ഒരിക്കൽ പ്രശസ്തമായിരുന്ന പുരാതന തുറമുഖ പട്ടണം... ഇന്ന് അതിന്റെ ശേഷിപ്പുകളുമായി സഞ്ചാരികളെ കാത്ത് ശിലകളിൽ കഥകളെഴുതിയ ഒരു തീരദേശപട്ടണം. മഹാബലിപുരമെന്നും മാമല്ലപുരം എന്നും അറിയപ്പെടുന്ന ഈ തീരദേശം തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായാണ് മഹാബലിപുരം അറിയപ്പെടുന്നത്. സ്മാരകങ്ങളും ഗുഹാസ്മാരകങ്ങളും ശില്പങ്ങളും ഒക്കെയുള്ള ഇവിടം യുനസ്കോയുടെ പൈതൃക സ്ഥാനം കൂടിയാണ്.
ഒരിക്കൽ പല്ലവൻമാർ ഭരിച്ചിരുന്ന ഇവിടം അവരുടെ കാലത്ത് വളർച്ച പ്രാപിച്ച കലാവിദ്യകൾക്കും പ്രസിദ്ധമാണ്. കല്ലിൽ കൊത്തിയിരിക്കുന്ന സ്മാരകങ്ങളും പുരാതന ക്ഷേത്രങ്ങളും കാണുവൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നു.
ഇപ്പോൾ മഹാബലിപുരം വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത് ഒരു കാലത്ത് പേരുകേട്ട ഈ വ്യാപാര കേന്ദ്രത്തിൽ വെച്ചാണ്. ചരിത്രം പരിശോധിച്ചാൽ മഹാബലിപുരവും ചൈനയും തമ്മിൽ വ്യാപരങ്ങൾ നടന്നിരുന്ന കഥകള്‍ വായിക്കാം. ചരിത്ര സ്മരണകളുറങ്ങുന്ന മഹാബലിപുരത്തെ ഒന്നു വിശദമായി വായിച്ചാലോ... ഇതാ കല്ലിൽ കഥകളെഴുതിയ മാമല്ലപുരത്തിന്റെ വിശേഷങ്ങളറിയാൻ ഒരു യാത്ര...