ഐതിഹ്യങ്ങളും കെട്ടുകഥകളും ധാരാളമുണ്ട് ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിനും ഇവിടുത്തെ പ്രസിദ്ധമായ രഥയാത്രയ്ക്കും.
ഗോകുലത്തിൽ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീ കൃഷ്ണന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന രഥയാത്ര ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു ചടങ്ങാണ്. ആഷാഢമാസത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന രഥയാത്രയിൽ കുറഞ്ഞത് എട്ടു ലക്ഷം ആളുകളെങ്കിലും പങ്കെടുക്കുവാൻ വരുമെന്നാണ് വിശ്വാസം. ജഗനാഥോത്സവം എന്നും അറിയപ്പെടുന്ന ഈ ചടങ്ങില്‍ ജഗനാഥേശ്വരൻ, ബലരാമൻ, സുഭദ്ര എന്നിവരെ വഹിച്ചുകൊണ്ടുള്ള രഥങ്ങളാണ് എഴുന്നള്ളിക്കുന്നത്.
രഥയാത്രയെക്കുറിച്ചും അതിന്റെ പിന്നിലെ കഥകളെക്കുറിച്ചും കൂടുതലറിയാം...

എന്നാണിത്?
ഒഡീഷയിലെ ഏറെ പ്രശസ്തമായ പുരി ജഗനാഥ ക്ഷേത്രത്തിൽ എല്ലാ വർഷവും ആഷാഢ മാസത്തിലാണ് രഥോത്സവം നടക്കുക.

മൂന്നു പ്രതിഷ്ഠകൾ
മൂന്നു പ്രതിഷ്ഠകളാണ് പുരി ജഗനാഥ ക്ഷേത്രത്തില്‍ ഉള്ളത്. ജഗനാഥന് അഥവാ കൃഷ്ണന്, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നവരെയാണ് ഇവിടെ ആരാധിക്കുന്നത്. മരത്തിലാണ് മൂന്നു പേരുടെയും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബാലഭദ്രന്റെ വിഗ്രഹം ആറടി ഉയരത്തിലുള്ളതും വെളുത്ത നിറം പൂശിയതുമാണ്. സുഭദ്രയുടേത് നാലടി ഉയരത്തില്‍ മഞ്ഞ നിറമാണ് പൂശിയിരിക്കുന്നത്. ജഗനാഥനായ കൃഷ്ണന്റെ വിഗ്രഹത്തിന് അഞ്ചടി ഉയരവും കറുത്ത നിറവുമാണ് ഉള്ളത്. ഇവിടെ സുഭദ്രയുടെ വിഗ്രഹത്തിന് കൈയ്യും കാലും ഇല്ല.
PC:Sujit kumar

ഭഗവാന്റെ പനിയും ജലദോഷവും ഭേദമാകുമ്പോൾ
ഭഗവാനും പനിയോ എന്നു ആലോചിച്ച് അത്ഭുതപ്പെടേണ്ട കാര്യമില്ല. പുരി ജഗനാഥ ക്ഷേത്രത്തിലെ വിശ്വാസങ്ങൾ അനുസരിച്ച് ജഗനാഥന് പനിയും ജലദേഷവും വരുമത്രെ. അപ്പോൾ പതിനഞ്ച് ദിവസത്തോളം ക്ഷേത്രം അടച്ചിടുകയാണ് ചെയ്യുന്നത്. ഭഗവാനും സഹോദരങ്ങളും ചികിത്സയിൽ കഴിയുന്നതിനാലാണ് ക്ഷേത്രം താത്കാലികമായി അടച്ചിടുന്നത്. ഇവിടുത്തെ ആചാരങ്ങൾ അനുസരിച്ച് ജ്യേഷ്ഠ പൗർണ്ണമി നാളിൽ തീർഥജലം കൊണ്ട് അഭിഷേകം നടത്തുമ്പോൾ ഭഗവാനും സഹോദരങ്ങൾക്കും ജലദോഷവും പനിയും പിടിപെടുമത്രെ. അതുകൊണ്ട് ഇവരെ ചികിത്സിക്കാനാണ് ക്ഷേത്രം അടച്ചിടുന്നത്. ഏലക്ക, കരയാമ്പൂ, കുരുമുളക്, ജാതിക്ക, റോസ് വാട്ടര്‍, തുളസിയില, ചന്ദനം, ശര്‍ക്കര, ഗംഗാജലം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കധ എന്ന പ്രത്യേക മരുന്നു നല്‍കിയാണ് ഇവരെ ശുശ്രൂഷിക്കുന്നത്. ഇവരുടെ അസഖം മാറിക്കഴിഞ്ഞ് ഇവരെ ക്ഷേത്രത്തിന് വെളിയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് രഥയാത്ര എന്ന് അറിയപ്പെടുന്നത് എന്നാണ് വിശ്വാസം.
PC:Dreamodisha

ഗോകുലത്തിൽ നിന്നും മധുരയിലേക്കുള്ള യാത്ര
ഇവിടുത്തെ മറ്റൊരു വിശ്വാസം അനുസരിച്ച് ഗോകുലത്തിൽ നിന്നും മധുരയിലേക്കുള്ള ശ്രീ കൃഷ്ണന്റെ യാത്രയയും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. കൃഷ്ണൻ തന്റെ മാതാവിന്റെ സഹോദരിയെ സന്ദർശിക്കാനായാണ് പോകുന്നതത്രെ. ക്ഷേത്രത്തിൽ നിന്നും ജഗനാഥന്റെയും ബലരാമന്റെയും സുഭദ്രയുടെയും വിഗ്രഹങ്ങൾ വലിയ രഥങ്ങളിൽ കയറ്റി ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു മൈൽ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്കാണ് ഈ രഥങ്ങൾ കൊണ്ടു പോകുന്നത്.ഏഴു ദിവസം ഈ വിഗ്രഹങ്ങൾ അവിടുത്തെ ക്ഷേത്രത്തിൽ സൂക്ഷിച്ചതിനു ശേഷം പിന്നീട് ജഗനാഥ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരും.
ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിനും തിരക്കിനും അനുസരിച്ച് പുരിൽ നിന്നും ഗുണ്ടിച്ച ബാരിയിലേക്ക് രഥം എത്തുവാനെടുക്കുന്ന സമയത്തിന് വ്യത്യാസമുണ്ടാകും.
PC:wikimedia

രഥങ്ങൾ
ശ്രീ കൃഷ്ണന്റെ വിഗ്രഹം കൊണ്ടു പോകുന്ന രഥത്തിനാണ് ഏറ്റവും വലുപ്പമുള്ളത്. 50 അടീ ഉയരവും, 35 അടി വശവുമുള്ള ചതുരാകൃതിയിലുള്ള അടിത്തട്ടുമാണ് ഇതിന്റേത്. 16 ചക്രങ്ങളുള്ള ഈ രഥത്തിന്റെ ഓരോ ചക്രത്തും 7 അടീ വ്യാസം കാണും.

രഥ യാത്ര കഴിഞ്ഞാൽ
പുരിയിൽ എത്തുന്നവർക്ക് ഇവിടുത്തെ നിരവധിയായ ക്ഷേത്രങ്ങൾ അല്ലാതെ ഒട്ടനവധി സ്ഥലങ്ങളും കാണുവാനുണ്ട്. പുരി ബീച്ച്, കൊണാർക്ക് ബീച്ച്, സഖി ഗോപാൽ, പിപിലി, ഗുണ്ടിച്ച പുരി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന സ്ഥലങ്ങൾ
PC:G-u-t

ഗുണ്ടിച്ച പുരി ക്ഷേത്രം
ജഗനാഥന്റെ ഭവനം എന്നു തന്നെ അറിയപ്പെടുന്ന ഇടമാണ് ഗുണ്ടിച്ച പുരി ക്ഷേത്രം. രഥ യാത്ര നടക്കുന്ന സമയത്ത് മാത്രമാണ് ഇവിടെ ആളുകൾ എത്തുന്നത്. ഒരു പൂന്തോട്ടത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇവിടുത്തെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ്.
PC:Ben30ghosh

കൊണാർക്ക്
പുരിയിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന മറ്റൊരിടമാണ് കൊണാർക്ക് എന്ന പൈതൃക നഗരം. സൂര്യ ക്ഷേത്രത്തിന്റെ പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. ബ്ലാക്ക് പഗോഡ എന്ന പേരിൽ വിദേശികൾക്കിടയിൽ അറിയപ്പെടുന്ന ഇവിടം ബീച്ചിനും പേരുകേട്ട സ്ഥലമാണ്.
PC:Sambit 1982

പിപിലി
പുരി നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പിപിലി വളരെ പ്രാചീനമായ ഒരു നഗരമാണ്. കരകൈശല വസ്തുക്കൾക്ക് ഏറെ പേരുകേട്ട നഗരമാണിത്. മുഗൾ ഭരണത്തിന്റെ ശേഷിപ്പുകൾ ഇന്നും അവശേഷിക്കുന്ന ഇവിടം പഴമയിലേക്കുള്ള ഒരു കവാടമായാണ് സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്.
പിപിലിയിൽ നിന്നും ദൗലി എന്ന സ്ഥവും സന്ദർശിക്കുവാൻ സാധിക്കും.

സഖിഗോപാൽ
ശ്രീകൃഷ്ണന്റെ ക്ഷേത്രത്തിനു പേരുകേട്ട സഖിഗോപാൽ എന്ന ഇടം പുരിയിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിൽ കൃഷ്ണനൊപ്പം രാധയെയും ആരാധിക്കുന്നു. ജഗനാഥ ക്ഷേത്രത്തിന്റെ ഒരു ചെറിയ പതിപ്പു തന്നെയാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം.
PC:Sidsahu