ഗാന്ധി ജയന്തി ദീർഘാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് മുന്നിൽക്കണ്ട് ബംഗളൂരുവിൽ നിന്ന് 850 പ്രത്യേക ബസുകൾ സർവീസ് നടത്താൻ കർണാടക ആർടിസി (KSRTC). ഒക്ടോബർ 1, 2 തീയതികളിലാണ് സർവീസുകൾ ആരംഭിക്കുന്നത്. മടക്കയാത്രകൾ ഒക്ടോബർ 4 മുതൽ ആയിരിക്കും. കേരള റൂട്ടുകളിലേക്കും തീരദേശ കർണാടക, തിരുപ്പതി, ഹൈദരാബാദ് തുടങ്ങിയ തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമാണ് ടിക്കറ്റുകൾക്ക് കൂടുതൽ ആവശ്യക്കാരുള്ളത്. KSRTC വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഗ്രൂപ്പ് ബുക്കിംഗിനും റിട്ടേൺ ടിക്കറ്റുകൾക്കും പ്രത്യേക ഇളവുകളും ലഭ്യമാണ്.
ബസ് സ്റ്റാൻഡുകളിലെ തിരക്ക് കുറയ്ക്കാൻ വ്യത്യസ്ത ബോർഡിംഗ് പോയിന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തീരദേശ റൂട്ടുകളിലേക്കും നോർത്ത് കർണാടകയിലേക്കുമുള്ള ബസുകൾ കെമ്പെഗൗഡ ബസ് സ്റ്റേഷനിൽ (മെജസ്റ്റിക്) നിന്ന് പുറപ്പെടും. മൈസൂരു, കുടക്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും. തമിഴ്‌നാട്, കേരള റൂട്ടുകളിലേക്കുള്ള ദീർഘദൂര ബസുകൾ ശാന്തിനഗർ സ്റ്റാൻഡിൽ നിന്നാണ് സർവീസ് നടത്തുക. ഒക്ടോബർ 1 വ്യാഴാഴ്ച വൈകുന്നേരവും ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെയുമാണ് ബംഗളൂരുവിൽ നിന്ന് ഏറ്റവും കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച (ഒക്ടോബർ 4) വൈകുന്നേരം മുതലായിരിക്കും മടക്കയാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുക.

കെഎസ്ആർടിസി സ്പെഷ്യൽ ബസുകൾ: പ്രധാന റൂട്ടുകളും ബുക്കിംഗും
KSRTC അവതാർ (AWATAR) പോർട്ടലോ ആപ്പോ ഉപയോഗിച്ച് റൂട്ടും തീയതിയും സർവീസും തിരഞ്ഞെടുക്കാം. യാത്രതിരിക്കും മുൻപ് ടിക്കറ്റിൽ നൽകിയിരിക്കുന്ന ബോർഡിംഗ് പോയിന്റ് കൃത്യമായി ഉറപ്പുവരുത്തുക. കുറഞ്ഞത് 10 മിനിറ്റ് മുൻപെങ്കിലും സ്റ്റാൻഡിൽ എത്തുന്നതാണ് ഉചിതം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് ബോർഡിംഗ് പോയിന്റിലെത്താൻ എസി അല്ലാത്ത സിറ്റി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇ-ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം. ആവശ്യപ്പെടുന്ന സമയത്ത് എം-ടിക്കറ്റ് കാണിച്ചു കൊടുക്കാവുന്നതാണ്.
സ്ലീപ്പറോ നോൺ എസിയോ? കേരള റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ
സീസണും ബസിന്റെ മോഡലും അനുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടാകും. കഴിഞ്ഞ വിഷു സീസണിൽ ബംഗളൂരു-എറണാകുളം എസി സ്ലീപ്പറിന് 2,440 രൂപയോളവും ഡീലക്സ് നോൺ എസിക്ക് 1,081 രൂപയോളവുമായിരുന്നു നിരക്ക്. എന്നാൽ ജൂണിൽ കെഎസ്ആർടിസി ആരംഭിച്ച നോൺ എസി 'പല്ലക്കി' സ്ലീപ്പർ സർവീസുകളിൽ നിരക്ക് കുറവാണ്: ബംഗളൂരു–എറണാകുളം ₹1,264, തൃശൂർ ₹1,064, പാലക്കാട് ₹964 എന്നിങ്ങനെയാണ് പല്ലക്കി നിരക്കുകൾ. വരാന്ത്യ അവധികളിൽ സ്ലീപ്പർ ബെർത്തുകൾ വേഗത്തിൽ വിറ്റഴിയുന്നതിനാൽ സീറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യുക.
ലഗേജ് നിയമങ്ങൾ, റീഫണ്ട്, റീഷെഡ്യൂൾ: അറിയേണ്ടതെല്ലാം
കെഎസ്ആർടിസിയിൽ ഒരാൾക്ക് 30 കിലോഗ്രാം വരെയുള്ള വ്യക്തിഗത ലഗേജുകൾ സൗജന്യമായി കൊണ്ടുപോകാം. അതിൽ കൂടുതലുണ്ടെങ്കിൽ നിശ്ചിത നിരക്ക് നൽകേണ്ടി വരും. പ്രീമിയം സർവീസുകളിൽ വളർത്തുമൃഗങ്ങളെ അനുവദിക്കില്ല. ലഗേജുകൾ പാസേജ് തടസ്സപ്പെടുത്തുന്ന രീതിയിൽ വയ്ക്കരുത്. യാത്ര റദ്ദാക്കുകയാണെങ്കിൽ ബസ് പുറപ്പെടുന്നതിന് 2 മണിക്കൂർ മുൻപ് വരെ സമയം അനുസരിച്ച് 90%, 75%, 50% എന്നിങ്ങനെ റീഫണ്ട് ലഭിക്കും. പിന്നീട് ടിക്കറ്റ് റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല. ടിക്കറ്റ് തീയതി മാറ്റാനോ (Prepone/Postpone) 50% സ്ലാബ് നിരക്കാണ് ബാധകമാവുക. റീഫണ്ട് തുക സാധാരണയായി 15 ദിവസത്തിനകം ലഭിക്കും. സംശയങ്ങൾക്ക് [email protected] എന്ന ഇമെയിലിലോ 24x7 ഹെൽപ്പ് ലൈനിലോ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications