കേരളത്തിലെ പ്രധാനപ്പെട്ട കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവേര്പ്പ് ക്ഷേത്രം. കോട്ടയത്തുനിന്നും 7 കിലോമീറ്റര്‍ മാറി മീനച്ചിലാറിന്റെ തീരത്താണിത് സ്ഥിതിചെയ്യുന്നത്. ഇതിനടുത്താണ് താഴത്തങ്ങാടി ജുമ മസ്ജിദ്. 1500 വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. ഒട്ടേറെ ഐതീഹ്യങ്ങള്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ക്ഷേത്രത്തിലെ കൃഷ്ണവിഗ്രഹം വീണ്ടെടുത്തതായുള്ള കഥ എല്ലാ ഐതീഹ്യങ്ങളിലും പറയുന്നുണ്ട്.
ഇവിടുത്തെ വിഗ്രഹം ചതുര്‍ബാഹുവാണ്. ഒരു ഉരുളിയിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രഭാതത്തില്‍ ഉണ്ടാക്കുന്ന നേദ്യപ്പായസം ഉണ്ടാക്കുന്ന രീതി മുതല്‍ ഓരോതരത്തിലും മറ്റുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഈ ക്ഷേത്രം. പ്രധാന പൂജാരി ശ്രീകോവിലിന്റെ താക്കോലിനൊപ്പം ഒരു മഴുകൂടി കയ്യില്‍ക്കരുതും, എന്തെങ്കിലും കാരണത്താല്‍ താക്കോല്‍കൊണ്ട് വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മഴുകൊണ്ട് കുത്തിപ്പൊളിയ്ക്കാം എന്നതാണ് ഇതിന് പിന്നിലെ കാര്യം.
സാധാരണ ക്ഷേത്രങ്ങളൊന്നും ഗ്രഹണസമയത്ത് തുറന്നിരിയ്ക്കാറില്ല, എന്നാല്‍ തിരുവേര്പ്പ് ക്ഷേത്രം ഗ്രഹണസമയത്തും തുറന്നിരിയ്ക്കും. ഭൂതനാഥന്റെ പ്രതിഷ്ഠയുള്ള ഒരു ശ്രീകോവിലും ഇവിടെയുണ്ട്. ഗണപതി, സുബ്രഹ്മണ്യന്, ശിവന്, ഭഗവതി, യക്ഷി എന്നീ പ്രതിഷ്ഠകളും ക്ഷേത്രപരിസരത്തുണ്ട്.