Search
  • Follow NativePlanet
Share
» »കണികാണാന്‍ ഈ കൃഷ്ണക്ഷേത്രങ്ങള്‍

കണികാണാന്‍ ഈ കൃഷ്ണക്ഷേത്രങ്ങള്‍

എല്ലാ ക്ഷേത്രങ്ങളിലും കണി ഒരുക്കുമെങ്കിലും കൃഷ്ണ ക്ഷേത്രങ്ങളില്‍ കണി കാണുന്നത് ഒരു ഐശ്വര്യം തന്നെയാണ്. ഈ വര്‍ഷത്തെ വിഷുവിന് സന്ദര്‍ശിക്കേണ്ട കേരളത്തിലെ പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

By Elizabath Joseph

മേടം ഒന്ന് അഥവാ കേരളത്തിന്റെ കാര്‍ഷികോത്സവം. ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി വീതം നിറച്ച് വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും മുണ്ടും പൊന്നും നിലവിളക്കും നാളികേരവും കൂടാതെ ഓടക്കുഴലൂതി നില്‍ക്കുന്ന ശ്രീകൃഷ്ണനെയും ഒക്കെ വെച്ച് ഒരുക്കുന്ന കണി കാണാന്‍ കൊതിക്കാത്തവര്‍ ആരും കാണില്ല. എന്നാല്‍ വീടുകളിലെ കണിയേക്കാള്‍ ഉപരിയായി ആ ദിവസം ഗുരുവായൂരിലെ കള്ളക്കണ്ണന്റെ അടുത്ത് എത്താനും ആളുകള്‍ക്ക് ഉത്സാഹമാണ്. എല്ലാ ക്ഷേത്രങ്ങളിലും കണി ഒരുക്കുമെങ്കിലും കൃഷ്ണ ക്ഷേത്രങ്ങളില്‍ കണി കാണുന്നത് ഒരു ഐശ്വര്യം തന്നെയാണ്. ഈ വര്‍ഷത്തെ വിഷുവിന് സന്ദര്‍ശിക്കേണ്ട കേരളത്തിലെ പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ഗുരുവായൂര്‍ ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രം

മേടം ഒന്ന്.. ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ ആരും ആഗ്രഹിക്കുന്ന ദിവസമാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശ്രീ കൃഷ്ണ ക്ഷേത്രമാണ് തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗുരുവായര്‍. ശ്രീകൃഷ്ണ സങ്കല്‍പ്പത്തിലുള്ള മഹാവിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ സങ്കല്‍പത്തിലുള്ള ചതുര്‍ബാഹുവും ശംഖചക്രഗദാപദ്മധാരി രൂപത്തിലാണ് ഇവിടെ മഹാവിഷ്ണുവുള്ളത്. പാതാളാഞ്ജനം എന്ന വിശിഷ്ടമായ ശിലയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായാണ് ശ്രീകൃഷ്ണനെ കണക്കാക്കുന്നത്.
ദേവഗുരുവായ ബൃഹസ്പതിയും വായുഭാഗവാനും ചേര്‍ന്നാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വ്വഹിച്ചതെന്നും അതിനാലാണ് ഈ സ്ഥലത്തിന് ഗുരുവായൂര്‍ എന്ന പേരുവന്നതും എന്ന് വിശ്വസിക്കപ്പെടുന്നു.

PC:Kuttix

ഭൂലോക വൈകുണ്ഠം

ഭൂലോക വൈകുണ്ഠം

വിഷ്ണു ഭഗവാന്റെ വാസസ്ഥലം എന്ന അര്‍ഥത്തില്‍ ഭൂലോക വൈകുണ്ഠം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇവിടം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ മോക്ഷദായകമാണ് ആ ദര്‍ശനം എന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. കര്‍ണ്ണാടക സംഗീതത്തിനും കഥകളിക്കും ഒക്കെ പേരു കേട്ട ഇവിടെ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണ് നടക്കുക.

PC:Arjun.theone

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ മറ്റൊരു ശ്രീകൃഷ്ണ ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. കൊല്ലവര്‍ഷം എഡി 720 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം അപൂര്‍വ്വ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ്. വലതു കയ്യില്‍ ചമ്മട്ടിയും ഇടതു കയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്. അമ്പലപ്പുഴ പാല്‍പ്പായസവും അന്വലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്.
ഗുരുവായൂര്‍ ക്ഷേത്രവും അമ്പലപ്പുഴ ക്ഷേത്രവും തമ്മില്‍ വലിയ ഒരു ബന്ധമുണ്ട്. ടിപ്പു സുല്‍ത്താന്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്ന സമയത്ത് ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കുമോ എന്ന ഭീതിയില്‍ അവിടുത്തെ തന്ത്രിയും ശാന്തിക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴയിലേക്ക് കൊണ്ടുവരികയുണ്ടായി. അമ്പലപ്പുഴ തെക്കേ മഠത്തില്‍ പ്രത്യേക ശ്രീ കോവിലും തിടപ്പള്ളിയും ഒക്കെ പണിത് അവിടെ കുടിയിരുത്തി.എന്നാല്‍ ടിപ്പു ഗുരുവായൂര്‍ ക്ഷേത്രം തകര്‍ത്തില്ല. പിന്നീട് വിഗ്രഹം അവിടേക്ക് കൊണ്ടുപോയി. ഇപ്പോഴും അമ്പലപ്പുഴയില്‍ പാല്‍പ്പായസം എഴുന്നള്ളിക്കുമ്പോള്‍ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നത് കാണാം. ഇതിനെ ഗുരുവായൂരപ്പന്റെ സാന്നിധ്യമായാണ് കണക്കാക്കുന്നത്.

PC:Vinayaraj
https://commons.wikimedia.org/wiki/Category:Ambalappuzha_Sri_Krishna_Temple#/media/File:Ambalapuzha_Sri_Krishna_Temple9.jpg

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

വയനാട് ജില്ലയിലാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ മലകളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. 30 കരിങ്കല്ലുകളില്‍ ആണ് ക്ഷേത്രം നില്‍ക്കുന്നത്. ദക്ഷിണ കാശി എന്നും ദക്ഷിണ ഗയ എന്നും ഇവിടം അറിയപ്പെടുന്നു. ബ്രഹ്മാവ് നിര്‍മ്മിച്ച് വിഷ്ണുവിന് സമര്‍പ്പിച്ചതായാണ് ഈ ക്ഷേത്രമെന്നാണ് ഭക്തര്‍ വിശ്വസിച്ചുപോരുന്നത്. മാത്രമല്ല. ചതുര്‍ഭുജങ്ങളുടെ രൂപത്തിലാണ് ഇത് നിര്‍മ്മിച്ചതെന്നുമാണ് വിശ്വാസം. ഇവിടുത്തെ പാപനാശിനി അരുവിയില്‍ മുങ്ങിയാല്‍ പാപങ്ങളില്‍ നിന്നും മോചിതരാകും എന്നും ഒരു ഐതിഹ്യമുണ്ട്. തിരുനെല്ലി ക്ഷേത്രത്തെ മനസ്സില്‍ ധ്യാനിച്ചാല്‍ തന്നെ മോക്ഷം ലഭിക്കുമെന്നും പറയപ്പെടുന്നു. വടക്കന്‍ മലബാറിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC:Vijayakumarblathur

ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിലെ അതിപുരാതനമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. എയ്തൂര്‍ എന്ന വാക്കില്‍ നിന്നാണ് ഏവൂര്‍ എന്ന പേരു വന്നത്. അതിനു പിന്നില്‍ പുരാണത്തിലെ ഒരു കഥയുണ്ട്. ഖാണ്ഡവ വനം അഗ്നിയ്ക്ക് ജ്വലിക്കാനായി അര്‍ജുനന്‍ ദാനം നല്കിയതാണല്ലോ.അപ്പോള്‍ തന്റെ സുഹൃത്തായ തക്ഷകനെ സഹായിക്കാന്‍ ഇന്ദ്രന്‍ മഴ പെയ്യിച്ചെന്നും അപ്പോള്‍ അര്‍ജുനന്‍ ശരമെയ്ത് മേല്‍ക്കൂര തീര്‍ക്കുകയും ചെയ്തുവത്രെ. അന്ന് അര്‍ജുനനന്‍ അമ്പ് എയ്ത സ്ഥലമാണ് ഏവൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വിഷുവിന്റെ സമയത്ത് ഇവിടെ വലിയ പരിപാടികളാണ് നടക്കുന്നത്.

PC:RajeshUnuppally

തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം

തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം

യൗവ്വന യുക്തനായ ശ്രീകൃഷ്ണനെ ആരാധിക്കുന്ന ക്ഷേത്രമാണ് തൃശൂര്‍ ജില്ലയിലെ തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം. കല്യാണകൃഷ്ണന്‍ എന്നും ഇവിടുത്തെ പ്രതിഷ്ഠ അറിയപ്പെടുന്നു. കേരളത്തില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട വിഷ്ണു ക്ഷേത്രം എന്നും തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം അറിയപ്പെടുന്നു. ശ്രീകൃഷ്ണന്റെ തന്നെ രണ്ടു രൂപങ്ങളായ പാര്‍ഥസാരഥിയെയും ഗോവര്‍ധനനെയും ഇവിടെ ആരാധിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ ഐതിഹ്യത്തെക്കുറിച്ച് വ്യക്തമല്ലെങ്കിലും കുലശേഖര രാജ്യ സ്ഥാപകനായ കുലശേഖര ആഴ്വാര്‍ക്ക് ഈ ക്ഷേത്രവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അദ്ദേഹം ഈ ക്ഷേത്രം നിര്‍മ്മിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്തിട്ടുണ്ട്.

PC: Challiyan

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കൈകളില്‍ വെണ്ണയുമെടുത്ത് നില്‍ക്കുന്ന കള്ളക്കണ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. നവനീത കൃഷ്ണന്‍ എന്നാണിത് അറിയപ്പെടുന്നത്. വിഷു ദിനത്തിലാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം നടക്കുന്നത്. എല്ലാ മാസവും രോഹിണി നാളില്‍ ഇവിടെ സന്താന ഗോപാലം കഥകളി അരങ്ങേറാറുണ്ട്. ക്ഷേത്രത്തിന് ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കൊല്ലം പൂരം എന്നാണ് വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ഉത്സവത്തിലെ ആഘോഷം അറിയപ്പെടുന്നത്. ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര ഇവിടെ എത്തിച്ചേരുന്നതോടെയാണ് വിഷുദിനത്തിലെ ഉത്സവാഘേഷങ്ങള്‍ക്ക് തുടക്കമാകുന്നത്.

PC:Pranav Mohan

Read more about: temple pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X