വിസ്മയിപ്പിയ്ക്കുന്ന മരുനഗരം -ബിക്കാനീര്‍

താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിനെ സംബന്ധിച്ച് ഒട്ടും അധികമാകില്ല. രാജസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇന്നേവരെ നേരിട്ട് കാണാത്തവരുടെ മനസ്സില്‍ വരുന്ന പരന്നുകിടക്കുന്ന മണല്‍പ്പരപ്പ്, അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടകപ്പുറത്ത് യാത്രയാകുന്ന ആളുകള്‍, രാവാകുമ്പോള്‍ നിറവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന കൊട്ടാരക്കെട്ടുകള്‍ ഈ ചിത്രങ്ങളെല്ലാമാണ് എത്തുക. ഇതെല്ലാം ബിക്കാനീറിലുണ്ട്, അല്ല ഇതുതന്നെയാണ് ബിക്കാനീര്‍ എന്നുതന്നെ പറയണം.

രജപുത് രാജാക്കന്മാരുടെ വിരകഥകളും പ്രൗഢഗംഭീരമായ ജീവിതത്തിന്റെ ബാക്കിപത്രങ്ങളുമാണ് ബിക്കാനീറിലുള്ളത്. രാജസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് ബിക്കാനീറിന്റെ കിടപ്പ്. രാത്തോര്‍ രാജകുമാരനായിരുന്ന റാവു ബിക്കാജിയാണ് ബിക്കാനീറിന്റെ സ്ഥാപകന്‍. 1488ലാണ് ബിക്കാജി ഈ നഗരമുണ്ടാക്കിയത്. രാജസ്ഥാനിലെ മാത്രം സവിശേഷതയായ രജപുത് സംസ്‌കാരം, രുചിയേറുന്ന ബുജിയ, കടുംനിറങ്ങളുള്ള ഉത്സവങ്ങള്‍, കൊട്ടാരങ്ങള്‍, എന്നിവയെല്ലാമാണ് ബിക്കാനീറിന്റെ മുഖമുദ്ര. നിറപ്പകിട്ടേറിയ സ്ഥലങ്ങളിലൊന്നാണിത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഉത്സവങ്ങളും കൊട്ടാരക്കെട്ടുകളുമെല്ലാം ഫോട്ടോഗ്രാഫി പ്രിയരുടെ ഇഷ്ടവിഷയങ്ങളാണ്. താര്‍ മരുഭൂമിയൊരുക്കുന്ന കാഴ്ച വിസ്മയം വേറെ.

ബിക്കാനീറിലെ രുചികള്‍

ഭക്ഷണപ്രിയരെ സംബന്ധിച്ച് ബിക്കാനീര്‍ ഒരു സ്വര്‍ഗ്ഗം തന്നെയായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ ബുജിയ നിര്‍മ്മാണകേന്ദ്രം ഇവിടെയാണ്. 1877മുതല്‍ അതായത് ബിക്കാനീറിലെ രാജാവായിരുന്ന ശ്രീ ദുന്‍ഗര്‍ സിങ്ങിന്റെ കാലം മുതല്‍ ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ദുര്‍ഗര്‍ഷഹി ബുജിയ എന്ന പേരില്‍ രാജാവിന്റെ അതിഥികള്‍ക്ക് നല്‍കാനായിട്ടാണ് ആദ്യമായി ബുജിയ ഉണ്ടാക്കിയത്. ബിക്കാനീറി ബുജിയ എന്നൊരു വിശേഷപ്പെട്ട ഇനം തന്നെയുണ്ട് ബുജിയകളുടെ കൂട്ടത്തില്‍. ബിക്കാജി, ഹല്‍ദിറാം ബുജിയകളാണ് ഇന്ന് ലോകവിപണിയില്‍ ഏറ്റവും ആവശ്യക്കാരുള്ള ഇനങ്ങള്‍.

ബിക്കാനീറി ബുജിയ കരുകരുപ്പായിരിക്കുന്നതാണ്. കടപ്പൊടി, സുഗന്ധദ്രവ്യങ്ങള്‍, പരിപ്പ്, വെജിറ്റബിള്‍ ഓയില്‍, ഉപ്പ്, ചുവന്നമുളക്, കുരുമുളക്, തുടങ്ങിയവയാണ് ബിക്കാനീറി ബുജിയയിലെ പ്രധാന ചേരുവകള്‍. പ്രശസ്തമായ ഹല്‍ദിറാംസ് ബ്രാന്റ് സ്ഥാപിതമായത് 1937ലാണ്, ഗംഗാബിസെന്‍ജി അഗര്‍വാള്‍ ആണ് ഈ ബ്രാന്റിന്റെ സ്ഥാപകന്‍.

ഒട്ടകങ്ങള്‍ക്കായുള്ള ബിക്കാനീര്‍ ഉത്സവം

ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഒട്ടേറെയാളുകള്‍ എത്തുന്ന ഒന്നാണ് ബിക്കാനീര്‍ ഫെസ്റ്റിവല്‍. മരുഭൂമിയിലെ കപ്പല്‍ എന്ന് വിശേഷിപ്പിക്കുന്ന ഒട്ടകങ്ങള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഉത്സവമാണിത്. ജുനാര്‍ഗഡ് കോട്ടയില്‍ നിന്നാണ് ബിക്കാനീര്‍ ഉത്സവത്തിന്റെ ഘോഷയാത്ര ആരംഭിയ്ക്കുന്നത്. ആഭരണങ്ങളും ചിത്രപ്പണികളുള്ള ഷാളുകളും മറ്റും അണിയിച്ച് ഒരുക്കിയ ഒട്ടകങ്ങള്‍ത്തന്നെയാണ് ഉത്സവത്തിലെ താരങ്ങള്‍. ഒട്ടകയോട്ടം, ഒട്ടകത്തെ കറക്കല്‍, കാമല്‍ അക്രോബാറ്റിക്‌സ്, ബെസ്റ്റ് ബ്രീഡ് മത്സരം എന്നിങ്ങനെപോകുന്നു ഉത്സവത്തിന്റെ മത്സരങ്ങളുടെ പട്ടിക.

ബിക്കാനീറിലെ ആകര്‍ഷണങ്ങള്‍

ചുവന്ന മണല്‍ക്കല്ലില്‍ പണിതീര്‍ത്ത ലാല്‍ഗഡ് കൊട്ടാരമാണ് ബിക്കാനീറിലെ പ്രമുഖ സന്ദര്‍ശകേന്ദ്രങ്ങളില്‍ ഒന്ന്. രജപുത്, മുഗള്‍, യൂറോപ്യന്‍ എന്നീ വാസ്തുവിദ്യാശൈലികളുടെ ഒരു ഫ്യൂഷനാണ് ലല്‍ഗഡ് കൊട്ടാരം. മനോഹരമായ ബാല്‍ക്കണികള്‍ കൊട്ടാരത്തെ അതിസുന്ദരമാക്കുന്നു. ഗെജ്‌നര്‍ പാലസ് ആണ് മറ്റൊരു വിശേഷപ്പെട്ട കാഴ്ച. വേട്ടയ്ക്കും മറ്റും പോകുമ്പോള്‍ താമസിക്കാനും വിരുന്നുകള്‍ നടത്താനുമെല്ലാമായി ബിക്കാനീറിലെ രാജാക്കന്മാര്‍ പണിതതാണ് ഈ കൊട്ടാരം. മനോഹരമായി പണിതെടുത്ത തൂണുകള്‍, ഝരോഖകള്‍, സ്‌ക്രീനുകള്‍ എന്നിവയെല്ലാം കാണേണ്ടതുതന്നെയാണ്. കൊട്ടാരപരിസരത്ത് പലതരം പക്ഷിമൃഗാദികളെയും കാണാം.

ജുനാഗഡ് കോട്ടയാണ് മറ്റൊരു വിസ്മയം. സാദുല്‍ സിങ് മ്യൂസിയം, ഗംഗാ ഗോള്‍ഡന്‍ ജൂബിലി മ്യൂസിയം, ഭന്ദാസെര്‍ ജൈന ക്ഷേത്രം, ലക്ഷ്മി നാഥ് ക്ഷേത്രം, ശിവ് ബാരി ക്ഷേത്രം, രത്തന്‍ ബിഹാരി ക്ഷേത്രം, കോലയട് ക്ഷേത്രം, കര്‍ണി മാതാ ക്ഷേത്രം, ഗജ്‌നര്‍ സാങ്ച്വറി, കാമല്‍ ബ്രീഡിങ് ഫാം തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് ആകര്‍ഷണങ്ങള്‍. ബിക്കാനീറില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനായി ഒട്ടേറെ ഹോട്ടലുകളുണ്ട്, മിക്കവയും ഹെറിട്ടേജ് സ്റ്റാറ്റസ് ഉള്ളവയാണ്. ഇവയില്‍ പലതും താമസക്കാര്‍ക്കായി ഒട്ടക സവാരി, ജീവ് സഫാരി, നിശാ സഫാരി, ഡെസേര്‍ട്ട് ക്യാംപ് തുടങ്ങി പലവിധ വിനോദപരിപാടികള്‍ ഏര്‍പ്പെടുത്തിനല്‍കുന്നവയാണ്.

ബിക്കാനീറിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

വിമാനമാര്‍ഗ്ഗവും റെയില്‍, റോഡ് മാര്‍ഗ്ഗങ്ങളിലും സുഖകരമായി യാത്രചെയ്യാവുന്ന സ്ഥലമാണ് ബിക്കാനീര്‍, ജോധ്പൂരിലാണ് തൊട്ടടുത്തുള്ള വിമാനത്താവളം. അധികം പണച്ചെലവില്ലാതെതന്നെ വിമാനത്താവളത്തില്‍ നിന്നും ബിക്കാനീര്‍ നഗരത്തില്‍ എത്താം. ബിക്കാനീര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് രാജസ്ഥാനിലെ മറ്റ് നഗരങ്ങള്‍, ദില്ലി, മുംബൈ, അഹമദാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം തീവണ്ടി സര്‍വ്വീസുകളുണ്ട്.

ബിക്കാനീര്‍ യാത്രയ്ക്കായി വേനല്‍ക്കാലം ഒരിക്കലും തിരഞ്ഞെടുക്കരുത്, മരുഭൂമിയിലെ നഗരമാണ് ബിക്കാനീര്‍, അതിനാല്‍ത്തന്നെ ഇവിടുത്തെ വേനലിന്റെ രൂക്ഷത പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശൈത്യകാലമാണ് സന്ദര്‍ശനത്തിന് ഏറ്റവും നല്ല സമയം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് യാത്രചെയ്യാം. മരുഭൂമിയിലെ മഴ നല്ലൊരു അനുഭവമാണ്, അത് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് മഴക്കാലത്തും യാത്രചെയ്യാം.

Please Wait while comments are loading...