Search
  • Follow NativePlanet
Share
» »ശിവരാത്രിയുടെ പുണ്യവുമായി വൈക്കം മഹാദേവ ക്ഷേത്രം

ശിവരാത്രിയുടെ പുണ്യവുമായി വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രിക്കാലത്തെക്കുറിച്ചും ക്ഷേത്രത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....

ശിവരാത്രി.. പ്രാർഥനകളും പൂജകളും തീർഥാടനവും ഒക്കെയായി വിശ്വാസികൾ ശിവനെ ഓർക്കുന്ന നാളുകൾ. എന്നാൽ ശിവരാത്രിയുടെ യഥാർഥ പുണ്യം വേണമെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് മിക്കവർക്കും അറിവുണ്ടാവില്ല. ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കുക എന്നതാണ് ഓരോ വിശ്വാസികൾക്കും ശിവരാത്രി നാളില്‍ ചെയ്യുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.
നമ്മുടെ നാട്ടിൽ ധാരാളം ശിവക്ഷേത്രങ്ങളുണ്ടെങ്കിലും ശിവരാത്രിക്കാലം വൈക്കം മഹാദേവ ക്ഷേത്രത്തിനു സ്വന്തമാണ്. കേരളത്തിന്‍റെ ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെയുള്ള വിശ്വാസികൾ എത്തിച്ചേരുന്ന പുണ്യ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രം എന്നു വിശ്വസിക്കപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രിക്കാലത്തെക്കുറിച്ചും ക്ഷേത്രത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വൈക്കം മഹാദേവ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മഹാദേവ ക്ഷേത്രങ്ങളിലൊന്ന്., കേരളത്തിന്‍റെയും തിരുവിതാംകൂറിന്‍റെയും ചരിത്രങ്ങളിൽ നിറസാന്നിധ്യമായി നിൽക്കുന്ന മഹാക്ഷേത്രം, ദക്ഷിണ കാശി എന്നറിയപ്പെടുന്ന വൈക്കം ശിവക്ഷേത്രം ഏറ്റവും പ്രസിദ്ധമായിരിക്കുന്നതും തീർഥാടകർ ഒഴുകിയെത്തുന്നതും ഇവിടുത്തെ ശിവരാത്രി നാളിലാണ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഇവിടുത്തെ ആഘോഷങ്ങൾ ഈ നാടിന്‍റെ തന്നെ ഉത്സവമാണ്.

PC:Georgekutty

ബ്രഹ്മാവിന്‍റെ തലയോട്ടി വെച്ചയിടം

ബ്രഹ്മാവിന്‍റെ തലയോട്ടി വെച്ചയിടം

വൈക്കം എന്ന പേര് എങ്ങനെവന്നു എന്നതിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായത് ശിവന്‍റെയും ബ്രഹ്മാവിന്‍റെയും കഥയാണ്.
ഒരിക്കൽ തന്നോട് കള്ളം പറഞ്ഞു എന്ന കുറ്റത്തിന് ശിവൻ ബ്രഹ്മാവിന്‍റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. വെട്ടിക്കഴിഞ്ഞപ്പോൾ മാത്രമാണ് ശിവന് താൻ ചെയ്ത തെറ്റിന്‍റെ കാഠിന്യം ബോധ്യപ്പെട്ടത്. തുടർന്ന് ബ്രഹ്മഹത്യ നടത്തിയെന്ന പാപഭാരം ഒഴിവാക്കുവാൻ അദ്ദേഹം ബ്രഹ്മാവിന്റെ തലയോട്ടിയും കൊണ്ട് പാർവ്വതീദേവിയ്ക്കൊപ്പം നാടുമുഴുവൻ നടന്ന് ഭിക്ഷ യാചിച്ചു. പലപ്പോഴും അതിൽ ഭിക്ഷ കിട്ടിരിരുന്നുവെങ്കിലും അത് ഒരിക്കലും നിറഞ്ഞിരുന്നില്ല. നിറഞ്ഞാൽ തന്നെ ശിവൻ അതിനെ ഭസ്മമാക്കി മാറ്റിയിരുന്നു. അങ്ങനെ വർഷങ്ങൾ അവരിരുവരും ഈ തലയോട്ടിയുമായി ഭിക്ഷ യാചിച്ചു നടന്നു. ഒടുവിൽ ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ശിവൻ നിറഞ്ഞ തലയോട്ടി നോക്കി അത് ഇവിടെ വയ്ക്കാം എന്നു പറഞ്ഞു. ആ 'വയ്ക്കാം' എന്ന വാക്കിൽ നിന്നുമാണ് വൈക്കം എന്ന വാക്കുണ്ടായത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Dipu TR

അസുരന്‍റെ വലതുകയ്യിലെ ശിവലിംഗം

അസുരന്‍റെ വലതുകയ്യിലെ ശിവലിംഗം

ക്ഷേത്ര ചരിത്രത്തോളം തന്നെ പ്രാധാന്യമുള്ളതാണ് ഇവിടുത്തെ ക്ഷേത്ര പ്രതിഷ്ഠയും. ഒരിക്കൽ ഖരൻ എന്ന അസുരൻ പ്രാർഥനയും യാഗവും വഴി ശിവനിൽ നിന്നും ലഭിച്ച 3 ശിവലിംഗങ്ങളുമായി ഒരു യാത്ര പോയി. ഏറ്റവും ഉചിതമായ സ്ഥാനത്ത് അത് പ്രതിഷ്ഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. യാത്രയിൽ ക്ഷീണം കാരണം വഴിയിൽ അദ്ദേഹം വിശ്രമിക്കുവാനിറങ്ങുകയും വലതു കയ്യിലെ ശിവലിംഗം താഴെ വയ്ക്കുകയും ചെയ്തു. വിശ്രമിച്ച് എണീറ്റ് ശിവലിംഗം എടുക്കുവാൻ നോക്കിയപ്പോൾ അത് മണ്ണിൽ ഉറച്ചിരിക്കുന്നതാണ് അദ്ദേഹത്തിന് കാണുവാൻ സാധിച്ചത്. ശിവന്‌ തനിക്ക് ഇരിക്കുവാൻ ഏറ്റവും യോജിച്ച ഇടം അതാണെന്ന് അതേ സമയം തന്നെ അശരീരിയിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. അങ്ങനെ ആ വിഗ്രഹം അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ മഹർഷിയെ ഏല്പിച്ച് അദ്ദേഹം യാത്ര തുടരുകയും ചെയ്തു. തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം പറയുന്നു. വ്യാഘ്രപാദൻ മഹർഷി ആ ശിവലിംഗത്തോട് പ്രാർഥിക്കുകയും ഒടുവിൽ ശിവൻ പ്രത്യക്ഷനാവുകയും ചെയ്തു. പിന്നീടൊരിക്കൽ ഇവിടെടെത്തിയ പരശുരാമൻ പ്രദേശത്തിന്‍റെ ചെതന്യത്തിൽ ആകൃഷ്ടനായി ദേവശില്പിയായ വിശ്വകർമ്മാവിനെകൊണ്ട് നിർമ്മിച്ച ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രമെന്നാണ് വിശ്വാസം.

PC:Sivavkm

എട്ട് ഏക്കറിനുള്ളിലെ ക്ഷേത്രം

എട്ട് ഏക്കറിനുള്ളിലെ ക്ഷേത്രം

ഏകദേശം എട്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഊട്ടുപുര, ക്ഷേത്രകലാപീഠം, അമ്പലക്കുളം, ക്ഷേത്രമതിൽ, വട്ടശ്രീകോവിൽ, ആനക്കൊട്ടിൽ, സ്വർണ്ണക്കൊടിമരങ്ങൾ, ദാരുശില്പങ്ങൾ, ഉപദേവതാ ക്ഷേത്രങ്ങൾ തുടങ്ങിയവ ഇവിടെ കാണാം.

PC:Sivavkm

അണ്ഡാകൃതിയിലുള്ള ശ്രീകോവിൽ

അണ്ഡാകൃതിയിലുള്ള ശ്രീകോവിൽ

കേരളത്തിൽ അണ്ഡാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഏക ശ്രീകോവിലുകളിലൊന്നാണ് വൈക്കത്തേത്. നിർമ്മാണ വിദ്യയിൽ അതിപ്രഗത്ഭനായ പെരുന്തച്ചൻ നിർമ്മിച്ചതാണ് ഈ ശ്രീകോവിൽ എന്നാണ് വിശ്വാസം. സാധാരണ ശ്രീകോവിലിനേക്കാളും മൂന്നിരട്ടി വലുപ്പം ഇവിടുത്തെ ശ്രീകോവിലിനു കാണാൻ സാധിക്കും. ആറടിയിലും പൊക്കമുള്ള ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതു കൂടാതെ ശ്രീകോവിലിനുള്ളിൽ മനോഹരമായ ചുവർചിത്രങ്ങളും കാണാം.

PC:Sivavkm

മൂന്നു ഭാവങ്ങളിൽ ദർശനം

മൂന്നു ഭാവങ്ങളിൽ ദർശനം

അന്നദാന പ്രഭു എന്നറിയപ്പെടുന്ന വൈക്കത്തപ്പനെ മൂന്നു ഭാവങ്ങളിലാണ് ക്ഷേത്രത്തിൽ ആരാധിക്കുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാത മൂർത്തിയായും വൈകിട്ട് രാജരാജേശ്വരനുമായാണ് ദർശനം. വിദ്യാലാഭം, ശത്രുനാശം, കുടുംബസൗഖ്യം എന്നിങ്ങനെയാണ് ഇവിടുത്തെ ദർശനം കൊണ്ടു ലഭിക്കുന്ന ഫലങ്ങൾ.

PC:RajeshUnuppally

ചാരം പ്രസാദം

ചാരം പ്രസാദം

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ചാരമാണ് ഇവിടെ പ്രസാദമായി നല്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അന്നദാനത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന വലിയ അടുക്കളയിൽ നിന്നുള്ള ചാരമാണ് ഇതിനായി ഉപയോഗിക്കുന്നത്. മാത്രമല്ല, ചന്ദന പ്രസാദമില്ല എന്നൊരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഈ ചാര പ്രസാദം ചൊറി, ചിരങ്ങ് ഉൾപ്പെടെയുള്ള ത്വക്ക് രോഗങ്ങൾക്ക് ഫലപ്രദമാണെന്നാണ് വിശ്വാസം.

PC:Sivavkm

നിർമ്മാല്യം തൊഴാം

നിർമ്മാല്യം തൊഴാം

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിർമ്മാല്യം തൊഴുന്നത് ഏറെ വിശിഷ്ടമാണെന്നാണ് വിശ്വാസം. പുലർച്ചെ മൂന്നു മണിക്ക് നട തുറക്കുന്ന ക്ഷേത്രത്തിൽ അഞ്ച് പൂജകളും മൂന്നു ശീവേലികളുമുണ്ട്. ശംഖാഭിഷേകം, മലർ നിവേദ്യം, ഉഷപൂജ. എതിരേറ്റു പൂജ, എതിരേറ്റു ശീവേലി, നവകാഭിഷേകം, പന്തീരടിപൂജ, ഉച്ചപൂജ, ശതകലശം, ഉച്ചശീവേലി, ദീപാരാധ, അത്താഴപൂജ, അത്താഴ ശീവേലി എന്നിങ്ങനെയാണ് ഇവിടുത്തെ പൂജകൾ.

PC:Sivavkm

ശിവരാത്രി ദിനത്തിൽ ഒരുമണിക്കൂർ നേരത്തേ

ശിവരാത്രി ദിനത്തിൽ ഒരുമണിക്കൂർ നേരത്തേ

ശിവരാത്രി അതിന്‍റെ എല്ലാ ആഘോഷങ്ങളോടുകൂടിയും കൊണ്ടാടുന്ന ക്ഷേത്രമാണ് വൈക്കം ക്ഷേത്രം. ശിവരാത്രി ദിനത്തിൽ ഇവിടെ സാധാരണയിൽ നിന്നും വ്യത്യസ്തമായി ക്ഷേത്ര നട ഒരു മണിക്കൂർ മുൻപേ തുറന്ന് നിർമ്മാല്യം നടത്തും. പൂജകളും അഭിഷേകങ്ങളും ഒക്കെയായി അന്നേ ദിവസം ഇവിടെ നടയടയ്ക്കാറില്ല. മുടങ്ങാതെയ നടത്തുന്ന അഭിഷേകം, ശിവരാത്രി വ്രതം അനുഷ്ഠിക്കാത്ത വിശ്വാസികൾക്കു വേണ്ടിയുള്ള പ്രത്യേക അന്നദാനം, കൂടാതെ ത്രിവേദലക്ഷാർച്ചന, വെടിക്കെട്ട്, വിശേഷാൽ പൂജ, കലശാഭിഷേകം, തുടങ്ങിയവ ഇവിടെ ശിവരാത്രി ദിനത്തിൽ കാണാം.

ശിവരാത്രിക്കൊരുങ്ങാം ഈ ക്ഷേത്രദർശനങ്ങളിലൂടെശിവരാത്രിക്കൊരുങ്ങാം ഈ ക്ഷേത്രദർശനങ്ങളിലൂടെ

വണ്ടി തിരിക്കാം ഇനി വൈക്കം കാഴ്ചകളിലേക്ക്!!വണ്ടി തിരിക്കാം ഇനി വൈക്കം കാഴ്ചകളിലേക്ക്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X