര്‍ശിക്കുന്നത്. അശ്വതി നക്ഷത്രക്കാര്‍ ഇവിടെ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഭരണി- കൊല്ലം തൃക്കടവൂര്‍ ക്ഷേത്രം
ഭരണി നക്ഷത്രക്കാര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് കൊല്ലത്തെ തൃക്കടവൂര്‍ ക്ഷേത്രം. കൊല്ലത്തെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളിലൊന്നായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. മാര്‍ക്കണ്ഡേയ മഹര്‍ഷിയാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗണപതിയും അയ്യപ്പനും ശ്രീകൃഷ്ണനും നാഗദൈവങ്ങളും ആണ് ഇവിടുത്തം ഉപദേവതകള്‍.
PC:Ironsakite

കാര്‍ത്തിക- ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
ചതുര്‍ബാഹുമായ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് പുരാതനമായ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കാര്‍ത്തിക നക്ഷത്രക്കാര്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചാല്‍ ഏറെ ഗുണഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നായ ഇത് കേരള പഴനി എന്നും തെക്കന്‍ പഴനി എന്നും അറിയപ്പെടുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹം, ശൈവ-വൈഷ്ണവ ഭാവങ്ങൾ ഒത്തിണങ്ങിയ പ്രതിഷ്ഠ, കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം, മൂന്ന് കൊടിയേറ്റുത്സവങ്ങൾ തുടങ്ങി ധാരാളം പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്. അഞ്ചുപൂജകളും മൂന്നുശീവേലികളും ദിവസേന നടക്കുന്ന മഹാക്ഷേത്രം കൂടിയാണ് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
PC:RajeshUnuppally

രോഹിണി-തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം
രോഹിണി നക്ഷത്രക്കാര്‍ സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം. അനന്തൻ എന്ന പാമ്പിന്റെ മുകളിൽ ശയിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം ഏറെ നിഗൂഢതകൾ ഉള്ള രഹസ്യ അറയുടെ പേരിൽ ആണ് അറിയപ്പെടുന്നത്. വിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന 108 ദിവ്യദേശങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ആഴ്വാർ സന്യാസിമാർ എഴുതിയ ദിവ്യ പ്രബന്ധത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശം ഉണ്ട്. ക്ഷേത്രത്തിലെ അമൂല്യ സമ്പത്തുകൾ ശേഖരിച്ച് വച്ചിരിക്കുന്ന 6 അറകളിൽ ആണ്. ഇവയിൽ ആറാമത്തെ അറ ഒരു രഹസ്യ അറയാണ്. മനുഷ്യർക്ക് ഇത് തുറക്കാൻ കഴിയില്ലെന്നാണ് വിശ്വാസം.
PC: Ilya Mauter

മകീരം- പെരുന്ന മുരുകന് ക്ഷേത്രം
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിലെ മുരുകന് ക്ഷേത്രം. മഹാത്മാ ഗാന്ധി സന്ദര്‍ശിച്ച ഈ ക്ഷേത്രം മകയിരം നാളുകാര്‍ സന്ദര്‍ശിച്ചാല്‍ ഏറെ സവിശേഷമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. താരകാസുരനെ വധിച്ചതിനു ശേഷമുള്ള അത്യുഗ്രഭാവത്തിലാണ് മുരുകനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തമിഴ് ശൈലിയില്‍ തീര്‍ത്തിരിക്കുന്ന കിഴക്കേ ഗോപുരം ഇവിടുത്തെ പ്രത്യേകതയാണ്.
PC:RajeshUnuppally

തിരുവാതിര-മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം
തിരുവാതിര നക്ഷത്രക്കാര്‍ സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. നാഗദൈവങ്ങളെ വിശ്വസിക്കുന്നവരുടെ പ്രധാന തീര്‍ത്ഥാന കേന്ദ്രങ്ങളിലൊന്നായ ഇത് ഐതിഹ്യങ്ങളോടൊപ്പം വിശ്വാസവും ചരിത്രവും ഇഴപിരിഞ്ഞ് കിടക്കുന്ന ക്ഷേത്രമാണ് . നാഗദൈവ വിശ്വാസികളുടെയും നാഗത്താന്മാരുടെയും സങ്കേതമായാണ് ഇവിടം അറിയപ്പെടുന്നത്. അനന്തനെന്നും വാസുകിയെന്നും അറിയപ്പെടുന്ന നാഗരാജാക്കന്മാര്ക്കുള്ള ക്ഷേത്രമാണിത്. ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ അനന്തന് കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ്. വലിയമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്.

പുണര്‍തം- കവിയൂര്‍ ഹനുമാന് ക്ഷേത്രം
കേരളത്തിലെ പ്രസിദ്ധമായ ഹനുമാന് ക്ഷേത്രങ്ങളിലൊന്നാണ് പത്തനംതിട്ടയിലെ കവിയൂര്‍ ഹനുമാന് ക്ഷേത്രം. ഈ ക്ഷേത്രം തൃക്കവിയൂർ മഹാദേവക്ഷേത്രം എന്നും അറിയപ്പെടുന്നു. പുണര്‍തം വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ചാല്‍ ഏറെ വിശേഷകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമരാവണ യുദ്ധം കഴിഞ്ഞ് സീതയോടൊപ്പം മടങ്ങുന്ന വഴി സീതയുടെ ആവശ്യപ്രകാരം രാമൻ ഇവിടെ ശിലലിംഗം പ്രതിഷ്ഠിക്കുവാൻ തീരുമാനിച്ചു. അതിനായി ഹനുമാനെയാണ് രാമൻ നിയോഗിച്ചത്. എന്നാൽ സമയത്ത് പ്രതിഷ്ഠ നടത്തുവാൻ ഹനുമാന് സാധിക്കാതെ വന്നപ്പോൾ രാമൻ അവിടെ മണ്ണും ദർഭയും ഉപയോഗിച്ച് ശിവലിംഗം പ്രതിഷ്ഠിച്ചു. തിരിച്ചെത്തിയ ഹനുമാനോട് ആ പ്രതിഷ്ഠ മാറ്റി ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിക്കുവാന്‍ രാമന് അനുമതി നല്‍കിയെങ്കിലും അത് ഒന്നനക്കുവാൻ പോലും ഹനുമാന് കഴിഞ്ഞില്ല. ഒടുവിൽ രാമന്റെ അനുമതിയോടെ ഹനുമാൻ അവിടെ ആ ശിവലിംഗത്തിലു സമീപം താമസമാരംഭിച്ചുവെന്നാണ് വിശ്വാസം.

പൂയം- പയ്യന്നൂര്‍ മുരുകന് ക്ഷേത്രം
കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമാണ് പയ്യന്നൂരിലെ മുരുകന് ക്ഷേത്രം. പൂയം നാളുകാര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് പയ്യന്നൂര്‍ മുരുകന് ക്ഷേത്രം. പരശുരാമന് പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷത്രിയര്‍ക്ക് പ്രവേശനമില്ലാത്ത ഈ ക്ഷേത്രത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുവാന്‍ പാടില്ല എന്നുമാണ് വിശ്വാസം.
PC:Dvellakat

മകം- പഴവങ്ങാടി ഗണപതി ക്ഷേത്രം
മകം നക്ഷത്രക്കാര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രം. പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം തമിഴ് ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വലതുകാൽ മടക്കി, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ഗണപതിയുള്ളത്. പുറകിലെ വലതുകയ്യിൽ മഴുവും, പുറകിലെ ഇടതുകയ്യിൽ കയറും, മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്.
ചിത്രം- ഒഫീഷ്യല്‍ സൈറ്റ്

പൂരം-ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
പൂരം നാളുകാര്‍ വിശ്വാസപൂര്‍വ്വം പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ പ്രാര്‍ഥിക്കുവാനെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഇത്. വിവിധ നേരങ്ങളിലായി അഞ്ച് ഭാവങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്.
PC:Roney Maxwell

ഉത്രം- കണ്ടിയൂര്‍ ശിവക്ഷേത്രം
ഉത്രം നക്ഷത്രമായിട്ടുള്ളവര് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രമാണ് കണ്ടിയൂർ മഹാദേവ ക്ഷേത്രം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം നിറഞ്ഞ ക്ഷേത്രവും കൂടിയാണ്.

അത്തം-തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
കോട്ടയം ചങ്ങനാശ്ശേരിക്കടുത്തായാണ് തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരില്‍ ഒരാളായ സഹദേവന് ഇവിടെ പ്രാശ്ചിത്ത ചടങ്ങളുകള്‍ ചെയ്തു എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വർഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായും വിശ്വാസികള്‍ ഇതിനെ കണക്കാക്കുന്നു. അത്തം നക്ഷത്രക്കാര്‍ പുണ്യഫലങ്ങള്ക്കായി പോയിരിക്കേണ്ട ക്ഷേത്രമാണിത്.
PC:Raji.srinivas

ചിത്തിര- ചെങ്ങന്നൂര്‍ ദേവി ക്ഷേത്രം
കേരളത്തിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെങ്ങന്നൂര്‍ ദേവി ക്ഷേത്രം. മഹാദേവ ക്ഷേത്രമെന്നാണ് പേരെങ്കിലും ദേവിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ദേവിയുടെ തൃപ്പൂത്താറാട്ട് ആഘോഷിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്, ഇവിടെ പരമേശ്വരനെയും മഹാദേവിയേയും ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
PC:RajeshUnuppally

ചോതി- പാമ്പുമേക്കാവ് നാഗരാജ ക്ഷേത്രം
ചോതി നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ പാമ്പുംമേക്കാട്ട് മന. തു തരത്തിലുളള സർപ്പ ദോഷവും മാറ്റുന്ന ഇടം എന്നാണ് ഈ മന വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ട വൃശ്ചികം ഒന്നാണ് ഇവിടുത്തെ ഏറ്റവും വിശേഷ ദിവസം. പുള്ളുവൻപാട്ടിനു പകരം സർപ്പ പാട്ടാണ് ഇവിടെ നടത്തിവരുന്നത്.

വിശാഖം- ഏറ്റുമാനൂര്‍ മഹാക്ഷേത്രം
വിശാഖം ജന്മ നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാക്ഷേത്രം. ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രത്തില്കെടാവിളക്കും ഏഴരപ്പൊന്നാനയും ഏറെ പ്രസിദ്ധമാണ്. രൗദ്രഭാവത്തിലുള്ള ശിവനാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. രാവിലെ അഘോരമൂര്‍ത്തി, വൈകിട്ട് ശരഭമൂര്‍ത്തി, അത്താഴപൂജയ്ക്ക ശിവശക്തി എന്നീ മൂന്നു ഭാവങ്ങളെയാണ് ഇവിടെ ആരാധിക്കുന്നത്.
PC: Rklystron

അനിഴം- ശബരിമല ക്ഷേത്രം
ഇന്ത്യയില്‍ തന്നെ ഒരു പ്രത്യേക സീസണില്‍ ഏറ്റവുമധികം തീര്ഥാടകരെത്തിച്ചേരുന്ന ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ജീവിതത്തിന്റെ സുഖങ്ങളും ആഡംബരങ്ങളുമെല്ലാം ഒഴിവാക്കിയുള്ള 41 ദിവസത്തെ വ്രതമാണ് ശബരിമല യാത്രയ്ക്കായി വേണ്ടത്.

തൃക്കേട്ട- പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് പറശ്ശിനിക്കവ് മുത്തപ്പന് ക്ഷേത്രം. തൃക്കേട്ട നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ഈ ക്ഷേത്രം മലബാറുകാരുടെ വിശ്വാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. വളപട്ടണം നദിയുടെ തീരത്തുള്ള ഈ ക്ഷേത്രം കണ്ണൂരിൽ ഏറ്റവും അധികം വിശ്വാസികൾ എത്തുന്ന ഇടം കൂടിയാണ്. വർഷത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര. വെള്ളാട്ടവും തിരുവപ്പനയുമാണ് ഇവിടെ ദിവസവും കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ.

മൂലം-കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
മൂലം നാളുകാരുടെ ക്ഷേത്രമാണ് പ്രസിദ്ധമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ശിവനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ബാലഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. പെരുന്തച്ചന് പ്രതിഷ്ഠിച്ചതെന്നു വിശ്വസിക്കപ്പെടുന്നതാണ് ഇവിടുത്തെ ഗണപതിയുടെ പ്രതിഷ്ഠ. ഉണ്ണിയപ്പം പ്രധാന നിവേദ്യമായിട്ടുള്ള ക്ഷേത്രം കൊല്ലത്തുനിന്നും 27 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ഗണേശചതുര്‍ഥി ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.
PC: Aravind V R

പൂരാടം- കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം
കേരളത്തിലെ ആദ്യ ഭഗവതി ക്ഷേത്രമായാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ നിന്നും ആവാഹിച്ചാണ് കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാലാണ് ഈ ക്ഷേത്രത്തെ മാതൃക്ഷേത്രമായി കണക്കാക്കുന്നത്.
നേരിട്ട് ദര്‍ശനം പാടില്ലാത്തതിനാല്‍ രഹസ്യഅറയില്‍ കറുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നതിന്റെ പ്രതിബിംബം വടക്കേനടയില്‍ കാണാം. ഇതിനെയാണ് ഇവിടെ ആരാധിക്കുന്നത്.
PC:Ssriram mt

ഉത്രാടം- തുറവൂര്‍ നരസിംഹ ക്ഷേത്രം
കേരളത്തിലെ പുരാതന നരസിംഹ ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ചേര്‍ത്തലയ്ക്കടുത്തുള്ള തുറവൂര്‍ നരസിംഹ ക്ഷേത്രം. ഉത്രം നക്ഷത്രക്കാര്‍ സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണിത്. ഒരേ നാലമ്പലത്തില്‍ രണ്ടു ഭാഗങ്ങളിലായി നരസിംഹത്തേയും സുദര്‍ശന മൂര്‍ത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അപൂര്‍വ്വങ്ങളായ ശില്പങ്ങളാലും ചുവര്‍ചിത്രങ്ങളാലും പ്രസിദ്ധമാണ് തുറവൂര്‍ ക്ഷേത്രം. ഇവിടുത്തെ രണ്ടു ശ്രീകോവിലുകളിലും അപൂര്‍വ്വമായ ഒട്ടേറെ ചിത്രങ്ങളും കൊത്തുപണികളും കാണുവാന്‍ സാധിക്കും.
PC:Dvellakat

തിരുവോണം- ഗുരുവായൂര്‍ കൃഷ്ണ ക്ഷേത്രം
കേരളത്തില്‍ ഏറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍ ക്ഷേത്രം. അയ്യായിരം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം തനതായ കേരള വാസ്തുശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദേവന്മാരുയെ ശില്പിയായ വിശ്വകര്‍മാവാണ് ഇവിടുത്തെ ആദ്യക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ഇവിടെ എത്തിച്ചേരുന്നത്.
PC:Ramesh NG

അവിട്ടം- ആറ്റുകാല്‍ ദേവി ക്ഷേത്രം
ആശ്രയിച്ചെത്തുന്നവരെ കൈവെടിയാത്ത ക്ഷേത്രമെന്ന നിലയിലാണ് ആറ്റുകാല്‍ ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്നാണ് ഇവിടം അറിയപ്പെടുന്നത്.
ഇവിടുത്തെ പ്രസിദ്ധമായ ചടങ്ങളുകളിലൊന്നാണ് ആറ്റുകാല്‍ പൊങ്കാല.

ചതയം-തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം
ചതയം നക്ഷത്രക്കാര്‍ പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം. തൃശൂരിലെ പ്രശസ്തമായ തേക്കിൻകാട് മൈതാനത്തിലാണ് കേരളത്തിന്റെ തനത് വാസ്തുവിദ്യക്ക് ഉത്തമ ഉദാഹരണമായി വടക്കും നാഥ ക്ഷേത്രം തലയെടുത്ത് നിൽക്കുന്നത്.
PC: Sreejithk2000

പൂരുരുട്ടാതി- ആറന്മുള കൃഷ്ണ ക്ഷേത്രം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള കൃഷ്ണ ക്ഷേത്രം. അര്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കു്ന കൃഷ്ണന്റെ രൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അര്‍ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നുമൊരു വിശ്വാസമുണ്ട്. കേരളീയ വാസ്തു രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ അഞ്ച് പൂജകളുണ്ടെങ്കിലും അതില്‍ അര്ജുനന് പൂജ നടത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഉച്ചപൂജയ്ക്കാണത്രെ ഏറ്റവും ഫലമുള്ളത്. ആറന്മുള ഊട്ട്, ഉത്രട്ടാതി വള്ളംകളി, വള്ളസദ്യ തുടങ്ങിവ ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്.
PC:Akhilan

ഉത്രട്ടാതി- വൈക്കം ക്ഷേത്രം
ഉത്രം നക്ഷത്രക്കാര്‍ പോയിരിക്കേണ്ട പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് വൈക്കം ക്ഷേത്രം. മഹാദേവ ക്ഷേത്രനായ ഇവിടെ അന്നദാന പ്രഭുവായാണ് വൈക്കത്തപ്പനെ ആരാധിക്കുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ ഇത് ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു. വേമ്പനാട്ടു കായലിൻരെ തീരത്തു സ്ഥിതി ചെയ്യുന്ന ഇവിടെ ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്.
ശിവൻ സ്വയം സംതൃപ്തനായി കണ്ടെത്തിയ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വാസം.
PC:Georgekutty

രേവതി- കാസര്‍കോഡ് അനന്തപത്മനാഭ ക്ഷേത്രം
കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്
തടാകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന, സസ്യാഹാരിയായ മുതല കാവൽ നിൽക്കുന്ന സര്‍കോഡ് അനന്തപത്മനാഭ ക്ഷേത്രം. വിശാലമായ കുളത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സരോവര ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ വെള്ളം നിറഞ്ഞിരിക്കും. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ മൂല ക്ഷേത്രം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്. അവിടുത്തെ പോലെ തന്നെ ഇവിടെയും അനന്തപത്മനാഭ സ്വാമിയെയാണ് ആരാധിക്കുന്നത്. അതിശയിപ്പിക്കുന്ന കഥകളാൽ ഇരു ക്ഷേത്രങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപ് വരെ അനന്തപത്മനാഭൻ ഇവിടെയായിരുന്നുവത്രെ വസിച്ചിരുന്നത്.
PC:Noeljoe85