ദാമന്‍ ആന്‍റ് ദിയു - പ്രകൃതിയെ തൊട്ടറിഞ്ഞ്‌

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

പ്രകൃതി മനോഹരവും ശാന്തസുന്ദരവുമായ സ്ഥലത്ത്‌ അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവെങ്കില്‍ തീര്‍ച്ചയായും ദമന്‍ & ദിയു തിരഞ്ഞെടുക്കാം. രാജ്യത്തെ പ്രധാന കേന്ദ്രഭരണ പ്രദേശങ്ങളായ ഈ ജില്ലകള്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ്‌ 450 വര്‍ഷത്തിലേറെ പോര്‍ച്ചുഗീസ്‌ കോളനികളായിരുന്നു. 1961 ഡിസംബര്‍ 19 നാണ്‌ ഗോവയ്‌ക്കൊപ്പം ദമാന്‍, ദിയു ഇന്ത്യയുടെ ഭാഗമായി പ്രഖ്യാപിക്കുന്നത്‌. മുന്‍ കാലങ്ങളില്‍ വിവിധ യുദ്ധങ്ങള്‍ക്ക്‌ ദമന്‍ ,ദിയു സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ്‌ ചരിത്രം പറയുന്നത്‌. ഇംഗ്ലീഷ്‌, ഹിന്ദി, ഗുജറാത്തി, പോര്‍ച്ചുഗീസ്‌,മറാത്തി എന്നിവയാണ്‌ ഈ രണ്ട്‌ ജില്ലകളിലെ പ്രധാന സംസാര ഭാഷകള്‍.

ദാമന്‍ വിനോദസഞ്ചാരം- ചരിത്രം

ദമന്‍ഗംഗ നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ദമന്‍ ജില്ല പ്രകൃതി സൗന്ദര്യത്താല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിവിധ വംശത്തിലും സംസ്‌കാരത്തിലുമുള്ളവര്‍ ഇവിടെ പാരസ്‌പര്യത്തോടെയാണ്‌ കഴിയുന്നത്‌ . ദമനിലെ പോര്‍ച്ചുഗീസ്‌ കൊളോണിയല്‍ വാസ്‌തു വിദ്യ, മനോഹരമായ ബീച്ചുകള്‍, പള്ളികള്‍ എന്നിവ പ്രശസ്‌തമാണ്‌. ഈ മനോഹരമായ പ്രദേശം മുമ്പ്‌ അറിയപ്പെട്ടിരുന്നത്‌ കലാന പാവ്രി അഥവ ചതുപ്പു നിലത്തെ താമര എന്നാണ്‌. ദമന്‍ നഗരം ദമന്‍ ഗംഗ നദിയാല്‍ നാനി ദമന്‍, മോട്ടി ദമന്‍ എന്നീ രണ്ട്‌ നഗരളായി നിലവില്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്‌.

ദാമന്‍ - സാംസ്‌കാരിക വൈവിധ്യം

ഗോത്ര, ഗ്രാമീണ, യൂറോപ്യന്‍, ഇന്ത്യന്‍ പാരമ്പര്യങ്ങളുടെ സമ്പൂര്‍ണമായ ഒത്തുചേരലാണ്‌ ദമന്‍ വിനോദ സഞ്ചാരത്തിന്റെ സാംസ്‌കാരിക ഘടകം. സമൃദ്ധമായ പാരമ്പര്യമുള്ള നഗരമാണ്‌ ദമന്‍. സംഗീതത്തിനും നൃത്തിനും വളരെ പ്രധാന്യം നല്‍കുന്നവരാണിവിടെയുള്ളവര്‍. ദമന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട്‌ ഇവിടുത്തെ ബീച്ചുകളില്‍ സൂര്യസ്‌നാനം നടത്താന്‍ സന്ദര്‍ശകര്‍ക്ക്‌ അവസരമുണ്ട്‌. കാഴ്‌ചകള്‍ കൊണ്ട്‌ മനം നിറയ്‌ക്കുന്ന ദമന്‍ സ്വാദിഷ്‌ഠമായ വിഭവങ്ങള്‍ കൊണ്ട്‌ വയറും നിറയ്‌ക്കും. ഇവിടുത്തെ സമുദ്രഭക്ഷണങ്ങള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നവയാണ്‌.

ദാമന്‍ ‍- കാലാവസ്ഥ

വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയുള്ള ദമന്‍ ഏത്‌ സമയത്തും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്‌.ഇവിടെ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും താഴ്‌ന്ന താപനില 11 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും എത്താറുണ്ട്‌. വേനല്‍ക്കാലത്തും ദമനില്‍ തണുത്ത കാറ്റ്‌ വീശാറുണ്ട്‌. സെപ്‌റ്റംബര്‍ ആദ്യം മുതല്‍ മെയ്‌ അവസാനം വരെയാണ്‌ ദമന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌.

ദാമന്‍ ‍- കാണാനുള്ള സ്ഥലങ്ങള്‍

ജംപോര്‍ ബീച്ച്‌, ദേവ്‌ക ബീച്ച്‌, ചര്‍ച്ച്‌ ഓഫ്‌ ബോം ജീസസ്‌, വൈഭവ്‌ വാട്ടര്‍ വേള്‍ഡ്‌, സെന്റ്‌ ജറോംമിന്റെ കോട്ട തുടങ്ങിയവയാണ്‌ ദമനില്‍ കാണാനുള്ള ചില പ്രധാന സ്ഥലങ്ങള്‍.

ദിയു - ചരിത്രം

സമ്പന്നമായ ചരിത്രവും സമാധാനപൂര്‍ണമായ അന്തരീക്ഷവും ഉള്ള ദിയു ജില്ല ഗുജറാത്തിലെ സൗരാഷ്‌ട്ര(കാത്തിയവാഡ്‌) ഉപദ്വീപിന്റെ അറ്റത്ത്‌ അറിബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. ദമനിനെ പോലെ ദിയുവും 1961 വരെ പോര്‍ച്ചുഗീസ്‌ കോളനി ആയിരുന്നു. അതിന്‌ മുമ്പ്‌ മധ്യകാലത്തെ രാജാക്കന്‍മാരാണ്‌ ദിയു ഭരിച്ചിരുന്നത്‌. നേരിയ നേര്‍ച്ചാലാണ്‌ ദിയു ദ്വീപിനെയും തീരത്തെയും തമ്മില്‍ വേര്‍തിരിക്കുന്നത്‌. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയാണ്‌ ഈ കേന്ദ്രഭരണ പ്രദേശം

ദിയു- കാലാവസ്ഥ

ശാന്തവും സുന്ദരവുമായ കാലാവസ്ഥയാണ്‌ ദിയുവിലേത്‌. വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലാവസ്ഥയുള്ള ദിയുവില്‍ സന്ദര്‍ശകര്‍ക്ക്‌ ഇഷ്‌ടമുള്ള സമയത്ത്‌ സന്ദര്‍ശനം നടത്താം. ദിയുവിലെ ബീച്ചുകളില്‍ സ്ഥിരമായി സന്ദര്‍ശകര്‍ എത്താറുണ്ട്‌.

ദിയു- സംസ്‌കാരം

കാത്തിയവാഡി അഥവ സൗരാഷ്‌ട്ര പാരമ്പര്യവും പോര്‍ച്ചുഗീസ്‌ സംസ്‌കാരവും കൂടിചേര്‍ന്നതാണ്‌ ദിയുവിന്റെ സമൃദ്ധമായ പാരമ്പര്യം. ഇവിടുത്തെ വാസ്‌തുവിദ്യയില്‍ പോര്‍ച്ചുഗീസ്‌ സ്വാധീനം കാണാന്‍ കഴിയും. ഹിന്ദു,മുസ്ലിം,ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ ദിയുവിലെ മതങ്ങള്‍. അഹമ്മദാബാദ്‌, രാജ്‌കോട്ട്‌, ഭാവനഗര്‍, വഡോദര എന്നിവടങ്ങള്‍ വഴി റോഡ്‌ മാര്‍ഗ്ഗവും ദിയു ബന്ധപ്പെട്ടു കിടക്കുന്ന ദിയുവിലേക്ക്‌ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.നഗോവ ബീച്ച്‌, ഗോഖ്‌ല ബീച്ച്‌, ജലന്ധര്‍ ബീച്ച്‌, ഗംഗേശ്വര്‍ ക്ഷേത്രം, സെന്റ്‌ പോള്‍സ്‌ പള്ളി, സീഷെല്‍ മ്യൂസിയം, ദിയു കോട്ട തുടങ്ങിയവയാണ്‌ ദിയുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. മനോഹരമായ വാസ്‌തുവിദ്യ, വൃത്തിയുള്ള അന്തരീക്ഷം, ഭംഗിയുള്ള ബീച്ചുകള്‍ എന്നിവ ദമനെയും ദിയുവിനെയും വിനോദ സഞ്ചാരികളുടെ ഇഷ്‌ട സ്ഥലങ്ങളായി മാറ്റുന്നു.

Please Wait while comments are loading...