സിക്കിമിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് യംതാങ്ങ്. പൂക്കളുടെ താഴ്വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. വസന്തകാലത്ത് ഇവിടം പൂക്കളാല്‍ നിറഞ്ഞ് മനോഹരമായി കാണപ്പെടും. പ്രിമുല, റോഡോഡെന്ഡ്രോണ്സ് എന്നീയിനം പുഷ്പങ്ങള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നവയാണ്. ഇവ കൂടാതെ മറ്റ് പല കഴ്ചകളും ഇവിടെയുണ്ട്.
ഭൂപ്രകൃതി
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോക്കില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ, വടക്കന്‍ സിക്കിം ജില്ലയിലാണ് യംതാങ്ങ് താഴ്വര സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3575 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം.
കാഴ്ചകള്‍
ഷിങ്ബ റോഡോഡെന്‍ഡ്രോണ്‍ വന്യജീവി സങ്കേതം ഇരുപത്തിനാലിനം റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍ വിരിയുന്ന സ്ഥലമാണ്. എപ്രില്‍, മെയ് മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്. യംതാങ്ങിന് വലത് ഭാഗത്തുള്ള ചുടുനീരുറവ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. മനോഹരമായ പുല്‍ത്തകിടികളും, പൈന്‍, സില്‍വര്‍ ഫിര്‍ മരങ്ങള്‍ നിറഞ്ഞ കാടുകളും, വെള്ളച്ചാട്ടങ്ങളും, ഉറവകളും നിറഞ്ഞ ഇവിടുത്തെ കാഴ്ചകള്‍ അവിസ്മരണീയമാണ്. സാഹസികരായ സഞ്ചാരികള്‍ക്ക് സ്കീയിങ്ങിനും ഇവിടെ അവസരമുണ്ട്.
യംതാങ്ങില് നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ശിവ് മന്ദിര്‍. പതിനാറ് കിലോമീറ്റര്‍ അകലെയുള്ള യുമെസാംഡോങ്ങ് എന്ന സ്ഥലവും പ്രശസ്തമാണ്.
കാലാവസ്ഥ
യംതാങ്ങിലെ കാലാവസ്ഥ സമയാസമയങ്ങളില്‍ മാറി വരും. കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാല്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടേക്ക് പ്രവേശനമില്ല.