» »മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!!

മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!!

Written By: Elizabath

2015 ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി എന്ന സിനിമയിലെ ദുര്‍ഖറിന്റെ ഒറ്റചോദ്യത്തിലൂടെ കേരളത്തിലെ യുവാക്കള്‍ നെഞ്ചിലേറ്റിയ സ്ഥലമാണ് മീശപ്പുലിമല. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച ചാര്‍ലി എന്ന കഥാപാത്രത്തിന്റെ മീശപുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യം സഞ്ചാരികള്‍ ഏറ്റെടുത്തപ്പോള്‍ പ്രശസ്തമായത് ഇടുക്കിയിലെ മൂന്നാറിന് സമീപം സ്ഥിതി ചെയ്യുന്ന മീശപ്പുലിമല എന്ന ആരാലും അറിയപ്പെടാതിരുന്ന പ്രകൃതിയുടെ ഒരു രഹസ്യ സങ്കേതം തന്നെയായിരുന്നു എന്നു പറയാം. അതിനുമുന്‍പ് അപൂര്‍വ്വമായി മാത്രം സഞ്ചാരികളും സാഹസികരും എത്തിയിരുന്ന ഒരിടം മാത്രമായിരുന്നു ഇത്.
എന്നാല്‍ ഇപ്പോള്‍ നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്ന ഇവിടെ ട്രക്കിങ്ങ് നടത്തുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

മീശപ്പുലിമല യാത്രയക്കൊരുങ്ങും മുന്‍പ്!

PC:Niyas8001

മൂന്നാറില്‍ നിന്നും

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി റൂട്ടിലൂടെ സഞ്ചരിച്ച് അരുവിക്കാട് എസ്‌റ്റേറ്റില്‍ എത്താം. ഇവിടെ നിന്നും അടുത്തായാണ് ട്രക്കിങ്ങിന്റെ ബേസ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. ബേസ് ക്യാംപിലേക്കുള്ള യാത്ര ഇത്തിരി കടുപ്പമാണെങ്കിലും തീര്‍ച്ചയായും ആസ്വദിക്കുവാന്‍ പറ്റിയതുതന്നെയാണ്.

മീശപ്പുലിമല യാത്രയക്കൊരുങ്ങും മുന്‍പ്!

PC: Dipu TR

മീശപ്പുലി മലയിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട ഒരിടമാണ് റോഡോ വാലി. ഇവിടെയാണ് ബേസ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. മീശപ്പുലിമലയിലേക്കുള്ള ട്രക്കിങ് അതിരാവിലെ ആരംഭിക്കേണ്ടതിനാല്‍ തലേദിവസമെത്തുന്ന സഞ്ചാരികള്‍ ഇവിടുത്തെ താത്കാലിക ടെന്റുകളിലാണ് താമസിക്കുന്നത്.

റോഡോവാലിയിലെ പ്രഭാതം
എന്നും കാണുന്ന പ്രഭാതം ആയിരിക്കില്ല റോഡോവാലിയിലേതെന്ന് ആദ്യമേ തന്നെ ഉറപ്പുതരാം. സൂര്യന്റെ ആദ്യകിരണങ്ങള്‍ വിളിച്ചുണര്‍ത്തുമ്പോള്‍ തന്നെ അറിയാം ഇവിടെയെത്തിയത് ഒട്ടും മോശമായിട്ടില്ല എന്ന്.

മീശപ്പുലിമല യാത്രയക്കൊരുങ്ങും മുന്‍പ്!

PC:Niyas8001

ഒന്‍പതു മലകള്‍

റോഡോ വാലിയില്‍ നിന്നും മീശപ്പുലിമലയിലേക്കുള്ള യാത്രയില്‍ ഒന്‍പതു മലകളാണുള്ളത്. ഇവിടെ നിന്നുള്ള വ്യൂ വിവരിക്കാന്‍ വാക്കുകള്‍ കിട്ടാറില്ല. അത്രയും ഭംഗിയാണ് ഇവിടെനിന്നും കാണാന്‍ സാധിക്കുന്ന കാഴ്ചകള്‍ക്ക്. കുറഞ്ഞത് രണ്ടു മണിക്കൂര്‍ സമയമെങ്കിലും വേണം മീശപ്പുലിമലയിലെത്താന്‍. ഒന്‍പതു മലകളില്‍ ഏറ്റവും അവസാനത്തെയാണ് മീശപ്പുലിമല. ഇവിടെനിന്നുള്ള വ്യൂവും ഗംഭീരം തന്നെയാണ്.
ഇവിടെ നിന്നും ആനമുടി, ചൊക്രന്‍മുടി, പഴനി ഹില്‍സ് തുടങ്ങിയവയുടെയൊക്കെ മനോഹരമായ കാഴ്ചകള്‍ കാണാം.


മീശപ്പുലിമലയിലേക്കുള്ള നിയമനുസൃത വഴികള്‍
സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതു കാരണം ഇവിടെയെത്താന്‍ വ്യത്യസ്ഥങ്ങളായ വഴികളാണ് സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇവയില്‍ ചില റൂട്ടുകള്‍ നിയമങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍ ഇത്തരം യാത്രകള്‍ പിടിക്കപ്പെട്ടാല്‍ തടവും പിഴയുമടക്കമുള്ള ശിക്ഷകളാണ് കാത്തിരിക്കുന്നത്.

മീശപ്പുലിമല യാത്രയക്കൊരുങ്ങും മുന്‍പ്!

PC: Niyas8001

മല കയറാന്‍

മീശപ്പുലിമല കയറാന്‍ താല്പര്യമുള്ളവര്‍ക്ക് കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സഹായത്തോടെ ഇവിടെയെത്താന്‍ സാധിക്കും. ഇവിടേക്കുള്ള ട്രക്കിങ്ങിന് നിയമസാധുതയുള്ളത് ഇതു മാത്രമാണ്. കെ.എഫ്.ഡി.സി.യുടെ ബേസ് ക്യാംപില്‍ ഉള്ള താമസത്തിന് രണ്ടു പേര്‍ക്ക് 3500 രൂപയും തൊട്ടടുത്തായുള്ള സ്‌കൈ കോട്ടേജിലെ താമസത്തിന് 7000 രൂപയുമാണ് ചാര്‍ജ് ചെയ്യുന്നത്. റോഡോ വാലിയിലെ റോടോ മാന്‍ഷനില്‍ 2 പേര്‍ക്ക് 7000 രൂപ തന്നെയാണ്. താമസവും ഭക്ഷണവും ട്രക്കിങ് ചാര്‍ജും ഗൈഡിന്റെ സേവനവും ഉള്‍പ്പെടെയുള്ള ചാര്‍ജ്ജാണിത്. ഇവിടെ നിന്നും ഫോറസ്റ്റ ്അധികൃതരുടെ മേല്‍നോട്ടത്തില്‍ ഗൈഡ് അടക്കമുള്ള സൗകര്യങ്ങല്‍ ഉപയോഗിച്ച് സുരക്ഷിതമായി ട്രക്ക് ചെയ്യാന്‍ സാധിക്കും.

മീശപ്പുലിമല യാത്രയക്കൊരുങ്ങും മുന്‍പ്!

PC: Niyas8001

കൂടുതലറിയാന്‍

ട്രക്കിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മൂന്നാര്‍ ഓഫീസിലാണ് ബന്ധപ്പെടേണ്ടത്.
http://www.kfdcecotourism.com/ എന്ന സൈറ്റിലും 04865 230332 എന്ന ഫോണ്‍ നമ്പറിലും വിവരങ്ങള്‍ ലഭിക്കും.