കിന്നൌര്‍ ജില്ലയിലെ സംഗ്രയിലാണ്‍ പ്രസിദ്ധമായ മഹേശ്വര്‍ ക്ഷേത്രം. ക്ഷേത്രത്തിനു ഇരു വശത്തുമുള്ള മരത്തിന്‍റെ പാളികളാണ്‍ ഇതിന്‍റെ പ്രധാന ആകര്‍ഷണം. ക്ഷേത്രാങ്കണത്തിലും മറ്റു പാളികളിലും മനോഹരമായി ചെയ്തുവെച്ചിരിക്കുന്ന കൊത്തുപണികളും കലാചാതുരിയും പൂര്‍വ്വികരുടെ നൈപുണ്യം വിളിച്ചോതുന്നതാണ്. ഗഹനമായി കൊത്തിവെച്ചിരിക്കുന്ന ഹിന്ദുദേവ ഗണങ്ങളുടെ രൂപങ്ങള്‍ വാസ്തുകലയെ പ്രണയിക്കുന്നവര്‍ക്ക് ഹൃദ്യമായ അനുഭവമാണ്. ക്ഷേത്രത്തിന്‍റെ കിഴക്ക് ഭാഗത്തുള്ള ചുവരില്‍ വിഷ്ണുദേവന്‍റെ വിവിധ അവതാരങ്ങളെയും നക്ഷത്ര രാശികളും ഉല്ലേഖനം ചെയ്തിട്ടുണ്ട്. എട്ടാം നൂറ്റണ്ടില്‍ പണിതതാണെന്ന് കരുതുന്ന ഒരു പുരാതന ശിലാക്ഷേത്രവും ഇതിനോട് ചേര്‍ന്ന് നിലകൊള്ളുന്നു.
മഹേശ്വരക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കഥ ഇവിടെ നിലവിലുണ്ട്. മഹാഭാരത കഥാപാത്രമായ ഭീമന്‍ ഒരിക്കല്‍ സംഗ്ര മഹേശ്വരദേവനെ ആക്രമിച്ചു. സറ്റ്ലജ് നദിക്കടുത്തുള്ള ഒരു പര്‍വ്വതമുകളില്‍ നിന്ന് വലിയൊരു പാറക്കല്ലെടുത്ത് ഭീമന്‍ ക്ഷേത്രത്തിനുനേരെ എറിഞ്ഞു. ക്ഷേത്രത്തിന് അഭിമുഖമായി വരുന്ന പാറയുടെ ദിശ മഹേശ്വര്‍ തിരിച്ചുവിട്ടു. അടുത്തുള്ള റോഡില്‍ ആ പാറ സന്ദര്‍ശകര്‍ക്ക് ഇപ്പോഴും കാണാം.



Click it and Unblock the Notifications