അക്ഷര നഗരിയായ കോട്ടയം

ഹോം » സ്ഥലങ്ങൾ » കോട്ടയം » ഓവര്‍വ്യൂ

കേരളത്തിലെ ഏറെ പഴക്കംചെന്നൊരു നഗരമാണ് കോട്ടയം. അക്ഷരനഗരമെന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കാറുള്ളത്. അച്ചടിമാധ്യമരംഗത്ത് ഈ നഗരം നല്‍കിയിട്ടുള്ള സംഭാവന തന്നെയാണ് ഇതിന് കാരണം. ഒട്ടേറെ അച്ചടിമാധ്യമങ്ങള്‍ കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയ എന്ന വാക്കില്‍ നിന്നാണ് കോട്ടയം എന്ന സ്ഥലനമാമുണ്ടായതെന്നാണ് പറയുന്നത്.

കോട്ടയെന്ന വാക്കും അകമെന്ന വാക്കും ചേര്‍ന്ന് കോട്ടയ്ക്കകം എന്നര്‍ത്ഥത്തിലാണ് കോട്ടയ എന്ന വാക്കുണ്ടായത്. ഇതില്‍ നിന്നാണ് കോട്ടയമെന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. കോട്ടയത്തെ പഴയനഗരം കുന്നുംപുറം എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു, പേരുപോലെതന്നെ ഒരു മലയുടെ മുകളിലാണിത്. തെക്കുംകൂര്‍ രാജാവ് പണികഴിപ്പിച്ച തളിയില്‍ കോട്ടയുമായി ബന്ധപ്പെട്ടാണ് കോട്ടയമെന്ന സ്ഥലപ്പേരിലെ കോട്ടയെന്ന വാക്ക്.

ഈ കോട്ടയുടെ പരിധിയ്ക്കുള്ളിലാണ് കോട്ടയമെന്ന നഗരം വികസിച്ചുവന്നത്. കിഴക്കുഭാഗത്ത് മനോഹരമായ പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറുഭാഗത്ത് വേമ്പനാട് തടാകവുമാണ് കോട്ടയത്തിന് അതിരിടുന്നത്. പ്രകൃതിമനോഹരമായ സ്ഥലമാണ് കോട്ടയം. മനോഹരമായ പാടങ്ങളും, സുഗന്ധവ്യഞ്ജനങ്ങള്‍ വിളയുന്ന മലയോരങ്ങളും സമതലങ്ങളുമെല്ലാമുണ്ട് കോട്ടയത്ത്. കേരളത്തില്‍ റബ്ബര്‍ കൃഷിയ്ക്ക പേരുകേട്ട സ്ഥലമാണ് കോട്ടയം.

റബര്‍ തോട്ടങ്ങളും, അച്ചടിമാധ്യമങ്ങളും, തടാകവും, പുരാവൃത്തങ്ങളുമെല്ലാം ചേര്‍ന്ന് കോട്ടയത്തിന് ലാന്റ് ഓഫ് ലെറ്റേര്‍സ്, ലെജന്‍ഡ്‌സ്, ലാറ്റക്‌സ്, ലേക്‌സ് എന്നൊരു വിശേഷണം തന്നെ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. റബ്ബര്‍പോലുള്ള നാണ്യവിളകളും സുഗന്ധവ്യജ്ഞനങ്ങളും ഏറെ കൃഷിചെയ്യപ്പെടുന്ന സ്ഥലമാണിത്. റബ്ബര്‍ ബോര്‍ഡിന്റെ ഹെഡ്ക്വാട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതിദത്തമായ റബ്ബര്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സ്ഥലം കോട്ടയമാണ്. മലയാളമനോരമ, മംഗളം, ദീപിക തുടങ്ങിയ വര്‍ത്തമാനപ്പത്രങ്ങളും ഒട്ടേറെ ആനുകാലികങ്ങളും കോട്ടയത്തുനിന്നാണ് അച്ചടിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി നൂറുശതമാനം സാക്ഷരതയെന്ന പദവിയിലെത്തിയ സ്ഥലവും കോട്ടയം തന്നെയാണ്. കേരളത്തിലെ ആദ്യത്തെ പുകയിലവിമുക്തജില്ലയും കോട്ടയമാണ്. മനോഹരമായ പ്രകൃതിയും സാംസ്‌കാരികമായ പ്രത്യേകതകളുമാണ് കോട്ടയത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നത്. വര്‍ഷത്തില്‍ എത്രയോകണക്കിന് സഞ്ചാരികളാണ് കോട്ടയം കാണാനും അറിയാനുമായി എത്തുന്നത്.

കോട്ടയത്ത് ഒട്ടേറെ ആത്മീയകേന്ദ്രങ്ങളുമുണ്ട്, ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഏറെയുണ്ടിവിടെ. തിരുനക്കര മഹാദേവ ക്ഷേത്രം, പള്ളിപ്പുറത്തുകാവ്, തിരുവേര്‍പ്പു ക്ഷേത്രം, സരസ്വതി ക്ഷേത്രം എന്നിവയാണ് പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ചിലത്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുള്ള അതില്‍ ഒന്ന് കോട്ടയത്താണ്.  പുരാതനമായ താഴത്തങ്ങായി ജുമ മസ്ജിദ്, ഏറെ പഴക്കമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കൊട്ടത്താവളം എന്നിവയെല്ലാം സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന ആത്മീയ കേന്ദ്രങ്ങളാണ്.

കോട്ടത്താവളത്തെ പഴയ ഗുഹയും സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. കോട്ടയത്തെ മനോഹരമായ രണ്ട് ഗ്രാമങ്ങളാണ് നാട്ടകവും പനച്ചിക്കാടും. ഈ ഗ്രാമങ്ങളുടെ കാഴ്ചതന്നെ നമ്മുടെ മനസ്സുകളെ ശാന്തമാക്കും. കോട്ടയത്തെത്തിയാല്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് ഇലവീഴാപ്പൂഞ്ചിറ. കോട്ടയത്തുനിന്നും കേരളത്തിലെ മറ്റ് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, എര്‍ണാകുളം, പീരുമേട്, തേക്കടി, വൈക്കം, ശബരിമല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേയ്‌ക്കെല്ലാം പോകാന്‍ എളുപ്പമാണ്. ട്ര്ക്കിങ് പോലുള്ള സാഹസിക വിനോദങ്ങള്‍ക്കും ജലകേളികള്‍ക്കുമുള്ള സൗകര്യമുണ്ട് കോട്ടയത്ത്.

ബോട്ടിങ്ങും, നീന്തലും, മീന്‍പിടുത്തവും ഫോട്ടോഗ്രാഫിയുമെല്ലാമായി ഇവിടത്തെ ഒഴിവുദിനങ്ങള്‍ ആസ്വദിയ്ക്കാം. കേരളത്തിലെ എല്ലാ നഗരങ്ങളില്‍ നിന്നും കോട്ടയത്തേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. വിമാനമാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവും കോട്ടയത്തെത്തുക എളുപ്പമാണ്. ജമാര്‍ഗ്ഗവും ഇവിടെയെത്താം. വര്‍ഷത്തില്‍ എല്ലാകാലത്തും സന്ദര്‍ശനം നടത്താന്‍ പറ്റിയ സ്ഥലമാണിത്. എങ്കിലും ഏറ്റവും അനുയോജ്യമായ സമയം ശീതകാലമാണ്.

Please Wait while comments are loading...