സംഗീതം നിലയ്ക്കുമ്പോള്‍ ഈ താഴ്വാരം നിശബ്ദമാകും...കാഴ്ചകള്‍ വീണ്ടും പച്ചപ്പിലേക്കും കൃഷിയിലേക്കും ഭൂമിയിലേക്കും തിരികെ വരും. പറഞ്ഞു വരുന്നത് അരുണാചല്‍ പ്രദേശിലെ സ്വര്‍ഗ്ഗമായ സിറോ വാലിയെക്കുറിച്ചാണ്. നിശബ്ദത തന്നെ മുഖമുദ്രയാക്കിയിരിക്കുന്ന സുന്ദരി ഗ്രാമം. ഏറെ പ്രസിദ്ധമായ സിറോ മ്യൂസിക് ഫെസ്റ്റിവലിനു താളം പാടിച്ചു തുടങ്ങുന്ന ഈ നാട് ആഘോഷം കഴിയുന്ന അടുത്ത നിമിഷം പഴയ നിശബ്ദതയിലേക്ക് തിരികെയെത്തും. അത്ര എളുപ്പത്തില്‍ സഞ്ചാരികള്‍ക്കു പിടികൊടുക്കില്ലെങ്കിലും കണ്ട മാത്രയില്‍ ഈ നാട് ഹൃദയത്തില്‍ കയറിക്കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ടേ വേണ്ട....
സിറോ മ്യൂസിക് ഫെസ്റ്റിവല്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ മ്യൂസിക് ഫെസ്റ്റിവല്‍ എന്നാണ് സിറോ മ്യൂസിക് ഫെസ്റ്റിവല്‍ അറിയപ്പെടുന്നത്. സംഗീതത്തിന്റെ ആഹ്ലാദവും ആര്‍പ്പുവിളികളുമാണ് 2012 ല്‍ തുടക്കമിട്ട സിറോ മ്യൂസിക് ഫെസ്റ്റിവല്‍, ദേശീയ അന്തര്‍ ദേശീയ മ്യൂസിക് ബാന്‍ഡുകളും പ്രാദേശിക കലാകാരന്മാരുമെല്ലാം കളം കീഴടക്കുന്ന അപൂര്‍വ്വ പ്രതിഭാ സംഗമമെന്ന് ഇതിനെ വിശേഷിപ്പിക്കാം. പാടത്തും പാടവരമ്പിലുമിരുന്ന്, പ്രകൃതിയോട് ചേര്‍ന്ന് സംഗീതം ആസ്വദിക്കുവാന്‍ ഇവിടെ കഴിയും.
എത്തിച്ചേരുവാന്‍
സിറോയില്‍ എത്തിച്ചേരുക എന്നത് അല്പം സാഹസികമായ കാര്യമാണ്. നേരിട്ട് ബസ്, ട്രെയിന്‍ സര്‍വ്വീസുകളൊന്നും ഇവിടേക്കില്ല. പൊട്ടിപ്പൊളിഞ്ഞു വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയിലൂടെയേ ഇവിടേക്ക് എത്തുവാന്‍ സാധിക്കുകയുള്ളൂ. അസമിലെ ലാഖിംപൂര്‍ എന്ന സ്ഥലത്തു നിന്നും ഇവിടേക്ക് വരാം. ഏറ്റവും അടുത്തുള്ള വിമാനത്താവളം അസമിലെ ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളമാണ്.