സഞ്ചാരികൾക്കു മുന്നിലും വായനാക്കാർക്കു മുന്നിലും ഒക്കെ എന്നും ചുരുൾ നിവർത്താത്ത കുറേ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമാണ് സപ്തസഹോദരിമാർ എന്ന പേരിൽ അറിയപ്പെടുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങൾ.
തേടിയെത്തുന്നവർക്കു മുന്നിൽപോലും വെളിപ്പെടുത്താത്ത രഹസ്യങ്ങളാണ് വടക്കു കിഴക്കൻ ഇന്ത്യയുടെ പ്രത്യേകത. കാലാവസ്ഥയിലും സംസ്കാരങ്ങളിലും രൂപ്തതിവും ഭാവത്തിനും രുചിയിലും എന്തിനധികം മുഖങ്ങളിൽ വരെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വളരെയഘധികം വ്യത്യസ്തത പുലർത്തുന്ന സപ്തസഹോദരിമാർ എന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം തന്നെയാണ്.
അധികമാരും പോയിട്ടും കണ്ടിട്ടുമില്ലാത്തെ സ്ഥലങ്ങളും വെള്ളച്ചാട്ടങ്ങളും മനുഷ്യസ്പർശമേൽക്കാത്ത ഗുഹകളും പ്രാർഥനയുടെ ഊർജം പകരുന്ന ആശ്രമങ്ങളും ഒക്കെ ചേരുന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ സപ്താത്ഭുതങ്ങളെപ്പറ്റി അറിയാം...!!

എന്താണ് സപ്തസഹോദരമാർ?
വടക്കു കിഴക്കൻ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളെയാണ് സപ്തസഹോദരിമാർ എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. സപ്തസഹോദരിമാരുടെ കഥ എന്നും എല്ലാവരെയും വിസ്മയിപ്പിക്കുന്നതാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വടക്കു കിഴക്കൻ ഇന്ത്യയിൽ മൂന്ന് സംസ്ഥാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആസാം,മണിപ്പൂർ,തൃപുര. പിന്നീടാണ് നാദാലാൻഡ്, മേഘാലയ,മിസോറാം,അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ രൂപപ്പെടുന്നതും വടക്കു കിഴക്കൻ ഇന്ത്യ സപ്തസഹോദരിമാരുടെ നാടാവുന്നതും. സഞ്ചാരികൾക്കു മുന്നിൽ എന്നും അത്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയും ഏറ്റവും പ്രത്യേകതയുള്ള കാഴ്ചകൾ നോക്കാം..

മേഘാലയയിലെ ജീവനുള്ള പാലങ്ങള്‍!!
മേഘാലയ എന്ന പേരുകേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ ആദ്യം വരുന്ന രൂപം ഇവിടുത്ത ജീവനുള്ള വേരുപാലങ്ങളാണ്.മേഘാലയയിലെ ചിരാപുഞ്ചിയിലാണ് പ്രകൃതിയിൽ നിന്നും മനുഷ്യൻ സൃഷ്ടിച്ച ഈ വിസ്മയം കാണാൻ സാധിക്കുക. ഫികസ് ഇലാസ്റ്റിക്ക എന്നു പേരായ ഒരു പ്രത്യേക മരത്തിന്റെ വേരുകളുപയോഗിച്ചാണ് വേരുപാലം സൃഷ്ടിക്കുന്നത്. ഒരു കരയിൽ നിൽക്കുന്ന മരത്തിൻരെ വേരുകൾ മറുകരയിലേക്ക് വളർത്തിയെടുത്ത് വർഷങ്ങൾകൊണ്ടാണ് ഇത്തരം വേരുപാലങ്ങൾ രൂപം കൊള്ളുന്നത്. മൂന്നൂറ് വർഷത്തോളം പഴക്കമുള്ള പാലങ്ങൾ ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും അധികം മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നായ ചിറപുഞ്ചിയിലാണ് ഇത്തരം പാലങ്ങൾ കൂടുതലും കാണാൻ കഴിയുക.
തങ്ഖരാങ് പാർക്ക്, ഡെയ്ൻ ത്ലെൻ ഫാൾസ്,മോസ്മായ് ഗുഹകൾ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ
PC:Anselmrogers

തവാങ് മോണാസ്ട്രി സ്ഥിതി ചെയ്യുന്ന അരുണാചൽ
സപ്ത സഹോദരിമാരിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. ഇന്ത്യയും ചൈനയും തമ്മില്‍ അതിർത്തി പ്രശ്നം നടക്കുന്ന അരുണാചൽ സൂര്യോദയത്തിന്റെ നാട് എന്നാണ് അറിയപ്പെടുന്നത്. ഒട്ടേറെ കടമ്പകൾ കടന്നു മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന അരുണാചൽ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധാശ്രമമായ തവാങ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ്. അരുണാചലിനെ മറ്റു സ്ഥലങ്ങൾക്കിടയിൽ അടയാളപ്പെടുത്തുന്ന ഈ ആശ്രനം ലോകത്തിലെ രണ്ടാമത്തെ വലിയ ആശ്രമം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്നും 925 അടി ഉയരത്തിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുമുള്ള തവാങ് താഴ്വരയുടെ ദൃശ്യം അതിമനോഹരമാണ്.
ഇതുകൂടാതെ പരശുറാം കുണ്ഡ്, ഇറ്റാനഗർ, ഭീമസ്ക് നഗർ തുടങ്ങി വ്യത്യസ്തമായ ഒട്ടേറെ ഇടങ്ങൾ ഇവിടെയുണ്ട്.

അസാം-മജൂളി ദ്വീപ്
ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപിനെക്കുറിച്ച് കേട്ടിട്ടില്ലേ? ഏകദേശം 350 സ്ക്വയർ കിലോമീറ്റർ നീളത്തിലായി പരന്നു കിടക്കുന്ന മജൂലി ദ്വീപാണ് ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് എന്നറിയപ്പെടുന്നത്.മജുലി എന്ന വാക്കിന് തന്ന ആഘോഷം എന്നര്‍ത്ഥം വരുന്ന പോലെയാണ് ഇവിടത്തെ ജീവിതം. സഞ്ചാരികള്‍ക്ക് തങ്ങാനായി ഏകദേശം ഇരുപത്തഞ്ചോളം സത്രങ്ങളുണ്ട് ഇവിടെ. നിയോ വൈഷ്ണവ സംസകാരത്തിന്റെ ഹബ്ബുകളാണ് ഈ സത്രങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. വൈഷ്ണവിസത്തിനൊപ്പം ക്ലാസിക്കല്‍ ഡാന്‍സായ സത്രിയ ഡാന്‍സും ഇവിടെ പഠിപ്പിക്കുന്നു. സാമൂഹിക - മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ് സത്രങ്ങള്‍. മജുലിയിലെ ടൂറിസം ഈ സത്രങ്ങള്‍ കാണാതെ പൂര്‍ണമാകില്ല എന്ന് വേണമെങ്കില്‍ പറയാം. കലമ്പാരി സത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ബെഗനാതി, ഷാമുഗാരി തുടങ്ങിയ സത്രങ്ങളും ഇവിടെ പ്രസിദ്ധമാണ്.
PC:PP Yoonus

മണിപ്പൂരിലെ ലോക്താക്ക് തടാകം
വടക്കു കിഴക്കൻ ഇന്ത്യ സന്ദർശിക്കുന്നവർക്ക് മുന്നിൽ സപ്തസഹോദരിമാർ ഒരുക്കുന്ന ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നാണ് ലോക്താക്ക് തടാകം. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ ഇത് ഒരുതരത്തിലുള്ള ഒഴുകും കരയാണ്. ജലം നിശ്ചലമായി കിടക്കുകയും കടവുകളും തീരങ്ങളും ഒഴുകി നടക്കുകയും ചെയ്യുന്ന അപൂർവ്വ പ്രതിഭാസമാണ്.

ഉജ്ജയന്താ പാലസ് ത്രിപുര
ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ നാട്ടു രാജ്യങ്ങളിലൊന്നാണ് ത്രിപുര. പത്താം നൂറ്റാണ്ടിനോട് അടുപ്പിച്ച് ആരംഭിക്കുന്ന ത്രിപുരയുടെ ചരിത്രം സംഭവബഹുലമാണ്. ബംഗ്ലാദേശിനോട് ചേർന്ന് ഒരു പൊട്ടുപോലെ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയുടെ സുന്ദരി എന്നാണ് അറിയപ്പെടുന്നത്. സപ്തസഹേദരിമാരിൽ ഏറ്റവും ചെറയി സംസസ്ഥാനമാണെങ്കിലും വിനോദ സഞ്ചാരത്തിന്റെ കാര്യത്തിൽ എല്ലാവരെയും കടത്തിവെട്ടുന്ന ഇടം തന്നെയാണിത്. മതപരവും വിനോദസഞ്ചാര പ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ക്കൊപ്പം ശുദ്ധമായ അന്തരീക്ഷവും മനോഹരമായ കാലാവസ്ഥയും ത്രിപുരയെ സഞ്ചാരികളുടെ ഇഷ്ടസങ്കേതമാക്കുകയാണ്. നിത്യഹരിത വനങ്ങളും പുഴകളും ത്രിപുരയുടെ അഴകിന് മാറ്റേകുന്നതാണ്.
ത്രിപുരയുടെ ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ ഉജ്ജയന്താ പാലസാണ്. രണ്ടു തടാകങ്ങളുടെ നടുവിലായി മുഗൾ ആകൃതിയിൽ നിർമ്മിച്ച പൂന്തോട്ടത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. കുറേക്കാലത്തോളം കൊട്ടാരമായിരുന്ന ഇത് 2001 വരെ ത്രിപുര സർക്കാരിന്റെ നിയമസഭാ മന്ദിരമായും പ്രവർത്തിച്ചു. ഇന്ന് സ്റ്റേറ്റ് മ്യൂസിയമായി മാറിയിരിക്കുന്ന ഇത് ക്രിപുരയുടെ കലാ സാസംസ്കാരിക പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. ഉജ്ജയന്ടാ കൊട്ടാരം എന്ന് ഇതിനു പേരു നല്‍കിയത് മഹാകവി രബീന്ദ്രനാഥ ടാഗോറാണ്.

നാഗാലാൻഡിലെ ഡിസ്കൗ വാലി
യാത്ര ചെയ്യുമ്പോൾ ഉത്തരാഖണ്ഡും കാശ്മീരും ഒക്കെയാണ് ഏറ്റവും മികച്ചതെന്ന് ചിന്തിക്കുന്നവരാണ് നമ്മള്. അതുകൊണ്ടുതന്നെ ചുറ്റിലുമുള്ള സ്ഥലങ്ങള്‍ നമ്മൾ അറിയാതെയാണെങ്കിലും വിട്ടുപോകും. പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറ്റവും മനോഹരമായ ഇവിടം നാഗാലാൻഡിലെ ഏറ്റവും വലിയ കാഴ്ചകളിൽ ഒന്നുതന്നെയാണ്. സമുദ്ര നിരപ്പിൽ നിന്നും 2452 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പ്രശസ്തമായിരിക്കുന്നത് ഇവിടുത്തെ പൂക്കളുടെ പേരിലാണ്. അതിൽ ഏറ്റവും പ്രശസ്തം ഡിസ്കൗ ലില്ലിയാണ്.
PC:GuruBidya

മിസോറോം- ബ്ലൂ മൗണ്ടെയ്ൻ
മിസോറാമിനെ സഞ്ചാരികൾക്കിടയിൽ പ്രശസ്തമാക്കുന്ന ഒന്നാണ് ഇവിടുത്തെ നീലപ്വ്വതം എന്ന പേരിലറിയപ്പെടുന്ന ഫോങ്പുയി അഥവാ നീലപർവ്വതം.
സമുദ്രനിരപ്പിൽ നിന്നും 2157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫോങ്പുയി മിസോറാമിലെ ഏറ്റവും ഉയരമേറിയ പർവ്വതങ്ങളിലൊന്നാണ്.
ദൈവങ്ങളുടെ വാസസ്തലം എന്നു ഇവിടുത്തെ ഗോത്രവർഗ്ഗക്കാർ വിശ്വസിക്കുന്ന ഈ പർവ്വതം ഒട്ടേറെ കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും കൂമ്പാരം കൂടിയാണ്.
തലസ്ഥാനമായ ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ അകലെയായതിനാൽ ഇവിടെ എത്തിപ്പെടുക എന്നത് അല്പം പണിപ്പെട്ട കാര്യം തന്നെയാണ്. അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാൻ സാധിക്കാത്ത ഇടമാണ്. . ലായ് ഭാഷയിൽ ഫോങ് എന്നു പറഞ്ഞാൽ പുൽമേട് എന്നും പുയി എന്നു പറഞ്ഞാൽ വലുത് അല്ലെങ്കിൽ മഹത്തരമായത് എന്നുമാണ് അർഥം. ഗ്രേറ്റ് മെഡോ എന്നാണ് ഇത് അറിയപ്പെടുന്നത്.