Search
  • Follow NativePlanet
Share
» »കിളികൊഞ്ചലുകൾ തേടി ചിറകടിയൊച്ചകൾ തേടി പോകാം തട്ടേക്കാട്ടിൽ

കിളികൊഞ്ചലുകൾ തേടി ചിറകടിയൊച്ചകൾ തേടി പോകാം തട്ടേക്കാട്ടിൽ

ഓര്‍മ്മകളും ഇഷ്ടങ്ങളും ഇഴചേരുമ്പോഴാണ് വിനോദത്തിനുമപ്പുറം യാത്രകള്‍ ആവേശമോ ഭ്രമമോ ഒക്കെയായി മാറുന്നത്. സങ്കല്‍പ്പങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം നേര്‍ക്കാഴ്ച്ചകളിലേക്കൊരു എത്തപ്പെടലും കൂടിയാണ് ഒരോ യാത്രയും എന്ന് പറയാതെ വയ്യ.

അതെ. ഇത് ഓർമയിൽ സൂക്ഷിച്ച യാത്രാനുഭവം... വർഷങ്ങളുടെ പഴക്കത്തിലും നിറം മങ്ങാത്ത ഓർമകളുടെ ചായക്കൂട്ട്......ലിജി സുനിൽ എഴുതുന്നു...

അവിചാരിതമായൊരു യാത്ര

അവിചാരിതമായൊരു യാത്ര

എഫ്‌ബിയിലെ പതിവ് പരതലിനിടയിലാണ് ആ പോസ്റ്റ് കണ്ണിലുടക്കിയത്. തട്ടേക്കാട്ടിൽ 'ഫോട്ടോഗ്രഫിക്ലാസ്സും പ്രകൃതിപഠന ക്യാമ്പും...' പലപ്പോഴും ഇത്തരം പോസ്റ്റുകൾ ആ ഗ്രൂപ്പിൽ കണ്ടിട്ടുണ്ടെങ്കിലും പലതും അകലെയായതുകൊണ്ടു ആഗ്രഹം മാറ്റിവയ്ക്കുകയായിരുന്നു. ഇതിപ്പോ കുഞ്ഞിനെ അമ്മയുടെ അടുത്താക്കാം... വാശികൂടിയാൽ ഉടനെ തിരിച്ചു വരികയുമാകാം... മനസ്സിൽ പ്ലാനുകൾ നെയ്തുകൂട്ടി കാത്തിരുന്നു.... അങ്ങിനെ ആ ദിവസം വന്നെത്തി... അപ്രതീക്ഷിതമായി വന്നെത്തിയ ഹർത്താൽ പണിതരുമോ എന്നാശങ്ക പെടുത്തിയെങ്കിലും തടസങ്ങൾ ഏതുമില്ലാതെ വിജനമായ റോട്ടിലൂടെ യാത്ര തുടർന്നു. ഞങ്ങൾക്ക് കൂട്ടായി വേനൽ മഴയും ക്കൂടെ ചേർന്നു. വൈറ്റിലയിൽ നിന്നും 49 km പിന്നിട്ട് കൊതമംഗലത്തെത്തുമ്പോൾ മഴ മാറിയിരുന്നു. അവിടുന്ന് 12 km മാത്രേ ഉള്ളു തട്ടേക്കാട്ടിലേക്ക്...

ഞങ്ങൾ ചെല്ലുംമ്പോൾ സുഗതൻ സർ ക്ലാസ് എടുത്ത് കൊണ്ടിരിക്കുകയായിരുന്നു. ഒരു ക്യാംമ്പിൽ ആദ്യമായി പങ്കെടുക്കുന്നതിന്റെ എല്ലാ ആകാംഷയോടും കൂടി ഞാനും...അവരിൽ ഒരാളായി. Fb ഫ്രണ്ട്സ് ആണെങ്കിലും പലരെയും നേരിൽ കാണുന്നത് ആദ്യമായിട്ടായിരുന്നു. എല്ലാവരുടെയും കൈയിൽ പുറ്റുകുറ്റിയേക്കാൾ നീളമുള്ള ക്യാമറകൾ ...ഇത്‌ ഒരു ഫോട്ടോഗ്രഫി ക്യാമ്പ് കൂടിയാണ് കേട്ടോ... ക്യാമ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു... എന്റെ കൈയ്യിൽ പ്രൊഫഷണൽ കാം ഒന്നുമില്ല എന്ന്. ആദ്യം കാടു കാണേണ്ടത് നമ്മുടെ കണ്ണും മനസും കൊണ്ടാണെന്ന അറിവ് പകർന്ന് തന്നു പ്രോത്സാഹിപ്പിച്ചത് ജെയിൻ സർ ആയിരുന്നു. തട്ടേക്കാടിനെയും അവിടത്തെ പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച് സുഗതൻ സർ വാചാലനായി.

തട്ടേക്കാട്

തട്ടേക്കാട്

പെരിയാറിന്റെ കരയിലാണ് വനംവകുപ്പിന്റെ ഡോർമേറ്ററി ഉള്ളത്. അവിടെ യാണ് ക്യാമ്പ് നടക്കുന്നതും. തട്ടേക്കാടിന്റെ രണ്ട് വശങ്ങളിലൂടെയാണ് പെരിയാറിന്റെ രണ്ട് കൈവഴികള്‍ ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്നത്. ഒരു ദ്വീപ് പോലെയാണ് തട്ടേക്കാട് തലയുയര്‍ത്തി നില്‍ക്കുന്നതെന്നു തോന്നി. എന്നാല്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്. തട്ടേക്കാടിന്റെ കിഴക്ക് വടക്കുകിഴക്കു ഭാഗങ്ങളില്‍ കുട്ടമ്പുഴയും, തെക്ക് തെക്കുകിഴക്കു ഭാഗങ്ങളില്‍ മലയാറ്റൂര്‍ സംരക്ഷിത വനങ്ങളും, വടക്ക് ഇടമലയാറും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാറുമാണ്. ഇടമലയാര്‍ പെരിയാറ്റില്‍ ചേരുന്നത് തട്ടേക്കാടു പ്രദേശത്തു വെച്ചാണ്. നനവാർന്ന നിത്യഹരിത വനങ്ങളും അർദ്ധ നിത്യഹരിത വനങ്ങളും നനവാർന്ന ഇലപൊഴിയും വനങ്ങളും റൈപേറിയൻ വനങ്ങളും തോട്ടങ്ങളും ഉൾപ്പെടുന്നതാണ് തട്ടേക്കാട് പക്ഷിസങ്കേതം. വ്യത്യസ്ത ഭൂ, സസ്യജാലങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആ ആവാസ വ്യവസ്ഥകളിൽ എല്ലാം ജീവിക്കുന്ന ജീവജാലങ്ങളെയെല്ലാം ഇവിടെ കാണാൻ കഴിയും.

ഇനി കാട്ടിലേക്ക്

ഇനി കാട്ടിലേക്ക്

ക്ലാസ്സിന്റെ ഇട വേളയിലാണ് പരിസരം ശ്രെദ്ധിച്ചത്.

ഇടതടവില്ലാതെ ഉയരുന്ന കിളികൊഞ്ചലുകൾ.... പേരറിയാതെ തണലേകി ഉയർന്നു നിൽക്കുന്ന വന്മരങ്ങൾ. പടർന്നു പന്തലിചുകിടക്കുന്ന വള്ളിപടർപ്പുകൾ... കരിയിലകൾ വീണ് സ്പോഞ്ചു പോലെയുള്ള നിലം..... ആ കെട്ടിടത്തിന് മുന്നിലെ കോൺക്രീറ്റ് പടികൾ അവസാനിക്കുന്നത് പെരിയാറിലേക്കാണ്. ക്ലാസ് അവസാനിച്ചു സൗഹൃദസംഭാഷണങ്ങളും പരിചയപെടലും ഉച്ചഭക്ഷണവുമായി സുഗതൻ സാറും കൂടെ ക്കൂടി. കുറച് മാറിയുള്ള കെട്ടിടത്തിലാണ് റൂമുകൾ ഉള്ളത്. അവിടെ പോയി ഫ്രഷ് ആയപ്പോഴേക്കും നമ്മുടെ ഗൈഡ് എത്തി... റെജീവ്‌ തട്ടേക്കാട്. അങ്ങിനെ റെജീവ്‌ ചേട്ടനൊപ്പം പക്ഷി നിരീക്ഷണത്തിനും ഫോട്ടോഷൂട്ടിനും വേണ്ടി ഞങ്ങൾ കാടുകയറി. വിസ്തൃത മായ പാറ പുറത്ത് ഇഞ്ചി ഉണക്കാനിട്ടിരിക്കുന്നതായിരുന്നു കൗതുകമുണർത്തിയ ആദ്യ കാഴ്ച. വയനാട്ടിലെ തറവാട്ടുവീട്ടിൽ പനമ്പുപായയിൽ കുരുമുളകും ചുക്കും കാപ്പിയും ഉണക്കി എടുക്കുന്നതാണ് പെട്ടെന്ന് ഓർവന്നത്. ഉണക്കി ചാക്കിൽ കെട്ടി സ്റ്റോർറൂമിൽ അട്ടിയിട്ടു വച്ചാൽ വീട് മുഴുവൻ ഒരു പ്രേത്യേക ഗന്ധമായിരിക്കും. ആ ഒരു ഗന്ധം ഇവിടെയും അനുഭവപെട്ടു. പെട്ടെന്ന് ഒരു പക്ഷിയെ കുറെ കാക്കകൾ കൊത്തിയോടിക്കുന്നത് റെജീവ്‌ ചേട്ടൻ എല്ലാവര്ക്കും കാണിച്ചു കൊടുത്തു. അത് ഒരു കാലൻ കോഴി യായിരുന്നു (mottled wood owl). വളരെ യേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പക്ഷിയാണത്. അതിന്റെ ശബ്ദം കാലനെ വിളിച്ചു വരുത്തുമത്രെ. ആ ഒരു വിശ്വാസത്തിന്റെ പേരിലാണ് ആ പേര് വന്നതും. 2 കിലോമീറ്റർ വരെയൊക്കെ ഇതിന്റെ ശബ്ദം എത്താറുണ്ട്. മനുഷ്യസാമീപ്യം അറിഞ്ഞിട്ടാവും കാട്ടുകോഴികൾ തലങ്ങും വിലങ്ങും ഓടി. ആൺ കാട്ടുകോഴി സുന്ദരനാണ് കേട്ടോ.... കേൾക്കുന്ന ഓരോ കിളിയുടെ ശബ്ദത്തിനും റെജീവേട്ടൻ അതിന്റെ പേരും ശാസ്ത്രനാമവും പറഞ്ഞു പരിചയപ്പെടുത്തി തന്നുകൊണ്ടിരുന്നു. അതിനെയൊക്കെ ക്യാമറയിൽ ആക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു ബാക്കിയുള്ളവർ. അവർ ക്യാമറയിൽ ആക്കിയ കാഴ്ചകൾ ഞാൻ എന്റെ മനസ്സിന്റെ പതിപ്പിച്ചു. തീരെ വിചാരിക്കാതെ മഴ എത്തി. ക്യാമറ നനയാതിരിക്കാൻ എല്ലാവരും ഓടി വണ്ടിയിൽ കയറി. മഴ തകർത്തു പെയ്തു. അതുകൊണ്ട് തിരിച്ചു ഗസ്റ്റ് ഹൗസ്സിലേയ്ക്. എല്ലാവരും തമ്മിൽ പെട്ടെന്നു കൂട്ടായത് കൊണ്ട് സമയം പോയത് അറിഞ്ഞതേയില്ല. ഇപ്പോ വരാം എന്ന് പറഞ്ഞു മുങ്ങിയ കോഴിക്കോട്ടുകാരൻ ഷിജു പൊങ്ങിയത് പെരിയാറിലെ കുളികടവിൽ. ഇത് കണ്ടു ഓരോരു ത്തരായി പുഴയിലേയ്ക് ചാടി... നീന്തലും കുളിയും ഓകെ കഴിഞ്ഞ് 6 മണിയോടെ ജെയിൻ സർന്റെ ഫോട്ടോഗ്രഫി ക്ലാസ്.

Aperture, Shutter Speed ,ISO, White balance, .... സത്യം പറയാലോ..... എനിക്കൊന്നും .....മനസിലായില്ല. ക്യാമറയുമായുള്ള സമ്പർക്ക കുറവായിരിക്കും കാരണം. ഇതു മനസിലാക്കി അവരുടെ ക്യാമറയും ലെന്സും ഉപയോഗിക്കേണ്ട വിധവും പറഞ്ഞു തന്നു ഫോട്ടോയെടുക്കാൻ പ്രോത്സാഹിപ്പിച്ച...പ്രിയ കൂട്ടുകാരെ.... നിങ്ങൾക് എന്റെ നമോവാകം...

അത്താഴവും നാടൻ പാട്ടും വെടി വട്ടവുമായി ആ രാത്രി പെട്ടെന്നു തീർന്നുപോയി.....

യാത്ര ഉരുളൻ തണ്ണിയിലേക്ക്

യാത്ര ഉരുളൻ തണ്ണിയിലേക്ക്

രാവിലെ 6 മണിയ്ക് തന്നെ റെഡിയായി ഇറങ്ങി. ഇന്നത്തെ യാത്ര ഉരുളൻ തണ്ണിയിലേക്കാണ്. എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തുമായാണ് സങ്കേതം നിലകൊള്ളുന്നത്.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഭൂതത്താൻ തങ്ങളായ ഭൂപ്രകൃതിയാണ് ഉരുളൻതണ്ണിയിലും.

ഉരുളൻതണ്ണി വനമേഖലയിൽ ഒരു അമ്പലം ഞങ്ങൾ കണ്ടിരുന്നു. ക്ണാച്ചേരി ദുർഗാ ഭഗവതി ക്ഷേത്രമാണ് അതെന്നു റെജീവേട്ടൻ പറഞ്ഞു. ചെറിയ. നീർച്ചാലുകളും പാറ കെട്ടും പിന്നിട്ടു ഉണക്കയിലകളുംകമ്പുകളും നിറഞ്ഞ ഒരിടം കാട്ടിത്തന്നുകൊണ്ടു ജെയിൻ സർ പറഞ്ഞു... രണ്ടു പക്ഷികൾ ഇതിനുള്ളിൽ ഉണ്ട്. കാണിച്ചു തരാമോ എന്ന് ? കുറച്ചു നേരത്തെ ശ്രെമത്തിനു ശേഷം അതിനെ കണ്ടു പിടിച്ചു. മാക്കച്ചിക്കാട... Ceylon Frogmouth എന്ന പേരിൽ അറിയപ്പെടുന്ന ഇവയെ തട്ടേക്കാട്ടിൽ സുലഭമായി കാണാമെങ്കിലും മറ്റിടങ്ങളിൽ വളരെ കുറവാണ്. പോകുന്ന വഴിയിൽ പലയിടത്തും ആനപിണ്ഡങ്ങൾ കണ്ടു. പക്ഷെ ആനകളെ കാണാൻ കഴിഞ്ഞില്ല.വിസ്തൃതമായ പാറപുറത്തുനിന്നും കുത്തനെ ഇറങ്ങി നിറയെ മരങ്ങൾ പൂത്തു നിൽക്കുന്ന ഒരിടത്തു എത്തിച്ചേർന്നു. ഇവിടെ ധാരാളം കിളികൾ തേനുണ്ണാൻ വരുമെന്ന് റെജീവേട്ടൻ പറഞ്ഞു. അവരുടെ കലപിലകൾ കേൾക്കാമായിരുന്നു.

ക്യാമറക്കാഴ്ചകളിൽ പക്ഷികള തേടി

ക്യാമറക്കാഴ്ചകളിൽ പക്ഷികള തേടി

കാട്ടിലകിളി (chloropsis), കരിങ്കുയിൽ (asian koel), കോഴി വേഴാമ്പൽ(malabar grey hornbill), കാടുമുഴകി (Racket Tailed Drongo), ചിന്ന കുട്ടുരുവൻ (white cheeked Barbet) , ഉപ്പൂപ്പൻ (hoopoe) , കാട്ടുമൈന (southern hill myna), ഇരട്ടത്തലച്ചി (Red whiskered Bulbul), ചാരത്തലയൻ പാറ്റാ പിടിയൻ(Grey headed Flycatcher), നാട്ടു മരം കൊത്തി (Lesser ഗോൾഡൻ Backed wood pecker), കാവി (Indian pitta), കാട്ടു വാലു കുലുക്കി (Forest wag tail ), നാക മോഹൻ ( paradise flycatcher), തീകാക്ക(Malabar Trogon), ആറ്റ ചെമ്പൻ ( Black Headed Munia)ഓലേഞ്ഞാലി (Indian Tree Pie), നാട്ടുവേലി തത്ത (small Bee Eater), ആനറാഞ്ചി (black drongo) തുടങ്ങിയ പ്രമുഖർ അവിടുണ്ടായിരുന്നു. ക്യാമറകളുമായി എല്ലാവരും പക്ഷികളുടെ കൂടെക്കൂടിയപ്പോൾ ഞാൻ പതുക്കെ വീണ്ടും താഴെ പാറ കെട്ടിലേക്കിറങ്ങി. കുറച്ചു ദൂരം പോയപ്പോൾ നീർച്ചാലിന്റെ സ്വരം കേട്ട്തുടങ്ങി. പിന്നെയും കുറെ താഴേക്ക് നടന്നപ്പോൾ അധികം ഒഴുക്കില്ലാത്ത ഒരു നീർച്ചാൽ... പിന്നെ നടത്തം അതിലൂടെയായി. അപ്പോഴാണ് രണ്ടു കുട്ടികൾ കുളിക്കാനുള്ള തയ്യാറെടുപ്പിൽ ആ വഴി വന്നത്. ആദിവാസി വിഭാഗമാണെന്നും അവരുടെ അള്ള് ( ഗുഹാപോലുള്ള സ്ഥലം) ഇവിടടുത്തുണ്ട്

എന്നും അവരോട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.

 സങ്കടപ്പെടുത്തിയ കാഴ്ച

സങ്കടപ്പെടുത്തിയ കാഴ്ച

പിന്നെ അങ്ങോട്ടായി യാത്ര. അവർ പഠിക്കുന്നത് കൊതമംഗലത്തുള്ള ഒരു സ്കൂളിൽ ആണെന്നും ഇപ്പോൾ വെക്കേഷൻ ആയത് കൊണ്ട് അച്ഛനമ്മമാരുടെ അടുത്ത് നില്ക്കാൻ വന്നതാണെന്നും പറഞ്ഞു. അവരുടെ വാസസ്ഥലം കണ്ടു ഞാൻ ശരിക്കും ഞെട്ടി. മൂന്ന് വശവും പാറകൾ നിറഞ്ഞ ഒരിടം. മഴ വെള്ളം വീഴാതിരിക്കാൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ കെട്ടിയിരിക്കുന്നു. താഴെ പാറയിൽ ഒഴുകികൊണ്ടിരിക്കുന്ന ചെറു അരുവി. അവിടെ ആനകൾ വരാറുണ്ടത്രെ... അതുകൊണ്ട് ഉറക്കം തീ കൂട്ടിയാണ്. നമ്മുടെ ജീവിതചുറ്റുപാടും അവരുടെ ജീവിതവും തമ്മിൽ ഒന്ന് താരതമ്യം ചെയ്ത് നോക്കി. ആ മക്കളുടെ മുഖത്തു നിസ്സംഗതയല്ലാതെ വേറൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. കൈയിലുണ്ടായിരുന്ന സ്നാക്സ് അവർക്ക് കൊടുത്തു യാത്രപറഞ്ഞിറങ്ങി. പാറക്കെട്ടുകൾ കയറി ജെയിൻ സർ ന്റെ അടുത്ത് എത്തുമ്പോൾ അവരുടെ ഫോട്ടോ ഷൂട്ട് കഴിഞ്ഞിരുന്നില്ല...

പിന്നെയും പക്ഷികളെ കാണാൻ മേല്പോട്ടു നോക്കി നടത്തം തുടർന്നു... ഇതിനിടയിൽ കുറെ പക്ഷികളുടെ സ്വരം തിരിച്ചറിയാനും പേര് പഠിക്കാനും എനിക്ക് സാധിച്ചിരുന്നു. വിദേശീയരുടെ സംഘത്തെയും അവിടെ കാണുകയുണ്ടായി. ഓരോ പക്ഷിയെയും ഡീറ്റൈൽ ആയി നോക്കി പഠിക്കുന്നവർ. തലയിലെയും ദേഹത്തെയും പുള്ളികളും പാടുകളും അനുസരിച്ചു പേരിൽ വരുന്ന മാറ്റം റെജീവേട്ടൻ വിശദീകരിച്ചു. വളരെ ക്ഷമയോടെ വർഷങ്ങൾ നീണ്ട പരിചയത്തിലൂടെ നേടിയെടുത്ത അറിവുകൾ.... അവരോട് ബഹുമാനം തോന്നാതിരിക്കുന്നതെങ്ങിനെ....?

തീരാത്ത കാഴ്ചകള്‍ക്ക് ഒരു ബ്രേക്ക്

തീരാത്ത കാഴ്ചകള്‍ക്ക് ഒരു ബ്രേക്ക്

വിശന്നു തളർന്നു തുടങ്ങിയ ഞങ്ങൾക്ക് ഭക്ഷണവുമായി വണ്ടിഎത്തിയതോടെ പക്ഷി നിരീക്ഷണത്തിന് താത്കാലിക വിരാമം. ഒരു പേപ്പർ ഗ്ലാസ് പോലും അവിടെ അവശേഷിപ്പിക്കാതെ ഭക്ഷണം കൊണ്ടുവന്ന വണ്ടിയിൽ തന്നെ വെസ്റ്റും കൊണ്ടുപോയി. ഇനിയുള്ള യാത്ര പിണവൂർകുടിയിലേക്കാണ്. അത് കുറ്റാമ്പുഴയിൽ തന്നെയുള്ള ഒരു ആദിവാസി ഊരാണ്. ഇവിടെയും ആനകൾ ഇറങ്ങാറുണ്ട്. ഇവിടെ വച്ചു വളരെ കൗതുകം ഉണ്ടാക്കിയ ഒരാളെ കൂടി കണ്ടു...' Slender Loris ' ഇതാരെടാ ഈ സ്റ്റൈലൻ പേര് കാരൻ എന്നാലോച്ചിച്ചു നിക്കുമ്പോഴാണ് ആളെ തിരിച്ചറിഞ്ഞത് . നമ്മുടെ 'കുട്ടിത്തെവാങ്ക്‌'... ആയിനാണ്.... ഒരു സുന്ദര കുട്ടൻ. ഉരുണ്ട കണ്ണും നിറയെ രോമാവുമുള്ള ഇവൻ കുരങ്ങു വർഗ്ഗത്തിൽ പെട്ടവനാണ്. പക്ഷെ വാലില്ല. മിശ്ര ബുക്കും രാത്രിഞ്ചരനുമാണ്... കൂടുതൽ അറിയുന്തോറും കൗതുകം കൂടി വന്നു... അല്ലെങ്കിലും പ്രകൃതി അങ്ങിനെയാണല്ലോ... അറിയുന്തോറും നമ്മെ അതിലേയ്ക് ആകർഷിച്ചു കൊണ്ടേയിരിക്കും....രഹസ്യങ്ങൾ മുഴുവൻ വെളിപ്പെടുത്താതെ .....

അവിടൊക്കെ കുറേകൂടി കറങ്ങി നടന്നു. ഉച്ചയോടെ തട്ടേകാടിനോട് വിടപറഞ്ഞു... ഒത്തിരി വിഷമത്തോടെ....

വീട്ടിലെത്തിയിട്ടും കാതുകളിൽ ആ സംഗീതമായിരുന്നു....നിറഞ്ഞുനിന്നത്... കാടിന്റെ സംഗീതം......

ഫോണ്‍: അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, തട്ടേക്കാട് പക്ഷിസങ്കേതം, കോതമംഗലം: 04852588302, ഹോണ്‍ബില്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്: 04842588302, എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍: 04842367334, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം: 04842360502.

Read more about: kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more