അവധിയില്ലാത്തതു കാരണം യാത്രകള്‍ അവസാന നിമിഷം ഉപേക്ഷിക്കുന്നത് പലർക്കും പുതുമയുള്ള കാര്യമല്ല. പോകണമെന്നും കാണമെന്നും ആഗ്രഹിച്ച ഇടങ്ങളിലേക്ക് ഇപ്പോൾ ഒരു യാത്ര പ്ലാൻ ചെയ്താലോ? അവധിയുടെ കാര്യം ഓർത്തു പേടിക്കുകയേ വേണ്ട. ദുഖവെള്ളിയും ശനിയും ഈസ്റ്ററും കൂടി വരുന്ന ഏപ്രിൽ മാസത്തിലെ നീണ്ട വാരാന്ത്യം നിങ്ങളുടെ സ്വപ്ന യാത്രകള്‍ പോകുവാൻ ഏറ്റവും മികച്ച സമയമാണ്.

ഒരു ലീവും നാല് അവധിയും
ഏപ്രിൽ ആറാം തിയതി പെസഹാ വ്യാഴം മുതൽ 9-ാം തിയതി ഞായറാഴ്ച ഈസ്റ്റർ വരെയാണ് ഏപ്രിൽ മാസത്തിലെ നീണ്ട വാരാന്ത്യം വരുന്നത്. നാല് ദിവസമാണ് കിട്ടുന്നതെങ്കിലും ഏപ്രിൽ 5-ാം തിയതി ബുധനാഴ്ച ഒരു ദിവസം അവധിയെടുക്കുവാൻ സാധിച്ചാൽ കയ്യിൽ കിട്ടുക അഞ്ച് ദിവസങ്ങളാണ്. കേരളത്തിൽ തന്നെ യാത്രചെയ്യുവാനാണ് പ്ലാനെങ്കിൽ നീണ്ട റൂട്ടുകൾ പിടിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ഥലം മാത്രം തിരഞ്ഞെടുത്ത് അവിടുത്തെ കാഴ്ചകളെല്ലാം കണ്ട് മടങ്ങുകയോ ചെയ്യാം.
മൂന്നാറില്ലെങ്കിൽ പിന്നെന്തവധിക്കാലം
ഏപ്രിൽ മാസത്തിലെ ചൂടിൽ കേരളത്തില്‍ പോകുവാൻ പറ്റിയ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്ന് മൂന്നാര്‍ ആണ്. ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ബൊട്ടാണിക്കൽ ഗാർഡന്‍, ഫ്ലവർ ഗാർഡൻ, കുറച്ചുകൂടിയങ്ങോട്ട് പോയാൽ ഇരവികുളം ദേശീയോദ്യാനം, മറയൂർ ചന്ദനഫാക്ടറി, മുനിയറകൾ, ചന്ദനത്തോട്ടം എന്നിങ്ങനെ വ്യത്യസ്തങ്ങളായ കാഴ്ചകളാണ് മൂന്നാർ ഒരുക്കുന്നത്. എത്രതവണ പോയാലും മടുപ്പിക്കില്ല എന്നതും എത്ര സമയം വേണമെങ്കിലും ചിലവഴിക്കുവാൻ സാധിക്കും എന്നതുമാണ് മൂന്നാറിന്‍റെ പ്രത്യേകത.
കുറഞ്ഞ ചിലവിൽ കുടുംബവുമായി പോകുവാൻ കേരളത്തിലെ ഏറ്റവും മികച്ചയിടം എന്നതാണ് മൂന്നാറിന്റെ ഹൈലൈറ്റ്. എന്നിരുന്നാലും അവധിക്കാലങ്ങളും നീണ്ടവാരാന്ത്യങ്ങളും ഇവിടെ വലിയ തിരക്കുള്ള സമയമാണ്. മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ ചിലപ്പോൾ താസസൗകര്യം ലഭിച്ചുവെന്ന് വരില്ല. തിരക്കുള്ള സമയത്ത് മൂന്നാറിനിറങ്ങുമ്പോൾ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാൻ മറക്കരുത്.

ഗ്യാപ് റോഡ് കാണാം
മൂന്നാർ യാത്രയിൽ ഇപ്പോൾ ഒഴിവാക്കരുതാത്ത ഇടമായി മാറിയിരിക്കുന്നത് ഗ്യാപ് റോഡ് ആണ്. മൂന്നാറിൽ നിന്ന് ദേവികുളം എത്തി അവിടുന്ന ചിന്നക്കനാൽ റൂട്ടിലേക്ക് കടക്കുമ്പോൾ മുതൽ മൂന്നാറിന്റെ ഇതുവരെ കാണാത്ത കാഴ്ചകൾ കൺമുന്നിലെത്തും. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ, കടന്നു പോകുന്ന, വളവും തിരിവും ഒരുപാടുള്ള ഒരു റോഡാണിത്. പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. അതുകൊണ്ടുതന്നെ മൂന്നാർ പോകുന്നുണ്ടെങ്കിൽ ഒരു പകുതി ദിവസം ഗ്യാപ് റോഡ് കാഴ്ചകൾക്കായി മാറ്റിവെക്കാം.

PC: Avin CP/ Unsplash
തേക്കടി
മൂന്നാറിനൊപ്പം തന്നെ യാത്രയിൽ പലപ്പോഴും ഇടംനേടുന്ന സ്ഥലമാണ് തേക്കടി. മൂന്നാറിൽ മൂന്നു ദിവസം ചിലവഴിച്ചാൽ ബാക്കിയുള്ള രണ്ടു ദിവസം തേക്കടിയിലെ കാഴ്ചകൾ കാണാം. സാധാരണയായി തേക്കടിയിലെത്തിയാൽ ആദ്യം ആളുകൾ തിരഞ്ഞെടുക്കുന്നത് ഇവിടുത്തെ ബോട്ട് യാത്രയാണ്. എന്നാല്‍ ഒന്നു പ്ലാൻ ചെയ്തു വന്നാൽ ഇവിടുത്തെ അതിമനോഹരമായ മറ്റുചില കാഴ്ചകൾ കൂടി കാണാം. പാണ്ടിക്കുഴിയും കുരിശുമലയും ചെല്ലാർകോവിലും തേക്കടി കാഴ്ചകളിൽ സമയംപോലെ ഉൾപ്പെടുത്തണം. കൂടാതെ മുരിക്കടി, കുരിശുമല, എലിഫന്റ് ക്യാംപ്, തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ ഉൾപ്പെടുത്താം.

കോഴിക്കോട് കറങ്ങിയാലോ?
വീട്ടിൽ നിന്നു പെട്ടന്നൊരു യാത്ര പ്ലാൻ ചെയ്തു പോവുകയാണെങ്കിൽ അതിനു പറ്റിയ ഇടം കോഴിക്കോടാണ്. ഇവിടെ എവിടെയാണ് പോകേണ്ടതെന്നറിയണമെങ്കിൽ യാത്ര തുടങ്ങിത്തന്നെ അറിയേണ്ടി വരും. അത്രയധികം സ്ഥലങ്ങളാണ് കോഴിക്കോട് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഭക്ഷമം കഴിക്കുവാനായി മാത്രമാണ് യാത്രയെങ്കിൽ അതിനൊരു ദിവസം പോരാ. കോഴിക്കോട് നഗരത്തിലെ പേരുകേട്ട രുചികളൊക്കെ ഒന്നു കഴിച്ചുപോകുവാൻ വേണം കുറഞ്ഞത് രണ്ടു ദിവസം. കുറ്റ്യാടിയും ബാലുശ്ശേരിയും വടകരയും മാവൂരും ഒക്കെ കറങ്ങി വരുമ്പോളേക്കും രണ്ടു മൂന്നു ദിവസമെടുക്കും. ഗ്രാമീണ കാഴ്ചകളും പ്രദേശത്തെ ട്രക്കിങ് , ഹൈക്കിങ് റൂട്ടുകളും ഒക്കെയാണ് ഇവിടെ പോകുവാനുള്ളത്.

വയനാട്
മലബാറുകാർക്ക് അവധി കിട്ടുമ്പോൾ ആദ്യം പോകുവാൻ പറ്റുന്ന ഇടം വയനാടാണ്. രണ്ടും മൂന്നും ദിവസമെടുത്ത് ഇവിടുത്തെ കാഴ്ചകൾ കാണാം. വെറുതെ കാഴ്ചകൾ കണ്ട് നടക്കുവാനാണെങ്കിലും ട്രക്കിങ്ങിനായാലും വെള്ളച്ചാട്ടങ്ങൾ കയറിയിറങ്ങിയുള്ള യാത്രയാണെങ്കിലും ഒരിക്കലും നിങ്ങൾ മടുക്കില്ല. ചെമ്പ്ര പീക്ക്, അരണമല, തൊള്ളായിരം കണ്ടി, എടക്കൽ ഗുഹ, നീലിമല തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ട്രക്കിങ് കേന്ദ്രങ്ങൾ. മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതം, എന്നിവയും വെള്ളച്ചാട്ടങ്ങളായി ചൂരൽമല വെള്ളച്ചാട്ടം, സൂചിപ്പാറ വെള്ളച്ചാട്ടം,സീതമ്മക്കുണ്ട് വെള്ളച്ചാട്ടം,കാന്തൻ പാറ വെള്ളച്ചാട്ടം, മീന്മുട്ടി വെള്ളച്ചാട്ടം, തുടങ്ങിയവയും കാണാം.

PC: Firosnv. Photography
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications


