അല്‍മോരയില്‍ നിന്ന് 2 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ബ്രൈറ്റ് എന്‍ഡ് കോര്‍ണര്‍ എന്ന പ്രദേശത്തിന്‍റെ സവിശേഷത മറ്റൊന്നിനും അവകാശപ്പെടാനില്ല. ഹിമകംബളം പുതച്ച കൊടുമുടികള്‍ക്കിടയിലൂടെ സൂര്യോദയവും അസ്തമയവും മറ്റേത് തലങ്ങളില്‍ നിന്ന് കാണുന്നതിനേക്കാളും ചാരുതയോടെ ഇവിടെ നിന്ന് ആസ്വദിക്കാം. ചന്ദ്രോദയവും ഇവിടെ നിന്ന് കാണാം. ജീവിതത്തിലൊരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഈ അപൂര്‍വ്വ സുന്ദരമായ കാഴ്ചകള്‍ ഹൃദയത്തിലേറ്റുവാങ്ങാന്‍ എല്ലാം മറന്ന് പ്രകൃതി സ്നേഹികളായ സഞ്ചാരികള്‍ ഇവിടെ എത്തുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് അല്‍മോരയുടെ കമ്മീഷണറായിരുന്ന ബ്രൈറ്റണ്‍ പ്രഭുവിനെ അനുസ്മരിക്കുന്നതാണ് ഈ സ്ഥലനാമം. അല്‍മോരയിലെ മാള്‍ റോഡിന്‍റെ പ്രഭവകേന്ദ്രമാണ് ഈ പ്രദേശം. ശ്രീ രാമകൃഷ്ണ കുടീര ആശ്രമം എന്ന പേരില്‍ പ്രസിദ്ധമായ ഒരു ധ്യാനകേന്ദ്രവും ഈ മേഖലയിലുണ്ട്. ധ്യാനത്തില്‍ തല്‍പരരായ സഞ്ചാരികള്‍ക്ക് ഇവിടെ വന്ന് അഭീഷ്ടം സാധിക്കാം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ തൊട്ട് നവംബര്‍ വരെയുമാണ് ഈ ധ്യാനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സാഹിത്യത്തില്‍ അഭിരുചിയുള്ളവര്‍ക്ക് അടുത്ത്തന്നെ വിവേകാനന്ദ ലൈബ്രറിയുണ്ട്. ഹിമാലയത്തിലേക്കുള്ള യാത്രാമധ്യെ വിവേകാനന്ദന്‍ തങ്ങിയതായി കരുതപ്പെടുന്ന വിവേകാനന്ദ മെമ്മോറിയലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടമാണ്.



Click it and Unblock the Notifications