പ്രൗഡം, ഗംഭീരം രാജസ്ഥാന്‍ കാഴ്ചകള്‍

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങളും അവയിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളും. രാജസ്ഥാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അറബിക്കഥകളിലെ സ്വപ്ന നഗരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കാഴ്ചകളാണ് മനസ്സില്‍ നിറയുന്നത്. കല്‍പനകള്‍ പുറപ്പെടുവിക്കുന്ന രാജാക്കന്‍മാരും അവരുടെ ശബ്ദം അലയടിക്കുന്ന കൂറ്റന്‍ കോട്ട കൊത്തളങ്ങളും ഒപ്പം തെളിഞ്ഞു വരുന്നു. ചെവിയോര്‍ത്താല്‍ അതിലുമപ്പുറം എന്തൊക്കെയോ പറയാനുണ്ട്‌ ഈ മണല്‍ക്കാടുകള്‍ക്ക്. അതെ,വര്‍ണ വിസ്മയങ്ങളുടെ  പറുദീസയായ രാജസ്ഥാന്‍ സന്ദര്‍ശിക്കാതെ ഒരു സഞ്ചാരിയുടേയും യാത്ര പൂര്‍ണതയിലെത്തുന്നില്ല.

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി 'രാജാക്കന്മാരുടെ നാട്' എന്നറിയപ്പെടുന്ന രാജസ്ഥാന്‍,കാലത്തെ വെല്ലുന്ന പ്രൌഡിയോടെ നിലകൊള്ളുന്നു. പോയ രാജവാഴ്ച കാലത്തെ സമൃദ്ധിയും ആഡംബരവും എന്തിലുമേതിലും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയാണിവിടെ. ഇവ തൊട്ടറിയാനും രൂപഭംഗിയാല്‍  കൊത്തിവച്ച ഈ മായാലോകത്തിന്റെ ഭംഗി  ആവോളം നുകരാനും ഒത്തിരിയേറെ യാത്രികര്‍ അനുദിനം ഇവിടെയെത്തിച്ചേരുന്നുണ്ട് . നമുക്കും ഈ രാജവാഴ്ചയുടെ നല്ല നാളുകളിലേക്ക് തിരിഞ്ഞു നടക്കാം. എന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരു പിടി നല്ല ഓര്‍മ്മകള്‍ ഈ മണല്‍ക്കാടുകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും, ഉറപ്പ്.

ചരിത്രനഗരത്തിന്റെ ചില വിശേഷങ്ങള്‍

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍. വലിപ്പത്തില്‍ ഇന്ത്യയുടെ ഏകദേശം 10.4 ശതമാനം ഉള്‍കൊള്ളുന്ന രാജസ്ഥാന്‍ ഏതാണ്ട് 342,269 ചതുരശ്ര കിലോമീറ്ററോളം പരന്നു കിടക്കുന്നു. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ആണ് തലസ്ഥാനം. രാജസ്ഥാന്റെ വടക്ക് പടിഞ്ഞാറു ഭാഗം വിശാലമായ താര്‍ മരുഭൂമിയാണ്. ഇവിടുത്തെ ഒരേയൊരു ഹില്‍ സ്റ്റേഷന്‍ ആണ് ആരവല്ലി നിരകളില്‍ സ്ഥിതി ചെയ്യുന്ന മൌണ്ട് അബു.

രാജസ്ഥാനിലെ കാലാവസ്ഥ

മഴക്കാലമൊഴിച്ചു നിര്‍ത്തിയാല്‍ പൊതുവേ വരണ്ട കാലാവസ്ഥയാണ് രാജസ്ഥാനില്‍. മരുപ്രദേശമായത് കൊണ്ട് തന്നെ ഏകദേശം 48 ഡിഗ്രിയോളം ഉയര്‍ന്ന താപനിലയോട് കൂടി ചുട്ടു പൊള്ളുന്ന വേനല്‍ക്കാല മാണിവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ ആ സമയത്തും ഹില്‍ സ്റ്റേഷനായ മൌന്റ്റ്‌ അബു കുളിര്‍മ നിലനിര്‍ത്തുന്നു.  പ്രധാനമായും രാജസ്ഥാനി ഭാഷ സംസാരിക്കുന്നവരാണിവിടെ അധികവും. പിന്നെ ഇംഗ്ലീഷ്,ഹിന്ദി പറയുന്നവരും കുറവല്ല. ഇവിടെയുള്ള പഴയ തലമുറയില്‍പ്പെട്ട ആളുകളില്‍ ചിലര്‍ സിന്ധിയും സംസാരിക്കുന്നു.

ആട്ടവും പാട്ടും ഉല്ലാസം നിറയ്ക്കുന്നു

രാജസ്ഥാനിലെ സംസ്കാരവും ഇവിടുത്തെ ജീവിത രീതിയുമെല്ലാം തന്നെ വൈവിധ്യം നിറഞ്ഞതാണ്‌. ചുറ്റുമുള്ള പലവിധ കാഴ്ചകളില്‍ തുടങ്ങി ഇവിടുത്തുകാരുടെ വസ്ത്രത്തിലും ഭക്ഷണത്തിലും വരെ ഈ വൈവിധ്യം നിറഞ്ഞു നില്‍ക്കുന്നു. സംഗീതവും നൃത്തവും നിറഞ്ഞ ഉത്സവ പ്രതീതിയുള്ള ദിനങ്ങളാണിവിടെയധികവും യാത്രികരെ വരവേല്‍ക്കുന്നത്. ഇവിടുത്തുകാരുടെ വസ്ത്രധാരണ രീതിയിലും വര്‍ണ മനോഹാരിത നിറഞ്ഞു നില്‍ക്കുന്നു. കണ്ണാടികള്‍ കൊണ്ട് അലങ്കരിച്ച വസ്ത്രങ്ങള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണീയതയാണ് .

പുരാതന ശില്പകലയുടെ മാസ്മരികഭാവങ്ങള്‍ സ്പുരിക്കുന്നു  ഇവിടുത്തെ കൊട്ടാരക്കെട്ടുകളിലും ഹവേലികളിലും. എത്ര കണ്ടാലും മതി വരാത്തത്ര ഈ മനോഹര കാഴ്ചകള്‍ ചേര്‍ന്നാണ് രാജസ്ഥാനെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്.ഹോളി,തീജ്,ദീപാവലി,ദേവ് നാരായന്‍ ജയന്തി,സംക്രാന്തി,ജന്മാഷ്ടമി ഇവയൊക്കെയാണ് ഇവിടെ ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങള്‍. വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന രാജസ്ഥാനി ഡിസേര്‍ട്ട് ഫെസ്റിവല്‍,കാമല്‍ ഫെയര്‍,ക്യാറ്റില്‍ ഫെയര്‍ എന്നിവയും യാത്രികരില്‍ കൌതുകമുണര്‍ത്തുന്നു.രുചികരമായ ഭക്ഷണം വിളമ്പുന്നതില്‍ തത്പരരാണ് ഇവിടുത്തുകാര്‍. കടുത്ത ജല ദൌര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലമാണ് രാജസ്ഥാന്‍. .മാത്രമല്ല പച്ചക്കറികളും നന്നേ കുറവാണ്.

ഇവിടുത്തെ വിഭവങ്ങളിലും ഈ വക പ്രത്യേകതകള്‍ നിഴലിക്കുന്നുണ്ട്. ദാല്‍ ബാട്ടി,ബയില്‍ ഗട്ടെ ,മാവ കചോരി,റാബ്ടി,ബജ്രെ കി റോടി,ലശുന്‍ കി ചട്ണി എന്നിവ കൊതിയൂറുന്ന നാടന്‍ വിഭവങ്ങളാണ്. പിന്നെ ബിക്കനൂരിലെ രസഗുല്ലകളും നാവില്‍ വെള്ളം നിറക്കുന്നു.രാജാക്കന്‍മാരുടെ നഗരം ആയതു കൊണ്ട് തന്നെ സ്വാഭാവികമായും ഇതു കൊട്ടാരങ്ങളുടെയും കൂടി നഗരമാണ്. ദൃശ്യഭംഗിയും രൂപ സൗകുമാര്യവും തുളുമ്പി നില്‍ക്കുന്ന ഇവിടുത്തെ എല്ലാ പ്രദേശങ്ങളും സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങള്‍ തന്നെയാണ്. ജയ്പൂര്‍,ഉദയ് പൂര്‍,ജോധ്പൂര്‍, ജയ്സാല്‍ മര്‍ എന്നിവയാണ് ഏറ്റവും പ്രശസ്തമായാവ. ഇവ കാണാതെ നിങ്ങള്‍ മടങ്ങുന്ന പ്രശ്നമില്ല.

പിന്നെ ബന്സര,കോട്ട,ഭരത് പൂര്‍,ബുന്ദി,വിരാട്ട് നഗര്‍,സരിസ്ക,കൂടാതെ ശേഖാവതിയും യാത്രികരുടെ ഇഷ്ട സ്ഥലങ്ങളില്‍ പെടുന്നു.വന്യജീവികള്‍ സ്വര്യ വിഹാരം നടത്തുന്ന രന്തംബോര്‍ നാഷണല്‍ പാര്‍ക്ക്‌,സരിസ്ക കടുവാ സങ്കേതം ,ധാര വന്യജീവി സങ്കേതം,കുംഭാല്‍ ഗര്‍ഹ് വന്യജീവി  സങ്കേതം എന്നിവ പ്രകൃതി സ്നേഹികള്‍ക്ക് ആവേശം പകരുന്നു. തീര്‍ത്ഥാടകര്‍ക്കായ്‌ ഒട്ടനേകം ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും ഇവിടെ നില കൊള്ളുന്നുണ്ട്. ചരിത്രകുതുകികളേയും പഴമയുടെ തനിമ തേടുന്നവരേയും തൃപ്തിപ്പെടുത്താന്‍ ഇതിലും പറ്റിയ സ്ഥലം വേറെയില്ലെന്നു തന്നെ പറയാം.

അത്ര മാത്രം പൌരാണിക കാലഘട്ടത്തിന്റെ കലാവിരുതും പ്രൌഡിയും ഉയര്‍ത്തിക്കാട്ടുന്നു ഇവിടുത്തെ കോട്ടകളും കൊട്ടാരങ്ങളും ഹവേലികളും. ലാറ്റിന്‍ തത്വചിന്തകനായ ബിഷപ്പ് സെന്റ്‌ അഗസ്റ്റിന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് "ലോകം ഒരു പുസ്തകമാണ്. യാത്ര ചെയ്യാത്തവര്‍ അതിന്റെ ഒരേയൊരു പേജ് മാത്രമേ കണ്ടിട്ടുള്ളു." ആ പുസ്തകത്തിലെ വര്‍ണശബളമായ താളുകളില്‍ ചിലതാണ് രാജസ്ഥാനും. അവ കാണാന്‍ കൊതിയാവുന്നില്ലേ. ഒട്ടും താമസിക്കേണ്ട, പേജുകള്‍ ഇപ്പോ തന്നെ മറിച്ചു തുടങ്ങിക്കോളൂ. 

Please Wait while comments are loading...