സാംസ്‌കാരികപ്പെരുമയുടെ ചരിത്രവുമായി വഡോദര

ഹോം » സ്ഥലങ്ങൾ » വഡോദര » ഓവര്‍വ്യൂ

ഒരുകാലത്ത് ഗെയ്ക്‌വാദ് നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു വിശ്വാമിത്രി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന വഡോദര. ബറോഡ എന്ന പേരിലും അറിയപ്പെടുന്ന വഡോദരയുടെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. വിശ്വാമിത്രി നദിയോട് ചേര്‍ന്നുള്ള അകോല മരക്കാടിന് സമീപം അങ്കോട്ടക എന്നൊരു സമൂഹം നിലനിന്നിരുന്നതിന്‍റെ തെളിവുകള്‍ ഗവേഷകര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്.  ഇവിടെനിന്നും ഒരു കിലോമീറ്റര്‍ കിഴക്കുമാറിയുള്ള വടവൃക്ഷങ്ങളുടെ നിബിഡ വനപ്രദേശം വടപദ്രക എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.  ഇവിടെനിന്നാണ് ഇന്നത്തെ വഡോദര പിറവിയെടുത്തത്. വഡോദര എന്ന പേര് വഡോദര്‍ എന്ന വാക്കില്‍നിന്നും വന്നുചേര്‍ന്നിട്ടുള്ളതാണ്. വഡോദര്‍ എന്നാല്‍ സംസ്കൃതത്തില്‍ വടവൃക്ഷങ്ങളുടെ ഉദരം എന്നാണര്‍ത്ഥം. ബ്രിട്ടീഷ് ഭരണകാലത്ത് ബറോഡ എന്ന് പേരുമാറ്റിയ ഈ നഗരം അടുത്തകാലത്ത് യഥാര്‍ത്ഥ പേര് വീണ്ടെടുത്ത്‌ വീണ്ടും വഡോദരയായി മാറി.

ചരിത്രം

വഡോദര നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന കാലത്ത് നാല് കവാടങ്ങളുണ്ടായിരുന്നു ഈ നഗരത്തിന്. ഈ കവാടങ്ങള്‍ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ചാലൂക്യ വംശം, സോലാങ്കിമാര്‍, വഗേലമാര്‍, ഡല്‍ഹിയിലെയും ഗുജറാത്തിലെയും സുല്‍ത്താന്‍മാര്‍ എന്നിവരായിരുന്നു പത്താം നൂറ്റാണ്ടില്‍ വഡോദര ഭരിച്ചിരുന്നത്. മാറാത്ത ജനറല്‍ ആയിരുന്ന പിലാജി ഗെയ്ക്‌വാദ് ആണ് ഇന്ന് കാണുന്ന വഡോദര നഗരത്തിന്‍റെ അടിത്തറ പാകിയത്. ബാബി നവാബുമാരും വഡോദരയുടെ വികസനത്തിന്‌ സംഭാവന നല്‍കിയിട്ടുണ്ട്. സായാജിറാവു മൂന്നാമന്‍റെ ഭരണകാലമാണ് വഡോദരയുടെ ചര്രിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം. സാമൂഹിക - സാമ്പത്തിക മേഖലയെ അടിമുടി പരിഷ്ക്കരിക്കാനും വന്‍തോതിലുള്ള വികസനം കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു. സാംസ്കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ അളവറ്റ പ്രോത്സാഹനമാണ് 'സന്‍സ്കാരി നഗരി' അഥവാ സാംസ്കാരിക നഗരം എന്ന വിശേഷണം നേടിയെടുക്കാന്‍ വഡോദരയെ സഹായിച്ചത്.

സാംസ്കാരിക നഗരം

നവരാത്രി ആഘോഷങ്ങള്‍ക്ക് പ്രശസ്തമാണ് വഡോദര നഗരം. പാട്ടും ആട്ടവും ദീപാലങ്കാരങ്ങളുമൊക്കെയായി വിപുലമായാണ് നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗര്‍ഭ എന്ന ഗുജറാത്തി നൃത്തമാണ് നവരാത്രിയുടെ പ്രധാന സവിശേഷത. നവര്രാത്രി കാലത്ത് അര്‍ദ്ധരാത്രി വരെ രാസ്, ഗര്‍ഭ നൃത്തച്ചുവടുകളുടെ ലഹരിയിലായിരിക്കും വഡോദര നഗരം. നവരാത്രിക്ക് പുറമെ  ദീപാവലി, ഉത്തരായന്‍, ഹോളി, ഈദ്‌, ഗുഡി പദുവ, ഗണേശ ചതുര്‍ത്ഥി തുടങ്ങിയ ആഘോഷങ്ങളും വഡോദരക്കാര്‍ വലിയ പ്രാധാന്യത്തോടെ കൊണ്ടാടുന്നു.

സാംസ്കാരിക നഗരം എന്നാ വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്നതാണ് വഡോദരയുടെ സാംസ്കാരികപ്പെരുമ. വഡോദര മ്യൂസിയം, മഹാരാജ ഫത്തേസിങ്ങ് മ്യൂസിയം, ഓള്‍ഡ്‌ കീര്‍ത്തി മന്ദിറിലെ നന്ദലാല്‍ ബോസിന്‍റെ ഭഗവദ് ഗീത മ്യൂറല്‍ പെയിന്‍റിങ്ങുകള്‍, മഹാരാജ സായാജി യൂണിവേഴ്സിറ്റി എന്നിവ വഡോദരയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെ നമുക്ക് കാണിച്ച് തരുന്നു. വഡോദരയുടെ സാംസ്കാരിക വളര്‍ച്ചയെ ഇന്നുകാണുന്ന തലത്തിലേക്ക് ഉയര്‍ത്തിയ ഗെയ്ക്‌വാദുമാരെ ഇപ്പോഴും വലിയ ആദരവോടെയാണ് ഈ നഗരം ഓര്‍മ്മിക്കുന്നത്.

സ്ഥലം

മദ്ധ്യ ഗുജറാത്തിലെ വിശ്വാമിത്രി നദിക്കരയിലാണ് വഡോദര സ്ഥിതിചെയ്യുന്നത്. വേനല്‍ക്കാലത്ത് ചെറിയൊരു നീരൊഴുക്ക് മാത്രമെ വിശ്വാമിത്രി നദിയില്‍ കാണാനാവു എന്നത് ഈ പ്രദേശത്തിന്‍റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. മഹിയിലെ തരിശുഭൂമികള്‍ക്കും നര്‍മ്മദ നദിക്കും ഇടയിലുള്ള വഡോദര ഭൂകമ്പ സാധ്യത കൂടിയ പ്രദേശമാണ്. വഡോദരക്ക് കുറുകെയൊഴുകുന്ന വിശ്വാമിത്രി നദി വഡോദരയെ കിഴക്കെന്നും പടിഞ്ഞാറെന്നും രണ്ടായി വിഭജിക്കുന്നു. പഴയ വഡോദര നഗരം സ്ഥിതി ചെയ്യുന്നത് വിശ്വമിത്രിക്ക് കിഴക്ക് ഭാഗത്താണ്. അത്യാധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ വഡോദര നഗരം നദിയുടെ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു.

കാലാവസ്ഥ

വേനല്‍ക്കാലം, മഴക്കാലം, മഞ്ഞുകാലം എന്നിങ്ങനെ മൂന്ന് സീസണുകളാണ് പ്രധാനമായും വഡോദരയില്‍ അനുഭവപ്പെടുന്നത്. ഇതില്‍ മഴക്കാലമൊഴിച്ച് ബാക്കിയുള്ള കാലങ്ങളിലെല്ലാം ഈ പ്രദേശത്ത് വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വഡോദരയിലെ വേനല്‍ക്കാലം പൊള്ളുന്ന വെയിലിന്‍റെയും വരണ്ട അന്തരീക്ഷത്തിന്‍റെയും കാലമാണ്. ആശ്വാസം പോലെ വന്നെത്തുന്ന മഴക്കാലത്ത് ഈ പ്രദേശത്ത് നല്ല മഴ ലഭിക്കാറുണ്ട്. മഞ്ഞുകാലത്ത് വടക്കന്‍ കാറ്റിന്‍റെ സ്പര്‍ശമേറ്റ് വഡോദരയുടെ ഭൂമി തണുപ്പും അനുഭവിച്ചറിയുന്നു.

യാത്ര

ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വഡോദരയെ ഡല്‍ഹി, അഹമ്മദാബാദ്, ഗാന്ധിനഗര്‍, മുംബൈ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വഡോദരയുടെ നിരത്തുകളില്‍ ധാരാളമായുള്ള ബസ്സുകള്‍, ഓട്ടോറിക്ഷകള്‍, ടാക്സികള്‍ എന്നിവ നഗരത്തിനുള്ളിലെ സഞ്ചാരം എളുപ്പമാക്കുന്നു.

കാഴ്ചകള്‍

കടിയ ദുങ്കാര്‍ ഗുഹകള്‍, ലക്ഷ്മി വിലാസ് പാലസ്, നാസര്‍ബൗഗ് പാലസ്, മകര്‍പുര പാലസ്, ശ്രീ അരബിന്ദോ നിവാസ്, അങ്കോട്ടക സായാജിബൗഗ്, സുര്‍സാഗര്‍ തലാവ്, ദബോയ്, ചോട്ടാ ഉദേപൂര്‍ തുടങ്ങിയവയെല്ലാം ചരിത്രപ്രാധാന്യം കൊണ്ട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. വടവന വെറ്റ്ലാന്‍ഡ്‌, ഇക്കോ ക്യാംപ്സൈറ്റ് എന്നീ പാര്‍ക്കുകളില്‍ വിരുന്നിനെത്തുന്ന ദേശാടന പക്ഷികള്‍ സഞ്ചാരികളുടെ കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ചയാണ്. മരപ്പണിയിലുള്ള വൈദഗ്ദ്ധ്യം കൊണ്ട് കാഴ്ചക്കാരെ വിസ്മയ്പ്പിക്കുന്ന സങ്കേത ആണ് വഡോദരയെ വ്യതസ്തമാക്കുന്ന മറ്റൊരു കാഴ്ച. മരത്തില്‍ കവിത രചിക്കുന്നത് എങ്ങിനെയെന്ന് ഇവിടെ കാണാനാകും. നിങ്ങള്‍ക്കാവശ്യമുള്ളവ ഇവിടെ നിന്നും വാങ്ങുകയുമാകാം.

ഗെയ്ക്‌വാദുമാരുടെ കാലം മുതല്‍ സാംസ്‌കാരികപ്പെരുമ കൊണ്ട് ഗുജറാത്തിന്‍റെ അഭിമാനമായി മാറിയ വഡോദര എല്ലാ അര്‍ത്ഥത്തിലും ടൂറിസത്തിന് യോജിച്ച സ്ഥലം തന്നെയാണ്.

Please Wait while comments are loading...