ശനിദോഷവും അയ്യപ്പ ക്ഷേത്രങ്ങളും
ശനി ദേഷങ്ങൾ മാറ്റുവാൻ ഏറ്റവും മികച്ച വഴികളിലൊന്ന് ശാസ്താവിനോടുള്ള പ്രാര്‍ത്ഥനയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭാരതീയ വിശ്വാസങ്ങൾ അനുസരിച്ച് സൂര്യന്റെ മകനാണ് ശനി. ദക്ഷിണായനത്തിൽ നിന്നും ഉച്ചരായനത്തിലേക്ക് സൂര്യൻ കടക്കുന്ന ദിവസമാണ് മകരസംക്രാന്തി എന്നറിയപ്പെടുന്നത്. അയ്യപ്പ ക്ഷേത്രങ്ങളെ സംബന്ധിച്ചെടുത്തോളം മകരസംക്രാന്തി ഏറ്റവും പ്രധാന ദിവസമാണ്. ഈ ദിവസം അയ്യപ്പനെ ആരാധിക്കുന്നത് വഴി ശനി ദോഷങ്ങളിൽ നിന്നും മുക്തി നേടുവാൻ സഹായിക്കുമത്രെ.
തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രം
ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആലപ്പുഴ തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കടൽത്തീരത്തു നിന്നും വെറും 150 മീറ്റർ ദൂരത്തിലാണ്. ധർമ്മശാസ്താവ് പ്രഭാസത്യകസമേതനായി വാഴുന്ന ഈ ക്ഷേത്രം ഒരു തീർത്ഥാടന സ്ഥാനമാണ്. ഇവിടുത്തെ വിഗ്രഹത്തിന് അയ്യായിരത്തോളം വർഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദൂരെദിക്കുകളിൽ നിന്നുപോലും വിശ്വാസികൾ ഇവിടെ പ്രാര്‍ത്ഥനകൾക്കായി എത്തിച്ചേരുന്നു. വൃശ്ചിക മാസത്തിലെ ഇവിടുത്തെ ആറാട്ടുത്സവം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. സമുദ്രത്തിൽ ആറാട്ട് നടത്തുന്ന അപൂര്‍വ്വ ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ശനി ദോഷഫലമായുണ്ടാകുന്ന കാര്യങ്ങൾ ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ മാറുമെന്നാണ് വിശ്വാസം.
PC: Thrikkunnappuzha Temple Official Site
തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാ ക്ഷേത്രം
വിദ്യാശാസ്താവായി ശാസ്താവിനെ ആരാധിക്കുന്ന ക്ഷേത്രമാണ് തൃശൂർ ചേർപ്പ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാ ക്ഷേത്രം. മറ്റുപല ആഘോഷങ്ങളെക്കാളും ഇവിടം പേരുകേട്ടിരിക്കുന്നത് വിദ്യാരംഭത്തിനാണ്. വിദ്യാഭ്യാസ മേഖലയിൽ ഉന്നതപടികൾ കയറുവാൻ ഇവിടെ വിദ്യാരംഭം നടത്തിയാൽ മതിയെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിനു പിന്തിണയുമായി സരസ്വതി സങ്കല്പവും ഇവിടെ കാണാം. പ്രത്യേക വിദ്യാരംഭ ചടങ്ങുകൾ നടത്താതെ, ക്ഷേത്രത്തിന്‍റെ ചുവരിലും മറ്റും എഴുതി വിദ്യാരംഭം നടത്തിവരുന്ന ചടങ്ങും ഇവിടെ കാണാം.
പൂർണ്ണപുഷ്കലാസമേതനായി, സ്വയംഭൂ ആയ ശാസ്താവാണ് ഇവിടെയുള്ളത്.
ചമ്രവട്ടം അയ്യപ്പക്ഷേത്രം
മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി സന്ദർശനം നടത്തുവാൻ സാധിക്കുന്ന മറ്റൊരു അയ്യപ്പ ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രം. നാനൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ഭാരതപ്പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണ്. ധർമ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്ന വിശ്വാസത്തിൽ നിന്നുമാണ് ഇവിടം ചമ്രവട്ടം എന്നറിയപ്പെടുന്നത് എന്നാണ് കരുതുന്നത്.
ഇവിടുത്തെ ആറാട്ട് പല കാരണങ്ങളാൽ പ്രസിദ്ധമാണ്. അതായത്, പ്രത്യേകം ക്രമപ്പെടുത്തിയ ഒരു തിയതി ഇവിടുത്തെ ആറാട്ടിനില്ല. പകരം, മഴക്കാലത്ത് ഭരാതപ്പുഴ നിറഞ്ഞ് കവിഞ്ഞ് ആ വെള്ളത്തിൽ ക്ഷേത്രത്തിലെ വിഗ്രഹം മുങ്ങുമ്പോൾ ഇവിടെ ആറാട്ട് തുടങ്ങും.
PC:Pranchiyettan
കാട്ടുവള്ളിൽ അയ്യപ്പക്ഷേത്രം
ശാസ്താവിനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന മറ്റൊരു ക്ഷേത്രമാണ് കാട്ടുവള്ളിൽ അയ്യപ്പക്ഷേത്രം. ആലപ്പുഴ മാവേലിക്കരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കഴിഞ്ഞ കുറച്ചു വർഷങ്ങളായി പകൽപ്പൂരത്തിന്റെ പേരിൽ പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. ധർമ്മശാസ്താവിനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ മകരമാസത്തിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. മകരത്തിലെ ഉത്രം നാളിലാണ് ഇവിടുത്തെ ആറാട്ടുത്സവം.
PC:Dvellakat
തകഴി ധർമശാസ്താ ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തന്നെ മറ്റൊരു പ്രസിദ്ധ ശാസ്താ ക്ഷേത്രമാണ് തകഴി ധർമശാസ്താ ക്ഷേത്രം. ഉപദേവതകളില്ലാത്ത ഈ ക്ഷേത്രം പല കാരണങ്ങളാൽ വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരു മഴക്കാലത്ത് മഴവെള്ളത്തിൽ ഒലിച്ചുവന്ന വിഗ്രഹം വില്വമംഗലം സ്വാമിയാർ കണ്ടെടുത്ത് ഉദയർക്കമുനിക്ക് നല്കുകയും അദ്ദേഹം പ്രതിഷ്ഠ നടത്തുകയും ചെയ്തതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രമെന്നാണ് വിശ്വാസം. പരശുരാമൻ പ്രതിഷ്ഠിച്ച വിഗ്രഹമാണ് മഴവെള്ളത്തിൽ ഒഴുകിവന്നതെന്ന് വിശ്വസിക്കുന്നവരാണ് അധികവും.
രോഗങ്ങൾ മാറുവാൻ ഈ ക്ഷേത്രത്തിൽ തയ്യാറാക്കുന്ന വലിയെണ്ണ സഹായിക്കുമെന്നാണ് മറ്റൊരു വിശ്വാസം. വാതം പോലുള്ള രോഗങ്ങൾ ഇതുതേച്ചാൽ മാറുമത്രെ.
PC:Thakazhi temple
വേരൂർ ധർമ്മശാസ്താ ക്ഷേത്രം
യുദ്ധത്തിനു തയ്യാറായി കുതിരപ്പുറത്തേറി നിൽക്കുന്ന അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് വേരൂർ ധർമ്മശാസ്താ ക്ഷേത്രം. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം വാഴപ്പള്ളി വടക്കേക്കരയിൽ ആണ് ഈ ക്ഷേത്രമുള്ളത്. സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടുത്തെ അയ്യപ്പൻ എന്നാണ് വിശ്വാസം. കിഴക്കു ദർശനമായാണ് പ്രതിഷ്ഠയുള്ളത്.
(മങ്ങാട്ട് പറയന്മാർ കുടുംബത്തിലെ ഒരു വേടനും വേടത്തിയുമാണ് ഈ വിഗ്രഹം ആദ്യം കണ്ടെത്തിയത് എന്നാണ് വിശ്വാസം. അവരെയും ഈ ക്ഷേത്രത്തിലെ മതിലകത്തോട് ചേർന്നു പ്രതിഷ്ഠിച്ചിട്ടുണ്ട്. മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത പ്രത്യേകതയാണിത്.
PC:Vaikoovery
കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം
മലപ്പുറം മഞ്ചേരിക്ക് സമീപമാണ് കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാലമുരുകൻ, വേലായുധസ്വാമി, അയ്യപ്പൻ എന്നിങ്ങനെ മൂന്നു പ്രതിഷ്ഠകൾ ഇവിടെയുണ്ട് . മൂന്നിനും തുല്യ പ്രാധാന്യം നല്കുന്ന ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ മൂന്നു പ്രതിഷ്ഠകൾക്കും മൂന്ന് കൊടിമരവും മൂന്നു തന്ത്രിമാരും പ്രത്യേകം ഉണ്ട് എന്നതാണ്. എന്നാൽ കരിക്കാട് ഗ്രാമത്തിന്റെ ദേനത കരിക്കാട് അയ്യപ്പൻ ആണ്.
PC:Dvellakat