Search
  • Follow NativePlanet
Share
» »വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ...

വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം മുതൽ കള്ളിയങ്കാട്ടു നീലിയെ തളച്ച ക്ഷേത്രം വരെ...

ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും കാര്യത്തിൽ മറ്റേതു ക്ഷേത്രത്തിന്റെയും ഒപ്പം നിൽക്കുന്ന പത്തനംതിട്ടയിലെ ക്ഷേത്രങ്ങളെ അറിയാം

By Elizabath Joseph

പത്തനങ്ങളുടെ നാടായ പത്തനംതിട്ടയ്ക്ക് മറ്റൊരു പേരുകൂടിയുണ്ട്. ക്ഷേത്രങ്ങളുടെ നാട്. ചിലന്തിയെ ആരാധിക്കുന്ന അത്യപൂർവ്വ ചിലന്തി ക്ഷേത്രവും കേരളത്തിലെ തന്നെ ഏറ്റവും പുരാതന ക്ഷേത്രമായ കവിയൂർ മഹാദേവ ക്ഷേത്രവും ആയിരം വർഷങ്ങൾക്കു മുൻപ് സ്ഥാപിക്കപ്പെട്ട മലയാലപ്പുഴ ദേവി ക്ഷേത്രവും പടയണിക്കു പേരുകേട്ട കടമ്മനിട്ട ദേവീക്ഷേത്രവും ഒക്കെ സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ ഒത്തിരി അറിയപ്പെടാത്ത ഒരുപാട് ക്ഷേത്രങ്ങളുണ്ട്. വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും കാര്യത്തിൽ മറ്റേതു ക്ഷേത്രത്തിന്റെയും ഒപ്പം നിൽക്കുന്ന പത്തനംതിട്ടയിലെ ക്ഷേത്രങ്ങളെ അറിയാം...

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം

എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം പത്തനംതിട്ടയിൽ നിന്നും നാലു കിലോമീറ്റർ അകലെ ഓമല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്തിരിക്കുന്ന നാഗസ്വരവും ചേങ്ങിലയും ഇവിടുത്തെ പ്രശസ്തമായ പുരാവസ്തുക്കളാണ്. ഒൻപതു ദിവസങ്ങളിലായി നടത്തുന്ന ആറാട്ടെഴുന്നള്ളത്ത് ഇവിടുത്തെ പ്രത്യേകതയാണ്.
ശബരിമല-പന്തളം പാതയിലാണ് ഈ ക്ഷേത്രമുള്ളത്.

PC:Adarshjchandran

ആനിക്കാട്ടിമ്മ ക്ഷേത്രം

ആനിക്കാട്ടിമ്മ ക്ഷേത്രം

ആയിരത്തിഅറുന്നൂറ് വർഷത്തിലധികം പഴക്കം വരുന്ന ആനിക്കാട്ടിമ്മ ക്ഷേത്രം മല്ലപ്പള്ളി ആനിക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ആനിക്കാട്ടിൽ ശിവപാർവ്വതി ക്ഷേത്രം എന്നാണ് ക്ഷേത്രത്തിന്റെ യഥാർഥ നാമം. ശിവനെയും പാർവ്വതിയെയും ഒരേ പ്രാധാന്യത്തോടെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിവാഹയോഗത്തിനായി ഇവിടെ നടത്തുന്ന പ്രത്യേക നാരങ്ങാ വിളക്ക് വഴിപാട് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

PC:Pradeepkumarpk51

കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം

കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം

കേരളത്തിലെ തന്നെ പ്രസിദ്ധമായ ഗുഹാ ക്ഷേത്രങ്ങളിലൊന്നാണ് കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം. പാണ്ഡവരുടെ വനവാസക്കാലത്ത് നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ ശില്പങ്ങൾ ഏറെ പ്രശസ്തമാണ് . ഇവിടെ കാണുന്ന ദ്വാരപാലക ശില്പങ്ങൾ ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത തരത്തിലുള്ളവയാണ്. മഹാബലിപുരത്തെ ശില്പങ്ങളുമായി ഇവയ്ക്കുള്ള സാമ്യം എടുത്തു പറയേണ്ടതു തന്നെയാണ്.
പാറ തുരന്ന് 20 അടി വ്യാതത്തിലാണ് ക്ഷേത്രമുള്ളത്. തൃക്കവിയൂർ മാഹാദേവ ക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Sugeesh

വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രം

വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രം

വില്വമംഗലം സ്വാമിയാർ ഗുരുവായൂരപ്പ ചൈതന്യത്തിൽ ശ്രീ പത്മനാഭ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രം. ചതുർബാഹുമായ പത്മനാഭ സ്വാമിയാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. ഒരു കാലത്ത് നാമാവശേഷമായിരുന്ന ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിനു ശേഷമാണ് ഇന്നു കാണുന്ന രീതിയിൽ വലിയ ക്ഷേത്രമായി മാറിയത്.

PC:Baijuthrikkovil

കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

പത്തനംതിട്ടയിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. അച്ചൻകോവിലാറിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹം യഥാർത്തിൽ പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേത് ആയിരുന്നുവെന്നും എ‍‍ഡി 753 ൽ കൊടുന്തറ കടവിൽ നിന്നും ലഭിച്ചു എന്നുമാണ് വിശ്വാസം. പത്തനംതിട്ടയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ താഴൂർകടവ് റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:അഭിലാഷ്.എസ്.എം

വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം

വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം

നദി വലംവെച്ചൊഴുകുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം. ഒരേ നദിയുടെ വ്യത്യസ്ത ദിശയിലുള്ള ഒഴുക്ക് കാണുന്ന ഇവിടം പത്തനംതിട്ടയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭുവനേശ്വരി അമ്മയാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. രുദ്ര പൊങ്കാലയാണ് ഇവിടുത്തെ പ്രധാന ആഘോഷം. കുംഭമാസത്തിലെ ഭരണി നാളിലാണ് ഇത് നടക്കുന്നത്. ആറൻമുളയിലെ വള്ളസദ്യയ്ക്ക് സമാനമായി ഇവിടെ നടക്കുന്ന ഭരണിസദ്യ ഏറെ പ്രസിദ്ധമാണ്.

PC:Sujithvv

മണ്ണടി ദേവി ക്ഷേത്രം

മണ്ണടി ദേവി ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് പത്തനംതിട്ട ഏനാത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മണ്ണടി ദേവി ക്ഷേത്രം. സ്വയംഭൂ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന് മേൽക്കൂരയില്ല എന്നതും ഒരു പ്രത്യേകതയാണ്. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്.

PC:wikipedia

 നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം

നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം

സർപ്പ സാന്നിധ്യത്താൽ ഏറെ അറിയപ്പെടുന്ന ക്ഷേത്രമാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം. ദക്ഷിണാമൂർത്തിയായി ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം വിദ്യായിൽ ഉന്നതി നേടുവാൻ താല്പര്യമുള്ളവർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ്. ക്ഷേത്രത്തിലെ കൂവളത്തിൽ പണ്ടുകാലം മുതലേ സർപ്പം ഉണ്ടായിരുന്നു. ഇന്നും അതിനെ ഇവിടുത്തെ കൂവളത്തിൽ കാണാൻ സാധിക്കും.
സപ്തമാതാക്കൾ എന്നറിയപ്പെടുന്ന ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരെ ബലിക്കല്ലു രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് മറ്റൊരു പ്രത്യേകതയാണ്.

PC:RajeshUnuppally

 പനയന്നാർക്കാവ് ക്ഷേത്രം

പനയന്നാർക്കാവ് ക്ഷേത്രം

കള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിൽ പ്രശസ്തമാണ് പത്തനംതിട്ട പരുമലയിലുള്ള പനയന്നാർക്കാവ് ക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് പരുമല പനയന്നാര്‍ കാവ് ക്ഷേത്രം. മലപ്പുറം അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രം,തൃശൂര്‍ കൊടുങ്ങല്ലൂരിലെ കുരുംബഭഗവതി ക്ഷേത്രം എന്നിവയാണ് മറ്റു ക്ഷേത്രങ്ങള്‍.
ദാരിക വധത്തിനുശേഷം കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഏറെ ശക്തയായ ദേവിയുടെ സമീപത്തുകൂടി പോകാന്‍ പോലും ആളുകള്‍ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവത്രെ. പിന്നീട് അവിടുത്തെ കിഴക്കേനട എന്നന്നേക്കുമായി അടയ്ക്കുകയും ചെയ്തത്രെ.

ചിലന്തി വിഷ ചികിത്സ: വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ച ചിലന്തി ക്ഷേത്രം ചിലന്തി വിഷ ചികിത്സ: വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ച ചിലന്തി ക്ഷേത്രം

PC:Dvellakat

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X