Search
  • Follow NativePlanet
Share
» »പരശുരാമന്‍റെ കേരളത്തിലെ അവസാന ക്ഷേത്രം!

പരശുരാമന്‍റെ കേരളത്തിലെ അവസാന ക്ഷേത്രം!

ഐതിഹ്യങ്ങളാലും മിത്തുകളാലും സമ്പന്നമായിരിക്കുന്ന തൃക്കാരിയൂർ മഹാദേവക്ഷേത്രത്തെക്കുറിച്ചറിയാം...

By Elizabath Joseph

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടെയും ചരിത്രം എടുത്താൽ അവിടെ കാണാൻ സാധിക്കുന്ന പേരാണ് ഒരേസമയം യോഗിയും ഗുരുവും ഒക്കെയായുള്ള പരശുരാമൻറേത്. വിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായ പരശുരാമൻ കേരളത്തിൽ 108 ശിവക്ഷേത്രങ്ങളും 108 ദുർഗ്ഗാ ക്ഷേത്രങ്ങളും അഞ്ച് ശാസ്താ ക്ഷേത്രങ്ങളും കുറച്ച് വിഷ്ണു ക്ഷേത്രങ്ങളും നിർമ്മിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചേരരാജാക്കൻമാരുടെ ആസ്ഥാനമായി കരുതപ്പെടുന്ന കരവൂർ എന്ന സ്ഥലത്താണ് പരശുരാമൻ തന്റെ അവസാന ക്ഷേത്ര പ്രതിഷ്ഠ നടത്തിയതെന്നാണ് കരുതപ്പെടുന്നത്. ഐതിഹ്യങ്ങളാലും മിത്തുകളാലും സമ്പന്നമായിരിക്കുന്ന തൃക്കാരിയൂർ മഹാദേവക്ഷേത്രത്തെക്കുറിച്ചറിയാം...

എവിടെയാണ്?

എവിടെയാണ്?

എറണാകുളം ജില്ലയിൽ കോതമംഗലത്തിനു സമീപം സമീപം കരവൂർ എന്ന സ്ഥലത്താണ് തൃക്കാരിയൂർ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോതമംഗലം ടൗണിൽ നിന്നും നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. എന്നാൽ ഇവിടേക്ക് ബസ് സൗകര്യം ഇല്ല. അതിനാൽ ഓട്ടോറിക്ഷയിൽ പോകേണ്ടി വരും. ഒട്ടേറെ ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഈ മഹാദേവ ക്ഷേത്രത്തിന് പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടുമായി ചേർന്ന ഒരു ഐതിഹ്യം കൂടിയുണ്ട്.

ഭൂതത്താൻകെട്ടും തൃക്കാരിയൂർ മഹാദേവക്ഷേത്രവും

ഭൂതത്താൻകെട്ടും തൃക്കാരിയൂർ മഹാദേവക്ഷേത്രവും

പെരിയാറിന് കുറുകെ നിർമ്മിക്കപ്പെട്ട ഭൂതത്താൻകെട്ട് അണക്കെ
ട്ടിനെകുറിച്ചുള്ള വിശ്വാസങ്ങൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. പരശുരാമ്‍ ഇവിടെ ക്ഷേത്രം സ്ഥാപിച്ചതിനു ശേഷം ഗ്രാമത്തിന്റെ ഐശ്വര്യം നാൾക്കുനാൾ വർധിച്ചുനന്നു. എന്നാൽ ഇതിൽ അസ്വസ്ഥരായ ഭൂതങ്ങൾ ഗ്രാമത്തെ എങ്ങനെയും നശിപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ വളരെ രഹസ്യമായി ഒരു രാത്രിയിൽ അടുത്തുള്ള പുഴയിൽ ഒരു അണ കെട്ടുവാനും അങ്ങനെ ഗ്രാമത്തെയും ക്ഷേത്രത്തെയും വെള്ളത്തിനടിയിലാക്കി നശിപ്പിക്കുവാനുമായിരുന്നു അവരുടെ പദ്ധതി. അങ്ങനെ രാത്രി അവർ പണി തുടങ്ങി. എന്നാൽ ഇത് മുൻകൂട്ടി കണ്ട തൃക്കാരിയൂരപ്പനായ ശിവൻ രാത്രി ഭൂതങ്ങൾ പണി നടത്തുന്ന സ്ഥലത്തെത്തി. ഒരു പൂവൻകോഴിയുടെ രൂപത്തിൽ വന്ന ശിവൻ നേരം വെളുത്തതായി അറിയുക്കുവാൻ കൂവി. എന്നാൽ ഇത് തങ്ങളെ കബളിപ്പിക്കുവാൻ ചെയ്തതാണെന്ന് മനസ്സിലാകാത്ത ഭൂതങ്ങൾ നേരം വെളുത്തു എന്നു കരുതി പണി അവിടെ അവസാനിപ്പിച്ച് പോയി. അങ്ങനെ അന്ന് ആ ഗ്രാമം തൃക്കാരിയൂരപ്പന്റെ കരുണ കൊണ്ട് രക്ഷപെട്ടു. അന്ന് ഭൂതത്താൻമാർ ഗ്രാമത്തെ നശിപ്പിക്കാനായി നിർമ്മിച്ച് പാതി വഴിയിലുപേക്ഷിച്ച അണക്കെട്ടാണ് ഭൂതത്താൻകെട്ട് എന്നറിയപ്പെടുന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ ഉണ്ടത്രെ.

PC:കാക്കര

ക്ഷേത്രനിര്‍മ്മിതി

ക്ഷേത്രനിര്‍മ്മിതി

നാലേക്കറോളം വരുന്ന സ്ഥലത്ത് കൂറ്റൻ മതിലിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവലിംഗമെന്നാണ് വിശ്വാസമെങ്കിലും ഇവിടെ കാണാൻ സാധിക്കുന്നത് സ്വയംഭൂ ശിവലിംഗമാണ്. സോപനത്തിലെയും ബലിക്കൽപുരയിലെയും ദാരുശില്പങ്ങളും കൊത്തുപണികളും ചുവർചിത്രങ്ങളും വളരെ മനോഹരമാണ്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ സപ്തനദികളുടെ പ്രത്യേകിച്ച് ഗംഗാ നദിയുടെ സാന്നിധ്യം ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. അതിനാൽ ഇവിടുത്തെ ജലത്തെ പവിത്രമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. പരശുരാമന്‍ പാതാളത്തിലേക്ക് അപ്രത്യക്ഷനായത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാസം. അവിടെ അദ്ദേഹത്തിന്റെ പാദമുദ്രയും ഒരു വിളക്കുമാണ് പൂജിക്കുന്നത്. അദ്ദേഹത്തിന്റെ ഛായാചിത്രവും ഇവിടെ കാണാം. ഇവിടെ തൊഴുതതിനു ശേഷം മാത്രമേ ക്ഷേത്രദർശനത്തിന് പോകാൻ പാടുള്ളൂ എന്നും ഒരു വിശ്വാസമുണ്ട്.
ഇവിടുത്തെ ശ്രീകോവിൽ ദാരു ശില്പങ്ങളാലും ചുവർചിത്രങ്ങളാലും ഏറെ സമ്പന്നമാണ്. ദക്ഷിണാമൂർത്തി, കാളിയമർദ്ദനം, ഗണപതി, അർധനാരീശ്വരി, ഹനുമാൻ തുടങ്ങിയവരെയും ഇവിടുത്തെ ചുവർചിത്രങ്ങളിൽ കാണാം. സപ്തമാതൃക്കളെ വിഗ്രഹത്തിന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.

PC: Facebook

തീയാട്ടുണ്ണികൾ

തീയാട്ടുണ്ണികൾ

തീയാട്ടുണ്ണികൾ എന്നത് അമ്പലവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരു പ്രത്യേക സമുദായക്കാരാണ്. തീയാട്ട് എന്ന അനുഷ്ഠാന കല നടത്തുന്ന ആളുകളാണ് ഇവർ. ഈ സമുദായത്തിന്റെ പിറവിക്ക് പിന്നിൽ തൃക്കാരിയൂർ ക്ഷേത്രമാണുള്ളത്. ഒരിക്കൽ തൃക്കാരിയൂറിൽ വസൂരിബാധയുണ്ടായി. അനേകം ആളുകൾക്ക് രോഗം ബാധിക്കുകയും ഒത്തിരിപ്പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. അങ്ങനെവന്നപ്പോൾ ക്ഷേത്രം നടത്തിപ്പുകാർ ചേർന്ന് പ്രതിവിധിയ്ക്കായി പരശുരാമനോട് പ്രാർഥിക്കുകയും അദ്ദേഹം കയ്യിൽ ഒരു തീപ്പന്തവുമായി പ്രത്യക്ഷപ്പെട്ട് വസൂരി ബാധിത ഗൃഹങ്ങളിലെല്ലാം അതുകൊണ്ട് ഉഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആരും അദ്ദേഹത്തിൽ നിന്നും ആ പന്തം ഏറ്റുവാങ്ങുവാൻ തയ്യാറായില്ല. എന്നാൽ പെട്ടന്ന് പന്ത്രണ്ട് വയസ്സുള്ള ഒരു ബ്രാഹ്മണ ബാലൻ ഓടിവന്ന് ഇടതുകൈ കൊണ്ട് അദ്ദേഹത്തിൽ നിന്നും തീപ്പന്തം ഏറ്റുവാങ്ങി. എന്നാൽ ബാലൻ ഇടതുകൈ കൊണ്ട് അത് വാങ്ങിയത് ഇഷ്ടപ്പെടാതിരുന്ന പരശുരാമ്ന‍ തന്റെ അനിഷ്ടം അവരെ അറിയിച്ചു. എന്നാൽ പന്തം ഉഴിയൽ നടത്തണമെന്നും അത് നാടിന് നല്ലതാണെന്നും അറിയിച്ച ശേഷം തിരികെ പോയി. പിന്നീട് ക്ഷേത്ര നടത്തിപ്പുകാരും നാട്ടുകാരും ചേർന്ന് ആ കുട്ടിയെയും അവരുടെ വീട്ടുകാരെയും ഭ്രഷ്ട് കല്പിച്ച് പുറത്താക്കി പ്രത്യേക സമുദായമാക്കി മാറ്റി. അങ്ങനെ തീയ്യാട്ടുണ്ണികൾ എന്ന സമുദായം രൂപപ്പെട്ടു. ഇപ്പോൾ എല്ലാ മാസവും തിരുവാതിര നാളിൽ തൃക്കാരിയൂർ ക്ഷേത്രത്തിൽ തീയാട്ടുണ്ണികളുടെ പന്തമുഴിയലും തീയാട്ടും നടക്കാറുണ്ട്.

PC: Facebook

പ്രത്യേകതകൾ

പ്രത്യേകതകൾ

ഒട്ടേറെ പ്രതിയേകതകളുള്ള ശിവക്ഷേത്രമാണ് തൃക്കാരിയൂർ. മഹാക്ശേത്രമായ ഇവിടെ ദിവസവും അഞ്ച് പൂജകളും മൂന്ന് ശീവേലികളുമുണ്ട്. ഇവിടുത്തെ പ്രധാന വഴിപാടുകൾ ജലധാരയും വഴുതന നിവേദ്യവുമാണ്. ശിവലിംഗത്തിൽ അധികമായുണ്ടാകുന്ന ഊർജ്ജം തടയാനായി നടത്തപ്പെടുന്ന വഴിപാടാണിത്. അപൂർവ്വമായി മാത്രം ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന മറ്റൊരു പൂജയാണ് വഴുതനങ്ങ നിവേദ്യം. വഴുതനങ്ങ പച്ചയ്ക്ക് നടയ്ക്കുവച്ചശേഷം മേൽശാന്തി അത് തിടപ്പള്ളിയിൽ കൊണ്ടുപോയി നെയ്യും ഇന്തുപ്പും ചേർത്ത് മെഴുക്കുപുരട്ടിയായി കൊണ്ടുവന്ന് ഉച്ചപ്പൂജയ്ക്ക് നേദിയ്ക്കുന്നു. ഉദരരോഗശമനവും സ്വരശുദ്ധിയുമാണ് ഇതിന്റെ ഫലം. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പല്ലവരാജാവായിരുന്ന മഹേന്ദ്രവിക്രമൻ എഴുതിയ 'മത്തവിലാസം' എന്ന പ്രഹസനത്തെ ആസ്പദമാക്കി നടത്തുന്ന കൂത്താണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മത്തവിലാസം കൂത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്. മഷിയില പ്രസാദം ഇവിടെ മാത്രം നടക്കുന്ന ഒന്നാണ്. ഒരു ചെറിയ ഇലയിൽ നെയ്യ് കത്തിച്ചുണ്ടാക്കുന്ന കരി വിതറി അത് ഇല മുഴുവൻ പുരട്ടി ഭക്തർക്ക് പ്രസാദമായി നൽകുന്നതാണ് ഈ വഴിപാട്.

PC: Sreekanthv

പ്രതിഷ്ഠകൾ

പ്രതിഷ്ഠകൾ

ശിവനെ വൈദ്യനാഥന്റെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. ശങ്കരനാരായണനായും സങ്കല്പമുണ്ട്. പാർവ്വതീദേവി ഭഗവാനോടൊപ്പം ഇവിടെ വസിക്കുന്നു എന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ വിവാഹസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഒട്ടേറെ ആളുകൾ ഇവിടെ എത്തുന്നു. . വഴുതനങ്ങ നിവേദ്യം, മത്തവിലാസം കൂത്ത്, മഷിയില പ്രസാദം, ഉദയാസ്തമനപൂജ, കൂവളമാല, പിൻവിളക്ക്, ധാര തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.
ഗണപതി, വീരഭദ്രൻ,സപ്തമാതൃക്കൾ,ശാസ്താവ്, നാഗദൈവങ്ങൾ, യക്ഷി തുടങ്ങിയവരെ ഇവിടെ ഉപദേവതകളായി ആരാധിക്കുന്നു.
കൊടിയേറ്റുത്സവം, ശിവരാത്രി, ധനുതിരുവാതിര, പ്രദോഷവ്രതം, മണ്ഡലകാലം, നവരാത്രി, രാമായണമാസം തുടങ്ങിയവയാണ് ഇവിടുത്തെ വിശേഷ ദിവസങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X