ഹാസ്സനിലെത്തുന്നവര് തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് നുഗ്ഗെഹള്ളി. ഇവിടെയുള്ള ലക്ഷ്മി നരസിംഹക്ഷേത്രവും സദാശിവ ക്ഷേത്രവും ഏറെ പ്രശസ്തമാണ്. നുഗ്ഗെഹള്ളിയ്ക്ക് നുപ്പള്ളിയെന്നും നുഗുപ്പള്ളിയെന്നും പേരുകളുണ്ട്. തിപ്തൂര്ചന്നരായപട്ടണ സ്റ്റേറ്റ് ഹൈവേയില്‍ ഹാസ്സന്‍ നഗരത്തില്‍ നിന്നും 50 കിമി അകലത്തിലാണ് നുഗ്ഗെഹള്ളി. ഹൊയ്സാല രാജാക്കന്മാരുടെ കാലത്താണ് രണ്ട് ക്ഷേത്രങ്ങളും പണിതത്.
വീര സോമേശ്വര രാജാവിന്റെ സൈനികത്തലവനായിരുന്ന ബൊമ്മണ്ണ ധാന്ധനയകയാണ് രണ്ട് ക്ഷേത്രങ്ങളും പണികഴിപ്പിച്ചത്.ക്രിസ്തുവര്‍ഷം 1246ലാണ് ലക്ഷ്മി നരസിംഹക്ഷേത്രം നിര്‍മ്മിച്ചത്. ത്രികൂട (മൂന്ന് ഗോപുരങ്ങള്‍), ഒട്ടേറെ കൊത്തുപണികള്‍, പ്രാര്‍ത്ഥനാ ഹാള്‍ എന്നിവയാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍. ഒപ്പം ഒരു വലിയ മണ്ഡപവുമുണ്ട്. നില്ക്കുന്ന രീതിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പാര്‍വ്വതീ ദേവിയുടെ ബിംബമാണ് ഇവിടുത്തെ പ്രത്യേകത.
ഏകകുട വാസ്തുവിദ്യാരീതിയില്‍ നാഗര ശൈലിയിലുള്ള ഗോപുരവുമായിട്ടാണ് സദാശിവ ക്ഷേത്രം പണിതിരിക്കുന്നത്. ഗര്ഭഗൃഹത്തിലുള്ള വലിയ ശിവലിംഗമാണ് ഇതിന്റെ പ്രത്യേകത. മനോഹരമായി കൊത്തിയെടുത്ത നന്ദികേശ പ്രതിമയും ഇവിടെയുണ്ട്. രണ്ട് ഗണേശപ്രതിമകളും കാണാം. ഒന്ന് ദേവിയുടെ ശ്രീകോവിലിന്റെ പ്രവേശനകവാടത്തിനടുത്തും മറ്റൊന്ന് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന ഗര്ഭഗൃഹത്തിനടുത്തുമാണ്.