വിഷു അവധിയെന്നാൽ യാത്രകളും കൂടിയാണ്. എല്ലാവരും ഒത്തുചേർന്നിരിക്കുന്ന സന്തോഷം ഇരട്ടിയാക്കാൻ യാത്രകൾക്ക് കഴിയും. യാത്ര പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലരെയും പിന്തിപ്പിക്കുന്നത് ചെലവുകളാണ്. കുടുംബവും കുട്ടികളുമായി പോകുമ്പോൾ ചെറുതല്ലാത്ത ഒരു തുക തന്നെ വേണ്ടി വരും. അപ്പോൾ പിന്നെ പലയിടത്തും യാത്ര ഒഴിവാക്കുകയും ചെയ്യും. ഇതിനൊരു പരിഹാരമാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്‍.
ഈ വിഷു, ഈസ്റ്റർ അവധി ദിവസങ്ങളിൽ നിരവധി യാത്രകളാണ് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. ഏകദിന യാത്രകൾ മുതൽ ആർക്കും താങ്ങാവുന്ന നിരക്കിലാണ് ഈ പാക്കേജുകളെല്ലാം. അത് മാത്രമല്ല, പലരും പോകാൻ ആഗ്രഹിക്കുന്ന പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുകയും ചെയ്യാം.

പാലക്കാട് ഡിപ്പോ
വയനാട് യാത്ര
പാലക്കാട് ഡിപ്പോയില് നിന്ന് ഏപ്രിൽ 16ന് വയനാട്ടിലേക്ക് രണ്ട് രാത്രിയും രണ്ട് പകലും നീണ്ട് നിൽക്കുന്ന യാത്ര സംഘടിപ്പിക്കുന്നു. പൂക്കോട്, ബാണാസുര, ഹണി മ്യൂസിയം, എടക്കൽ, മാവിലാംതോട്, കുറുവ, 900 കണ്ടി തുടങ്ങിയ വയനാട്ടിലെ മനോഹരമായ സ്ഥലങ്ങൾ കണ്ടു വരുന്ന യാത്രക്ക് 3470 രൂപയാണ് നിരക്ക്. 16ന് രാത്രി 11.00 മണിക്ക് യാത്ര പുറപ്പെടും.
നെല്ലിയാമ്പതി
പാലക്കാ ട് നിന്നുള്ള ഏകദിന യാത്രയാണ് നെല്ലിയാമ്പതിയിലേക്ക്. ഏപ്രിൽ 17 ന് രാവിലെ പോയി രാത്രിയോടെ മടങ്ങിയെത്തും. ഈ ഡിപ്പോയിൽ നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജ് കൂടിയാണ് നെല്ലിയാമ്പതിയിലേക്കുള്ളത്. വരയാട് മല, സീതാർക്കുണ്ട്, കേശവൻ പാറ, ഓറഞ്ച് തോട്ടം, പോത്തുണ്ടി ഡാം. പോത്തുപാറ, മനോഹരമായ വ്യൂ പോയിന്‍റുകൾ, തുടങ്ങിയവയെല്ലാം ഈ യാത്രയിൽ കാണാം. ഫോണിന്‍റെ ഗാലറി നിറയ്ക്കാനുള്ള ഒരുപാട് അവസരങ്ങൾ ഈ യാത്രയിലുണ്ട്. 17ന് രാവിലെ 7.00 മണിക്ക് യാത്ര പുറപ്പെടും. 480 രൂപയാണ് നിരക്ക്. ഏപ്രിൽ 18, 20, 27 തിയതികളിലും പാലക്കാട് നിന്ന നെല്ലിയാമ്പതി യാത്ര പുറപ്പെടുന്നു.

സൈലൻറ് വാലി
നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്‍റ് വാലി കാണണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളില്ല. അതിനേറ്റവും എളുപ്പമാകട്ടെ പാലക്കാട് നിന്നുള്ള പാക്കേജും. കാടിനുള്ളിലൂടെയുള്ള സഫാരിയും ഭക്ഷണവും ഉൾപ്പെടെയുള്ള യാത്ര 17 ന് രാവിലെ 10.00 മണിക്ക് പുറപ്പെട്ട് രാത്രിയോടെ മടങ്ങി വരും. 1490 രൂപയാണ് നിരക്ക്. ഏപ്രിൽ 27നും ഈ യാത്രയുണ്ട്.
നിലമ്പൂര്‍ യാത്ര
വേനലിലും മഴക്കാടുകളുടെ തണുപ്പുമായി നിൽക്കുന്ന നിലമ്പൂർ കാണാൻ പാലക്കാട് നിന്ന് ഏകദിന യാത്ര പുറപ്പെടുന്നു. കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, തേക്ക് മ്യൂസിയം തുടങ്ങിയ കാഴ്ചകളാണ് ഈ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 20ന് രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന നിലമ്പൂർ ഏകദിന പാക്കേജിന് 560 രൂപയാണ് നിരക്ക്.
കണ്ണൂർ ഡിപ്പോ
മൂന്നാർ യാത്ര
വിഷു ദിനമായ ഏപ്രിൽ 14 തിങ്കളാഴ്ച വൈകിട്ട് 7.00 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന മൂന്നാർ യാത്രയിൽ കാന്തല്ലൂരും മറയൂരും സന്ദർശിക്കുന്നു. കേരളത്തിലെ പലയിടങ്ങളിലും ചൂടാണെങ്കിലും ഇടുക്കി പൊതുവേ തണുപ്പിലാണ്. തിരികെ വ്യാഴാഴ്ച രാവിലെ ആറു മണിയോടെ കണ്ണൂരിൽ എത്തും. ഏപ്രിൽ 18 നും ഈ യാത്രയുണ്ട്. വെള്ളിയാഴ്ച പോയി തിങ്കളാഴ്ച പുലർച്ചയോടെ മടങ്ങിയെത്തും.
ഗവി യാത്ര
വിഷു ദിനത്തിൽ തന്നെയാണ് കണ്ണൂരിൽ നിന്നുള്ള ഗവി യാത്രയും പുറപ്പെടുന്നത്. പത്തനംതിട്ടയിലെ ഗവി ഇക്കോ ടൂറിസത്തിലൂടെ കാടു കണ്ട് അടവിയിൽ കുട്ടവഞ്ചി തുഴഞ്ഞ് കമ്പവും രാമക്കൽ മേടും കണ്ടുവരുന്ന യാത്ര തിങ്കളാഴ്ച വൈകിട്ട് 5.00 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ ആറു മണിയോടെ കണ്ണൂരിൽ എത്തും.
സൈലന്‍റ് വാലി-മലമ്പുഴ യാത്ര
സൈലന്‍റ് വാലി കാടുകളും മലമ്പുഴ ഉദ്യാനവും അണക്കെട്ടും സന്ദർശിക്കുന്ന പാക്കേജ് വിഷു ദിവസമായ ഏപ്രില് 14 ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് തിരികെ എത്തും. യാത്രാ നിരക്കും ഭക്ഷണവും പ്രവേശന പാസുകളും ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്
വാഗമൺ- ഇലവീഴാപൂഞ്ചിറ യാത്ര
കോട്ടയം ജില്ലയിലെ പ്രകൃതി മനോഹര ഇടങ്ങളായ വാഗമണ്ണും ഇലവീഴാപൂഞ്ചിറയും സന്ദർശിക്കുന്ന യാത്ര ഏപ്രിൽ 18 നാണ് പുറപ്പെടുന്നത്. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണുള്ളത്. ശക്തമായ കാറ്റുള്ളതിനാൽ താഴെയുള്ള ചിറയിൽ ഒരു ഇല്ല പോലും വീഴില്ല എന്നുള്ളതിനാലാണ് ഇലവീഴാപൂഞ്ചിറ എന്ന പേര് കിട്ടിയത്. ഏപ്രിൽ 18 വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.00 മണിക്ക് മടങ്ങിയെത്തും. ഭക്ഷണം, താമസം, പ്രവേശന ടിക്കറ്റ് എന്നിവ ഉൾപ്പെടെയാണ് നിരക്ക് വരുന്നത്.
മലക്കപ്പാറ- കുട്ടനാട്
കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ആകർഷകമായ മറ്റൊരു യാത്രയാണ്
മലക്കപ്പാറ- കുട്ടനാട്. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി മലക്കപ്പാറയും ആലപ്പുഴയിലെ കുട്ടനാടും ബോട്ടിങ്ങും വള്ളത്തിലെ കാഴ്ചകളും ഉൾപ്പെടുത്തിയുള്ള പാക്കേജാണിത്. ഏപ്രിൽ 18 വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.00 മണിക്ക് മടങ്ങിയെത്തും. ഭക്ഷണം, താമസം, പ്രവേശന ടിക്കറ്റ് എന്നിവ ഉൾപ്പെടെ എല്ലാം ചേർത്താണ് നിരക്ക് വരുന്നത്.
എറണാകുളം ഡിപ്പോ
ഗവി
എറണാകുളത്തു നിന്ന് ഗവിയിലേക്ക് ഏപ്രിൽ 14ന് ഏകദിന യാത്ര പോകുന്നു. ഉച്ചഭക്ഷണം, ഗവി പ്രവേശന ഫീസ് എന്നിവയടക്കം 2100 രൂപയാണ് നിരക്ക്.
സാമ്പ്രാണിക്കൊടി
ഹൗസ് ബോട്ടിൽ യാത്രയും ഗംഭീരമായ ഉച്ചഭക്ഷണവും ഉള്‍പ്പെടെയുള്ള യാത്രയാണ് ഏപ്രിൽ 17ലെ സാമ്പ്രാണിക്കൊടി യാത്ര. ജെകെ കൊല്ലം റോയൽസുമായി ചേർന്നുള്ള ഏകദിന യാത്രയ്ക്ക് 1690 രൂപയാണ് നിരക്ക്.
കാന്തല്ലൂർ
കാന്തല്ലൂർ മാത്രം കണ്ടുവരുന്ന ഏകദിന എറണാകുളത്ത് നിന്നുള്ള മറ്റൊരു യാത്രയാണ്. ഏപ്രിൽ 17ന് പോകുന്ന യാത്രയിൽ ഉച്ചഭക്ഷണവും ജീപ്പ് സഫാരിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1410 രൂപയാണ് നിരക്ക്.
അഞ്ചുരുളി- രാമക്കൽമേട്
ഇടുക്കിയുടെ കാണാക്കാഴ്ചകൾ സമ്മാനിക്കുന്ന അഞ്ചുരുളി- രാമക്കൽമേട് പാക്കേജ് എറണാകുളം- ഇടുക്കി യാത്രകൾ ആഗ്രഹിക്കുന്നവർക്കുള്ള പാക്കേജാണ്. യാത്രാ ചെലവ് മാത്രമാണ് 670 രൂപ. ഭക്ഷണം, പ്രവേശന ചാർജുകൾ തുടങ്ങിയ യാത്രക്കാർ തന്നെ വഹിക്കണം.
മലക്കപ്പാറ യാത്ര
തൃശൂരിന്‍റെ അതിർത്തിയായ മലക്കപ്പാറയിലേക്ക് അതിരപ്പിള്ളിയും കാടും വെള്ളച്ചാട്ടങ്ങളും കടന്നുള്ള മനോഹരമായ യാത്രയാണ് ഇത്. ഏറ്റവും കുറഞ്ഞ ചെലവിൽ ശുദ്ധവായു ശ്വസിക്കുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനും ആഗ്രഹിക്കുന്നവർക്ക് ഈ പാക്കേജ് തിരഞ്ഞെടുക്കാം.
ആലപ്പുഴ ഹൗസ് ബോട്ട്
ഹൗസ് ബോട്ട് യാത്രയും ഉച്ചഭക്ഷണവും ഉൾപ്പെടെ ഒറ്റ ദിവസത്തിൽ ആലപ്പുഴ കാണുന്ന യാത്രാണിത്, ഏപ്രിൽ 19 ശനിയാഴ്ച ഏകദിന യാത്രയായാണ് ഇത് നടത്തുന്നത്, 1360 രൂപയാണ് ടിക്കറ്റ് നിരക്ക്.
ചതുരംഗപ്പാറ
ഏപ്രിൽ 20 ന് ഏകദിന ചതുരംഗപ്പാറ യാത്രയുണ്ട്. യാത്രാ ചെലവ് മാത്രം 670 രൂപയാണ്.
നിലമ്പൂർ യാത്ര
ഏപ്രിൽ 20 ഞായറാഴ്ച തന്നെ എറണാകുളത്ത് നിന്ന് നിലമ്പൂർ യാത്രയും പോകുന്നു. ഏകദിന യാത്രയ്ക്ക് ചെലവ് മാത്രം 490 രൂപയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












