യാത്രക്കിടെ ട്രക്കിംഗിന് കൂടി താല്പര്യമുള്ളവര്ക്ക് നല്ലൊരു അനുഭവം നല്കുന്ന സ്ഥലമാണ് ഒമ്പട്ടു ഗുഡ്ഡ. ഒന്‍പത് കുന്നുകള്‍ എന്നാണ് ഈ കന്നഡ വാക്കിന്റെ അര്‍ത്ഥം. സമുദ്രനിരപ്പില്‍ നിന്നും 971 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകൂടിയ ശിഖരങ്ങളില്‍ ഒന്നാണ് ഇത്.
കബ്ബിനാലെ റിസര്‍വ്വ് ഫോറസ്റ്റ്, ശിരാദ്രി ശ്രിസ്ല റിസര്‍വ്വ് ഫോറസ്റ്റ്, ബാലൂര്‍ റിസര്‍വ്വ് ഫോറസ്റ്റ് എന്നിവ സ്ഥിതിചെയ്യുന്നത് ഇതിന് ചുറ്റുമായിട്ടാണ്.ഇവിടേയ്ക്ക് യാത്രചെയ്യുമ്പോള്‍ വഴിചോദിക്കേണ്ട ആവശ്യം വരുകയാണെങ്കില്‍ മുര്ക്കല് ഗുഡ്ഡ എന്ന് ചോദിക്കുന്നതാവും നല്ലത്. കാരണം ഇവിടത്തെയാളുകള്‍ ഒമ്പട്ടു ഗുഡ്ഡ എന്നപേരിനേക്കാളേറെ ഉപയോഗിക്കുന്നത് മുര്ക്കല് ഗുഡ്ഡയെന്ന പേരാണ്.
കബ്ബിനാലെ വനത്തിലെ ഗുണ്ഡിയ ചെക്പോസ്റ്റില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ കൂടി യാത്രചെയ്താല്‍ മുര്ക്കല് ഗുഡ്ഡയില്‍ എത്താം. ജീപ്പ് പോകുന്ന വഴിയാണിത്. യാത്രക്കിടെ ചിലപ്പോള്‍ പുള്ളിപ്പുലി, കടുവ, കാട്ടാന തുടങ്ങിയ മൃഗങ്ങളെ കാണുവാനും അവസരമൊക്കും. സമീപത്തുകൂടിയൊഴുകുന്ന കബ്ബിഹോളെ നദിയില്‍ ഇറങ്ങി വേണമെങ്കില്‍ ഒന്ന് കുളിക്കുകയും ചെയ്യാം.