വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉഡുപ്പിയിലെ കണ്ണനെ പരിചിതമല്ലാത്ത വിശ്വാസികള്‍ കാണില്ല. പതിനായിരക്കണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവും തേടിയെത്തുന്ന ഉഡുപ്പിയിലെ ശ്രീകൃഷ്ണന് തെക്കേ ഇന്ത്യയിലെ പ്രധാന വിശ്വാസ സങ്കേതങ്ങളില്‍ ഒന്നുകൂടിയാണ്. കൃഷ്ണ ഭക്തരുടെ തീര്‍ത്ഥാടന കേന്ദ്രമായ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം
കര്‍ണ്ണാടകയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഉഡുപ്പി മലയാളികളുടെ ആശ്രയ കേന്ദ്രം കൂടിയാണ്. പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ഹൈന്ദവ താത്ത്വിക സമ്പ്രദായമായ ദ്വൈതത്തിന്റെ ആചാര്യനായിരുന്നു ഇദ്ദേഹം. ദ്വൈതത്തിന്റെ പ്രധാന മതകേന്ദ്രങ്ങളിലൊന്നായി വിശ്വസിക്കപ്പെടുന്ന ഇവിടെ വിഷ്ണുവിനും ആത്മാക്കള്‍ക്കും എല്ലാം സ്വതന്ത്ര്യവും തനതുമായ അസ്ഥിത്വം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Ilya Mauter

ഐതിഹ്യങ്ങള്‍ ഇങ്ങനെ
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. സംസ്കൃതത്തിലെ ഉഡു, പാ എന്നീ രണ്ട് വാക്കുകള്‍ ചേരുന്നതാണ് ഉഡുപ്പി ആയതെന്നാണ് വിശ്വാസം. ഉഡു എന്നാല്‍ നക്ഷത്രം എന്നും പാ എന്നാല്‍ ഭഗവാന് എന്നുമാണ് അര്‍ത്ഥം. പണ്ട് തനിക്കു ലഭിച്ച ഒരു ശാപത്തില്‍ നിന്നും മോക്ഷം ലഭിക്കുവാനായി ചന്ദ്രന് ഇവിടെയെത്തി ശിവനോട് പ്രാര്‍ത്ഥിച്ചുവത്രെ. ചന്ദ്രന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ശിവന് പ്രത്യക്ഷപ്പെട്ട് ശിവലിംഗത്തിന്റെ രൂപത്തില്‍ അനുഗ്രഹിക്കുകയും ചെയ്തു. ആ ശിവലിംഗം ഇവിടെ ചന്ദ്രമൗലേശ്വര ക്ഷേത്രത്തില്‍ കാണാം. അങ്ങനെ ചന്ദ്രന് പ്രാര്‍ത്ഥിച്ച ഇടമാണ് ഉഡുപ്പി ആയതെന്നാണ് വിശ്വാസം.
PC:Paul Mannix

മറ്റൊന്ന്
മിത്തുകളില്‍ പറയും പ്രകാരം കൃഷ്ണന്റെ മാതാവായിരുന്ന ദേവകി കൃഷ്ണന് മുതിര്‍ന്നപ്പോള്‍ ഒരിക്കല്‍ ആഗ്രഹമെന്നോണം കൃഷ്ണന്റെ കുട്ടിക്കാലം ഒന്നുകൂടി കാണിച്ചു തരണമെന്ന് കൃഷ്ണനോട് ആവശ്യപ്പെട്ടു. അമ്മയുടെ ആഗ്രഹാനുസരണം കൃഷ്ണന് ബാലവേഷം പുല്കുകയും അമ്മയെ സന്തോഷിപ്പിക്കുകയും ചെയ്തു. ഇതുകണ്ട കൃഷ്ണന്റെ പത്നിയായ രുക്മിണി കൃഷ്ണനോട് ആ ബാല്യകാലത്തിലെ കൃഷ്ണന്റെ രൂപം വിഗ്രഹമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദിവസേനയുള്ള രുക്മിണിയുടെ ആരാധനയ്ക്കായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. ഈ അപൂർവ വിഗ്രഹം അർജ്ജുനൻ ദ്വാരകയിലെ രുക്മിണി വന എന്ന പുണ്യ സ്ഥലത്ത് നിക്ഷേപിച്ചു. ദ്വാപരയുഗത്തിന്റെ അവസാനം കൃഷ്ണന് ഭൂമി വിട്ടുപോയപ്പോഴായിരുന്നു ഇത്. വിഗ്രഹം പൂജിച്ചിരുന്ന സമയത്ത് എന്നും ചന്ദനം അഭിഷേകം ചെയ്തിരുന്നതിനാല്‍ വിഗ്രഹം മുഴുവന്‍ ചന്ദനത്താല്‍ മൂടിയിരുന്നു. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം ദ്വാരക കടലിൽ പൂർണ്ണമായും മുങ്ങുകയും ഒപ്പം വിഗ്രഹവും കടലില്‍ മുങ്ങി.
PC:Paul Mannix

കൃഷ്ണവിഗ്രഹം
കടലില്‍ മറഞ്ഞ കൃഷ്ണവിഗ്രഹം നൂറ്റാണ്ടുകള്‍ക്കു ശേഷം ഒരിക്കല്‍ ഒരു കടല്‍ സഞ്ചാരിക്ക് ലഭിക്കുകയും ചന്ദനക്കട്ടയാണെന്നു കരുതി അയാള്‍ അത് കപ്പലില്‍ സൂക്ഷിക്കുകയും ചെയ്തു. കുറച്ചുനാൾ കഴിഞ്ഞ്, അദ്ദേഹത്തിന്റെ കപ്പൽ മാൽപെ ബീച്ച് തുറമുഖത്തിന് അടുത്തുള്ള വടഭണ്ഡേശ്വർ കടൽത്തീരത്ത് വെച്ച് കടല്‍ക്ഷോഭത്തിനിരിയായി. എന്താണ് സംഭവിക്കുന്നതെന്ന് അവിടെയുണ്ടായിരുന്ന മാധവാചാര്യര്‍ മനസ്സിലാക്കുകയും വിഷ്ണുവിനോട് കടലിനെ ശാന്തമാക്കുവാന്‍ അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒടുവില്‍ കടല്‍ ശാന്തമായപ്പോള്‍ കരയിലെത്തിയ നാവികന് ഗുരുവിനെ കാണുകയും സഹായത്തിന് പകരമായി കപ്പലില്‍ നിന്നും എന്തെങ്കിലും സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അതനുസരിച്ച് ഗുരു ആ ചന്ദനക്കട്ട എടുത്തു. പിന്നീട് ആ കട്ട പൊട്ടിച്ചപ്പോള്‍ കൃഷ്ണന്റെ അപൂര്‍വ്വ രൂപം അതില്‍ നിന്നും ഉയര്‍ന്നുവന്നു.
രുക്മിണി ആരാധിച്ചിരുന്ന അതേ ബാൽകൃഷ്ണ വിഗ്രഹമാണിതെന്ന് മനസ്സിലാക്കിയ ആചാര്യര്‍ ഉഡുപ്പിയിലെ തന്റെ മഠത്തിലേക്ക് വിഗ്രഹം കൊണ്ടുപോവുകയും തന്റെ ഭക്തരെ ബാധിക്കുന്ന എല്ലാ വേദനകളും പ്രതിബന്ധങ്ങളും നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇത് പ്രതിഷ്ഠിക്കുകയും ചെയ്തു.
PC:Iramuthusamy

പടിഞ്ഞാറു ദര്‍ശനമായ വിഗ്രഹും കനകദാസനും
പ്രശസ്ത സംഗീതജ്ഞനായ കനകദാസന് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവുമായി ഒരു ബന്ധമുണ്ട്. അക്കാലത്ത് നിലനിന്നിരുന്ന ജാതിചിന്തകള്‍ കാരണം താഴ്ന്ന ജാതിക്കാരനായ കനകദാസന് അവിടുത്തെ ബ്രാഹ്മിണര്‍ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ആചാര്യനായിരുന്ന വ്യാസതീര്‍ത്ഥര്‍ പറഞ്ഞിട്ടു പോലും അവര്‍ കേള്‍ക്കുവാന്‍ കൂട്ടാക്കിയില്ല. തന്മൂലം കനകദാസന് കൃഷ്ണഭജന നടത്തിയും കീർത്തനങ്ങൾ രചിച്ചും ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കഴിഞ്ഞുപോന്നു. ഇദ്ദേഹത്തിന്റെ കൃഷ്ണാ നീ ബേഗനെ ബാരോ ഏറെ പ്രസിദ്ധമാണ്. ഒരിക്കല്‍ കനകദാസന്റെ കീര്‍ത്തനത്തില്‍ ആകൃഷ്ടനായ കൃഷ്ണന് കീര്‍ത്തനം കേട്ട പടിഞ്ഞാറു ഭാഗത്തേയ്ക്ക് തിരിഞ്ഞുവെന്നും ആ ഭാഗത്ത് ക്ഷേത്ര ഭിത്തി തകർന്ന് ഒരു ദ്വാരം സൃഷ്ടിക്കപ്പെട്ടുവെന്നും അതിലൂടെ കനകദാസന് ദേവദർശനം ലഭിച്ചുവെന്നും ആണ് ഐതിഹ്യം. ഈ വാതില്‍ ഇപ്പോൾ കനകന ദ്വാരം എന്നാണ് അറിയപ്പെടുന്നത്.

കൃഷ്ണദര്‍ശനം
പടിഞ്ഞാറോട്ട് തിരിഞ്ഞു നില്ക്കുന്ന ബാലകൃഷ്ണനെ ഇവിടെ ദര്‍ശിക്കുന്നത് കനക ദ്വാരത്തിലൂടെയാണ്. ഒന്‍പത് ദ്വാരങ്ങളാണ് ഈ വാതിലിനുള്ളത്. ഇങ്ങനെ ദര്‍ശനം നടത്തുന്നത് ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം

അഷ്ടമഠങ്ങള്‍
കൃഷ്ണ പ്രതിഷ്ഠ നടത്തിയ ശേഷം മാധവാചാര്യര്‍ തന്റെ ശിഷ്യരായ എട്ട് സന്യാസിമാരെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദിവസേന ആരാധന നടത്താൻ നിയോഗിച്ചു. സന്യാസസമൂഹത്തിന്റെ പതിവ് ചുമതലകളും ഇവര്‍ക്ക് ഏല്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ഈ ശിഷ്യന്മരെ അഷ്ടമഠങ്ങള്‍ എന്നാണ് വിളിക്കുന്നത്. പേജാവർ മഠം, പുത്തിഗെ മഠം, പലിമരു മഠം, അഡമരു മഠം, സോധെ മഠം, കണിയൂർ മഠം, ഷിരൂർ മഠം കൃഷ്ണപുര മഠം എന്നിവയാണ് ഈ എട്ട് മഠങ്ങൾ.
തുടക്കത്തിൽ, എട്ട് മഠങ്ങളിലെ സ്വാമിമാര്‍ ക്ഷേത്രത്തിൽ രണ്ടുമാസം വീതം പൂജ നടത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ രോ മഠങ്ങളില്‍ നിന്നുമുള്ല സന്യാസിമാര്‍ക്ക് രണ്ട് വര്‍ഷത്തേനാണ് പൂജ നടത്തുവാനുള്ള അധികാരം. പതിനാറാം നൂറ്റാണ്ടില്‍ സോധെ മഠത്തിലെ വാദിരാജ സ്വാമിയാണ് ഈ ആചാരത്തിന് തുടക്കമിട്ടത്.

സുവര്‍ണ്ണ ഗോപുരം
ഇവിടുത്തെ മറ്റൊരു പ്രത്യേകത ക്ഷേത്രത്തിലെ സുവര്‍ണ്ണ ഗോപുരമാണ്. പലിമരു മഠത്തിലെ സ്വാമി ക്ഷേത്രപൂജകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സമയത്ത് എടുത്ത നേര്‍ച്ച അനുസരിച്ചാണ് ഇവിടെ സ്വര്‍ണ്ണ ഗോപുരം നിര്‍മ്മിച്ചിരിക്കുന്നത്. തീരപ്രദേശത്തെ വാസ്തുവിദ്യയ്ക്ക് അനുസൃതമായി വെങ്കിടേശ സേഠിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിനായി 100 കിലോ സ്വർണ്ണ ഗോപുരം രൂപകൽപ്പന ചെയ്തിരുന്നു. 300 കിലോഗ്രാം ചെമ്പും 900 കിലോ വെള്ളിയും കൂടാതെ 100 കിലോയിലധികം സ്വർണം ഈ ഗോപുരത്തിനായി ഉപയോഗിച്ചു. ശ്രീകോവിലിനു മാത്രം 2,500 ചതുരശ്രയടി വിസ്തീർണ്ണമുണ്ട്, ഓരോ ചതുരശ്രയടിയിലും 40 ഗ്രാം സ്വർണം ഉപയോഗിച്ചിട്ടുണ്ട്.
PC:Krishdruth

ഉഡുപ്പി രുചി
ലോകപ്രസിദ്ധമായ ഉഡുപ്പി രുചികളുടെ കേന്ദ്രവും ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രമാണ്. ക്ഷേത്രസമുച്ചയത്തിനുള്ളിലാണ് ലോകപ്രശസ്തമായ ഉഡുപ്പി രുചിയുടെ ഈറ്റില്ലമുള്ളത്. കൃഷ്ണന് മടുക്കാതിരിക്കുകയും മതിവരാതിരിക്കുകയും ചെയ്യുന്ന നിവേദ്യങ്ങളുണ്ടാക്കാന്‍ തുടങ്ങിയ സ്ഥലമാണിത്. ശീവൊള്ളി ബ്രാഹ്മണരാണ് ഇത് തുടങ്ങിവച്ചത്. കാലക്രമത്തില്‍ ഈ രുചി ക്ഷേത്രമതില്‍ക്കെട്ട് കടന്ന് ഉഡുപ്പിയ്ക്ക് പെരുമ നല്കുന്ന തരത്തിലുള്ളതായി മാറി. ക്ഷേത്രത്തിന് വടക്കുഭാഗത്തായി പുറത്തേയ്ക്കുള്ള വഴിയില്‍ വലിയ ഊട്ടുപുര കാണാം. ഭക്തര്‍ക്ക് മതിവരുവോളം നിവേദ്യങ്ങള്‍ ലഭിയ്ക്കും ഇവിടെനിന്നും. മൃഷ്ടാന്ന പംക്തിയെന്നാണ് ഈ പ്രസാദഊട്ടിനെ പറയുന്നത്. പ്രസാദം കഴിയ്ക്കും മുമ്പും ശേഷവും ഗോവിന്ദാ എന്ന് പറഞ്ഞ് മനസാ സ്മരിയ്ക്കണമത്രേ.
PC:Ravikiranr

എത്തിച്ചേരുവാന്‍
മംഗലാപുരത്ത് നിന്ന് 56 കിലോമീറ്റർ അകലെയാണ് ഉഡുപ്പി സ്ഥിതി ചെയ്യുന്നത്. മൈസൂരിൽ നിന്ന് 307 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്ന് 399 കിലോമീറ്ററുമാണ് ഉഡുപ്പിയിലേക്കുള്ളത്. ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കൃഷ്ണ മഠമുള്ളത്.
PC:Shailum
കൊട്ടാരങ്ങളുടെ നഗരമാക്കി മൈസൂരിനെ മാറ്റുന്ന ഏഴ് ഇടങ്ങള്‍
ശ്രീവിദ്യാ സ്വരൂപിണിയായി ബാലദുർഗ്ഗ ; ഇവിടെ കുഞ്ഞാണ് ദൈവം
തിടപ്പള്ളിയോട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രം