സോംനാഥ് എന്ന ക്ഷേത്രനഗരം

ഹോം » സ്ഥലങ്ങൾ » സോംനാഥ് » ഓവര്‍വ്യൂ

ശിവനെ ജ്യോതിലിംഗരൂപത്തില്‍ ആരാധിക്കുന്ന രാജ്യത്തെ പന്ത്രണ്ട് പ്രസിദ്ധ പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോംനാഥ് ക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ പ്രദേശമാണ് സോംനാഥ്. സൌരാഷ്ട്ര ദ്വീപിന്‍റെ തുരുത്തിലുള്ള തീരപ്രദേശമായ സോംനാഥിന്‍റെ  ഒരുവശം അറബിക്കടലാണ്. വടക്ക് 6 കിലോമീറ്ററ്‍ അകലെ വിരാവലും 407 കിലോമീറ്റര്‍ അകലെ അഹമ്മദാബാദും സ്ഥിതി ചെയ്യുന്നു.

ഇന്ത്യയുടെ മതപരവും പൌരാണികവുമായ സംസ്കാരനിര്‍മ്മിതിയില്‍ സോംനാഥക്ഷേത്രത്തിന് പ്രധാനസ്ഥാനമാണുള്ളത്. വിഗ്രഹാരാധനയിലും മതപരമായ ചടങ്ങുകളിലും തികഞ്ഞ ശ്രദ്ധ പുലര്‍ത്തുന്ന വിശ്വാസികളാണ് സോംനാഥ് നിവാസികള്‍. സോംനാഥിലെ പ്രധാനക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണത്തിലാണ്. ദക്ഷ പ്രജാപതിയുടെ ശാപത്താല്‍ നഷ്ടപ്പെട്ട തന്‍റെ തേജസ്സ് തിരിച്ചെടുക്കാന്‍  ചന്ദ്രദേവന്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. മറ്റൊന്ന് സൂര്യഭഗവാന്‍ നിര്‍മ്മിച്ചുവെന്ന് കരുതപ്പെടുന്നതാണ്. ഈ ക്ഷേത്രം  വെള്ളി കൊണ്ട് നിര്‍മ്മിച്ചതാണ് .ഇതുകൂടാതെ ഭഗവാന്‍ കൃഷ്ണന്‍ നിര്‍മ്മിച്ചുവെന്ന് വിശ്വാസമുള്ള മരം കൊണ്ടുള്ള ഒരു ക്ഷേത്രവും പതിനൊന്നാം നൂറ്റാണ്ടില്‍ സോളങ്കി രാജവംശം പണികഴിപ്പിച്ച കരിങ്കല്‍ക്ഷേത്രവും ഇവിടെയുണ്ട്.

50 മീറ്റര്‍ ഉയരത്തിലുള്ള ഗോപുരമുള്‍പ്പെടെ ചാലൂക്യരീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കരിങ്കല്‍ ക്ഷേത്രത്തിന്‍റെ ചുവരുകള്‍ സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ കൊണ്ട് സമ്പന്നമാണ്. ശിവദാസനായ നന്ദിയുടെ വിഗ്രഹമുള്ള ക്ഷേത്രത്തിന്‍റെ നടുവിലായി രാജ്യത്തെ പന്ത്രണ്ട്  ജ്യോതിലിംഗങ്ങളിലൊന്നായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു.

സ്വര്‍ണ്ണ നിര്‍മ്മിതമായ പ്രധാനക്ഷേത്രത്തിന് വിശാലമായ മുറ്റവും ഗോപുരങ്ങളുമുണ്ട്.അശ്രദ്ധ കാരണം  കേടുപാടുകള്‍ വന്ന ക്ഷേത്രം 1951 ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ നിലയില്‍ പുതുക്കിപ്പണിഞ്ഞത്. സമ്പത്ത് നിറഞ്ഞ ഈ ക്ഷേത്രം ആറു തവണ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ഏഴാം തവണ പുതുക്കിപ്പണിഞ്ഞ ക്ഷേത്രമാണ് ഇന്ന് നിലവിലുള്ളത്.

കാലാവസ്ഥ

അറബിക്കടലിന് വളരെ അടുത്തുകിടക്കുന്ന സോംനാഥില്‍ മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് വെയിലിന്  കാഠിന്യം കൂടുതലാണ്.അതേസമയം ശൈത്യം ഇവിടെ അത്ര തീവ്രമല്ല. ശക്തിയേറിയ കാറ്റോടുകൂടിയ കനത്ത മഴയാണ് ഇവിടെ മണ്‍സൂണില്‍ അനുഭവപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരേയുള്ള കാലയളവാണ് സോംനാഥ് സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.

മറ്റ് കാഴ്ച്ചകള്‍

സോംനാഥ ക്ഷേത്രത്തെക്കൂടാതെ ഒരു സൂര്യക്ഷേത്രവും സോംനാഥിലുണ്ട്.പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തില്‍ സൂര്യഭഗവാന്‍റെയും രണ്ട് അനുചരന്‍മാരുടേയും പ്രതിഷ്ഠയാണുള്ളത്. വേടനായ ജരന്‍ ഭഗവാന്‍ കൃഷ്ണനെ മയിലാണെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തുവീഴ്ത്തിയത് സോനാഥിലെ ബാല്‍ക്കതീര്‍ത്ഥത്തില്‍ വച്ചാണെന്നാണ് വിശ്വാസം. വേടന്‍റെ അമ്പേറ്റു മരിച്ച കൃഷ്ണന്‍റെ  ശരീരം സംസ്ക്കരിച്ചത് ഇതിനടുത്തുതന്നെയുള്ള ദേഹോത്സര്‍ഗ്ഗില്‍ വച്ചാണെന്നും കരുതപ്പെടുന്നു. ഒട്ടകസവാരി നടത്തിയും മത്സ്യവിഭവങ്ങള്‍ രുചിച്ചും നേരം പോക്കാവുന്ന സോനാഥ് ബീച്ചാണ് ഇവിടത്തെ മറ്റൊരു പ്രധാന കാഴ്ച്ച.

ശക്തിയുള്ള തിരമാലകളുള്ളതിനാല്‍ ഇവിടെ സഞ്ചാരികളെ നീന്താന്‍ അനുവദിക്കാറില്ല. അതേസമയം കടലിനെയും തീരപ്രകൃതിയേയും അടുത്തറിയാന്‍ ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് കഴിയും.നീന്തലും ജലവിനോദങ്ങളും താല്‍പ്പര്യമുള്ളവര്‍ക്ക് ഡ്യൂ ദ്വീപിന് തൊട്ടടുത്തുള്ള  അഹമ്മേദ്പൂര്‍ മാണ്ഡവി ബീച്ച് സന്ദര്‍ശിക്കാവുന്നതാണ്.പോര്‍ച്ചുഗീസ്,സൌരാഷ്ട്രന്‍ രുചിയും സംസ്ക്കാരവും ഇവിടെയെത്തുന്ന ഓര സഞ്ചാരിക്കും ആസ്വദിക്കാനും അടുത്തറിയാനും കഴിയുമെന്നുറപ്പ്.ബുദ്ധിസ്റ്റ് സന ഗുഹകള്‍,മായ് പുരി മസ്ജിദ്,വിരാവല്‍ തുടങ്ങിയവയാണ് സോംനാഥിലെ മറ്റു കാഴ്ച്ചകള്‍.

Please Wait while comments are loading...