യാത്രകളെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് അതിതീവ്രമായി ആഗ്രഹിക്കുന്ന ഒരൊറ്റ ഇടമേയുള്ളൂ. അത് ലക്ഷദ്വീപാണ്. പവിഴപ്പുറ്റുകൾ നിറഞ്ഞ കടലും നീല വെള്ളവും മനോഹരമായ കാഴ്ചകളും ഒക്കെയായി സഞ്ചാരികളുടെ മനസ്സിലോട്ടങ്ങ് ഇടിച്ചു കയറിയ ലക്ഷദ്വീപിലെത്തുക എന്നു പറയുന്നത് അത്ര എളുപ്പമല്ല. പ്രത്യേക അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതു മുതൽ അവിടേക്കുള്ള കപ്പിലിന്റെ ടിക്കറ്റ് ലഭ്യതയും യാത്രയും താമസവും ഒക്കെ ഓരോ ചടങ്ങു തന്നെയാണ്. എന്നാൽ ഒന്നെത്തിക്കിട്ടാൽ ലഭിക്കുന്ന സന്തോഷം ഓർക്കുമ്പോൾ ഇതൊന്നും ഒരു പണിയായി തോന്നുകയേ ഇല്ല. എല്ലാം ഒകെ ആയാൽ അങ്ങ് പോയേക്കാം എന്നു വിചാരിച്ചാലും തെറ്റി. ബാഗും എടുത്ത് പുറപ്പെടുക എന്നതിലുപരിയായി അവിടേക്കു പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ഇവിടെ ശരിയെന്നു തോന്നുന്ന പലകാര്യങ്ങളും അവിടെ ശിക്ഷ വരെ ലഭിക്കാവുന്ന തെറ്റുകളാണെന്ന് ഓർക്കാം. ലക്ഷദ്വീപ് യാത്രയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ചെയ്യാൻ അനുമതിയുള്ള കാര്യങ്ങളും പരിചയപ്പെടാം...

പവിഴപ്പുറ്റു കാണാം..എടുത്താലോ?
നീലജലം നിറഞ്ഞ കടൽക്കാഴ്ചകളും പഞ്ചാരമണലും കഴിഞ്ഞാൽ ഇവിടുത്തെ ഏറ്റവും ആകർഷണീയമായ മറ്റൊരു കാര്യമാണ് പവിഴപ്പുറ്റുകൾ. ആർക്കായാലും കണ്ണുകൾ കൊണ്ട് ഈ പവിഴപ്പുറ്റുകൾ കണ്ട് മാത്രം ആസ്വദിക്കാനേ അനുമതിയുള്ളൂ. പകരം ഏതായാലും കണ്ടതല്ലേ, കയ്യിലിരിക്കട്ട ഒരെണ്ണം എന്നുവെച്ച് അവയിലെങ്ങാനും തൊട്ടാൽ പണി പാളിയെന്ന് പ്രത്യേകം പറയേണ്ടല്ലോ.കേന്ദ്രഭരണ പ്രദേശമായ ഇവിടെ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമം തന്നെ കേന്ദ്ര സർക്കാർ പാസാക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ജീവപര്യന്തം വരെ തടവു കിട്ടാവുന്ന ശിക്ഷകൾ വരെ ഇവിടെയുണ്ട്.

മദ്യപാനികൾക്ക് പ്രവേശനമില്ല
നിങ്ങൾ ഒരു മദ്യപാനിയും യാത്രയ്ക്കടയിൽ കൂട്ടുകാരോടൊത്ത് മദ്യപിക്കുന്ന ഒരാളുമാണെങ്കിൽ ലക്ഷദ്വീപ് നിങ്ങൾക്ക് ഒട്ടും യോജിച്ച സ്ഥലമല്ല.
മദ്യം തീർത്തും നിരോധിച്ചിരിക്കുന്ന നാടായ ഇവിടെ ബംഗാരം ദ്വീപിൽ മാത്രമാണ് മദ്യപിക്കുവാൻ അനുമതിയുള്ളത്. ആൾത്താമസമില്ലാത്ത ബംഗാരം ദ്വീപിൽ സ്വകാര്യ റിസോർട്ടാണുള്ളത്. അതുകൊണ്ടുതന്നെ ഇവിടേക്കുള്ള യാത്രയിൽ മദ്യം തീർത്തും ഒഴിവാക്കുക.

ലഹരിവസ്തുക്കൾക്കും സ്ഥാനമില്ല
മദ്യം ഉപയോഗിക്കുന്നതു പോലെ തന്നെ ശിക്ഷാർഹമാണ് ഇവിടെ മയക്കുമരുന്നും മറ്റു ലഹരികളും ഉപയോഗിക്കുന്നതും. ഇവ കയ്യിൽ വയ്ക്കുന്നതു പോലും വലിയ ക്രിമിനൽ കുറ്റമായി കണക്കാക്കും.
PC:Ekabhishek

നീന്തൽ ഒഴിവാക്കാം
വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ലക്ഷദ്വീപിലെത്തിയില്ല് നീന്തൽ പാടില്ല എന്നല്ല പറയുനന്ത്. പകരം നഗ്നരായി കടലിലിറങ്ങുന്നതും സൂര്യ സ്നാനത്തിനു കിടക്കുന്നതുമാണ് ഇവിടെ പാടില്ലാത്തത്. മാന്യമായ വസ്ത്രങ്ങളുപയോഗിച്ച നീന്തുന്നതിനും ഒന്നും ഒരു തടസ്സവും ഇവിടെയില്ല.

പെർമിറ്റ് ഇല്ലാതെയുള്ള യാത്ര
ഒരിക്കലും ഇവിടെ മതിയായ രേഖകളും അനുമതിയും ഇല്ലാതെ എത്തിപ്പെടുവാൻ സാധിക്കില്ല. അനുമതി സമയത്ത് ലഭിക്കാതെ എങ്ങനെയും ഇവിടെ എത്തിപ്പെടുവാൻ ആഗ്രഹിക്കുന്നവർ കുറവല്ലാത്തതിനാൽ അവരോടാണിത്. കേരളത്തിൽ നിന്നുള്ളവർക്ക് വെല്ലിങ്ടൺ ഐലൻഡിലുള്ള ലക്ഷ ദ്വീപിന്റെ ഓഫീസിൽ നിന്നാണ് ഇവിടം സന്ദർശിക്കുന്നതിനുള്ള അനുമതി ലഭിക്കുക. ഒരിക്കലും ആവശ്യമായ രേഖകൾ ഇവിടം സന്ദർശിക്കുന്ന കാര്യം ആലോചിക്കുക പോലും അരുത്!
PC: Ekabhishek

തെങ്ങുകൾ കാണാൻ മാത്രം
നിറയെ കുലച്ചു നിൽക്കുന്ന തെങ്ങുകൾ ലക്ഷദ്വീപിന്റെ മറ്റൊരു സ്പെഷ്യൽ കാഴ്ച എന്നു തന്നെ പറയാം. എന്നാൽ ആ തേങ്ങ എടുക്കുവാനോ തെങ്ങിൽ നിന്നും ഇടാനോ നോക്കിയാൽ പണി കിട്ടിയതു തന്നെ. സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് ഇവിടുത്തെ മിക്ക തെങ്ങിൻ തോട്ടങ്ങളും., അതുകൊണ്ടുതന്നെ ഇവിടുത്തെ തെങ്ങിൽ നിന്നും തേങ്ങ എടുക്കുന്നത് മോഷണമായാണ് കണക്കാക്കുന്നത്.

അതിർത്തി കടക്കാതിക്കുക
ദ്വിപിലേക്കുള്ള യാത്രകളിൽ സന്ദർശിക്കുവാൻ അനുമതിയുള്ള ഇടങ്ങളിൽ മാത്രം പോവുക. ഗൈഡിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുക.

മരുന്നുകൾ കയ്യിൽ കരുതുക
ഏതൊരു യാത്രയ്ക്കും മുൻപായി ചെയ്യുന്ന ചില കാര്യങ്ങൾ ലക്ഷദ്വീപ് യാത്രയ്ക്കും മുന്നോടിയായി ചെയ്യുവാൻ ശ്രമിക്കുക. എന്തെങ്കിലും പ്രത്യോക മരുന്നുകൾ എടുക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ കുറിപ്പടിയോടു കൂടി അത് കയ്യിൽ കരുതുക.

പോകുവാൻ യോജിച്ച സമയം
ലക്ഷദ്വീപ് യാത്രയ്ക്ക് ആവശ്യമായ അനുമതികള്‍ ലഭിക്കുന്നതനുസരിച്ചാണ് മിക്കവരും ഇവിടേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നത്. എന്നാൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഇവിടുത്തെ ചൂടു കാലം തുടങ്ങുന്നത് പെബ്രുവരി മുതലാണ്.

ഇന്ത്യക്കാർക്ക് സന്ദർശിക്കുവാൻ ഈ ദ്വീപുകൾ മാത്രം
ലക്ഷദ്വീപിൽ എത്തിയാലും ഇവിടെ എല്ലാ സ്ഥലവും സന്ദർശിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ നിന്നും എത്തുന്ന സഞ്ചാരികൾക്ക് അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നീ ദ്വീപുകളില്‍ മാത്രമാണ് പോകുവാൻ അനുമതിയുള്ളത്. വിദേശികൾക്കാവട്ടെ, അഗത്തി, ബംഗാരം, കടമത്ത് എന്നീ മൂന്നിടങ്ങളിൽ മാത്രമേ പോകുവാൻ സാധിക്കുകയുള്ളൂ.
PC:Thejas

ബ്രാൻഡഡ് ഇല്ല
പെർഫ്യൂം മുതൽ മേക്കപ്പ് സാധനങ്ങൾ വരെ ബ്രാൻഡഡ് മാത്രമേ ഉപയോഗിക്കൂ എന്നുള്ളവർ ഇവിടേക്ക് വരുന്നതിനു മുൻപ് ശ്രദ്ധിക്കുക. എന്തു സാധനങ്ങളായാലും ബ്രാൻഡ് ഇവിടെ കിട്ടാൻ ബുദ്ധിമുട്ടാണ്. സാധാരണ നിലവാരത്തിലുള്ള സാധനങ്ങളാണ് ഇവിടെയുള്ളത്യ അതുകൊണ്ട് അത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവർ യാത്രയിൽ അവ കരുതുവാൻ ശ്രദ്ധിക്കുക.

കാണേണ്ട കാഴ്ചകൾ
ജലത്തിലുള്ള വിനോദങ്ങൾക്ക് പ്രാധാന്യം നല്കുന്ന ഇടമാണ് ലക്ഷദ്വീപ്. സ്കൂബാ ഡൈവിങ്ങ്, സ്നോർക്കലിങ്ങ്, കയാക്കിങ്, സെയിലിങ്. ഗ്ലാസ് ബോട്ടം ബോട്ട് റൈഡ്, ഫിഷിങ്ങ്, വാട്ടർ സ്കീയിങ്ങ് തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കുവാൻ പറ്റുന്ന കാര്യങ്ങൾ.

ശുദ്ധ ജലത്തിലും കുറഞ്ഞ വിലയിൽ തേങ്ങാവെള്ളം
കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുമെങ്കിലും ഇത് സത്യമാണ്. ഇവിടെ ശുദ്ധജലത്തേക്കാൾ വിലക്കുറവിൽ തേങ്ങാവെള്ളവും കരിക്കും ഒക്കെയാണ് ലഭിക്കുക. ശുദ്ധജലം ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇവിടെ കൂടുതലും ആളുകൾ കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട്തന്നെ അവയുടെ വില അല്പം ഉയർന്നയിരിക്കും.

ലക്ഷദ്വീപിലെത്താന്‍ കടക്കേണ്ട കടമ്പകള്‍
ലക്ഷദ്വീപില്‍ പോകാന്‍ അനുമതി കിട്ടുക എന്നത് കുറച്ച് പ്രയാസമുള്ള സംഗതി തന്നെയാണ്. അവിടേക്കുള്ള യാത്രയും ടിക്കറ്റ് കിട്ടാനുള്ള പ്രയാസവും എത്താനുള്ള അനുമതിയുമെല്ലാം ലഭിക്കാന്‍ കുറച്ചൊന്നും നടന്നാല്‍ പോര. എന്താണെങ്കിലും പോയെ തീരു എന്നുള്ളവര്‍ ഇത്തിരി കാശുചെലവും ബുദ്ധിമുട്ടും സഹിക്കാന്‍ താല്പര്യമുള്ളവര് ആയിരിക്കണം. ലക്ഷദ്വീപിലെത്താന്‍ വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ലക്ഷദ്വീപിലെത്താന്‍ കടക്കേണ്ട കടമ്പകള്‍
PC: Vaikoovery

ദ്വീപിലെത്താന്‍
പെര്മിഷന് ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്നതിന്റെ ആദ്യപടി അവിടെ എത്താനുള്ള പെര്മിഷന് ലഭിക്കുക എന്നതാണ്. മൂന്നു വഴികളാണ് ലക്ഷദീപ് പെര്മിഷന് ലഭിക്കാന്‍ ഉള്ളത്.

ഗവണ്മെന്റ് ടൂര്‍ പാക്കേജ്
കയ്യില്‍ ഇഷ്ടംപോലെ കാശുള്ളവര്‍ മാത്രം നോക്കുന്ന വഴിയാണ് ലക്ഷദ്വീപ് ഗവണ്മെന്റിന്റെ പാക്കേജ് ടൂര്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എറണാകുളം വില്ലിങ്ടണ്‍ ഐലന്റിലുള്ള ലക്ഷദ്വീപ് ഓഫിസില്‍ എത്തിയാല്‍ മതി. www.lakshadweeptourism.com/tourpackages.html ല്‍ വിശദവിവരങ്ങള്‍ ലഭിക്കും.

പ്രൈവറ്റ് ടൂര്‍ പാക്കേജ്
ഗവണ്മെന്റ് പാക്കേജില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് പ്രൈവറ്റ് ടൂര്‍ പാക്കേജ് തിരഞ്ഞെടുക്കാം. ഗവണ്മെന്റ് പാക്കേജിലെ നിരക്കിലും കുറഞ്ഞ നിരക്കില്‍ പ്രൈവറ്റ് പാക്കേജുകള്‍ ലഭ്യമാണ്. ഗവണ്മെന്റ് അംഗീകൃത പ്രൈവറ്റ് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ സഹായിക്കും.
PC: Thejas

സ്പോണ്‍സര്‍ഷിപ്പ്
മുകളില്‍ പറഞ്ഞ രണ്ടു വഴികളും പറ്റാത്തവര്‍ക്ക് ഉള്ളതാണ് സ്പോണ്‍സര്‍ഷിപ്പ്. ലക്ഷദ്വീപിലുള്ള ആരെയെങ്കിലും കൊണ്ട് അവിടുന്ന പെര്മിഷന് എടുപ്പിക്കലാണ് ഇവിടുത്തെ കടമ്പ. ദ്വീപിലെ യാത്രക്കാര്‍ അവിടേക്ക് വരാനുദ്ദേശിക്കുന്ന ആളിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന രീതിയാണിത്. സ്പോണ്‍സര്‍ഷിപ്പ് എന്നറിയപ്പെടുന്ന ഈ അനുമതി രണ്ടു തരത്തിലാണുള്ളത്.
PC:Mike Prince

15 ദിവസത്തെ അനുമതി
ഈ രീതിയില്‍ 15 ദിവസത്തെ പെര്‍മിഷനാണ് സഞ്ചാരിക്ക് ലഭിക്കുക. ഇതില്‍ പ്രത്യേകിച്ച് നിയമങ്ങള്‍ ഇല്ല. എങ്കിലും അനുമതി ലഭിക്കാന്‍ ചില നിയന്ത്രണങ്ങളുണ്ട്. ദ്വീപില്‍ നിങ്ങളെ സ്പോണ്സര് ചെയ്യാല്‍ തയ്യാറാകുന്ന ആള് അവിടെ ജില്ലാ പഞ്ചായത്തില്‍ പോയി ഫോം കൊടുക്കുകയാണ് ആദ്യ പടി. പേരും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ചലാന്‍ കാശും ഇവിടെ കൊടുക്കണം. എന്നാല്‍ ഇവിടെ അനുമതി ലഭിക്കും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. മാത്രമല്ലയാത്രയുടെ തിയതി നമുക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല എന്നതും ഇതിലെ പോരായ്മയാണ്. ഫോം കൊടുത്തതിനു ശേഷം ഒരുമാസം കഴിഞ്ഞുള്ള ഡേറ്റാണ് സന്ദര്‍ശനത്തിനായി നല്‍കുക.
PC:Thejas

ആറു മാസത്തെ പെര്മിഷന്
പതിനഞ്ച് ദിവസത്തെ അനുമതി ലഭിക്കാന്‍ ഉള്ള കടമ്പകള്‍ പോലെതന്നെയാണ് ആറുമാസത്തെ പെര്‍മിഷനും ഉള്ളത്. ഇവിടെയും ഒരു ലക്ഷദ്വീപ് സ്വദേശി നമ്മളെ സ്പോണ്സര് ചെയ്യേണ്ടി വരും. എന്നാല്‍ ഇത് സാധാരണയായി ദ്വീപില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഉള്ളതാണ്.
PC: Lenish Namath

കപ്പല്‍മാര്‍ഗ്ഗം
വിമാനയാത്രയെ അപേക്ഷിച്ച് യാത്രാ ചെലവ് കുറവാണെങ്കിലും സമയം അധികമെടുക്കും കപ്പല്‍ യാത്രയില്‍. നേരിട്ടുള്ള കപ്പല്‍ ആണെങ്കില്‍ 16 മുതല്‍ 18 മണിക്കൂര്‍ വരെ യാത്രയ്ക്കെടുക്കും. അഞ്ഞൂറ് രൂപ മുതലാണ് ചാര്‍ജ്. കൊച്ചി, മംഗലാപുരം, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കപ്പലുകളുള്ളത്.
PC: Shafeeq Thamarassery

വിമാനമാര്‍ഗ്ഗം
കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ ആറു ദിവസം ലക്ഷദ്വീപിലേക്ക് വിമാന സര്‍വ്വീസ് ലഭ്യമാണ്. എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്. ഒന്നര മണിക്കൂര്‍ സമയം മാത്രമേ കൊച്ചിയില്‍ നിന്നും അഗത്തിയിലെത്താന്‍ വേണ്ടി വരൂ. ഇവിടുത്തെ 11 ദ്വീപുകളില്‍ അഗത്തിയില്‍ മാത്രമാണ് എയര്‍പോര്‍ട്ട് ഉള്ളത്.