Search
  • Follow NativePlanet
Share
» »കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം

കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം

അധികാരവും പ്രതികാരവും മുഖത്തോട് മുഖം നോക്കി ഏറ്റുമുട്ടുന്ന മാമാങ്ക ചരിത്രങ്ങൾ രാകി മിനുക്കിയ ചുരികളേക്കാളും തിളക്കമുള്ളവയാണ്. പിറന്ന നാടിന്‌റെ അഭിമാനം സ്വന്തം ജീവൻ ബലി നല്കിയും സംരക്ഷിക്കുവാൻ പ്രതിജ്ഞയെടുത്ത് പോരിനിറങ്ങിയിരുന്ന ചാവേറുകളും എന്തു കൊടുത്ത് അധികാരം സംരക്ഷിക്കാനുറച്ച സാമൂതിരിയും നേർക്കുനേർ വരുന്ന വീരചരിത്രം കേട്ടുമറന്ന ഒരു കഥയല്ല! ചരിത്രവും മിത്തുകളും കൂടിക്കുഴഞ്ഞ്, പാണന്മാരുടെ പാട്ടുകളിലും, വാമൊഴിയിലും വരമൊഴിയിലും ഒക്കെയായി ഇന്നും ആവേശം കൊള്ളിക്കുന്ന ഒരു ഇതിഹാസം തന്നെയാണ്.

മമ്മുട്ടിയെന്ന അനശ്വര നടന്‍റെ സിനിമകളെല്ലാം തന്നെ അഭ്രപാളികളിൽ ഇടം പിടിച്ചിട്ടുള്ളവയാണ്. ഇവയിൽ എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ് മാമാങ്കമെന്ന മഹാമഹം. മെയ് വഴക്കമുള്ള ചാവേർ പോരാളിയായി മമ്മൂട്ടിയെത്തിയപ്പോൾ ഓരോ പ്രേക്ഷകനും വീണ്ടും തിരുനാവായയിലേക്കും മാമാങ്ക മഹോത്സവത്തിലേക്കും മനസ്സ് കൊണ്ട് എത്തപ്പെട്ടു. മാമാങ്ക വിശേഷങ്ങളിലെ ചരിത്ര ഏടുകളിലേക്ക് നമുക്ക് യാത്ര പോവാം.

പഴങ്കഥയല്ല...ഇത് ചരിത്രം!

പഴങ്കഥയല്ല...ഇത് ചരിത്രം!

ചുരികത്തലപ്പിൽ പ്രതികാരത്തിന് മൂർച്ച കൂട്ടി ഓരോ ചാവേറും മരണത്തിലേക്ക് ചെന്നു കയറുമ്പോഴും ഇവരെല്ലാം പാണന്‍റെ പാട്ടിൽ ഇന്നും വീരൻമാരായി അമരൻമാരായി ജീവിക്കുന്നു. തിരുനാവായ ക്ഷേത്രം നാവാമുകുന്ദന്‍റ പേരിൽ മാത്രമല്ല ഒരുപാട് ധീര യോദ്ധാക്കളുടെ വീരമരണം കൊണ്ടും പ്രസിദ്ധമാണ്. തിരൂരില്‍ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലത്തിൽ നാവാമുകുന്ദന്‍റെ മണ്ണിൽ മാമാങ്കത്തിന് കോപ്പ് കൂട്ടുമ്പോൾ ഇങ്ങ് വള്ളുവനാട്ടില്‍ ചാവേറാവാൻ തയ്യാറെടുക്കുകയാണ് ഓരോ പോരാളിയും. സാമൂതിരിയുടെ നെറികേടിനെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഓരോ ചാവേറും തന്‍റെ ജീവൻ ബലിയർപ്പിക്കുമ്പോൾ അവർ നാടിന് തന്നെ പ്രിയപ്പെട്ടവരായി മാറുന്നു.

എന്താണ് മാമാങ്കം?

എന്താണ് മാമാങ്കം?

മാഘമാസത്തിലെ മകം നാളിൽ തിരുനാവായ മണപ്പുറത്ത് നടത്തിയിരുന്ന ഉത്സവമാണ് മാമാങ്കം. ഇത് മറ്റു ചില ക്ഷേത്രങ്ങളിലും നടക്കാറുണ്ടായിരുന്നുവെങ്കിലും അതെല്ലാം ആ ക്ഷേത്രത്തിന്റെ പേരിനോട് ചേർന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ തിരുന്നാവായയിൽ നടന്നിരുന്ന മാമാങ്കത്തിന് ചരിത്രം നൽകിയിരുന്ന പ്രാധാന്യം ഇന്നും താളിയോലകളിലും ചരിത്രത്താളുകളിലും നമുക്ക് സുപരിചിതമാണ്. ഏകദേശം ഒരുമാസത്തോളം മാമാങ്ക മഹോത്സവം കൊണ്ടാടിയിരുന്നു.

ചോരവീണു ചുവക്കുന്ന തിരുനാവായ അല്ല മാമാങ്ക ചരിത്രത്തിൽ ആദ്യം വായിക്കുവാനാവുക. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുനാവായയിലെത്തി കച്ചവടത്തിനും വ്യാപാരത്തിവും കോപ്പു കൂട്ടി, കലയും മേളയുമായി കൊണ്ടായിടിരുന്ന മഹാമേള തന്നെയായിരുന്നു മാമാങ്കം. നാലു ദിക്കുകളെയും മയക്കുന്ന മഹാമേളയിൽ പങ്കെടുക്കുവൻ നാടിന്റെ നാലരുകുകളിൽ നിന്നും ആളുകൾ ഇവിടെ എത്തുമായിരുന്നു.

പട്ടു വസ്ത്രങ്ങളും മുത്തും മാത്രമല്ല, പാത്രങ്ങളും കരകൗശല വസ്തുക്കളും സംഗീതവും സാഹിത്യവും നിറഞ്ഞ രാവുകളും മേളകളും പ്രകടനങ്ങളുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഇതോടൊപ്പം തങ്ങൾ പരിശീലിച്ച ആയോധനകലകൾ നാലാൾ കൂടുന്നിടത്ത് പ്രദർശിപ്പിക്കുവാനായി അഭ്യാസികളും ഇവിടെ എത്തിയിരുന്നുവെന്ന് ചരിത്രം പറയുന്നു.

പട്ടുവസ്ത്രങ്ങളുമായി എത്തുന്ന ജപ്പാൻകാരും കാഴ്ചകൾ കാണാനെത്തുന്ന മധ്യ പൂർവേഷ്യൻ രാജ്യങ്ങൾ,റോം, ഗ്രീക്ക, ഈജിപ്ത്, സിലോൺ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും മാമാങ്കത്തിന്റെ പ്രശസ്തി ഭാരതത്തിനു പുറത്തെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കഥ പറയുന്ന ചരിത്രം

കഥ പറയുന്ന ചരിത്രം

മാമാങ്കത്തിന്റെ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന ഒന്നും ലഭ്യമല്ലെങ്കിലും വാമൊഴിയായിയും അല്ലാതെയും അറിയപ്പെടുന്ന കാര്യങ്ങളൊരുപാടുണ്ട്. ചേരരാജാക്കന്മാരാണ് മാമാങ്കത്തിനു തുടക്കം കുറിച്ചത് എന്നാണ് പലരും വിശ്വസിക്കുന്നത്. കാലത്തിന്റെ പടയോട്ടത്തിൽ ചേര ഭരണത്തിന് തിരശ്ശീല വീഴുകയും അന്നുവരെ കേന്ദ്രീകൃത ഭരണത്തുനു കീഴിലായിരുന്ന നാട്ടുരാജ്യങ്ങൾ കെട്ടുപൊട്ടിയപോലെ സ്വതന്ത്ര രാജ്യങ്ങളായി തീരുകയും ചെയ്തു. ചേര ഭരണത്തിനു ശേഷം വള്ളുവക്കോനാതിരിയായിരുന്നു ഭരണാധികാരി. അധികാരമൊഴിയുംമുൻപ് അവസാന ചേര രാജാവ് വള്ളുവക്കോനാതിരിക്കായിരുന്നു മാമാങ്കത്തിന്റെ അവകാശങ്ങൾ നിശ്ചയിച്ചു നല്കിയിരുന്നത്. അന്നേ വള്ളുവനാട്ടിൽ ഒരു നോട്ടമുണ്ടായിരുന്ന കോഴിക്കോട്ടെ സാമൂതിരി വള്ളുവക്കോനാതിരിയുമായി പലതവണ ഏറ്റുമുട്ടിയെങ്കിലും ഒന്നും ഫലത്തിലെത്തിയില്ല എന്നു മാത്രമല്ല, പലപ്പോഴും കനത്ത തോൽവി തന്നെയായിരുന്നു കാത്തിരുന്നത്. ഓരോ തോൽവിയിലും വിജയത്തിലേക്കുള്ള പാതയുടെ അളവ് കുറച്ചെടുത്ത സാമൂതിരി ഒടുവിൽ പെരുമ്പടപ്പ് തമ്പുരാനൊപ്പം ചേർന്ന് വള്ളുവക്കോനാതിരിയെ പരാജയപ്പെടുത്തി. പിന്നീട് 1350 മുതൽ മാമാങ്കത്തിന് നിലപാട് നിന്നത് സാമൂതിരിയായിരുന്നു. അന്നു മുതൽ പിന്നീട് വന്ന ഓരോ മാമാങ്കവും തിരുനാവായയെ ചോരയുടെ ചുവപ്പ് അണിയിപ്പിച്ചു.

ചരിത്രം ചാവേറാകുന്നു

ചരിത്രം ചാവേറാകുന്നു

അധികാരത്തിന്റെ കൊതിയും ആധിപത്യത്തിന്റെ ശക്തിയും ചേർന്നപ്പോൾ മാമാങ്കം പിന്നീട് ആഘോഷത്തില്‍ നിന്നും ചോരയുടെ ചുവപ്പിലേക്ക് മാറി

തങ്ങളുടെ അവകാശമായിരുന്ന രക്ഷാപുരുഷ പദവി തട്ടിയെടുത്ത സാമൂതിരിയോടുളള ശത്രുത കത്തിജ്വലിപ്പിച്ചു കാത്തു നിന്ന വള്ളുവക്കോനാതിരി പക ഒരിക്കലും ഒളിപ്പിച്ചു വച്ചില്ല. കെടാതെ സൂക്ഷിച്ച പകയെ ഓരോ വ്യാഴവട്ടത്തിലും ചാവേറുകളുടെ രൂപത്തിലെത്തി അവർ ഊതിജ്വലിപ്പിച്ചുകൊണ്ടിരുന്നു.

മാങ്ങാട്ടച്ചനോടും തിനയഞ്ചേരി ഇളയത്, ധർമോത്തുപണിക്കർ, പാറ നമ്പി തുടങ്ങിയ മന്ത്രിമാരോടൊപ്പം മാമാങ്ക ഭൂമിയിലെ നിലപാട് തറയിൽ തലയുയർത്തി നിന്നിരുന്ന സാമൂതിരിയെ ഇല്ലാതാക്കി നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുക എന്നതായി മാറി വള്ളുവക്കോനാതിരിയുടെ ലക്ഷ്യം. ഇതിനായി കഴിവിലും ഗുണത്തിലും ഒന്നിനൊന്ന് മുന്നിട്ടു നിൽക്കുന്ന ചാവേറുകള്‍ അദ്ദേഹത്തിനുവേണ്ടി വന്നു. 'ചാവാളർ' എന്നറിയപ്പെടുന്ന ചാവേറുകളായിരുന്നു അവർ. അക്കാലത്തെ ചന്ത്രത്തിൽ പണിക്കർ, പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കോട്ട് പണിക്കർ എന്നീ നാലു പടനായർ കുടുംബങ്ങള്‍ക്കായിരുന്നു ചാവേറുകളുടെ നേതൃത്വം. അടിയിലും അഭ്യാസത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ട ചാവേറുകൾ ഇവിടെ നിന്നും സാമൂതിരിയുടെ തലയെടുക്കുവാൻ ഓരോ മാമാങ്ക കാലത്തും തിരുനാവായിലേക്ക് പുറപ്പെട്ടിരുന്നു.

പുറപ്പാട് ഇങ്ങനെ

പുറപ്പാട് ഇങ്ങനെ

വള്ളുവക്കോനാതിരിക്കു വേണ്ടി ജീവൻ പോലും നല്കി അഭിമാനം സംരക്ഷിക്കുവാൻ കടപ്പെട്ടവരായിരുന്നു ഓരോ ചാവേറും. മുന്നിലെത്തി നിൽക്കുന്ന മരണത്തിനൊപ്പം ധീരന്മാരായി പിന്തിരിഞ്ഞു നോക്കാതെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ മാമാങ്കത്തറയി നിന്നും ചാവേറുകളുടെ ആ യാത്ര ആരംഭിക്കും. ഓരോ അനക്കത്തിലും ചെവിയോർത്ത്, രാവിനെ പകലാക്കി മുന്നോട്ട് പോയി അവിടെ നിന്നും പിന്നീട് തിരുനാവായ്ക്കടുത്തുള്ള വീരാഞ്ചിറയിലെത്തുന്ന ചാവേറുകൾ ഇവിടുത്തെ നിലപാട് തറയിൽ വിശ്രമിക്കുന്നു. ചാവേറുകളായി പോകുന്നവരെ നാടിന്റെ സ്വത്തായി കരുതി സ്നേഹത്തോടെ ഊട്ടയും ഉറക്കിയും വിടുന്ന പാരമ്പര്യവും ഇവിടെ നിലനിന്നിരുന്നു.

ഒടുവിൽ തിരുനാവായിലെ ആൽത്തറയിലെ നിലപാടു തറയിൽ തലയുയർത്തി നിന്ന് താൻ മാമാങ്കത്തിന് അധ്യക്ഷനാകുന്നതിൽ എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കുന്ന നിമിഷം ഓരോ ചാവേറും തങ്ങളുടെ വിധിയിലേക്കുള്ള യാത്രയ്ക്കൊരുങ്ങും. സാമൂതിരിയുടെ പടയാളികളും അദ്ദേഹത്തിൻറെ അധികാരം അംഗീകരിക്കുന്നവരും തിരുവായ്ക്ക് എതിർവായില്ലാതെ നിൽക്കുമ്പോൾ ചാവേറുകൾ തങ്ങളുടെ എതിർപ്പുയർത്തി പടപൊരുതി വെട്ടിക്കയറുവാൻ തുടങ്ങിയിരിക്കും. ആയിരക്കണക്കിന് വരുന്ന സാമൂതിരിയുടെ പടയാളികളെയും സേനയെയും മറികടന്ന് സാമൂതിരിയുടെ അടുത്ത് നിലപാട് തറയിൽ എത്തുവാൻ ഇത്രയും കാലത്തെ ചരിത്രത്തിനിടയിൽ ഒന്നോ രണ്ടോ ചാവേറകൾക്കേ കഴിഞ്ഞിരുന്നുവുള്ളുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തൊട്ടടുത്തെത്തിയിട്ടും വാളോങ്ങിയിട്ടും പിന്നിൽ നിന്നു വന്ന വാൾമുനയിൽ അവിടെ ഒടുങ്ങി ചാവേറുകളുടെ ജീവിതം.

1755 ൽ അവസാന മാമാങ്കം നടന്നതു വരെ ഒരിക്കൽ പോലും മാമാങ്കത്തിന് നിലപാട് നിൽക്കുക എന്ന വള്ളുവക്കോനാതിരിയുടെ ഏറ്റവും വലിയ മോഹം നടന്നില്ല.

ചന്ത്രത്തിൽ ചന്തുണ്ണി

ചന്ത്രത്തിൽ ചന്തുണ്ണി

ചരിത്രകഥകളനുസരിച്ച് 1695ലെ മാമമാങ്കത്തിൽ വെറും 16 വയസ്സുള്ള ചന്ത്രത്തിൽ ചന്തുണ്ണി എന്ന ബാലൻ സാമൂതിരിയുടെ പതിനായിരക്കണക്കിന് ഭടന്മാരെ പിന്നിട്ടും വെട്ടിയരിഞ്ഞും വിനിലപാട് തറയിൽ കാലുറപ്പിച്ചിരുന്നു. നൂറ്റാണ്ടുകളായി കനലെരിഞ്ഞ പ്രതികാരത്തിൻ വാൾത്തല സാമൂതിരിയുടെ ശരീരത്തെ സ്പർശിച്ചെങ്കിലും ചെറിയ മുറിവോടെ സാമൂതിരി രക്ഷപെടുകയുണ്ടായി. ഇത് സംഭവിച്ചത് ഏറ്റവും അവസാനത്തെ മാമാങ്കമായിരുന്ന 1755 ലെ മാമാങ്കത്തിലായിരുന്നുവെന്നും ഒരു വാദമുണ്ട്.

ജീവിക്കുന്ന തെളിവുകൾ

ജീവിക്കുന്ന തെളിവുകൾ

മാമാങ്കം ഒരു മിത്ത് മാത്രമല്, ഒരിക്കൽ നടന്നിരുന്നു എന്നു തെളിയിക്കുന്ന പല കാര്യങ്ങളും തിനുനാവായുടെ പല ഭാഗങ്ങളിലായി കാണാം. സാമൂതിരിയുടെ നിലപാട് തറ, സാമൂതിരി പടയാളികളുടെ വാളിൽ ജീവൻ ഹോമിച്ച ചാവേറുകളുടെ മൃതദേഹം വലിച്ചെറിഞ്ഞിരുന്ന മണിക്കിണർ, ചാവേറുകളെ പട്ടിണിക്കിട്ട് കൊന്നിരുന്ന പട്ടിണിത്തറ, മരുന്നറ, മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം തുടങ്ങി ചരിത്രത്തെ സാധൂകരിക്കുന്ന പല തെളിവുകളും ഇവിടെ ഇന്നും കാണാം.

ഇന്ന് നടന്നിരുന്നുവെങ്കിൽ

ഇന്ന് നടന്നിരുന്നുവെങ്കിൽ

12 വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കം ഏറ്റവും അവസാനമായി നടന്നത് 1755 ലാണ്. മാമാങ്കം തുടർന്നിരുന്നുവെങ്കിൽ ഈ 2019 ലും ഒരു മാമങ്കം നടക്കേണ്ടതായിരുന്നു. അതായത് അവസാന മാമങ്കത്തിനു ശേഷം, 264 വർഷങ്ങൾ കഴിഞ്ഞുള്ള 22-ാംമത്തെ മാമാങ്കം.

ഫോട്ടോ കടപ്പാട്- വിക്കിമീഡിയ കോമൺ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more