ശിവഗംഗ ജില്ലയില്‍, കാരക്കുടിയില്‍ നിന്ന് ഏകദേശം 75 കിലോമീറ്റര്‍ അകലെയാണ് കണ്ടാനൂര്‍. അവിടെയാണ് ഏറെ പേര്കേട്ട ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ടാനൂരിനും കാരക്കുടിക്കുമിടയില് ദിവസവും ബസ്സ് സര്‍വ്വീസുണ്ട്.
ശിവനും പാര്വ്വതീദേവിയുമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍. കണ്ടാനൂരിലെ ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയതാണ് ഈ ക്ഷേത്രം. ജീവിതത്തിലെ മംഗളകര്‍മ്മങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമിടുന്നത് ഇവിടെ വെച്ചാണ്. വിവാഹമായാലും വിദേശയാത്രയായാലും ക്ഷേത്രത്തില്‍ വന്ന് പ്രണമിച്ചിട്ടേ ബാക്കി കാര്യങ്ങള്‍ തുടരുകയുള്ളു.
തുറസ്സായ ഒരിടത്താണ് ഈ ക്ഷേത്രം. ആത്മീയശാന്തി തേടി ഒരുപാട് ആളുകള്‍ ഇവിടെ അണയാറുണ്ട്. ക്ഷേത്രത്തിന്റെ പാവനവും പ്രശാന്തവുമായ അന്തരീക്ഷത്തില്‍ ധ്യാനനിമഗ്നരായി അവര്‍ ഇരിക്കുന്നത് കാണാം.