ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ച് മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരിടം. മനുഷ്യർ തമ്മിൽ ഐക്യപ്പെട്ടാൽ ചെയ്തു തീർക്കുവാൻ കഴിയുന്നത് അത്ഭുതങ്ങളാണെന്ന് ആളുകളെ ഓർമ്മിപ്പിക്കുന്ന ഒരിടം. സമത്വത്തിൻറെ ആശയം മുന്നിൽ നിർത്തി പോരാടുന്ന ഓറോവിൽ ഇന്നും ലോകത്തിനു അത്ഭുതമാണ്. തമിഴ്നാട്ടിലെ വില്ലുപുരത്തിനു സമീപം, പോണ്ടിച്ചേരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഓറോവിൽ ഒരു ആഗോള നഗരമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരേ മനസ്സോടെ കഴിയുന്ന ഈ സ്ഥലത്തേക്ക് ഒന്നു പോയാൽ കൊള്ളാമെന്നു തോന്നുന്നില്ലേ...

മാത്രി മന്ദിർ
ഓറോവില്ലിൽ എത്തിയാൽ ആദ്യം കാണേണ്ട ഇടങ്ങളിലൊന്നാണ് മാത്രി മന്ദിർ. സുവർണ്ണ നിറത്തിലുള്ള ഒരു ഗോളം പോലെ തോന്നിക്കുന്ന ഇതിന്റെ വിസ്മയങ്ങൾ അറിയണമെങ്കിൽ അതിനുള്ളിലേക്ക് കയറണം. യോഗ, ധ്യാനം, ആത്മീയമായ സമ്മേളനങ്ങൾ തുടങ്ങിയവയ്ക്കായി നിർമ്മിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണിത്. മൂടി നിൽക്കുന്ന നിശബ്ദതയാണ് ഇതിന്റെ പ്രത്യേകത.
PC:wikipedia

പച്ചപ്പിനെയറിയാം ബോട്ടാണിക്കൽ ഗാർഡനിൽ
ഓറോവില്ലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ബോട്ടാണിക്കൽ ഗാർഡൻ ഇവിടെ എത്തുന്നവരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇതിനോട് ചേർന്ന് ഒരു പരിസ്ഥിതി പഠന കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.
PC:McKay Savage

ഇന്റേണൽ യോഗ
യോഗയുടെ വിവിധ വശങ്ങൾ അറിയുക എന്ന ഉദ്ദേശത്തിൽ ശ്രീ അരബിന്ദോ മുന്നോട്ടുവെച്ച ആശയങ്ങളിലൊന്നാണ് ഇന്റേണൽ യോഗ. വെറുതെ ചെയ്തു പോകാതെ ഇതിന്റെ എല്ലാ തലങ്ങളും മനസ്സിലാക്കി യോഗയുടെ ശക്തി ഉള്ളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിലാണിത് പ്രവർത്തിക്കുന്നത്.
PC:Sanyam Bahga

സാവിത്രി ഭവന്‍
ഓറോവില്ലിലെ ഭാരത് നിവാസിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന സാവിത്രി ഭവൻ ഒരു തുറന്ന ഗ്രന്ഥശാലയാണ്. അരബിന്ദോയുടെയും മദർ എന്നറിയപ്പെടുന്ന മിറാ അൽഫാസ്സയുടെയും കൃതികളാണ് ഇവിടെയുള്ളത്. ടോക്കുകളും സെമിനാറുകളും ഒക്കെ ഇവിടെ വെച്ചാണ് നടക്കുക.
PC:Sanyam Bahga

കാടുകളെ അറിയാം
സാധാരണ ഭൂമിയെ കാടുകളാക്കി മാറ്റി പ്രകൃതിയോടുള്ള കടമ കാണിക്കുന്നവര്‍ കൂടിയാണ് ഇവിടെയുള്ളവർ. അതിന്റെ മികച്ച ഉദാഹരണമാണ് ഇവിടുത്തെ സാധാനാ കാടുകൾ. പ്രത്യേകം പരിശീലനം ലഭിച്ച ആളുകളുടെ നേതൃത്വത്തിലാണ് ഇവിടെ വനവത്ക്കരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
PC:Sanyam Bahga

കൾച്ചറൽ പവലിയൻ
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ജാതിയുടെയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ ഒന്നും വ്യത്യാസമില്ലാതെ ഒരുപോലെ ജീവിക്കുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ ഇവിടെ വ്യത്യസ്തങ്ങളായ സംസ്കാരത്തിന്റെ കൂടിച്ചേരലുകൾ കാണുവാൻ സാധിക്കും. സാധാരണ ഗതിയിൽ ഇവിടെയുള്ളവർ ഈ പവലിയനുകളിൽ ഒരുമിച്ചുകൂടി തങ്ങളുടെ നാടിനെക്കുറിച്ച് പറയുവാനും മറ്റുള്ലവരുടെ സംസ്കാരങ്ങള അറിയുവാനും സഹായിക്കുന്ന പരിപാടികൾ നടത്താറുണ്ട്.