ഗുജറാത്ത്‌ കാഴ്ചകള്‍ തേടി ഒരു സഞ്ചാരം

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനമായ ഗുജറാത്ത്‌ അതിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും സാംസ്‌കാരിക വൈവിധ്യങ്ങള്‍ കൊണ്ടും ടൂറിസം ഭൂപടത്തില്‍ സ്വന്തമായി ഒരിടം നേടിയിട്ടുള്ള നാടാണ്‌. സിന്ധു നദീതട സംസ്കാരത്തിന്‍റെ കളിത്തൊട്ടിലായ ഗുജറാത്ത്‌ ഇന്ത്യയുടെ ചരിത്രത്തിലുടനീളം സുപ്രധാനമായ ഒരു സാംസ്‌കാരിക സാമ്പത്തിക കേന്ദ്രമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിക്ക് ജന്മം നല്‍കിയതും ഈ നാട് തന്നെ. ഗുജറാത്തിലെത്തുന്ന ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്ഥത നിറഞ്ഞ കാഴ്ചകളാണ്. കച്ചിലെ ഉപ്പുപടങ്ങള്‍, ബീച്ചുകള്‍, ഗിര്‍നാറിലെയും സപുത്താരയിലെയും മലനിരകള്‍ എന്നിവയൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു. വടക്ക് ഭാഗത്തെ കച്ച് മേഖലയും, തെക്കുപടിഞ്ഞാറ് ഭാഗത്തെ കത്തിയാവാര്‍ മേഖലയും ചേര്‍ന്നാണ് ഗുജറാത്ത്‌ രൂപപ്പെടുന്നത്. ബ്രിട്ടീഷ്‌ ഭരണകാലത്ത് 217 നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന കത്തിയാവാര്‍ സൗരാഷ്ട്ര എന്ന പേരിലും അറിയപ്പെടുന്നു. ഈ പ്രദേശത്തിന്‍റെ ഭൂതകാല പ്രതാപത്തെ ഓര്‍മ്മപ്പെടുത്തുന്ന അവശേഷിപ്പുകള്‍ സഞ്ചാരികളില്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. ഗുജറാത്തി സംസ്കാരത്തിന്‍റെ തനിമ തെളിഞ്ഞു കാണുന്ന രാസ്, ഗര്‍ബ തുടങ്ങിയ ആഘോഷങ്ങള്‍ ഈ നാടിനെ അടുത്തറിയാന്‍ സഹായിക്കുന്നു.

കാലാവസ്ഥ വേനല്‍ക്കാലം, മഴക്കാലം, മഞ്ഞുകാലം എന്നിവയാണ് ഗുജറാത്തിലെ പ്രധാന സീസണുകള്‍. സമുദ്രതീരത്തോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ മഴക്കാലത്ത്‌ കനത്ത മഴയാണ് ഗുജറാത്തില്‍ ലഭിക്കുന്നത്. വേനല്‍ക്കാലമാകട്ടെ അത്യുഷ്ണതിന്‍റെ കാലമാണ്. അനുകൂല കാലാവസ്ഥയുള്ള മഞ്ഞുകാലമാണ്‌ ഗുജറാത്ത്‌ സന്ദര്‍ശിക്കാന്‍ യോജിച്ച സമയം. ഭാഷ സ്റ്റാന്‍ഡേര്‍ഡ് ഗുജറാത്തിയാണ് കൂടുതല്‍ ജനങ്ങളും ഉപയോഗിക്കുന്ന ഭാഷ. ഗുജറാത്തി ഭാഷയുടെ വകഭേദങ്ങളായ പാര്‍സി ഗുജറാത്തി, ഗാംത്തി, കത്തിയാവാടി എന്നിവയും പ്രചാരത്തിലുണ്ട്. ഇവയ്ക്ക് പുറമെ സിന്ധി, കച്ചി എന്നീ ഭാഷകളെയും ഗുജറാത്തിലെ ഭാഷകളുടെ ഗണത്തില്‍ പെടുത്താം. അടുത്തകാലത്തായി ഗുജറാത്തിന്‍റെ വ്യാവസായിക മേഖലയിലുണ്ടായ വളര്‍ച്ച അന്യസംസ്ഥാനക്കാരുടെ വന്‍തോതിലുള്ള കുടിയേറ്റത്തിനു കാരണമായി. ഇതിന്‍റെ ഫലമായി ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും ഗുജറാത്തിന് പരിചിതമായിത്തീര്‍ന്നു.ടൂറിസം 26 ജില്ലകളുള്ള ഗുജറാത്ത്‌ ടൂറിസ്റ്റുകള്‍ക്ക് സമ്മാനിക്കുന്നത് കാണാക്കാഴ്ചകളുടെ ഒരനുഭവമാണ്. അറബിക്കടലിന്‍റെ സൗന്ദര്യം പടര്‍ന്നുകിടക്കുന്ന ബീച്ചുകള്‍, സഹ്യാദ്രി മലനിരകള്‍, ആരവല്ലി മലനിരകള്‍, സത്പുര മലനിരകള്‍, റാന്‍ ഓഫ് കച്ച് തുടങ്ങി നിരവധി കാഴ്ചാവിസ്മയങ്ങള്‍ ഗുജറാത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. റ്റിത്താല്‍ ബ്ലാക്ക്‌ സാന്‍ഡ് ബീച്ച്, മാണ്ട്വി ബീച്ച്, ചോര്‍വാദ് ബീച്ച്, അഹമ്മദ്പൂര്‍ മാണ്ട്വി ബീച്ച്, സോമനാഥ് ബീച്ച്, പോര്‍ബന്ദര്‍ ബീച്ച്, ദ്വാരക ബീച്ച് ഇങ്ങനെ നീണ്ടുപോകുന്നു ഗുജറാത്തിലെ പ്രശസ്തമായ ബീച്ചുകള്‍. തീര്‍ത്ഥാടനകേന്ദ്രങ്ങുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ഇന്ത്യയിലെ മതങ്ങളുടെയും പുരാണങ്ങളുടെയും ചരിത്രത്തില്‍നിന്നും ഒഴിച്ചുനിര്‍ത്താനാകാത്ത ദ്വാരകയും സോമനാഥുമൊക്കെ ഗുജറാത്തിലാണ് സ്ഥിതിചെയ്യുന്നത്. അംബാജി ക്ഷേത്രവും ഗിര്‍നാര്‍ കുന്നുകളിലെ ഹിന്ദു - ജൈന ക്ഷേത്രങ്ങളും ഗുജറാത്തിന്‍റെ തീര്‍ത്ഥാടക ഭൂപടത്തില്‍ അനിഷേധ്യമായ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ള പുണ്യസ്ഥലങ്ങളാണ്. അപൂര്‍വ്വയിനം സിംഹങ്ങളുടെ നാടെന്ന ഖ്യാതിയും ഗുജറാത്തിനുണ്ട്. സിംഹങ്ങള്‍ക്ക് പുറമെ അപൂര്‍വ്വയിനത്തില്‍പെട്ട കഴുതകള്‍, മാനുകള്‍ എന്നിവയടക്കം നിരവധി വന്യജീവികളുടെ വിഹാരകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഗിര്‍ നാഷണല്‍ പാര്‍ക്ക്‌, വന്‍സ്ഡ നാഷണല്‍ പാര്‍ക്ക്‌, വെരവാദാര്‍ ബ്ലാക്ക്‌ബക്ക് നാഷണല്‍ പാര്‍ക്ക്‌, നാരായണ്‍ സരോവര്‍ വൈല്‍ഡ്‌ലൈഫ് സാങ്ങ്ചുറി, തോല്‍ ലേക്ക് ബേര്‍ഡ് സാങ്ങ്ചുറി, കച്ച് ഗ്രേറ്റ് ഇന്ത്യന്‍ ബസ്ടാര്‍ഡ്‌ സാങ്ങ്ചുറി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍.സാംസ്കാരികമായും സാമ്പത്തികമായും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ഗുജറാത്തിലെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ക്ക് ടൂറിസ്റ്റുകള്‍ക്കിടയില്‍ ആവശ്യക്കാരേറെയാണ്‌. ഗുജറാത്തികള്‍ ഉപയോഗിക്കുന്ന തലപ്പാവിനും കുപ്പായങ്ങള്‍ക്കുമാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. ചിത്രപ്പണികളോടുകൂടിയ ചോളികള്‍, പത്താനിലെ പടോല സാരികള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ധാരാളമുണ്ട്.  ടൂറിസം സാധ്യതകളെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഗുജറാത്തിലെ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കാണാക്കാഴ്ചകള്‍ തേടി ഗുജറാത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ മനോഭാവത്തിലും ഇത് പ്രതിഫലിച്ചുകാണാം. 

Please Wait while comments are loading...